സൈനുദ്ദീൻ...
***************
ആലിഹാജിയുടെ മൂത്തമകനായിരുന്നു സൈനുദ്ദീൻ, ഞങ്ങൾ കൂട്ടുകാർ അവനെ സൈനു എന്ന് വിളിച്ചു. എന്റെ കിട, ഒന്നാം ക്ലാസുമുതൽ ഞങ്ങളൊന്നിച്ചു പഠിച്ചു. സ്കൂളിലും മദ്രസയിലും. രസികൻ വലിയ തമാശക്കാരൻ പഠിപ്പിനു അല്പം പിറകിലായിരുന്നതിനാൽ പഴയ പത്താം ക്ലാസുകാരനായ പിതാവിൽനിന്നും ധാരാളമായി അടിവാങ്ങുമായിരുന്നു. ആലിഹാജി അറിയാതെ അദ്ദേഹത്തിന്റെ വലിയ സൈക്കിളെടുത്ത് ത ണ്ടിനിടയിലൂടെ കാലിട്ട് ചവിട്ടി പഠിച്ചത് മൂപ്പരെ കിടക്കാർക്കിടയിൽ ഹീറോ ആക്കി. ഒഴിവുസമയങ്ങളിൽ ഞങ്ങളൊന്നിച്ച് കളിച്ചു. ഒരാളുടെ പിറകിൽ മറ്റേയാൾ പിടിച്ച് കാറോടിച്ച് കളിക്കുന്ന കളിയായിരുന്നു പ്രധാനം. മൈകുവെച്ച കാറിന്റെ റോളാണെങ്കിൽ ഒരാൾ ഉച്ചത്തിൽ പാടുകയും ചെയ്യും.ആയിടെ ഇറങ്ങിയ കുട്ടിക്കുപ്പായം പോലുള്ള സിനിമയിലെ പാട്ടുകൾ. ഇപ്പോൾ ഓങ്ങല്ലൂര് സ്ബക്കാ ഹോട്ടൽ നടത്തുന്ന മൂസ നല്ലൊരു പാട്ടുകാരനായിരുന്നു. നേരത്തെ സ്കൂളിലെത്തിയാൽ ഞാൻ കൊള്ളിപ്പറമ്പത്തുനിന്നും വരേണ്ട സൈനുദ്ദീനെ കാത്ത് പടിഞ്ഞാട്ട് നോക്കി നിൽകും. പാതയോരത്തുകൂടി നടന്നുവരുന്ന കൂട്ടുകാരനെ കാത്ത് അക്ഷമയോടെ. ഒരുദിവസം ചിരിച്ചുകൊണ്ട് ഓടിവന്ന സൈനു പറഞ്ഞു ഇന്നലെ ന്റെ കുടീലൊരു കലീവവന്നു. " ന്നിട്ടോ", ഒരു പാട്ടു പാടി. " എന്തു പാട്ട്" ഞാൻ പാടിത്തരാ.." ന്നാപാട്". അവൻ പാടി
" അബൂബക്കർ കോയാ
മൂട്ടർ വിടാൻ പോയി
പാത്തുമ്മാനെ കെട്ടി
അതിലൊരു കുട്ടി
കുട്ടിക്ക് തൂറാൻ കുണ്ടില്ല"
കേട്ടു നിന്നവരെല്ലാം ചിരിക്കാൻ തുടങ്ങി. പെൺകുട്ടികളുമുണ്ടായിരുന്നു കൂട്ടത്തിൽ. എനിക്ക് ദേഷ്യവും സങ്കടവും വന്നു. സൈനു അപ്പോഴും അക്ഷോഭ്യൻ. ഞാനവനുമായി ഉടക്കി.. പിണങ്ങി... പിരിഞ്ഞു ... അതോടെ സൈനൂന്റെ പാട്ട് പ്രസിദ്ധമായതു മിച്ചം. പിറ്റേന്നും രാവിലെ പതിവു പോലെ അവനെ കാത്തു നിൽകുകയും ചെയ്തു. പിന്നീട് കുറെകാലം കൂട്ടുകാർ എന്നെ ചൊടിപ്പിക്കാൻ ആപാട്ട് ഉപയോഗിച്ചിരുന്നു. നാലാം ക്ലാസു വിട്ട് വാടാനാം കുറുശിയിലെത്തി. സ്കൂളിലേക്ക് എന്നും ഒന്നിച്ചായിരുന്നുയാത്ര. മൂലേകാവ് കുന്നുകൾ കയ്യറിമറിഞ്ഞ് കളിച്ചും ചിരിച്ചും മുള്ളും പഴവും നെല്ലിക്കയുമൊക്കെ പറിച്ചും കാട്ടു പക്ഷികൾക്ക് കല്ലെറിഞ്ഞും ഞങ്ങളങ്ങനെ പോകുമായിരുന്നു. ചിലപ്പോൾ റോഡിലൂടെ നടന്ന് ഓങ്ങല്ലൂർ വഴിയും ചിലപ്പോൾ പുന്നിച്ചീരി വഴിയുമൊക്കെ ഞങ്ങൾ സഞ്ചരിച്ചു. ഒന്ന് രണ്ട് ക്ലാസുകളിൽ തോറ്റതോടെ അവൻ ഒരു മുതിർന്ന കുട്ടിയെപ്പോലെയായി. പഠിത്തം ഉപ്പാന്റെ നിലവാരത്തിൽ ഉയർത്താൻ കഴിയാഞ്ഞതിനാലാകാം ഇടക്കുവെച്ച് നാടുവിട്ട് ബോംബേയിലേക്കു പോയി. അവിടെ വെച്ച് എഴുപത്തി ആറിലാണെന്നു തോന്നുന്നു. ടൈഫോയ്ഡ് പിടിപെട്ട് മരിച്ചു പോയി. അന്നവനു ഇരുപതോ ഇരുപത്തൊന്നോ വയസുകാണും. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. ബാല്യകാലസ്മരണകളിലെ വർണ്ണപ്പോലിമയാർന്ന ഒരദ്ധ്യായമായി അവനിന്നും എന്റെ മനസിൽ ജീവിക്കുന്നു.-
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Sunday, May 27, 2018
സൈനുദ്ദീൻ...
Subscribe to:
Post Comments (Atom)
No comments:
Post a Comment