Thursday, May 25, 2023

പക്ഷികളിലേക്ക് നിങ്ങൾ നോക്കുന്നില്ലേ

ഇടമറുക് ഖുർആൻ വിമർശന പഠനം എഴുതിയകാലം. ഇസ്ലാമിനെക്കുറിച്ചുള്ള എന്റെ  പഠനം തുടങ്ങിയതും അക്കാലത്തായിരുന്നു. ഇടമറുകിന്റെ പുസ്തകം അതിനു ഹേതുവായി എന്നത് സത്യം. ഇടമറുകിന്റെ പുസ്തകത്തിനു മറുപടി അന്വൃഷിച്ചന്വേഷിച്ച് ചെന്ന് പെട്ടത് കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടി നകത്തുള്ള ഐ പി എച്ചിലും തുടർന്ന് ആ കെട്ടിടത്തിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിലും. 
അവിടെ അന്ന് ഉണ്ടായിരുന്ന അബ്ദുൽ അഹദ് തങ്ങൾ സാഹിബും കൊണ്ടോട്ടി അബ്ദുറഹ്മാൻ സാഹിബും തിരൂർക്കാരൻ കുഞ്ഞാലി സാഹിബും അന്ന് എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണവും പരിഗണയുമായിരുന്നു ഇസ്ലാമിക പ്രസ്ഥാനത്തിലേക്കുള്ള പ്രചോദനം. സലാം പറഞ്ഞ് കയറിച്ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ ചില സംശയങ്ങൾ ചോദിച്ചു അവർ എനിക്കു തന്ന മറുപടി എനിക്ക് ബോദ്ധ്യമാവുകയും ചെയ്തു. കുറച്ച് നേരം അവിടെ ചിലവഴിച്ചു ഞാൻ പോകാനിറങ്ങവേ അബ്ദുറഹ്മാൻ സാഹിബ് എനിക്ക് രണ്ട് പുസ്തകങ്ങൾ തന്നു. ഖുത്ബാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഫണ്ടമെന്റൽസ് ഓഫ് ഇസ്ലാം, മോറീസ് ബുക്കായ് യുടെ ബൈബിൾ  ഖുർആൻ സയൻസ് എന്നിവ. അവിടെനിന്നായിരുന്നു തുടക്കം... 
മൗദൂദി സാഹിബിന്റെ ഖുത്ബാത് ഇസ്ലാമിന്റെ രാഷ്ട്രീയ മാനങ്ങളെ അതിലളിതമായി എനിക്ക് വിവരിച്ച് തന്നപ്പോൾ ബുഖായ് യുടെ പുസ്തകം ഖുർആനും ശാസ്ത്രവുമായുള്ള അതിശയകരമായ ബന്ധങ്ങൾ എനിക്ക് മനസിലാക്കിത്തന്നു. നേർക്കു നേർ ഒരു ശാസ്ത്ര ഗ്രന്ഥമൊന്നും അല്ലാതിരുന്നിട്ടും  പ്രപഞ്ചോൽപ്പത്തി മുതൽ പ്രകൃതിയുടെ നിലനില്പ് പരിപാലനം തുടങ്ങിയവിഷയങ്ങളിൽ  ഖുർആൻ നൽകുന്ന ആനുഷംഗികമായ സൂചനകൾ ആധുനിക ശാസ്ത്രവുമായി എത്രമാത്രം ഒത്തുപോകുന്നു എന്ന വസ്തുത അതിശയകരമാണ്.  ഖുർആനിലേക്ക് എന്നെ ആകർഷിക്കാൻ ബുക്കായ് യുടെ ഈ പുസ്തകം എനിക്ക് വലിയ പ്രചോദനമായി. ഇന്നും ഇടക്കിടെ മറിച്ചു നോക്കുമ്പോൾ പുതിയ പുതിയ അറിവുകൾ വെളിവായിവരുന്നു. 
ഖുർആനിലെ പക്ഷികളെ പ്രതിപാദിക്കുന്ന ഈ വചനം

 " അന്തരീക്ഷത്തില്‍ ചിറകുകളടിച്ച് പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌."
 
 അതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്നാണ് യുക്തി വാദികളുടെ സംശയം. എന്നാൽ പക്ഷികളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നവരെ അവ അതിശയിപ്പിക്കുകതന്നെ ചെയ്യും. അമേരിക്കയിലെ അലാസ്കയിൽ നിന്നും ന്യൂസിലൻഡ് വരെ പന്തീരായിരത്തോളം കിലോമീറ്റർ നിർത്താതെ പറന്ന് ദേശാടനം നടത്തുന്ന വരവാലൻ (Bartailed God wit) ഉദാഹരണം. ഇക്കാലമത്രയും ഊണോ ഉറക്കമോ കൂടാതെ പറക്കാൻ ഇവക്ക് മാർഗ്ഗദർശനം നൽകിയത് ആരാണ്. യാത്രയുടെ മാസങ്ങൾക്ക് മുമ്പ് അവ ഭക്ഷണം ഇരട്ടിപ്പിക്കുന്നു. അങ്ങനെ ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പാണ് ഇവക്ക് യാത്രക്കുള്ള ഊർജ്ജം. ഭക്ഷണം പരിഹരിക്കപ്പെട്ടു. ഇനി വിശ്രമത്തിന്റെ കാര്യം. ഇവയുടെ തലച്ചോറിന്റെ പകുതിഭാഗം ഉണർന്നിരിക്കുമ്പോൾ മറ്റേ പാതി ഉറങ്ങുന്നു എന്നാണ് മനസിലാക്കപ്പെട്ടിട്ടുള്ളത്...
 
ചിലപക്ഷികൾ ദീർഘ യാത്രക്ക് ശേഷം അവ പുറപ്പെട്ട വൃക്ഷക്കൊമ്പിൽ തന്നെ വന്നിറങ്ങുന്നു. ഈ വക അറിവുകളൊന്നും ഒരുവന്റെ ധിഷണയെ അതിശയിപ്പിക്കുന്നില്ല എങ്കിൽ ഈശ്വരാനുഗ്രഹത്തിന്റെ വിശാല പ്രപഞ്ചത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഹതഭാഗ്യൻ എന്നല്ലാതെ അയാളെ എന്ത് വിശേഷിപ്പിക്കാം....

No comments: