Wednesday, October 28, 2015

ഹംസപ്പാക്കയും അലിക്കാക്കയും

എളാപ്പമാർ ഒരുപാടുണ്ടായിരുന്നു. ഒരു മൂത്താപ്പയും. വലിയ കൂട്ടുകുടുംബങ്ങളിലിത് സ്വാഭാവികം... മക്കളുടെ മേൽ എല്ലാവർക്കും അധികാരമുണ്ടായിരുന്നു. വികൃതികാണിച്ചാലും അനുസരണക്കേട് കാണിച്ചാലുമൊക്കെ ഇവരിലാരുടെ കോടതിയിൽ കേസെത്തിയാലും ശിക്ഷ ഉറപ്പായിരുന്നു. അടി ശകാരം പരിഹാസം തുടങ്ങി ഏതു ശിക്ഷയും വകുപ്പുകൾക്കനുസരിച്ച് വിധിച്ചിരുന്നു. പിതാവിനു പോലും മക്കളെ ശിക്ഷിക്കാനധിലാരമില്ലാത്ത ഇക്കാലം പോലെയായിരുന്നില്ല അത്. പലപ്പോഴും വീട്ടിലെ വേലക്കാരടക്കമുള്ളവർ ഫയൽ ചെയ്യുന്ന കള്ളക്കേസുകളിലും ശിക്ഷയേൽകേണ്ടി വരികയാൽ പലപ്പോഴും പിടികൂടിയ അരക്ഷിത ബോധം മൂലം എന്നിൽ പതുക്കെ പതുക്കെ ഒരു റിബൽ മെന്റാലിറ്റി രൂപപ്പെട്ടുവരികയായിരുന്ന കാലം... ഈകാലത്തു തന്നെയായിരുന്നു ഉമ്മായുടെ മരണവും... കൗമാരം എന്നാൽ ചെക്കന്മാർ കേടുവന്നു പോകുന്ന കാലം എന്നാണ് പറയുന്നത്. അംഗീകാരവും പ്രോത്സാഹനവും സാന്ത്വനവുമൊക്കെ അത്യാവശ്യമായി വരുന്ന കാലം. കുടുംബത്തിലെ പ്രധാന കുരുത്തം കെട്ടവൻ എന്ന പട്ടത്തിനുള്ള പരിശ്രമത്തിന്റെ കാലം. എന്റെ ഈ പരിണാമ ഘട്ടത്തിൽ എനിക്ക് ഈശ്വരൻ അനുഗ്രഹിച്ചരുളിയ രണ്ടു എളാപ്പമാരാണ് എന്റെ ഹംസപ്പ കാക്കയും ( Hamsa Hamza Palliparambil​) അലിക്കാക്കയും( Hyder Ali Vayyattukavil​) എന്നെക്കാൾ മൂത്തവരായിരുന്നിട്ടും അവരെന്നോട് കൂട്ടുകാരനോടെന്ന പോലെ പെരുമാറി, സിനിമകൾ കാണിച്ചുതന്നു. കഥകൾ പറഞ്ഞുതന്നു. പല യാത്രകളിലും കൂടെ കൂട്ടി.റെയിലോരങ്ങളിലൂടെ, നിളയുടെ തീരങ്ങളിലൂടെ ഒക്കെ സായാഹ്ന സവാരികൾക്ക് കൊണ്ട് പോയി...
അപൂർവ്വം സന്ദർഭങ്ങളിൽ ശാസിക്കുകയും ചെയ്തു.                    അമിത ശാസനകൊണ്ട് നഷ്ടപ്പെടുകയായിരുന്ന എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇവരുടെ പ്രോത്സാഹനം നിശ്ചയമായും എന്നെ സഹായിച്ചിട്ടുണ്ട് എന്ന് നിറഞ്ഞമനസോടെ ഓർക്കുന്നു. മുതിർന്നവരിൽ നിന്നുകിട്ടുന്ന പരിഗണനയും പ്രോത്സാഹനവും കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നതിന്നു സാക്ഷിയാണു ഞാൻ. എന്നെ നിരന്തരം  ശാസിച്ചിരുന്ന മറ്റുള്ള മുതിർന്നവരും എന്റെ ഗുണം മാത്രം കാംക്ഷിച്ചവരായിരുന്നു എന്ന് ഞാൻ വൈകിയാണെങ്കിലും  തിരിച്ചറിഞ്ഞിരിക്കുന്നു. സർവ്വേശ്വരൻ അവരെയെല്ലാം അനുഗ്രഹിക്കുമാറാകട്ടേ...

No comments: