Wednesday, September 26, 2018

പട്ടാമ്പി പുരാണം‌‌.... വൈദ്യം

പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും  എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു.  ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ  കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു.  അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട്‌ ഗ്രാമത്തിന്റെ ആരോഗ്യം  പരിപാലിച്ചു വരവേയാണ്‌‌‌ ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു  പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു  പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും  കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്‌.  മരണവും  ജനനവും  ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും  ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്‌. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ്‌ വരവ്‌. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര്‌‌ വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു  ചെന്നാലും എന്തേ ഇത്ര വൈകിയത്  എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം  എന്നാണ്‌ നിയമം.  ഏതവസരത്തിലും  നർമ്മം  വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട്‌  ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം  ചോദിച്ചു അതിനിങ്ങട്ട് വീണ്‌ കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ്‌ ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും  ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും  എഫ് ആർ സി എസും ബിരുദമുളള വർ.  പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ‌ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂ‌പോകുന്ന ആമ്പുലന്സുകളൂടേ‌ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച്    വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...

No comments: