Wednesday, September 19, 2018

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകളെ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന
മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

No comments: