Thursday, May 25, 2023

പോലീസു മൊല്ലാക്കമാർ

കാരക്കാട് മദ്രസയിൽ പഠിക്കുന്നകാലം. ചേക്കുമൊല്ലക്കയും മയമ്മൗട്ടി മൊയ്ല്യാരും ഇമ്പു മൊയ്ല്യാരുമായിരുന്നു ഉസ്താദുമാർ. ഒന്നാം ക്ലാസിൽ മൊല്ലക്ക. രണ്ടാം ക്ലാസിൽ ഈസുപ്പുമൊയ്ല്യാർ. മൂന്നാം ക്ലാസിൽ മയമ്മൗട്ടി മൊയ്ല്യാർ. നാലാം ക്ലാസിൽ ഇമ്പു മൊയ്ല്യാർ എന്നിങ്ങനെയായിരുന്നു ക്രമം. സ്കൂളിനെ അപേക്ഷിച്ച് ചൂരൽ കഷായം ധാരാളമായി കുടിക്കേണ്ടി വരിക മദ്രസാ പഠനത്തിലായിരുന്നു. ഇന്നത്തെപ്പോലെ സമസ്തയുടെ വ്യവസ്ഥാപിതമായി സിലബസും പാഠ്യപദ്ധതിയും നടപ്പിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്ഷരമാലകൾ തൊട്ട് ഒന്നാം ജൂസ് വരെ മൊല്ലക്ക പഠിപ്പിക്കും. പിന്നീട് നമസ്കാരം ശർത്ത് ഫർള്. ദീനിയാത്ത് അമലിയാത്ത്. ഖുർആൻ ഖത്തം തീർക്കൽ തുടങ്ങി നാലാം ക്ലാസ് വരെ. മൊല്ലക്കാന്റെ ക്ലാസിലാണ് അടികൂടുതൽ. പ്രത്യേകിച്ചും നോമ്പ് കാലങ്ങളിൽ. അന്ന് റംസാനിൽ മദ്രസ പൂട്ടുന്ന പരിപാടി തുടങ്ങിയിട്ടില്ലായിരുന്നു. നോമ്പിന് ഒരൊമ്പത് മണിയോടെ മൊല്ലക്കാക്ക്   ദേഷ്യം വരാൻ തുടങ്ങും. പുകലപ്പൊടി വലിക്കാൻ പറ്റാത്തതുകൊണ്ടുള്ള ദേഷ്യത്തെ മറ്റു ഉസ്താദുമാർ പോലപ്രാന്ത് എന്നാണു വിശേഷിപ്പിച്ചിരുന്നത്. അത് വന്നാൽ പിന്നെ ചൂരലെടുത്ത് ഒരു തലക്കൽ നിന്നും അടി തുടങ്ങുകയായി. അടി തുടങ്ങിയാൽ പിന്നെ ഒന്നാം ബെഞ്ചിലെ ആദ്യത്തെ കുട്ടിമുതൽ നാലാമത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടികവരെ അടിച്ചങ്ങ് പോവുകയാണ്. ഓതിക്കൊണ്ടിരിക്കുന്നവനും അല്ലാത്തവനുമൊക്കെട്ടും ഓരോ പെട... പെൺകുട്ടികൾക്ക് ഇളവുണ്ടായിരുന്നു. അവരുടെ ബെഞ്ച് മൊല്ലാക്ക മിക്കപ്പോഴും ഒഴിവാക്കുകയാണു പതിവ്. അടി തുടങ്ങിയാൽ കുട്ടികൾ ഉച്ചത്തിൽ എന്തെങ്കിലും ഓതാൻ തുടങ്ങും. ചില വിരുതന്മാർ തഞ്ചം നോക്കി അടികഴിഞ്ഞ ബെഞ്ചിലേക്ക് മാറിയിരുന്ന് അടിയിൽ നിന്ന് രക്ഷപ്പെടുന്ന പതിവും ഉണ്ട്....
ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ പൗരന്മാരെ നിര നിരയായി അടിച്ച് വിടുന്ന പോലീസി മുറകണ്ടപ്പോൾ ചേക്കുമൊല്ലക്കാനെ ഓർമ്മ വന്നു...

No comments: