സന്ധ്യ. സൂര്യൻ അങ്ങ് ചെങ്ങണം കുന്നമ്പലമിറ്റത്തെ ആലിന്റെ പിറകിലൂടെ ഭാരതപ്പുഴയുടെ അപ്പുറത്തേക്ക് ഊർന്നിറങ്ങിയിട്ട് കുറച്ച് നേരമായി. പടിഞ്ഞാറൻ ചക്രവാളത്തിനു കുങ്കുമവർണ്ണം.
നട്ട് കരിയിട പേർന്നുനിൽക്കുന്ന കണ്ടാറിപ്പാടത്തിന്റെ ഇരുണ്ട ഹരിതാഭയിലൂടെ പതിനാറുകാരൻ നടക്കുകയാണ്.കയ്യിൽ തോക്കുണ്ട്. മൂത്താപ്പാന്റെ പെട്ടിയിൽ നിന്നും പൊക്കിയ ഒരു തിരയും. വെടി വെക്കാൻ പഠിച്ചകാലം. പാടത്തിന്റെ അതിരുകളിലെ ഇല്ലിപ്പട്ടലിന്നിടയിലൂടെ കൊക്കിക്കൊണ്ട് കുളക്കോഴികൾ... പാടത്തേക്ക് ചാഞ്ഞു നിൽകുന്ന തെങ്ങുകളിലെ കൂടുകളിൽ കുഞ്ഞാറ്റക്കിളികൾ ചേക്കേറിക്കഴിഞ്ഞു. മുളം തുമ്പിൽ നിന്നും തത്തകൾ കലപിലകൂട്ടി പറന്നു പോയി. പാടവരമ്പിലിരുന്നിരുന്ന കൊക്കുകളും കൂട്ടമയി പടിഞ്ഞാറേക്ക് പറന്നുപോയി. പാതയോരത്ത് കന്നിനെ മേച്ചിരുന്നവർ അവയെ തെളിച്ച് മടക്കമായി. ഒന്നിനേയും തഞ്ചത്തിനു കിട്ടുന്നില്ല എന്ന് കണ്ട് ചെറുക്കനും മടങ്ങി. തറവാട്ടുവളപ്പിന്റെ തെക്കേ അതിരിൽ പാടത്തേക്കുള്ള പടി കടന്ന് അവൻ വളപ്പിലെത്തി. ചക്കപ്പുളി മൂച്ചിയുടെ തുമ്പിൽ നിന്നൊരു കൂജനം കേട്ട് അവൻ മുകളിലേക്കു നോക്കി. രണ്ടു വേഴമ്പലുകൾ. ഇവയുടെ പേര് കട്ടൊടൻ ചാത്തൻ എന്നാണെന്നും വേലക്കാർക്ക് ദാഹജലം കൊടുക്കാതിരുന്ന ഒരു ജന്മിക്ക് ശാപം കിട്ടിയതു കൊണ്ട് അയാൾ വേഴാമ്പലായി എന്നും വീട്ടിൽ പണിയെടുക്കുന്ന കോപ്പൻ അവനു പറഞ്ഞുകൊടുത്തിരുന്നു. കൊക്കിനു മുകളിലുള്ള പാത്തിയിലൂടെ കിട്ടുന്ന മഴവെള്ളം മാത്രമേ അതിനു ദാഹം മാറ്റാനുപകരിക്കൂ എന്നാണു കേട്ടത്. അതിനാൽ അവ വർഷകാലത്തിനായി ദാഹിച്ചുകൊണ്ട് വേനൽ ജീവിച്ചു തീർക്കുന്നു. താഴത്തേ കിണറിന്റെ വക്കിലുള്ള മുളം കൂട്ടത്തിലേക്ക് അവ പറന്നിറങ്ങി. അവൻ ഉന്നം നോക്കി കാഞ്ചി വലിച്ചു.. വെടികൊണ്ട പക്ഷി തഴേക്കു വീഴുന്നതോടൊപ്പം ദയനീയമായി കരഞ്ഞുകൊണ്ട് അതിന്റെ ഇണയും പറന്നിറങ്ങി. ഓടിച്ചെന്ന ചെറ്ക്കനെ കണ്ട് അത് ദൂരേക്ക് പറന്നു പോയി. വെടികൊണ്ടു ചത്ത പക്ഷിയെ എടുത്ത് വീട്ടിൽ പണിക്കുവരുന്ന കാളിക്ക് കൊടുത്തു. അവൾ സന്തോഷമായി എങ്കിലും അവനു വലിയ ദുഖമായി... വേണ്ടായിരുന്നു എന്ന തോന്നൽ അവനെ അലട്ടിക്കൊണ്ടേയിരുന്നു. അമ്പെയ്തു പഠിക്കാൻ ജീവനുള്ളവയെ ഉപയോഗിക്കരുത് എന്ന് നബി പറഞ്ഞിട്ടുള്ളതായി ഉപ്പ അവനെ ഉപദേശിച്ചത് അവനോർത്തു. അവൻ പശ്ചാതാപ വിവശനായി...
പിന്നെരണ്ടു മൂന്നു ദിവസം സന്ധ്യകളിൽ ദയനീയമായി കരഞ്ഞു കൊണ്ട് ആ പക്ഷി ഒറ്റക്ക് ... അവന്റെ സങ്കടം ഇരട്ടിച്ചു. മേലിൽ അനാവശ്യമായി ഒരു പക്ഷിയേയും വെടിവെക്കില്ല എന്ന് തീരുമാനമെടുത്തു. രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം സന്ധ്യക്ക് അവൻ വീണ്ടും കേട്ടു രണ്ടാമതൊരു പക്ഷിയുടെ കൂടി ശബ്ദം. അവൻ കൗതുകത്തോടെ ചെന്നു നോക്കി. അവനാശ്വാസമായി മുളയുടെ തുമ്പത്തിരുന്ന് അവൻ പുതിയൊരു ഇണയുമായി കൊക്കുരുമ്മുന്നു.....
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, November 12, 2018
കട്ടോടൻ ചാത്തൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment