Saturday, September 22, 2018

കട്ടുറുമ്പുകൊണ്ടൊരു ടൈംബോമ്പ്

ക്ലാസിൽ അറബിക്ക് മുൻഷി യായിരുന്നു. സമയം പതിനൊന്ന് കഴിഞ്ഞുകാണണം. ബോർഡിൽ എഴുതിത്തന്ന അറബ് വാക്കുകൾ സ്ലേറ്റിലേക്ക് പകർത്തുകയായിരുന്നു കുട്ടികൾ. പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് മടുപ്പ് തോന്നി. ഒന്ന് പുറത്ത് പോകാൻ പൂതി. ഞാൻ എഴുന്നേറ്റ് അഭർത്ഥിച്ചു സാറേ മൂത്രൊഴിക്കാൻ പോണം. ങൂം. സാറ് സമ്മതം മൂളി. ഞാൻ പതുക്കെ പുറത്ത് കടന്നു. സ്കൂൾ പറമ്പിന്റെ പടിഞ്ഞാറേ അതിർത്ഥിയിലെ ഇടവഴിയിലൂടെ കന്നുകളെയും തെളിച്ച് നീങ്ങുന്ന് കുട്ടികൾ. ഞാനവരെ അസൂയയോടെ നോക്കി. ആരെയും പേടിക്കേണ്ട. ആകാശത്തിനുകീഴേ സ്വതന്ത്രരായി തങ്ങളുടെ കാലികളെയും കൊണ്ട് അലയാം. തോട്ട് വക്കത്തെ തെങ്ങിൻ ചുവട്ടിലെ ചരലിലേക്ക് ശക്തിയിൽ മൂത്ർമൊഴിച്ചപ്പോൾ പൊങ്ങിവന്ന നുര. കുറച്ചപ്പുറത്ത് ഒരു വലിയ കട്ടുറുമ്പ്. ഞാനതിനെ ഒരു കമ്പുകൊണ്ട് അമർത്തി അതിന്റെ പൃഷ്ടഭാഗം മുറിച്ചെടുത്തു. അതും കൊണ്ട് ക്ലാസിലേക്ക് തിരിച്ചു. ക്ലാസിൽ കയറി. രാമൻ നായർ മാസ്റ്ററുടെ ക്ലാസ് നടക്കുന്നു. അക്ലാസിന്റെ അരികിലൂടെ വേണം എന്റെ നാലാം ക്ലാസിലേക്ക് പോകാൻ. ഒരറ്റത്തെ ബഞ്ചിൽ തലതാഴ്തിയിരന്ന് ഞങ്ങൾ കുണ്ടിപ്പൊട്ടൻ എന്ന് വിളിക്കുന്ന അയ്യൂബ് എന്തോ എഴുതുകയാണ്. ആൾ മൂന്നാം ക്ലാസിലാണെങ്കിലും വയസുകൊണ്ട് ഞങ്ങൾ നാലാം ക്ലാസുകാരെക്കാൾ മൂത്തതായിരുന്നു. വലിയവികൃതി. നല്ല നഖങ്ങളായിരുന്നു ആയുധം. അവയുടെ ചൂടറിയാത്ത കുട്ടികൾ ചുരുക്കം. ഞാൻ നോക്കുമ്പോൾ മൂപ്പർ എഴുത്തിൽ ബദ്ധശ്രദ്ധനാണ്. കീറിയ ബനിയനും മുണ്ടു മാണു വേഷം.കൂടതലൊന്നും ചിന്തിച്ചില്ല ഞാൻ കയ്യിൽ കരുതിയിരുന്ന കട്ടുറുമ്പിന്റെ പൃഷ്ടം ഞാൻ അയ്യൂബിന്റെ ബനിയന്നകത്തേക്ക് നിക്ഷേപിച്ചു. നേരെ എന്റെ ക്ലാസിലേക്ക് പോയി. നേരമേറെ കാത്തിരിക്കേണ്ടി വന്നില്ല. മൂന്നാം ക്ലാസിൽ നിന്നും അയ്യൂബിന്റെ നിലവിളി. മസ്റ്റർ അവനെ പരിശോധിക്കുന്നു കുപ്പായമഴിക്കുന്നു കുടയുന്നു. ഒന്നും കണ്ടില്ല എന്നുമാത്രം.
ഒന്നും അറിയത്ത പോലെ സ്ഥാനത്ത് ചെന്നിരുന്ന എന്നോട് അറബിക്ക് മാഷ് ചോദിച്ചു നീ ആ ചെക്കനെ എന്താടാ ചെയ്തത്. ഞാൻ അയ്യൂബിന്റെ പിറകിൽ ചെന്ന് നിന്നിരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നിരിക്കാം.  ഞാനൊന്നും കാട്ടിയില്ല സാർ എന്ന എന്റെ പ്രസ്താവന അദ്ദേഹം  മുഖവിലക്കെടുത്തു.  ഞാൻ ക്ലാസിലെത്തി അല്പനേരം കഴിഞ്ഞാണു  സംഭവം എന്നതിനാൽ എനിക്കദ്ദേഹം സംശയത്തിന്റെ  ആനുകൂല്ല്യം തന്നതായിരിക്കാം.

No comments: