Tuesday, November 27, 2018

കായ്കറിക്കൃഷി

കായ്കറിക്കണ്ടത്തിൽ കോപ്പനും കൂട്ടരും പണിയെടുക്കുന്നതും നോക്കിക്കോണ്ട് ചക്കപ്പുളിമൂച്ചിയുടെ ചുവട്ടിൽ  നിൽകുകയായിരുന്ന വെല്ലിമ്മായുടെ അടുത്തേക്ക് ചുമലിൽ നിന്നൂർന്നു പോകുന്ന ട്രൗസറിന്റെ വള്ളി നേരെയാക്കിക്കൊണ്ട് കുട്ടി ഓടിച്ചെന്നു. നേരം പുലർന്നിട്ട് അധികമായിട്ടില്ല. വേനൽ കാലമായിരുന്നു. കണ്ടാറിയിൽ പച്ചപിടിച്ചു നിൽകുന്ന പുഞ്ച. കായ്കറിക്കണ്ടത്തിൽ വളർന്ന് നിൽകുന്ന പച്ചക്കറി വള്ളികൾ. താഴേ എടമാറിയിലും കൂടി കായ്കറി നടാനുള്ള പണികളിലാണ് കോപ്പനും കൂട്ടരും. മാമാവിന്റെ തണലിൽ പുല്ലിന്റെ തണുപ്പിൽ ഇരിക്കുകയായിരുന്ന കണ്ണുതുറിയൻ പോക്കാച്ചിത്തവള ബ്ലും എന്നശബ്ദത്തോടെ അടുത്തുള്ള കുളത്തിലേക്കെടുത്തു ചാടി. തവള ജലത്തിലുയർത്തിയ ഓളങ്ങൾ വൃത്താകൃതിയിൽ‌ വ്യാപിക്കുന്നത് കാണാൻ നല്ല ഭംഗി. കായ്കറിക്ക് വെള്ളം തേവാനുള്ള ആകുളത്തെ എല്ലാവരും താഴത്തേകിണറ് എന്നു വിളിച്ചു. കുളത്തിന്റെ പടിഞ്ഞാറേ കോണിൽ ഏത്തം. നീലനിറമുള്ള വെള്ളത്തിലേക്ക് ഊളിയിട്ട തവള പതുക്കെ പൊങ്ങി വന്ന് ജലപ്പരപ്പിൽ നില്പായി. കുട്ടി ഒരു കല്ലു പെറുക്കി തവളിക്കിട്ട് ഒരേറ് കൊടുത്തു. ഏറു തവളക്ക് കൊണ്ടില്ല. വെല്ലിമ്മ പറഞ്ഞു വേണ്ട മോനേ കൊളത്തിലേക്ക് കല്ലെടുത്തെറിയാൻ പാടില്ല. കുളം തൂർക്കുന്നത് പാപമാണ്. മരിച്ച് ചെന്നാൽ മലക്കുകൾ മൂക്കിന്റെ പാലം കൊണ്ട് ആകല്ലുകൾ തിരിച്ചെടുപ്പിക്കും. പേടിച്ചുപോയ കുട്ടിപറഞ്ഞു ഞാൻ തവളനെ എറിഞ്ഞതല്ലേ.. ങേ തവളനെ എറിയാനും പാടില്ല. അത് അല്ലാഹൂനെ ശുക്ർ ചെയ്യ്ണ ജന്ത്വല്ലേ.. എപ്പൊ നോക്യാലും അതിന്റെ താടിങ്ങനെ ഇളക് ണ് കണ്ടിട്ടില്ലെ... തവളകള് തേടുന്നതുകൊണ്ടാ ഞമ്മക്ക് മഴ കിട്ട്ണത്.... തവളയും കുളവും ഒക്കെ വലിയ കാര്യങ്ങളാണെന്ന് വെല്ല്യുമ്മ കുട്ടിക്ക് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു.......
പാടത്തിന്റെ വരമ്പിലൂടെ അബ്ദുക്കവരുന്നു.‌ കായ്ക്കറിക്ക് വെള്ളം തേവാൻ വരികയാണ്. അബ്ദുക്ക വെല്ലിമ്മാനോട് ചിരിച്ചു. വെയില് ചൂടാക്ണതിന്റെ മുമ്പെ പത്ത് കൊട്ട തേകാലോച്ച്ട്ടാ. അദ്ദേഹം ഏത്തത്തിന്റെ കയ്യീരിയുടെ അറ്റത്തെ വിടവിലേക്ക് തേക്കുകൊട്ട ചേർത്ത് വെച്ച് കൊട്ടക്കോൽ കോർത്ത് ഉറപ്പിച്ചു. പിന്നീട് കിണറിന്റെ കുറുകെയിട്ട പാലത്തിലൂടെ പിന്നോട്ട് നടന്ന് കൊട്ട വെള്ളത്തിൽ മുക്കി. വീണ്ടും കയ്യീരി മുകളിലേക്ക് ഉയർത്തിക്കൊണ്ട് മുന്നോട്ട്. കൊട്ടത്തളത്തിൽ എത്തിയ കൊട്ടയുടെ കോലിൽ ചവിട്ടി വെള്ളം തളത്തിലേക്ക്. അങ്ങനെ തേവിത്തേവി തളം നിറഞ്ഞ് തെളിഞ്ഞ വെള്ളം ചാലിലൂടെ ഒഴുകിമുന്നേറുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് കുട്ടി വെള്ളത്തിന്റെ ഒപ്പം കായ്ക്കറിക്കണ്ടത്തിലെത്തി. കോപ്പൻ വെണ്ണം ഓരോ തടങ്ങളിലേക്ക് തിരിച്ച് വിടാൻ തുടങ്ങി.‌ കോപ്പന്റെ ഇടത്തേ കൈമുട്ടിലെ ഒരു പന്തിന്റെ വലിപ്പമുള്ള മുഴ കൈയ്യ്നൊപ്പം കുലുങ്ങിയാടുന്നു. കോപ്പൻ ഒരു കുഞ്ഞു വെള്ളരിക്ക പറിച്ച് കുട്ടിക്ക് കൊടുത്തു. ഇത് തിന്നിട്ട് പോയ്കോളിൻ എളവെയില് കൊള്ളണ്ടാ. വലിയ ശബ്ദത്തോടെ കൂവിയാർത്ത്  പിറകിലേക്ക് പുകയൂതി കിഴക്കോട്ട് പാഞ്ഞുപോയ ചരക്കുവണ്ടിയെ നോക്കി കുട്ടേ കുറേ നേരം കൂടി അവിടെ നിന്നു. പിന്നെ ചുമലിൽ നിന്ന് ഊർന്നുപോയ ട്രൗസറിന്റെ വള്ളി നേരെയാക്കി കോപ്പൻ കൊടുത്ത വെള്ളരിപ്പൂവൽ കറുമുറാ ചവച്ചുകൊണ്ട് കുട്ടി മടങ്ങി  വെല്ലിമ്മായുടെ കൂടെ വീട്ടിലേക്ക്....

No comments: