അതൊരു കർക്കിടകമാസത്തിലായിരുന്നു തോരാതെ പെയ്യുന്നമഴയിൽ തോടും പുഴയും പാടവും ഒന്നായി. പാടത്തെ പകുത്ത് പടിഞ്ഞാട്ടു പോകുന്ന റെയിൽ മാത്രമുണ്ട് മുങ്ങാതെ. സ്കൂളില്ലാത്ത ദിവസം.സൂര്യനെകണ്ടിട്ട് രണ്ടു ദിവസമായിരുന്നു,. ഒരു വികൃതിക്കും വകയില്ലാതെ മടുത്തും മുഷിഞ്ഞും ഇരിക്കുകയായിരുന്നു ഞാൻ. അന്നെനിക്ക് വയസു പതിനൊന്ന്. നാലുകെട്ടിന്റെ കോലായിൽ ചാരുപടിമേൽ പുതച്ചു മൂടി കിടക്കുകയാണ് ബാവഎളാപ്പ. പനിയാണ്. പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും മാങ്ങ ഉപ്പിലിട്ടതും കൂട്ടിക്കഴിച്ചശേഷം കമ്പിളികൊണ്ട് പുതച്ച് മൂടിയാണ്‌കിടപ്പ്. എന്നാൽ പനി പോകുമത്രേ എന്നെക്കൊണ്ട് പറിപ്പിച്ച പേരയിലയും ,തുളസിയിലയും, ചുക്കും കുരുമുളകും ചേർത്തുണ്ടാക്കിയ കഷായവും കുടിക്കുന്നുണ്ട് ഇടക്കിടെ. തലയിൽ ഒരു മഫളർ കെട്ടിയിട്ടുമുണ്ട്. പടിപ്പുരയിറങ്ങിവരുന്ന രാമകൃഷ്ണൻ മാസ്റ്ററെ കണ്ട എളാപ്പാക്ക് സന്തോഷമായി വാ ... വാ രാമൻ കുട്ടി ഞമ്മക്ക് കുറച്ച് വർത്തമാനം പറയാലോ വെറുതെ കിടന്ന് മടുത്തു. സ്കൂൾ സംബന്ധമായ എന്തോ കടലാസ് വെല്ലിമ്മാനെക്കൊണ്ട് ഒപ്പിടുവിക്കാൻ വന്നിരിക്കയാണ് മാഷ്. "യ്കന്റെ കളിക്ക് നിക്കാൻ നേരല്ല പോയിട്ട് വേറെ പണിണ്ട് "എന്നും പറഞ്ഞ് കുട ഇറയത്തു തൂക്കി കോലായിലെ കസേരയിൽ ഇരുന്നിട്ടെന്നോട് പറഞ്ഞൂ കുഞ്ഞുബാപ്പൂ മാനേജരെ വിളിക്ക്. അദ്ദേഹം കുറച്ച് ഇരുന്നാൽ നന്നയിരുന്നു എന്നെനിക്കുമുണ്ടായിരുന്നു പൂതി. കാരണം പലതമാശകളും കേൾക്കാം.........
മഴയിൽ നിന്നും രക്ഷപ്പെടാൻ കോലായിലേക്കു കയറിവന്ന വലിയ കൊറ്റനാടിനെ ഞാൻ വടക്കു വശത്തേക്കോടിച്ചു വിട്ടു. വെല്ലിമ്മാനോട് മാഷ് വന്നവിവരം പറയാൻ അകത്തേക്കു പുറപ്പെടവേ പെട്ടന്ന് വടക്കുവശത്ത് കിണറ്റിൻ കരയിൽ നിന്നും ബഹളം...ഞാനോടിച്ചെന്നു. ഞാൻ ആട്ടി വിട്ട വെല്ലിമ്മാന്റെ കൊറ്റനാട് കിണറ്റിൽ വീണിരിക്കയാണ്. പെണ്ണുങ്ങളെല്ലാം കിണറിനു ചുറ്റും... ഞാൻ നോക്കുമ്പോൾ ആട് കിണറിലൂടെ വട്ടത്തിൽ നീന്തുകയാണ്. അസഹാബുൽ ബദ്‌രിങ്ങളെ അതിപ്പോ താഗ്വോലോ എന്ന് വെല്ലിമ്മ നിലവിളിച്ചു. സാഹസങ്ങൾക്ക് വഴികിട്ടാതെ ഇരിക്കയായിരുന്ന ഞാൻ ഒന്നും നോക്കാതെ കിണറ്റിലേക്കൊരു ചാട്ടം. ചാടി ആടിനേയും പിടിച്ച് ഒരു വേരിന്മേൽ പിടിച്ചു നില്പായി... അപ്പോഴേക്കും മാഷും എളാപ്പയും എത്തിയിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്ന ചാത്തനും വന്നു ആകെ ബഹളം...
ഹീറൊയുടെ ഭാവത്തിൽ ഞാൻ മുകളിലേക്കു നോക്കി എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു. നിന്നെക്കൊണ്ടിതു വല്ലതും പറ്റുമോ എന്ന ഭാവത്തിൽ ഞാൻ മൂത്താപ്പന്റെ മകൾ മാളുവിനെ നോക്കി. അവൾക്കും എനിക്കും ഒരേ പ്രായമാണ്. ഞങ്ങൾ തമ്മിൽ എപ്പോഴും തർക്കങ്ങളുണ്ടായിരുന്നു. അപൂർവ്വം കയ്യാങ്കളികളും.
ഞാനും ആടും കൂടി താണു പോകുമോ എന്നായി പിന്നത്തെ പേടി. എളാപ്പ മാഷോട് പറയുന്നു രാമൻ കുട്ടീ ചാട് നിക്ക് പനിയാ ... മാഷ് ചാത്തനോട് പറയുന്നു ചാത്താ ചാട്. യ്ക് വയ്യാന്ന് ചത്തനും. മാഷേ ഒന്ന് എറങ്ങീൻ എന്ന വെല്ലിമ്മാന്റെ അപേക്ഷ പരിഗണിച്ചായിരിക്കണം മാഷ് കയറിൽ തൂങ്ങി ഇറങ്ങാൻ തുടങ്ങി. ഞാൻ ഒരു ഭാഗത്ത് ആടിനെയും പിടിച്ചു കൊണ്ട് നിൽകുകയാണ്. പകുതി ഇറങ്ങിയതും മാഷ് കൈ വിട്ട് കിണറ്റിലേക്ക് .... ബ്ലൂം കാണികൾ ചിരിക്കാനും തുടങ്ങി. മാഷ് താഴെയെത്തി ആടിനെ പിടിച്ചതും ഞൊടിയിടകൊണ്ട് കയറിൽ തൂങ്ങി ഞാൻ മുകളിലെത്തി.
പിന്നെയാണ് കഥ ഒരു പാട് കഷ്ടപ്പെട്ട് കൊട്ടകെട്ടി ആടിനെ വലിച്ചു കയറ്റി. ഇനി മാഷ് ക്ക് കേറണം ഒന്നു കയറി പകുതിയെത്തി താഴെ വീണൂ പിന്നെ മുക്കാൽ ഭാഗം കയറി ഒരിക്കൽ കൂടി വീണു ചുറ്റും പെണ്ണ്‌ങ്ങളും അയൽ പക്കക്കാരു മൊക്കെ കൂടി വലിയ ഒരു പുരുഷാരം. ചെറിയൊരു തോർത്തു മെടുത്ത് പെടാപ്പാട് പെടുന്ന മാഷെ കണ്ട് ആളുകൾ ചിരിക്കാൻ തുടങ്ങി. സ്കൂളിൽ നിന്നും അദ്ദേഹത്തിന്റെ പിച്ചും നുള്ളും ധാരാളം കൊണ്ട കുട്ടികൾ കാഴ്ച ശരിക്കും ആസ്വദിക്കുകതന്നെ ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ . ഒരു വിധത്തിലദ്ദേഹം വലിഞ്ഞു കയറി മുകളിലെത്തിയപ്പോഴത്തെ കാഴ്ച... ചുറ്റെത്താത്ത നനഞ്ഞതോർത്തു മെടുത്ത് മാഷ്‌ടെ രൂപം... പോക്യെടീ എല്ലാരും എന്നു ഒച്ചവെച്ച് വെല്ലിമ്മയും പെണ്ണുങ്ങളും മാറിനിന്നു. എങ്ങനെയൊക്കെയോ ഒരു വിധത്തിൽ മാഷ് കരേറി. ഉടൻ മാളു ഉറക്കെ ചിരിക്കാൻ തുടങ്ങി. എളാപ്പയും ചിരിക്കുന്നു കൂടെ ചാത്തനും ഞാനും. മാഷ് ക്ക് നല്ലദേഷ്യം വന്നു. ദേഷ്യം കടിച്ചമർത്തി വസ്ത്രം ധരിച്ചു. തലയെല്ലാം തോർത്തി നാലുപുറവും നോക്കി ഉച്ചത്തിലൊരു ശപഥം ..
" ഇനി ഈ വയ്യാട്ടുകാവിലെ തറവാട്ടിൽ ഒരു മനുഷ്യന്റെ കുട്ടി കിണറ്റില് വീണാലും ഞാൻ ചാടില്ലാ......"
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Friday, November 30, 2018
അന്ന് ഒരു മഴക്കാലത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment