Thursday, November 22, 2018

നെല്ലുകുത്ത് ഒരു പുരാതന ആചാരം

അത്യാവശ്യം കൊയ്യാനും മെതിക്കാനുമുള്ള ഭവനങ്ങളിൽ  നിലനിന്നിരുന്ന പുരാതനമായ പല ആചാരങ്ങളിൽ പ്രമുഖമായിരുന്നു നെല്ല്കുത്ത്. പിന്നീട് മില്ലുകൾ നിലവിൽ വരുവോളം എന്റെ തറവാട്ടിലും ഈ ആചാരം മുടങ്ങാതെ നിലനിന്നു...
നെല്ല് മാന്വലായിട്ട് കുത്തി ഉമിയുംതവിടും കളഞ്ഞ് അരിയാക്കലായിരുന്നു പ്രക്രിയ. ഇതിലേക്കായി
കല്ലുരൽ കുന്താണി കുഴിയുരൽ ഉലക്ക മുതലായവയായിരുന്നു അക്സസറീസ്. കല്ലുകൊണ്ട് ഏകദേശം മൂന്നടി ഉയരത്തിൽ കൊത്തിമിനുക്കി നിറുകയിൽ ഒരറ്റി ആഴത്തിൽ ഒരു കുഴിയുമായവൻ കല്ലുരൽ. പ്ലാവിന്റെ കട വൃത്തത്തിൽ ചെത്തി പണിതീർക്കപ്പെട്ടവൻ കുന്താണി പിന്നെ ഇരുമ്പുകൊണ്ട് നാളത്തിന്റെ ആകൃതിയിൽ തീർത്ത് തറയിൽ ഉറപ്പിക്കപ്പെട്ടവൻ കുഴിയുരൽ പിന്നെ കരിമ്പനയുടെ ആരുകൊണ്ടോ പ്ലാവിൽ തടികൊണ്ടോ പണിത് രണ്ട് വശത്തും ലോഹംച്ചിറ്റ് പിടിപ്പിച്ചവൻ ഉലക്ക. നെല്ലിനെ പുഴുങ്ങി ഉണക്കിയെടുക്കുന്നതു മുതൽ കുത്തി അരിയാക്കി ചേറിപ്പെറുക്കി പാത്രത്തിലാക്കും വരെയുള്ള പ്രക്രിയകളത്രയും നിർവ്വഹിച്ചിരുന്നത് വനിതാ രത്നങ്ങളായിരുന്നു. നല്ല ആരോഗ്യമുള്ള വനിതകളെമാത്രമേ ഇതിലേക്കായി റിക്രൂട്ട് ചെയ്തിരുന്നുള്ളൂ. നാട്ടിലുള്ള വിശേഷങ്ങളത്രും വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത കുലീന വനിതകൾക്ക് എത്തിച്ചുകൊടുക്കുന്ന വാർത്താവിനിമയ മാധ്യമങ്ങളായും ഇവർ വർത്തിച്ചുവന്നു. ഇന്നത്തെ ജനം ടി വിയുടെ അത്രതന്നെ വരില്ലെങ്കിലും ഒരുവിധം അക്വറെറ്റായ വാർത്തകൾ വീട്ടിലെ മഹിളകൾക്ക് ലഭ്യമായിരുന്നതിനാൽ മഹിളകൾ ദുനിയാവിന്റെ വിവരങ്ങളിൽ അപ്ഡേറ്റായിരുന്നു എന്ന് പറയാം. പിന്നീട് ഈ ഉല്പന്നത്തെ വേവിച്ച് ചോറാക്കി ഉപദംശങ്ങൾ ചേർത്ത് ഇലയിലോ പിഞ്ഞാണത്തിലോ  വിളമ്പുക എന്ന വിശേഷ ക്രിയ നിർവ്വഹിച്ചിരുന്നതും വനിതകളായിരുന്നു. അവസാനം ചോറിനെ ഉരുളകളാക്കി തള്ളിക്കയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വം എന്നും ആൺ ശിങ്കങ്ങൾക്ക് തന്നെയായിരുന്നു. അവരത് സ്തുത്യർഹമാം വിധം നിർവ്വഹിച്ച് പോന്നു...
പിന്നീട് ഒരു ചെറുകിട വ്യവസായമായി നെല്ലുകുത്ത് അംഗീകരിക്കപ്പെടുകയും ഗ്രാമങ്ങൾ തോറും ചെറുകിട മില്ലുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ഈ ആചാരത്തിന്ന് പ്രസക്തിയില്ലാതായി. അവ്വണ്ണം നാട്ടിൽ സ്ഥാപിതമായ ഒന്നാമത്തെ മില്ല് വി പി രമന്റെ മില്ലായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗ്രാമ വികസനത്തിനായി എൻ ഇ എസ്‌ ബ്ലോക്കുകൾ നിലവിൽ വന്നപ്പോൾ കൂട്ടത്തിൽ  തേനീച്ചക്കൃഷിയും പരിഗണിക്കപ്പെട്ടു. അതിലേക്കായി ഈച്ചക്കൂടുകൾ നിർമ്മിച്ച് സർക്കാരിലേക്ക് വിതരണം ചെയ്യാനുള്ള കരാറ് അദ്ദേഹത്തിനായിരുന്നതിനാൽ ഈച്ചപ്പെട്ടി രാമൻ എന്നും അദ്ദേഹം അറിയപ്പെട്ടു. കൂടാതെ അന്നത്തെ വയസന്മാർക്കിടയുൽ രാമനാശാരി എന്നും. അദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാരക്കാട് വാർഡിലേക്ക് ചെറിയ ബാപ്പുഹാജി ആലിഹാജി ദിൽകൂഷ് അബ്ദുറഹ്മാനിക്ക എന്നിവരോടൊപ്പം രാമേട്ടനും മത്സരിച്ചിരുന്നു... നെല്ലുകുത്തുകാരികളുടെ ലഭ്യത കുറഞ്ഞപ്പോൾ തറവാട്ടിൽ നിന്നും കൊള്ളിപ്പറമ്പത്തുള്ള മില്ലിലേക്ക് നെല്ലുകുത്താൻ കൊണ്ടു പോകുന്ന ആളുടെ കൂടെ ഈ വിനീതനായ ചരിത്രകാരനും പോവുകയുണ്ടായിട്ടുണ്ട് . ‌തേക്കോട്ടുള്ള വഴിയിലൂടെ പാടത്തിറങ്ങി പച്ചപുതച്ചുനിൽകുന്ന നെല്വരമ്പിലൂടെ റെയിൽ പാതമേൽ കയറി പടിഞ്ഞാട്ട് നടന്ന് കൊള്ളിപ്പറമ്പത്തെ ചെത്തു വഴിയിലൂടെ നെല്ലുചുമന്ന ചാമിയുടേയോ അയ്യപ്പന്റെയോ ഒക്കെഒപ്പം നടത്തിയ കാലനടയാത്രകൾ ...വലൽ വരമ്പിലെ പൊത്തുകളിൽ നിന്നും അകത്തേക്ക് വലിഞ്ഞ ഞെണ്ടുകളും പ്ലോം എന്ന ഒച്ചയിൽ പാടത്തേക്ക് ചാടിയ പോക്കാച്ചിത്തവളകളും റെയിലിലൂടെ പുകതുപ്പി കൂവിയാർത്ത് പാഞ്ഞുപോയ തിവണ്ടിയും മനസിൽ കോറിയിട്ട വർണ്ണ ചിത്രങ്ങൾ ഇന്നും‌ മനോഹരം.
പിന്നീട് ഓങ്ങല്ലൂരിൽ നായരുടെ മില്ല വന്നു. അങ്ങോട്ടും ഉണ്ടായിട്ടുണ്ട യാത്രകൾ കാരക്കാട് വിട്ടാൽ പിന്നെ പാറപ്പുറത്ത് രണ്ട് പീടികകളും ഗണപത്യേം കാവ് എന്ന് അറിയപ്പെട്ടിരുന്ന ഓങ്ങല്ലൂർ മൂന്നും കൂടിയേടത്ത് ഒരു പെട്ടിക്കടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പിന്നീട്‌ കകാരക്കാട്ടും വന്നു ഒരുമില്ല്.
കോൺഗ്രസ് നേതാവ് വയ്യാട്ടുകാവിലെ ഇമ്പിച്ചി മുഹമ്മദിന്റെ വക...
അത് വേറെ ചരിത്രമായിപ്പറയാം...
Photo: From Google
akoyavk

No comments: