Tuesday, January 20, 2015

മുയൽ വേട്ട



മുയൽ വേട്ട 1
അതൊരു വേനലറുതിയിലായിരുന്നു. വിഷു കഴിഞ്ഞ കാലം വിഷുവിനു പെയ്ത മഴയിൽ മേടുകളിൽ പുല്ലുകിളിർത്തു തുടങ്ങിയിരുന്നു. പള്ള്യായ് നിലങ്ങളിൽ വിതച്ച നെല്ലും മുളച്ചു തുടങ്ങി. മുയൽ വേട്ടക്ക് പറ്റിയകാലം...
വൈകുന്നേരം അഞ്ചരയുടെ വണ്ടിക്ക് കുഞ്ഞു മോൻകാക്ക വന്നു. ഉപ്പാന്റെ മച്ചുനൻ ഒറ്റപ്പാലത്താണ്‌‌ വീട്. നായാട്ടു കമ്പക്കാരൻ. മൂത്താപ്പനെയും കൂട്ടി മുയൽ വേട്ടക്ക് പോകാനാണ്‌‌ പരിപാടി. ഒന്നും കിട്ടിയില്ലെങ്കിലും നായാട്ട് അദ്ദേഹത്തിന്‌‌ വലിയ ഹരമായിരുന്നു.എത്ര കാശു വേണമെങ്കിലും ചെലവാക്കും. പലപ്പോഴും കാറിലാണു വരിക. അദ്ദേഹത്തിന്റെ നായാട്ടു കമ്പം തോക്കിന്റെ ഉടമസ്ഥനായ മൂത്താപ്പാക്ക് അറിയുകയും ചെയ്യും അതുകൊണ്ട് മരുന്നില്ല തെരവാങ്ങാൻ പൈസയില്ല. ബാറ്ററി തീർന്നു പോയി എന്നിത്യാദി തടസ്സങ്ങൾ പറഞ്ഞ്‌ ഒഴിവാകുന്നതായി ഭാവിക്കും. അപ്പോൾ ആവകയിലേക്കായി കുഞ്ഞു മോൻകാക്ക ധാരാളം പൈസകൊടുക്കുകയും ചെയ്യും . അദ്ദേഹം ഉദാരനായിരുന്നു. അന്നും പറഞ്ഞു തടസ്സങ്ങൾ.പതിവു പോലെ അത് കുഞ്ഞുമോൻകാക്ക പരിഹരിക്കുകയും ചെയ്തു. എന്നെയും കൂടെ കൂട്ടണമെന്ന അപേക്ഷയോടെ ഞാനും കൂടി പിറകെ. നിനക്കൊന്നും പഠിക്കാനില്ലേ എന്ന തുരുപ്പിട്ട് വെട്ടാനാഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞാൻ എട്ടിലേക്ക് ജയിച്ചിരിക്കുന്നു ഇനി സ്കൂൾ തുറന്നിട്ടേ പഠിക്കേണ്ടതുള്ളൂ. അങ്ങനെ ഞാൻ കൂടി പിറകെ. രാത്രി ഭക്ഷണം കഴിഞ്ഞാണ്‌ പുറപ്പെട്ടത്. തോക്ക് കുഞ്ഞിമോൻ കാക്ക പിടിച്ചു. ഹെഡ് ലൈറ്റും മറ്റു സാമഗ്രികളും നിറച്ച സഞ്ചി ഞാനും. ബിസ്മിയൊക്കെ ചൊല്ലി പിന്നെ രിഫാഈൻ ശൈഖിനെ പ്രത്യേകമായി വിളിച്ചു പ്രാർത്ഥനയോടെ മൂത്താപ്പയിറങ്ങി. പാമ്പിന്റെ കാര്യം മൂത്താപ്പ രിഫാഈൻ ശൈഖിനെയാണ്‌ ഏല്പിക്കാറ്‌ മൂത്താപ്പ ടോർച്ചടിച്ച് മുന്നിൽ.പിറകെ ഞങ്ങളും. മേലേ പടിപ്പുര കടന്നതും ഒരു കറുത്ത പൂച്ച വഴിക്കു വിലങ്ങനെ ഒരോട്ടം. മൂത്താപ്പ നിന്നു. ന്ന്‌ ഞ്ഞ് പോയിട്ടു കാര്യല്ല. കണ്ടൊ കരിമ്പൂച്ച്യാ ചവനം. വലിയ ആവേശത്തോടെ പിറകെ കൂടിയ ഞങ്ങൾ ഞെട്ടിപ്പോയി. ഞാനാണ്‌ വല്ലാതെ നിരാശനായത്. ആറ്റു നോറ്റു വീണുകിട്ടിയ സഫാരി റദ്ദാക്കുകയോ. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നും അതിലൊന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ് ഞങ്ങൾ ഒരു പാടു നിർബന്ധിച്ച്പ്പോൾ മൂപ്പര്‌ മനമില്ലാ മനസോടെ വഴങ്ങി. റൊട്ടിൽ കയറി വലത്തോട്ടു തിരിഞ്ഞ്,  സ്കൂളിന്റെ താഴെ ഇടവഴിയിലൂടെ പള്ളിത്തൊടുവിന്റെ അരികിലൂടെ പുഴയിലിറങ്ങി. വരണ്ടു കിടക്കുന്ന മണൽ പരപ്പിലൂടെ നടന്നു. കൊടപ്പാറ കയത്തിനു താഴെ നേരിയ നീരൊഴുക്കു മാത്രം. അതും താണ്ടി ഞങ്ങൾ അക്കരെയെത്തി. കൊടപ്പാറക്കടുത്ത് പരത എന്ന ഒരു പുൽ മേടുണ്ട് അതായിരുന്നു ലക്ഷ്യം. അവിടെ മുയലു കാണും. നേരിയ തണുപ്പിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കീഴെ ആൾ പാർപ്പില്ലാത്ത വിജനതകളിൽ മുയലിനെത്തേടിയുള്ള പാതിരാവുകളിലെ അലച്ചിൽ വല്ലാത്ത ഒരനുഭവമാണ്‌.... കുന്നിനു മുകളിൽ തെളിഞ്ഞ ആകാശത്തിനു കീഴെ ചീവീടുകളോ അപൂർവ്വം രാപ്പക്ഷികളോ ഉണ്ടാക്കുന്ന ശബ്ദങ്ങളൊഴികെ പൂർണ്ണ നിശ്ശ്ബ്ദത. ചിലപ്പോൾ ദൂരെ നിന്നെവിടെയെങ്കിലും കേൾക്കുന്ന നായ്കളുടെ കുരയോ കുറുക്കന്മാരുടെ ഓരിയിടലോ മാത്രം. അതു ഞാൻ പലപ്പോഴും ആസ്വദിച്ച് അനുഭവിച്ചിട്ടുണ്ട്.
പരതയിലെത്തി അധികം തിരയേണ്ടി വന്നില്ല ഒരു മുയലിനെക്കിട്ടി. അവിടെ നിന്നും താഴെയിറങ്ങി ദേശമംഗലത്തേക്കുള്ള റോഡിനു താഴെ പള്ളിയാൽ നിലങ്ങളിൽ തെരഞ്ഞു. ഒന്നും കണ്ടില്ല. ദൂരെ കാരക്കാട്ട് റെയിലിലൂടെ ചൂളം വിളിച്ചു പോകുന്ന തിവണ്ടിയുടെ സ്വരം കേട്ടപ്പോൾ മൂത്താപ്പ പറഞ്ഞു വെസ്റ്റ് കോസ്റ്റ് പോയി നമുക്ക് മടങ്ങാം. കുഞ്ഞിമോൻ കാക്ക വാച്ചിൽ നോക്കി സമയം രണ്ടോടടുക്കുന്നു..
ഞങ്ങൾ മടങ്ങി പുഴയിലെത്ത്യപ്പോൾ നല്ലതണുപ്പ്. മൂത്താപ്പയും കുഞ്ഞു മോൻ കാക്കയും കൂടി എന്റെ നെറ്റിയിൽ വിളക്കു കെട്ടിത്തന്നു. മുയലിനെ കാലുകൾ ബന്ധിച്ച് എന്റെ കയ്യിൽ തൂക്കി. തോക്കും കയ്യിൽ തന്നു. എന്നിട്ട് മുന്നിൽ നടക്കാൻ പറഞ്ഞു. ഞാൻ പോകുന്നതും നോക്കി അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി ഭാവി നായാട്ടുകാരൻ എന്നും പറഞ്ഞു കൊണ്ട്... എല്ലാം കൂടി ചുമക്കാൻ വിഷമം തോന്നിയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല. ഭാവി നായാട്ടുകാരനാകണമല്ലോ
തോക്കും സഞ്ചിയും ലൈറ്റും അവർ തന്നെ തിരിച്ചു വാങ്ങി. മുയലിനെ ഞാനെടുത്തു. പള്ളിക്കടവിലെത്തിയപ്പോൾ കുഞ്ഞു മോൻകാക്ക ചോദിച്ചു  ശകുനത്തിലൊന്നും വലിയ കാര്യമില്ല എന്ന് വെല്ല്യാക്കാക്ക് ഇപ്പൊ മനസിലായില്ലേ.. ?
ഉടൻ വന്നു മറുപടി അത് പൂച്ച വലത്തു നിന്ന് ഇടത്തോട്ട് ഓടിയതു കൊണ്ടാ.....
എന്തു വിശ്വസിച്ചു പോയാലും പിന്നെ അതിനു ഞായീകരണം കണ്ടെത്താനേ മനുഷ്യൻ ശ്രമിക്കൂ എന്നതിന്റെ ഒന്നാം പാഠം

No comments: