Saturday, September 8, 2018

അടിയന്തരച്ചോറ്

ഹൗ ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ..... ?
പണ്ട് ഒരു ചെറുപ്പക്കാരൻ ബാപ്പാനോട് ചോദിച്ച ഈ ചോദ്യത്തിന്റെ കഥ കേട്ടോളൂ. പണ്ട് എന്നു വെച്ചാൽ വളരെ പണ്ടാണ്‌. ആളുകൾ നിർത്താതെ അലഞ്ഞാലും ഒരു നേരത്തെ അന്നത്തിനുള്ള വകയുണ്ടാക്കാൻ കഴിയാതെ പോയിരുന്നകാലം. ദിവസങ്ങളോളം അടുപ്പിൽ തീപുകയാതിരുന്ന വീടുകൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നകാലം അന്നൊരിക്കൽ ഒരു മാപ്ലക്കുട്ടി കച്ചവടത്തിനിറങ്ങിയതായിരുന്നു. പത്തു പതിനാലു വയസുകാണും ഇന്നത്തെ പോലെ ബാല വേല നിരോധമൊന്നും അന്നില്ലായിരുന്നു. ബാപ്പ ഒരു വഴിക്കും മകൻ മറ്റൊരു വഴിക്കും  നാട്ടിലുടനീളം നടന്ന് വീടുകളിൽ നിന്നും വല്ലതുമൊക്കെ വാങ്ങിക്കൊണ്ട് പോയി അങ്ങാടിയിൽ വിൽകലായിരുന്നു ഏർപ്പാട്. അന്ന് നടന്നു നടന്ന് തളർന്നിട്ടും ചെക്കന് കച്ചവടമൊന്നും തരപ്പെട്ടില്ല. ഉച്ചയായി നല്ലവിശപ്പും. വിഷണ്ണനും വിയർത്തവനു മായി ഒരു മരത്തണലിൽ ഇരിക്കുമ്പോഴതാ ദൂരെ മാളികവീട്ടിൽ  വല്യ ഒരാൾകൂട്ടം. കാര്യമറിയാൻ ചെന്നു നോക്കിയപ്പോൾ ആവീട്ടിലൊരു സദ്യ നടക്കുകയാണ്‌. കേട്ടു നോക്കുമ്പൊ അവിടത്തെ കാരണവർ നാട്ടിലെ അധികാരി മരിച്ചതിന്റെ പതിനാറടിയന്തരമാണ്‌. മൂപ്പരൊന്നും ചിന്തിച്ചില്ല. മൂക്കിലടിച്ചു കയറിയ സദ്യയുടെ മണം കൂടുതലൊന്നും ചിന്തിക്കാനവസരം കൊടുത്തില്ല എന്നതായിരുന്നു ശരി. പന്തലിൽ കയറി വരിയിലിരുന്നു വയറുനിറയെ കഴിച്ചു. വിശപ്പും ദാഹവും തീർന്നു പതുക്കെ വീട്ടിലേക്കു മടങ്ങി. മൂപ്പര്‌ വീട്ടിലെത്തുന്നതിന്നു മുമ്പേ മകൻ അധികാരിയുടെ അടിയന്തരമുണ്ട വാർത്ത എങ്ങനെയോ ബാപ്പ അറിഞ്ഞിരുന്നു. മഗ്‌രിബിന്റെ നേരത്ത് ഉഷാറായി കയറിവന്ന മകന്നു മുന്നിൽ കലിതുള്ളി ബാപ്പ.. ഹമുക്കേ ഹിന്ദുക്കളുടെ അടിയന്തരച്ചോറു ബയ്ച്ചാ കാഫിറാകൂലേ എന്നൊരൂചോദ്യം ... മകൻ കൂടുതലൊന്നും ആലോചിക്കാതെ ഒരു മറുപടിയും പറഞ്ഞു
ങും ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ന്ന് ....  :‌‌)
************************************************************************************
ശരിയല്ലേ വിശന്ന് വലഞ്ഞനേരത്ത് ജാതി നോക്കി അന്നം ഉപേക്ഷിച്ചാലല്ലേ കാഫിറാക്വാ ... :)

No comments: