Saturday, May 6, 2023

വീരമ്മ

വീരമ്മേ വെള്ളം ഇന്ന് അടിക്ക്വോ" എന്ന് ചോദ്യം. "വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാർന്മാർക്കെന്താ ചേതം" എന്ന് മറുചോദ്യം…

ഇനി ചരിത്രത്തിലേക്ക്,കാലം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാം പാതി. ഈ വിനീതനായ ചരിത്രകാരൻ, പെരുവണ്ണാമൂഴിക്കാർക്കിടയിൽ സുഗന്ധം എന്ന് അറിയപ്പെടുന്ന സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ആയിജോലി നോക്കുന്ന കാലം. അന്ന് പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ഇറ്ഗേഷൻ പ്രൊജക്റ്റിന്റെ ഔദാര്യത്തിൽ അവരുടെ ഡി ടൈപ്പ് ക്വാർട്ടേഴ്സിലായിരുന്നു പൊറുതി. ഡി 1ക്വാർട്ടേഴ്സ്.കളത്രവും അഞ്ച് വയസുകാരിയായ മകൾ ശംസും കൈക്കുഞ്ഞായ മകൻ ശാഫിയും പിന്നെ ഞാനും…
പാർപ്പിട സങ്കല്പങ്ങൾ ഇത്രക്ക് വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ആകാലത്ത് ഒരു ബെഡ് റൂം മാത്രമുള്ള പി ഡബ്ല്യൂ ഡിയുടെ ഡി ടൈപ് കോർട്ടേഴ്സ് വലിയ സൗകര്യം തന്നെയായിരുന്നു. പ്രത്യേകിച്ചും  വാടകക്ക് വീടുകൾ ലഭ്യമല്ലാത്ത പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തിൽ. അതിനാൽ അതെങ്കിലും കിട്ടാൻ പലരും പെടാപാട് പെട്ടു. സ്വന്തം വീടുകളിൽ താമസിച്ചിരുന്ന ഡിപ്പർട്ട്മെന്റ് ജീവനക്കാർ ക്വേർട്ടേഴ്സുകൾ തങ്ങളുടെ പേരിലെടുത്ത് പുറം ജീവനക്കാർക്ക് മേൽ വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പലരും വളഞ്ഞതെങ്കിലും  എളുപ്പമായ ആ വഴി സ്വീകരിച്ചു. എന്റെ സ്വന്തം പേരിൽ കിട്ടുകയാണെങ്കിൽ മതി എന്ന് ശാഠ്യം പിടിച്ച എനിക്ക് ഒരു പാട് തടസ്സങ്ങളുണ്ടായെങ്കിലും  അവസാനാം ഡി1 കെട്ടിടം അനുവദിച്ചു കിട്ടുകയാഅയിരുന്നു. അത് വേറെ ഒരു കഥ.  
കിട്ടുന്ന ശമ്പളം കൊണ്ട്‌ മാസത്തിന്റെ രണ്ടു തലയും കൂട്ടിമുട്ടിക്കാൻ ഒരല്പം ഞെരുക്കമുണ്ടായിരുന്നൂ എങ്കിലും പൊതുവേ സുഖം സന്തുഷ്ടം. ആകെ ഉള്ള പ്രശ്നം ഇടക്കിടെ നേരിടാറുള്ള കുടിവെള്ളക്ഷാമം മാത്രമായിരുന്നു… അതാകുന്നു ചരിത്രത്തിന്റെ മർമ്മം. 
അണക്കെട്ടിന്റെ ചാരേ സ്ഥിതി ചെയ്യുന്ന ഈ പാർപ്പിട കേന്ദ്രത്തിൽ എന്തുകൊണ്ട് ജലക്ഷാമം എന്ന് ചോദിച്ചാൽ അത് ഒരു കഥയാകുന്നു. " വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാനില്ലത്രേ" എന്ന കവിത പിറന്നത് ഇത് സംബന്ധമായിട്ടാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 
ഡാമിന്റെ വലതു വശത്തായി വലിയ ഒരു കുന്ന്. കുന്നിന്റെ ഏറ്റവും മുകളിൽ സി ടൈപ്പ് ക്വാർട്ടേഴ്സുകൾ. കുന്നിനെ ച്ചുറ്റി ഡാം സൈറ്റിൽ നിന്നും പിള്ളപ്പെരുവണ്ണ ചക്കിട്ടപ്പാറ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന റോഡ്. റോഡിനു മുകൾ വശത്ത് ഡി ടൈപ് ക്വാർട്ടേഴ്സുകൾ. റോഡിനു താഴെ ഇ ടൈപ്പും എഫ് ടൈപ്പും. ഡാം പണി നടന്നിരുന്നകാലത്ത് കെട്ടിടങ്ങളിലെല്ലാം ഡിപ്പാർട്ട്മെന്റ് ജീവനക്കാരത്തന്നെയായിരുന്നു താമസം. പിന്നീട് വകുപ്പ് ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ഒഴിവു വന്ന കെട്ടിടങ്ങൾ മറ്റു വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ തുടങ്ങുകയായിരുന്നു. അതോടെ പരിപാലനവും  കുടിവെള്ള വിതരണവുമൊക്കെ ചിട്ടയില്ലാതായി. ആഴ്ചയിൽ രണ്ടും മൂന്നും  ദിവസങ്ങൾ‌‌ ചിലപ്പോൾ‌ ആഴ്ചതന്നെ വെള്ളമില്ലാതെയാവുന്ന സ്ഥിതിയുണ്ടായിരുന്നു. ആ ദിവസങ്ങളായിരുന്നു കഷ്ടം. കുന്നിന്റെ മുകളിൽ നിന്നും അരക്കിലോമീറ്റർ താഴെ വാൽ മണ്ണേൾ എന്ന വീട്ടിലെ ഓലിയിൽ നിന്നും വെള്ളം  ചുമന്ന് കൊണ്ട് വരണം. വെക്കാനും കുടിക്കാനും  കുളിക്കാനുമെല്ലാം. ഭാര്യയെക്കൊണ്ട് വെള്ളം ചുമപ്പിക്കുന്നത് രണ്ടാം തരം ഏർപ്പാടായി കരുതിയിരുന്നതു കൊണ്ട്‌ ജല സംഭരണം  നേരിട്ടായിരുന്നു പതിവ്‌… രണ്ടുകയ്യിലും നിറകുടവും തൂക്കി കടും തൂക്കായ കുന്ന് കയറിയുള്ളയാത്ര ഈ ജന്മത്തിൽ മറക്കാൻ കഴിയുമെന്ന് തോന്നുന്നുല്ല…
അങ്ങനെയൊരു ദിവസം സന്ധ്യക്ക് ജലകുംഭങ്ങളും പേറി കിതച്ച് വിയർത്ത് കുന്നു കയറവേ താഴെ പിള്ളപ്പെരുവണ്ണയിൽ നിന്നും കയറിവരുന്നു കെവൈഐപി യിലെ ക്ലാസ് ഫോർ ജീവനക്കാരി വീരമ്മ. പ്രൊജക്റ്റിലെ ജോലികഴിഞ്ഞ് പിള്ളപ്പെരുവണ്ണ അങ്ങാടിയിൽ പോയി വീട്ടിലേക്ക് വേണ്ട വസ്തുവഹകളൊക്കെ വാങ്ങിയശേഷം പൊന്മലപ്പാറയിലുള്ള കോളനിയിലേക്കുള്ള മടക്കമാണ്.
തലയിൽ ഒരു കുട്ടിച്ചാക്കും ചുമന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ചുമട് നിർത്താമല്ലോ എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ച ചോദ്യവും അതിന് മൂപ്പത്തിയാർ തന്ന മറുപടിയുമാണ് നടേ കുറിച്ചത്.
"വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാറന്മാർക്കെന്താ ചേതം" 
പെട്ടന്നാണ് എനിക്ക് കാര്യം ഓർമ്മവന്നത് വീരമ്മ വക്കൻ ചേട്ടന്റെ പട്ടക്കട കൂടി സന്ദർശിച്ചിട്ടാണ് മടക്കം എന്ന്….

No comments: