Monday, August 13, 2018

വിട പറയും മുമ്പേ

ഒരു മാസത്തിനു ശേഷം ഇന്നലെ ജോലിക്കു തിരിച്ചെത്തി. നാല്പതു വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു നോമ്പുകാലം മുഴുവൻ വീട്ടിൽ നില്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി കഴിഞ്ഞുപോയി. മഴ കുറഞ്ഞിരിക്കുന്നു. ഒരുപാടു നേരം ഫാമിലൂടെ ഒറ്റക്കു നടന്നു. മരണം നിശ്ചയിക്കപ്പെട്ട ഒരു മനുഷ്യനെപ്പോലെ. ഈ കാഴ്ചകളും അനുഭൂതികളും എനിക്ക് അന്ന്യമാകാൻ പോവുകയാണ്‌. ഇനി കേവലം ഇതാ എന്നു പറയുമ്പോഴേക്കും തീർന്നു പോകാവുന്ന നാലു മാസങ്ങൾ മാത്രം ബാക്കി. മലകൾക്കുമേൽ പൊന്നൊളി പരത്തിക്കൊണ്ടു പിൻവാങ്ങുന്ന സൂര്യൻ. നീല വാനിലൂടെ കിഴക്കോട്ടോഴുകി കുറ്റ്യാടിമലകൾക്കപ്പുറം മറയുന്ന പഞ്ഞിക്കെട്ടുപോലുള്ള ശുഭ്രമേഘങ്ങൾ. നടാടെ കാണുന്ന ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ ഈ പ്രദേശത്തെ കാണുകയാണ്‌. 1982 തൊട്ടിന്നോളം അനുഭവിച്ചിട്ടില്ലാത്ത അവാച്യമായ അനുഭൂതിയോടെ ഞാനെന്റെപരിസരത്തെ നോക്കിക്കണ്ടു. പ്രകൃതിയോടു സം‌സാരി ക്കാറുണ്ടായിരുന്ന ബേപ്പൂർ സുലത്താനെ ഓർത്തുകൊണ്ടു ഞാൻ ഞാൻ പറഞ്ഞു മലകളേ മരങ്ങളേ തരുലതാദികളേ പന്നി തൊട്ട് ആനവരെയുള്ള പക്ഷി മൃഗാതികളേ‌ ഞാൻ മലയിറങ്ങുകയാണ്‌.... കർത്തവ്യ നിർവ്വഹണത്തിനിടെ ഞാൻ നിങ്ങളോടൂ ചെയ്തു പോയ ദ്രോഹങ്ങൾ പൊറുക്കുക... എനിക്കു പൊറുത്തു തരാൻ പ്രാർത്ഥിക്ക യും ചെയ്ക. ആറു മണികഴിഞ്ഞു ഞാനെന്റെ പർണ്ണശാലയുടെ ഏകാന്തതയിലേക്കു പ്രവേശിച്ചപ്പോൾ.അടുത്ത കോട്ടേഴ്സിലുള്ള വർ സ്ഥലത്തില്ല. പുല്ലു പായുംതലയിണയും ചിതലെടുത്തിട്ടില്ല. നേരത്തെ കിടന്നു... പതിവിനു വിപരീതമായി മൂന്നു മണിക്കുണർന്നു. നിലാവസ്തമിച്ചിരിക്കുന്നു നല്ല ഇരുട്ടാണ്‌. ചീവീടുകളുടെ സ്വരം കേൾക്കാം അപൂർവ്വം രാക്കിളികളുടെ കരച്ചിലും. പുതപ്പു വലിച്ച് തലയിലൂടെയിട്ട്  വീണ്ടും സന്ധ്യക്കനുഭവിച്ച നിർവൃതിയെ തിരുച്ചു പിടിക്കാൻ ശ്രമിക്കവേ പായിൽ കമഴ്ന്നു കട്ടിൽ പലകയോടു നെഞ്ചു ചേർത്ത്‌ കിടക്കുന്നതുകൊണ്ടാകാം, ഇപ്പോൾ എനിക്ക് എന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി കേൾക്കാം ഒരു നാഴിക മണിയുടെ സ്പന്ദനധ്വനിപോലെ ക്രമമായ താളത്തിൽ... ഡബ് ലബ് ഡബ് ലബ് .....  അറുപതോളം വർഷങ്ങളായി തളരാതെ അവൻ പണിെടുക്കയാണ്‌‌... വിശ്രമത്തിനുളള കല്പനയും കാത്ത്.

No comments: