രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴക്കു ശേഷം അന്ന് വെയിൽ തെളിഞ്ഞു. കുട്ടിക്ക് വളരേ സന്തോഷമായി... സ്കൂളില്ലത്ത ഒരു ദിവസം. കൂട്ടുകാർ ആരെങ്കിലും വരാതിരിക്കില്ല. മദാരി ഉമ്മർ മമ്മിക്കുട്ടി പൂളക്കലെ മാനു ഇബ്രാഹിം എന്നിങ്ങനെ ആരെങ്കിലും. അവൻ ഉമ്മ കാണാതെ കമ്പനിത്തൊടിയിലേക്കിറങ്ങി. കൂട്ടുകാരോടൊപ്പം കളിക്കുന്നത് ഉമ്മാക്കുംവെല്ല്യുമ്മാക്കും അത്ര ഇഷ്ടമല്ല. അവർ വികൃതിയും അനാവശ്യ വർത്തമാനവും പഠിപ്പിക്കുമത്രേ...
തീവണ്ടിയാപ്പീസിൽ വന്നു നിന്ന മൂന്നരയുടെ ഷട്ടിലിൽ നിന്നും ഇറങ്ങി പടിഞ്ഞാട്ട് പോകുന്ന ആളുകളെ നോക്കി അവൻ ഞവളു മരത്തിനു ചുവട്ടിൽ കാത്തുനിന്നു. പോട്ടർ കുഞ്ഞിരാമൻ ആളുകളുടെ കയ്യിൽ നിന്നും ടിക്കറ്റുകൾ വാങ്ങുന്നു. കുഞ്ഞിരാമനോടെന്തോ ഉറക്കെപ്പറഞ്ഞ് ചിരിച്ചുകൊണ്ട് വെള്ള മൂസക്ക. കൂട്ടുകാരെ ആരെയും കാണാനില്ല.. അസർ ബാങ്ക് കൊടുത്ത് അല്പം കഴിഞ്ഞതേയുള്ളൂ. കുറച്ചുകൂടി കഴിഞ്ഞാൽ അവർ വരുമായിരിക്കും. അപ്പോഴതാ റെയിൽ കടന്ന് വെല്ല്യുപ്പവരുന്നു....
വെല്ല്യുപ്പ പറഞ്ഞു "ഞമ്മക്ക് മീം പുടിക്കാമ്പോകാ.. കുണ്ടട്ത്തൂണ്ട് വാ... രണ്ടു പരൽ കിട്ടുവോന്നു നോക്കാ.."
മീൻ പിടിക്കാൻ പോകുന്നത് അവനു വലിയ ഇഷ്ടമായിരുന്നു. യാത്രയി വെല്ലിപ്പ അവനു പലകഥളും പറഞ്ഞു കൊടുക്കും. ഒടിയന്റെ ജിന്നിന്റെയും ഒക്കെ കഥകൾ. ആയാത്രകൾ അവന്റെ കുഞ്ഞു മനസ്സ് നന്നായി ആസ്വദിച്ചു. അവൻ വീട്ടിലേക്കോടി. വേഗം മീൻ കുണ്ടയെടുത്തു കൊണ്ടു വന്നു. അപ്പോഴേക്കും വെല്ല്യുപ്പ വലയും തോളിലിട്ട് റഡിയായി നില്കുന്നു. പടികടന്ന് വീരാപ്പാന്റെ വീട്ടിന്റെ പിറകിലൂടെ അവർ കൂമുള്ളിപ്പാടത്തേക്കിറങ്ങി. പോത്താക്കൽ നിന്നും കയറിവരുന്ന കാങ്കനും കുഞ്ഞിക്കോരനും ചിരിച്ചുകൊണ്ട് വഴി യൊതുങ്ങി. വെല്ലിപ്പന്റെ പാടത്തെ പണിക്കാരാണ് രണ്ടു പേരും. കാങ്കൻ പോകും വഴി ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തലോടി. രണ്ടു പേരേയും അവന്ന് ഇഷ്ടമായിരുന്നു. വീട്ടിൽ വരുമ്പോൾ കമ്പനിത്തൊടിയിൽ നിന്നും പെറുക്കിയ പഴുത്ത കോമാങ്ങയും ഞട്ടങ്ങയും ഒക്കെ അവർ അവനു കൊണ്ടുവന്ന് കൊടുക്കാറുള്ളതാണ്. തൊടിക്കപ്പുറം പാടം അതിനപ്പുറം പുഴ അക്കരെ കരിമ്പനകൾ നിറഞ്ഞ പാടങ്ങൾക്കപ്പുറം നീണ്ട് നിവർന്ന് ഗംഭീരനായി കൊണ്ടൂരക്കുന്ന്. അവർ വഴിയിൽ നിന്നും വരമ്പിലേക്കിറങ്ങി. വരമ്പിൽ ഇരുന്നിരുന്ന ഒരു കണ്ണു തുറിയൻ പോക്കാച്ചിത്തവള പാടത്തെ വെള്ളത്തിലേക്ക് പ്ലും എന്ന് എടുത്ത് ചാടി. ഒരു പാട് കൊറ്റികൾ പറന്നുയർന്നു. അവ കൂമുള്ളി ക്കുളത്തിന്റെ തേക്ക് കാലായ പൂളമരത്തിൽ പോയി ഇരിപ്പായി. മരത്തിൽ രണ്ട് നീലപൊന്മാൻ മാരും ഉണ്ട്. വരമ്പിലെ മാളങ്ങൾക്ക് മുന്നിൽ നിന്നിരുന്ന ഞണ്ടുകൾ ധൃതിയിൽ അകത്ത് കയറി... മേപ്പട്ട് നോക്കി നടന്നിട്ട് ചളീൽ വിഗ്ഗരുത്ട്ടോ എന്ന വെല്ലിപ്പാന്റെ മുന്നറിയിപ്പിന്ന് അവൻ മൂളി.
കാഴ്ച്ചകൾ കണ്ട് പുഴയിലെത്തിയതറിഞ്ഞില്ല... മൂടിക്കെട്ടിയ ആകാശം.വല്ലിപ്പ പടിഞ്ഞാറോട്ട് നോക്കി സ്വയം ചോദിച്ചു മഴ പെയ്യ്വോണാവോ?.
പോത്താക്കൽ പാറ മൂടാറായിരിക്കുന്നു. വെല്ലിപ്പ വലവീശാൻ തുടങ്ങി.... ആദ്യത്തെ വലയിൽ ഒന്ന് രണ്ട് പരലും ഒരു ഞണ്ടും കുറെ ചപ്പും ചണ്ടിയും മാത്രം. കുട്ടിക്ക് നിരാശയായി. ഇന്നൊന്നും കിട്ടൂലേ ? പക്ഷേ അടുത്ത വല നിറയെ മീനായിരുന്നു. പരലുകളും വലിയ പൂഴാനും കുറുന്തലയും മറ്റും..... വെല്ലിപ്പ വല കുടഞ്ഞിട്ടു. കുട്ടി മീനെല്ലാം പെറുക്കി കുണ്ടയിലാക്കി. ഒന്ന് രണ്ട് പരലുകൾ വെള്ളത്തിലേക്ക് തന്നെ ചാടി... ജാള്യതയോടെ വെല്ലിപ്പാന്റെ മുഖത്ത് നോക്കിയപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു പൊയ്കോട്ടെ അവർടെ ആയസ് ചുരുങ്ങീറ്റില്ലാ...
പോത്താക്കൽ നിന്നും പുഴായിലേക്കിറങ്ങി. ഒന്ന് രണ്ട് വലകൂടി വീശിയപ്പോഴേക്കും കുണ്ട നിയാറായി.... മാനം വീണ്ടും തെളിഞ്ഞു. അങ്ങ് പടിഞ്ഞാറ് ചെങ്ങണം കുന്നത്തി ആലിനും പിറകിലൂടെ താഴോട്ടിറങ്ങ് സൂര്യന് ചുവപ്പു നിറം...
വായോ ഇരുട്ടാവുമ്പളക്ക് പോവ്വ്വാ...വല ചുമലിലിട്ട് വെല്ലിപ്പ നടക്കാൻ തുടങ്ങി കുണ്ടയുമായി കുട്ടി പിറകേയും..
പടിക്കലെത്തിയപ്പോൾ പള്ളയിൽ നിന്നും ചേക്ക്മൊല്ലക്ക മഗ്രിബ് ബാങ്കു കൊടുക്കുന്നു.... പൂമുഖത്ത് അലിയും ബൽക്കിസും കാത്തു നിൽകുന്നു. മീൻ പിടുത്തക്കരന്റെ ഗമയിൽ കുണ്ടയുമായി കുട്ടി അടുക്കളയിലേക്ക് ചെന്നു. ന്നെന്താ കിട്ടിട്ട്ണ്ടലോ എന്ന് ചിരിച്ചുകൊണ്ട് ഉമ്മയും വല്ല്യുമ്മയും.....
No comments:
Post a Comment