Wednesday, May 3, 2023

ലക്ഷദ്വീപ് യാത്ര...

കേട്ടും വായിച്ചും അറിഞ്ഞ ലക്ഷദ്വീപിനെ ഒന്ന് അനുഭവിച്ചറിയുക എന്ന ഒരാഗ്രഹം ബാക്കി യായിരുന്നു. നാടക്കാനിടയില്ലാത്ത മോഹങ്ങളിൽ അതിനെ ഒതുക്കി നിർത്തിയപ്പോളാണ് ഓർക്കാപ്പുറത്ത് മകന്റെയൊരു വിളി. ഉപ്പാ നമുക്ക് ലക്ഷദ്വീപിൽ ഒന്ന് പോയാലോ. എനിക്ക് ലീവു കുറവാണ്. നാലു ദിവസത്തേക്ക് ഒരു ചിന്ന ട്രിപ്പ്. ആശിച്ചിരുന്ന അവസരം മുന്നിൽ വന്നാൽ ആരെങ്കിലും നിരസിക്കുമോ ?. ഉടനേ ചാടിപ്പുറപ്പെട്ടു. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പോയി കടലാസുകൾ ശരിയാക്കാൻ അനുജൻ മണി സഹായിച്ചു. അത് സിങ്ക്പ്പൂരിലേക്ക് അയച്ചുകൊടുത്തു ബാക്കിയെല്ലാം മകൻ ശരിയാക്കി.
നെടുമ്പാശേരിയിൽ നിന്നും രാവിലെ ഒമ്പത് മണിയോടെ ഞങ്ങളേയും വഹിച്ചുകൊണ്ട് എയർ ഇന്ത്യയുടെ കൊച്ചു വിമാനം പടിഞ്ഞാറോട്ട് പറന്നുയർന്നു.
 ജാലകത്തിനരികെ താഴേക്ക് നോക്കിക്കൊണ്ട് ഞാനിരുന്നു. ആദ്യമൊക്കെ താഴെ പച്ചപ്പ് കാണാമായിരുന്നു. പിന്നെ അഗാധമായ നീലിമ.  ഇടക്ക് വെണ്മഞ്ഞ് കൂനലൾ പോലെ മേഘങ്ങൾ... വിമാനം ചാഞ്ഞ് പറക്കാൻ തുടങ്ങി... കടലിലേക്ക് പറന്നിറങ്ങുന്ന ഗരുഡനെപ്പോലെ അഗത്തി ദ്വീപിന്റെ തെക്കേയറ്റത്തെ റൺ വേയിൽ വിമാനം പറന്നിറങ്ങി... രേഖകളുടെ പരിശോധനകൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷനിൽ പോയി പെർമിറ്റ് റജിസ്റ്റർ ചെയ്തു. ശാഫി ഏർപ്പാടാക്കിയിരുന്ന പൂമോൻ സാഹിബ് ഞങ്ങൾക്ക് വേണ്ടി പാർപ്പിടം ഒരുക്കിയിരുന്നു. വസ്തുവകകളൊക്കെ മുറിയിൽ വെച്ച് ഞങ്ങൾ ബീച്ചിലേക്ക് പോയി. ബീച്ചിൽ സുഖകരമായ കാറ്റും കൊണ്ട് കുറേ നേരമിരുന്നു. അവിടെ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഊണിനു ശേഷം റൂമിലെത്തിയപ്പോൾ പണ്ടത്തെ സഹപ്രവർത്തകൻ കെ കെ മുഹമ്മദ് വന്നു. കുറേ ഓർമ്മകൾ അയവിക്കി ഞങ്ങളെ അത്താഴത്തിനു ക്ഷണിച്ച് അദ്ദേഹം പോയി.


അല്പം മയങ്ങിയുണർന്ന ശേഷം വീണ്ടും ബീച്ച് ലേക്ക് പോയി. വലിയ തിരക്കൊന്നുമില്ലാതെ ശാന്തമായ തീരം. പക്കവടയും കട്ടനും റഡിയായിരുന്നു. അതു കഴിഞ്ഞപ്പോഴേക്ക് വണ്ടിയും കൊണ്ട് മിഥിലാജ് എത്തി. അവന്റെ കൂടെ അഗത്തി മുഴുവൻ കറങ്ങി കൂട്ടത്തി ഐ സി എ ആറിന്റെ കേന്ദ്രവും കണ്ടു. അവിടത്തെ ബോട്ടു ജട്ടികളും തുറമുകവുമൊക്കെ കണ്ട് മടങ്ങി....
കടൽ തീരത്തെ വിളക്കിനു കീഴിൽ പൂമോൻ അത്താഴമൊരുക്കിയിരുന്നു. ചോറും ചപ്പാത്തിയും മീൻ കറികളും. പതിവില്ലാതെ ഞാനും വയറു നിറയെ അത്താഴമുണ്ടു...
25-04-23
കോറൽ ഫിഷ് വാച്ചിങ്ങ് സ്നോർക്ലിങ്ങ്.... സാങ്കേതിക പേരുകൾ കേട്ട് ഞെട്ടേണ്ട.  ഇന്നത്തെ പരിപാടി ഇതൊക്കെ യായിരുന്നു. പവിഴപ്പുറ്റുകൾ കാണുക അവക്കിടയിലൂടെ പാഞ്ഞ് നടക്കുന്ന മത്സ്യങ്ങളെ കാണുക ആഴം കുറഞ്ഞ കടലിൽ ഇറങ്ങിയാണു പരിപാടികൾ. 
രാവിലെ ഏഴ് മണിയോടെ പൂമോൻ ബോട്ടുമായി വന്നു. കരയിൽ നിന്ന് ഒരു കിലോമീറ്റർ കടലിലേക്ക് കൊണ്ടു പോയി അവിടെ നങ്കൂരമിട്ടു. അധികം ആഴമില്ലാത്തകടൽ. തെളിഞ്ഞവെള്ളം പവിഴപ്പുറ്റുകളും അവക്കിടയിലൂടെ നീന്തിനടക്കുന്ന വിവിധയിനം ചെറു മത്സ്യങ്ങളും വ്യക്തമായി കാണാം. ഇന്നേവരെ കേട്ടും വായിച്ചും അറിഞ്ഞതല്ലാത്ത കടലിനെ ഞാൻ അനുഭവിക്കുകയായിരുന്നു. ഞാനൊഴികെ നീന്തൽ അറിയാത്ത കുട്ടികളടക്കം എല്ലാവരും കടലിലിറങ്ങി.  ഒരുപാടു നേരം കടലിൽ കഴിച്ചുകൂട്ടി. പതിനൊന്ന് മണിയോടെ കരയിലേക്ക് തിരിച്ചു. തീരത്ത് ഭക്ഷണം തയ്യാറായിരിന്നു. ഭക്ഷണം കഴിഞ്ഞ് മൂന്നര വരെ വിശ്രമം. പിന്നെ വീണ്ടും കടലിലേക്ക്. ചൂണ്ടയിട്ട് മീൻ പിടിക്കലായിരുന്നു പരിപാടി. പൂമോന്റെ സഹായികൾ കുറേക്കൂടി വലിയ ഒരു ബോട്ടുമായി കാത്ത് നിൽക്കുന്നു.... 
ഒരുപാടു നേരം കടലിൽ കഴിച്ച് കൂട്ടി.  കുറേ മീനുംകിട്ടി. ഒരു പത്ത് കിലോ കാണും. ആറുമണിയോടെ തിരികെ പോന്നു. അത്താഴം റെഡിയായിരുന്നു. തേങ്ങാപാലിൽ വേവിച്ച ചോറ് ചപ്പാത്തി മീങ്കറി സാമ്പാർ മീൻ പൊരിച്ചത് അങ്ങനെ പലവിധ വിഭവങ്ങൾ..


26-04-23
രാവിലെ ഏഴര മണിക്ക് പ്രാതിലിന്ന് എത്താനാണു പറഞ്ഞിരുന്നത്. Ship wreck, തിന്നഗര, ബംഗാരം,പക്ഷിപ്പെട്ടി മണൽതിട്ട ഇവിടങ്ങളൊക്കെ കാണുക എന്നതായിരുന്നു ലക്ഷ്യം. തിന്നഗരക്കടുത്ത് പണ്ട് തകർന്ന് പോയ കപ്പലിന്റെ അവശിഷ്ടമുണ്ട്. അതാണു ഷിപ്രക്ക് (Ship wreck). ആദ്യം അവിടേക്കാണു പോയത്. കപ്പലിന്റെ അവശിഷ്ടത്തിനു ചുറ്റും കടലിൽ മുങ്ങിയും നീന്തിയും ഒരു പാടു സമയം കഴിച്ചുകൂട്ടി. ഞാനും ഇറങ്ങി കുറേ നേരം നീന്തി. മകന്റെ പ്രോത്സാഹനം... സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങളുടെ കൂടെ മുങ്ങി നീന്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി...
അവിടെ നിന്നു നേരേ ബംഗാരത്തേക്ക് വിട്ടു. ആൾ പാർപ്പില്ലാത്ത ഈ ദ്വീപിലാണ് സർക്കാർ റസ്റ്റ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത്. ഉടനേ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കുള്ള തിരക്കിലായിരുന്നു  അധികൃതർ. മരാമത്തു പണികൾ തകൃതിയായി നടക്കുന്നു. കുറേ നേരം ചുറ്റിക്കറങ്ങി പക്ഷിപ്പെട്ടി മണൽ തിട്ടയിലേക്ക് പോന്നു. വലിയൊരു മണൽ തിട്ടയും ചുറ്റും തീരെ ആഴം കുറഞ്ഞ കടലും. കുട്ടികൾക്കൊക്കെ ധൈര്യമായി നീന്താം. തെളിനീരിൽ വിഹരിക്കുന്ന പലജാതി മത്സ്യങ്ങളും ആമകളും. എല്ലാം കണ്ട് പത്ത് പതിനൊന്ന് കിലോമീറ്റ അകലെയുള്ള ഞങ്ങളുടെ താവളമായ് അഗത്തിയിലേക്ക് മടങ്ങി. 
നല്ല വിശപ്പ്. പൂമോന്റെ തേങ്ങാച്ചോറിനും മീങ്കറിക്കും പതിവിൽ കവിഞ്ഞ രുചി.

27/04/23
മകനും കുട്ടികളും ഇന്ന് മടങ്ങുകയാണ്. ഒരുമിച്ച് പോകാൻ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ മടക്കയാത്ര നാളെയേ നടക്കൂ. രാവിലെ പ്രാതൽ കഴിഞ്ഞതും അവരെയും കൊണ്ട് മിഥിലാജ് വിമാനത്താവളത്തിലേക്ക് വിട്ടു. 
കുട്ടികൾ പോയപ്പോൾ വല്ലാത്ത ശൂന്യത. ഞങ്ങൾ കുറേ നേരം കടൽക്കരയിലൂടെ നടന്നു. അങ്ങ് കിഴക്കേ ചക്രവാളത്തിൽ ബംഗാരം ദ്വീപ് കാണാം. അവിടേക്ക് അലങ്കാരച്ചെടികളും കൊണ്ട് പോകുന്ന ബോട്ട്. ജി 20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങളാണ്. വൈകീട്ട് അടുത്തുള്ള ജട്ടി വരെ നടന്നു. അതിനടുത്താണ് മുഹമ്മദിന്റെ വീട്. അവിടെ കയറി നോക്കുമ്പോൾ മൂപ്പർ കടലിൽ പോയിരിക്കുന്നു. മുഹമ്മദിന്റെ മക്കളോട് കുശലം പറഞ്ഞ് കുറച്ചു നേരം അവിടെ കഴിച്ച്കൂട്ടിയ ശേഷം മടങ്ങി. കുറേ നേരം ജട്ടിയിലൂടെ നടന്നു. രാത്രി ഭക്ഷണം കഴിച്ച് വന്ന് കിടന്നപ്പോൾ മുഹമ്മദ് വന്നു. . പെരുവണ്ണാമൂഴിയിൽ കഴിഞ്ഞ് കൂടിയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കി കുറേ നേരം ഇരുന്ന ശേഷം യാത്രപറഞ്ഞ് പിരിഞ്ഞു. പോകുമ്പോഴദ്ദേഹം പറഞ്ഞു. നമ്മൾ ഇരു കരകളിലാണ്. ഇനി കാണാൻ ഒക്കുമോ എന്നറിയില്ല. അല്ലാഹു അനുഗ്രഹിക്കട്ടേ...

28/04/23...
കഴിഞ്ഞ നാലു ദിവസങ്ങൾ സമ്മാനിച്ച മനോഹരങ്ങളായ ഓർമ്മകളും പേറി ഇന്ന് മടങ്ങുകയാണ്. വീണ്ടും കരയിലേക്ക്. ബീച്ചിൽ പോയി പ്രാതൽ കഴിച്ചു. പുട്ടും കടലയും. കൊള്ളാം. ഏറേ നേരം കഴിയും മുമ്പ് വണ്ടി വന്നു. പൂമോനും കുടുംബവും ഞങ്ങളെ യാത്രയയച്ചു. അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്തി. കേവലം എൺപതു പേർ മാത്രം യാത്രചെയ്യുന്ന കൊച്ചു വിമാനം. അതിനു തക്ക കൊച്ച് കൊച്ച് ഏർപ്പാടുകളും. ഞങ്ങളെത്തിയപ്പോൾ വിമാനം വന്നിട്ടില്ല. ബാഗേജ് പരിശോധനകഴിഞ്ഞ് ബോഡിങ്ങ് പാസ് എടുത്ത് വിമാനത്തെ കാത്തിരിപ്പായി. അവിടെയിരുന്നാൽ വിശാലമാായ കടൽ കാണാം. ഒരു തൃശൂർ ക്കാരൻ സെബാസ്റ്റ്യനേയും കുടുംബത്തേയും പരിചയപ്പെട്ടു. താമസിയാതെ വിമാനമെത്തി. അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും തുടർന്ന് ബാംഗ്ലൂർ ലേക്കും പോകുന്ന ഒരു കൊച്ചു വിമാനം... വിമാനത്തിൽ കയറാനുള്ള അറിയിപ്പുണ്ടായി. ഞങ്ങൾ വിമാനത്തിലേക്ക് നടന്നു. കയറി അധികം താമസിയാതെ പക്ഷി ഞങ്ങളേയും വഹിച്ച് വിഹായസ്സിലേക്ക് പറന്നുയർന്നു. ഒരു മണിക്കൂറും ഇരുപത് മിനിറ്റും പറന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. 
വിമാനത്താവളത്തിൽ നിന്നും അത്താണിയിലേക്കും തുടർന്ന് തൃശൂരിലേക്കും ബസ്സിൽ വന്നു. സഫീറിന് പനിയായതുകൊണ്ട് എയർപോർട്ട് ലേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നു. അവൻ ബസ്സ്റ്റാന്റിലേക്ക് കാറുമായെത്തി. ഒരു ഹോട്ടലിൽ നിന്നും ഊണു കഴിച്ചു. സഫീറിനെ അവന്റെ റൂമിൽ വിട്ടശേഷം  സ്വയം കാറോടിച്ച് കാരക്കാട്ടേക്ക്.....





No comments: