Thursday, November 8, 2018

തുലാവർഷം

തുലാവർഷത്തിൽ മഴകൾ നാലാകുന്നു എന്നാണ് പറയപ്പെട്ടിട്ടുളളത്. ഓണം കഴിഞ്ഞ് മണ്ണുണങ്ങി വരുമ്പോൾ കനത്തിൽ കോരിച്ചൊരിയുന്ന നാലെണ്ണം അവയുടെ രൗദ്രത തെളിയിക്കുന്ന പേരുകളും മലയാളം അവക്ക് നൽകിയിട്ടുണ്ട്. അറിയാൻ ആഗ്രഹിക്കുന്നവർക്കായി വിശദീകരിക്കാം ആദ്യത്തവൻ കല്ലുരുട്ടിയാകുന്നു. ഉണങ്ങിക്കിടക്കുന്നമണ്ണിനോടൊപ്പം കല്ലിനേയും ഉരുട്ടി മറ്റുന്നവൻ. വരമ്പ് മുറിയനാകുന്നു പിന്നത്തവൻ പിന്നെ പുല്ലിനെപ്പോലും വേരോടെ പിഴുത് കളയുന്ന പുല്ല് പറിയൻ അതും കഴിഞ്ഞ് പുരപൊളിയനും  ഇവനെയായിരുന്നു പണ്ടെല്ലാവർക്കും പേടി. ഇപ്പോൾ പുരകളുടെ സ്ഥാനത്ത്  കൊട്ടാരങ്ങളായതുകൊണ്ട് ആപേടി  ആർക്കും ഇല്ല്യാന്ന് വെച്ചോളൂ. ഈ നാലും ഇടിയാലും മിന്നലാലും സമ്പന്നമായിരിക്കും എന്നുകൂടിയുണ്ട്. ഏതായാലും അത് കഴിഞ്ഞാൽ  പിന്നെ പഴഞ്ചൊല്ല് ... തുലാം പത്തുകഴിഞ്ഞാൽ പ്ലാപൊത്തിലും പാർക്കാം എന്ന്.  ഇവരെ ഇത്ര വിശദമായി പരിചയപ്പെടുത്തിയത് എന്തിനാ എന്ന് ചോദിച്ചാൽ ഇത് നാലും കൂടി ഒന്നിച്ചനുഭവിക്കാൻ ഇന്നലെ ഭാഗ്യമുണ്ടായി എന്ന് സുഹൃത്തുക്കളെ അറിയിക്കാൻ വേണ്ടിയാകുന്നു ...
ചുരുക്കത്തിൽ കൂട്ടുകാരോടൊത്ത് പുഴയിൽ മീൻ പിടിക്കാൻ പോയി. നമ്പ്രത്തെ അഗതി മന്ദിരമായ മദാറിന്നടുത്ത് കാർ നിർത്തി കുണ്ടനിടവഴിയിലൂടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഞങ്ങൾ പുഴയിലിറങ്ങി.  മൂടിക്കെട്ടിയ അന്തരീക്ഷം ഇതാ പെയ്തൂ പെയ്തില്ലാ എന്നമട്ട്. വലയിട്ടപ്പോഴേക്കും തുടങ്ങി മഹാവൃഷ്ടി. കൂടെ കണ്ണഞ്ചിക്കുന്നമിന്നലും ഘോരമായ ഇടിമുഴക്കവും. ഈ മിന്നലിൽ തുറസ്സായ പുഴയിൽ നിൽകുന്നത് അത്ര പന്തിയല്ല എന്ന് തോന്നുകയാൽ ധൃതിയിൽ അടുത്തുളള മദാർ അഗതി മന്ദിരത്തിൽ അഭയം പ്രാപിച്ചപ്പോഴേക്കും തുടങ്ങിയിരുന്നു തുലാമഴയിലെ നടേ പറഞ്ഞ നാലും ഒരുമിച്ച്. മീനും വേണ്ട ഇറച്ചിയും വേണ്ട തടി കിട്ടിയാൽ തെണ്ടിത്തിന്നാം എന്നായി ചിന്ത ... അഞ്ചരയോടെ തുടങ്ങിയമഴ ഏഴോടെ കനം കുറഞ്ഞു. എന്നെ കാറിൽ ഇരുത്തി കൂട്ടുകാർ വലയെടുക്കാൻ വീണ്ടും പുഴയിലേക്ക്. പഴയ ഹിന്ദിപ്പാട്ടുകളും കേട്ട് കാറിൽ ഒറ്റക്കങ്ങനെ കുറേ നേരം. പണ്ട് കരിമ്പനകൾ നിറഞ്ഞ പാടങ്ങൾ ഇപ്പോൾ പല മരങ്ങളും നിറഞ്ഞ തോട്ടങ്ങളായിരിക്കുന്നു. അടുത്തൊന്നും വീടുകളില്ല. പണ്ട് ഇവിടെയൊക്കെ ധാരാളമായി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുള്ള യക്ഷികളെയും ഗന്ധർവന്മാരെയുമൊക്കെ മനസിൽ കണ്ടു കൊണ്ട് കാറിൽ കിടക്കവേ ഞാനോർത്തു പണ്ട് മീൻ കാരൻ മുഹമ്മദിക്ക മൂത്താപ്പാനോട് പറഞ്ഞ യക്ഷിക്കഥ. അദ്ദേഹമൊരിക്കൽ അക്കരെനിന്നും രാത്രി വളെരെ വൈകി കച്ചവടം കഴിഞ്ഞ് മടങ്ങവേ ആലിന്റെ ചാഞ്ഞ കൊമ്പത്ത് കാൽ തൂക്കിയിട്ടാട്ടിക്കൊണ്ടൊരു സുന്ദരി... അഴിഞ്ഞുലഞ്ഞ നീണ്ട കാർകൂന്തലും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും. കണ്ടാലൊരു ഹൂറ്യെന്നെ ബാപ്പുട്ടേയ് മോത്തിന്ന് കണ്ണ്ട്ക്കാൻ തോണൂലാ എന്നാണദ്ദേഹം പറഞ്ഞത്.
അദ്ദേഹം കായ്യിലുണ്ടായിരുന്ന പിച്ചാത്തിയിൽ മുറുകെ പിടിച്ചതുകൊണ്ട് അവൾ ലോഹ്യത്തിനു നിന്നില്ലത്രേ. അല്ലേങ്കിൽ പിറ്റേന്നദ്ദേഹത്തിന്റെ പല്ലും മുടിയും  നഖവുമേ ബാക്കികാണുമായിരുന്നുള്ളുവത്രേ.
കഥ അയവിറക്കി ഞാൻ കിടക്കുകയാണ്. ദൂരെ കരിമ്പനച്ചുവട്ടിൽ നിന്നും മീൻ കാരൻ മുഹമ്മദിക്കാന്റെ നായിക കാറിനു നേരെ മന്ദം മന്ദം വരുന്നതും വിന്റോയിൽ തട്ടി എന്നോട് പുഞ്ചിരിക്കുന്നതും ചില്ലുതാഴ്ത്തിയ ഞാനൊരു വയസ്സനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വായിലെ ചർവിത താമ്പൂലം നീട്ടിത്തുപ്പി നടന്നകലുന്നതും മനസ്സിൽ സൃഷ്ടിക്കാൻ ശ്രമിക്കവേ താഴെ നിന്നും കൂട്ടുകാരുടെ ശബ്ദം വലയുമായി അവർ വരികയാണ്. മീനൊക്കെ വീട്ടിൽ ചെന്ന് എടുക്കാം നമുക്ക് പോകാം.
അങ്ങനെ വല വണ്ടിയിലാക്കി ഞങ്ങൾ പുറപ്പെട്ടു...

No comments: