Tuesday, September 11, 2018

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1971 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

No comments: