Wednesday, September 5, 2018

പൂച്ചയും ഭാര്യയും

പൂച്ചകളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. നവവധുവായ കളത്രത്തിനു നേരെ മറിച്ചും. പൂച്ചയെ കണ്ണെടുത്താൽ കണ്ടുകൂടാ. നായക്കാണെങ്കിൽ നന്ദിയുണ്ടാകും. പൂച്ചയുടെ വിചാരം അവൻ അവൻ മൻഷ്യന്റെ യജമാനനാണെന്നാ... ഇതായിരുന്നു അവളുടെ വാദം. തന്നെ ലാളിക്കേണ്ടതു പോലെ അയാൾ പൂച്ചയെ ലാളിക്കുന്നത് തനിക്ക് സഹിക്കുന്നില്ല എന്ന സത്യം അത് മറഞ്ഞുതന്നെ കിടന്നു. 
കുടുംബകലഹത്തിനു വേറെ എന്തു വേണം.‌കലഹം പതിവായി. ഒടുവിൽ അഭ്യുദയ കാംക്ഷികളുടെ മാദ്ധ്യസ്ഥത്തിൽ ഒരു വിധം ഒത്തു ഒത്തുതീർപ്പായി. പൂച്ചയെ അകത്തു കയറ്റേണ്ട. അങ്ങനെ കാറില്ലാത്ത ഷെഡിലേക്ക് മൂപ്പരെ മാറ്റിപ്പാർപ്പിച്ചു. ഭാര്യക്ക് അതും അത്ര തൃപ്തികരമൊന്നുമായിരുന്നില്ല. ഷെഡിൽ ചെന്ന് അയാൾ പൂച്ചയെ കൊഞ്ചുന്നത് മുറുമുറുപ്പോടെ അവൾ സഹിച്ചു. അവസരം വരും എന്നവൾക്കറിയാമായിരുന്നു. താമസിയാതെ അവർ കാറുവാങ്ങി ചുവന്നു മിനുങ്ങുന്ന പളപളപ്പൻ. കഷ്ടകാലമെന്നു തന്നെ പറയണം.പിറ്റേദിവസം മുതൽ പൂച്ച കാറിനു മീതെയാക്കി താമസം. സിംഹാസനസ്ഥനായരാജാവിലെപ്പോലെ അവൻ പുത്തൻ കാറിനു മേൽ വിളങ്ങി വിലസി. കശ്മലക്കു സഹിക്കുമോ കിട്ടിയ അവസരം മുതലാക്കാനുറച്ച് അവൾ കലഹം പുനരാരംഭിച്ചു. പൂച്ചയുടെ നഖം കോണ്ട് കാറിനുമേൽ വരവീഴുന്നു എന്ന ശ്രദ്ധേയമായ ഒരു കാരണവും അവൾ കണ്ടെത്തി. നോക്കുമ്പോൾ ശരിതന്നെ വരവീഴുന്നുണ്ട്. മനമില്ലാ മനസോടെ അയാൾ പൂച്ചയെ ഒരു ചാക്കിലാക്കി കാറിൽ കയറ്റി ദൂരെ കൊണ്ടാക്കി.
മുപ്പത്തിയാർക്കു പെരുത്ത് സന്തോഷമായി. താനും പൂച്ചയും തന്റെ ഭർത്താവും എന്ന വർത്തമാകാല യാഥാർത്ഥ്യം താനും തന്റെ ഭർതാവും എന്ന ചിരകാല സ്വപ്നത്തിലേക്ക് വഴിമാറുന്നു.
ആഹ്ലാദകരമായ ദിനങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കാലത്ത് അവർ നാട്ടിലേക്കുള്ള യാത്രക്കിറങ്ങിയതായിരുന്നു. കാറു വാങ്ങിയതിനു ശേഷമുള്ല ആദ്യത്തെ ദൂര  യാത്ര. സാധനങ്ങളെല്ലാം കാറിൽ കയറ്റി. വീടുപൂട്ടി. അവർ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും എഞ്ചിനിൽ നിന്നും പുക ഉയരുന്നു. തീ പിടിക്കുമോ എന്ന ഭയത്തിൽ അയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചു.വിദഗ്ദർ വന്നു പരിശോധിച്ചു ഫലവും കിട്ടി. വയറിങ്ങ് മുഴുവൻ എലികടിച്ചു നശിപ്പിച്ചിരിക്കുന്നു. തീപിടിക്കാഞ്ഞതു ഭാഗ്യം. സിസ്റ്റം മുഴുവൻ മാറ്റണം. നാളെയോ മറ്റന്നാളോ ശരിയാക്കിത്തരാം. പതിനായിരം രൂപ കരുതിക്കോ......
അയാളോർത്തു നാടുകടത്താൻ പിടിച്ചു ചാക്കിലിടുമ്പോൾ തന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കിയ തന്റെ പൂച്ചയുടെ കണ്ണുകൾ...... അകലെ കൊണ്ടു പോയി ചാക്കഴിച്ച് വിട്ടപ്പോൾ തിരിഞ്ഞു നോക്കാതെ അവൻ ഓടിയ ഓട്ടം. പാവം തന്റെ പൂച്ച....
അവനന്ന് എന്താണെന്നോട്  പറയാതെ പറഞ്ഞത്.... പെൺചൊല്ലുകേട്ട പെരുമാൾ മുതൽ നീവരെ ആരും ഖേദിക്കാതിരുന്നിട്ടില്ല എന്നോ.... ?
അയാൾ നിശ്ശബ്ദനായി കാറിൽ നിന്നും ബാഗുകൾ ഇറക്കാൻ തുടങ്ങി.

No comments: