Sunday, September 27, 2020

ഒരു സിനിമയുടെ ഓർമ്മ

കൗമാരം. അപൂർവ്വമായി വീണുകിട്ടുന്ന അവസരങ്ങളിൽ കാണുന്ന ഒരു സിനിമയായിരുന്നു മുഖ്യ നേരം പോക്ക്. പ്രത്യേകിച്ചും വായിച്ച നോവലുകൾ സിനിമയായി ഇറങ്ങുമ്പോൾ അതു കാണാൻ കഴിയുക വലിയ സന്തോഷമായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് പണി തീരാത്ത വീട്...ഈ നോവൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം, വായിക്കുന്ന കഥകളൊക്കെ സിനിമയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കെയാണ് 1972 ൽ സേതുമാധവന്റെ സംവിധാനത്തിൽ ആ പടം ഇറങ്ങിയത്. അന്ന് പട്ടാമ്പിയിലോ ഷൊർണ്ണൂരിലോ സിനിമയെത്താൻ കാലം പിടിക്കും. തൃർശൂരും പാലക്കാടുമൊക്കെ കുറെ ഓടിയിട്ടു വേണം ഇങ്ങെത്താൻ. അങ്ങനെ എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു പട്ടാമ്പി അലക്സിൽ പടം എത്തിയത്.‌ കാണാൻ വലിയ ആശ. കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല. എന്താണൊരു വഴിയെന്നാലോചിച്ചപ്പോൾ അലിക്കാക്കാനെ ഓർമ്മ വന്നു. മൂപ്പരെ ഒന്ന് കണ്ട് നോക്കാമെന്നായി. പ്രാരബ്ദമൊക്കെയുണ്ടെങ്കിലും ഇടക്കൊക്കെ അദ്ദേഹം എന്നെ സിനിമക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹമന്ന് റേഷൻ കട നടത്തുകയായിരുന്നു. സഹായിയായി മീതുട്ടിക്കയും.... അങ്ങനെ അദ്ദേഹത്തെ റേഷൻ കടയിൽ ചെന്ന് കണ്ടു. കടയിൽ വലിയ തിരക്കില്ലാത്ത ദിവസം അദ്ദേഹം കാർഡുകൾ ചേർക്കുന്ന മുറക്ക് മീതുട്ടിക്ക തൂക്കിക്കൊടുക്കുന്നു. ഞാനല്പനേരം അടുത്ത് ചെന്ന് നിന്നിട്ട് പറഞ്ഞു " അലിക്കാക്കാ അലക്സിൽ  പണിതീരാത്ത വീട് വന്നിട്ടുണ്ടത്രേ" ഉഗ്രൻ കളർ പടമാണ്. എന്റെ കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല എന്തു ചെയ്യും. അവതരണം മൂപ്പർക്ക് ഇഷ്ടപ്പെട്ടു ചിരിച്ചിട്ട് പറഞ്ഞു. നിക്ക് നമുക്ക് വഴിയുണ്ടാക്കാം... 
അഞ്ചരക്ക് പടിഞ്ഞാറോട്ടുള്ള പാസഞ്ചർ ബ്ലാക്കായപ്പോൾ കാര്യങ്ങൾ മീതുട്ടിക്കാനെ ഏല്പിച്ച് ഞങ്ങളിറങ്ങി. വണ്ടി സമയത്തിനുതന്നെ എത്തി. പട്ടാമ്പിയിലിറങ്ങി റെയിൽ മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലൂടെ മേലേ പട്ടാമ്പിയിലേക്ക് നടന്നു. അന്നത്തെ ഓലമേഞ്ഞ അലക്സ് ടക്കീസിലെത്തിയപ്പോൾ ടിക്കറ്റ് കൊടുക്കാൻ തുടങ്ങുന്നതേയുള്ളൂ... അദ്ദേഹം തന്ന പൈസ കൊണ്ട് ഞാൻ ടിക്കറ്റെടുത്തു. നസീറും നന്ദിതാബോസും ഗോവിന്ദൻ കുട്ടിയും ബഹദൂറും റോജാരമണിയും ജോസ്പ്രകാശും ആലും മൂടനും ഒക്കെ അഭിനയിച്ച വർണ്ണ ചിത്രം. അന്ന് കളർപടങ്ങൾ അപൂർവ്വമായിരുന്നു. സർവ്വോപരി എം എസ്‌ വിശ്വനാഥന്റെ സംഗീതം നൽകിയ മനോഹരങ്ങളായ ഗാനങ്ങൾ. അതിൽ അദ്ദേഹം തന്നെ ആലപിച്ച കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ എന്ന ഗാനം അതി ഗംഭീരമായിരുന്നു... കൂടാതെ അണിയം അണിയം പൊയ്കയിൽ .. സുപ്രഭാതം.. കാറ്റുമൊഴുക്കും കിഴക്കോട്ട് മുതലായ ഗാനങ്ങളും.. 
നീലഗിരിയുടെ പശ്ചാത്തലത്തിലെ വർണ്ണച്ചിത്രീകരണവും മനോഹരമായ ഗാനങ്ങളും പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി ജീവിതം തള്ളി നീക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയും....

പടം വിട്ട് പുറത്തിറങ്ങിയപ്പോൾ മണി ഒമ്പത് കഴിഞ്ഞ് കാണും. മൂന്നും കൂടിയേടത്ത് വന്ന്. കരുണാപ്രസ്സിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലിൽ നിന്നും ചായ കഴിച്ചു. രണ്ട് മുറുക്ക് പൊതിഞ്ഞു വാങ്ങി. ഓങ്ങല്ലൂർ വരെപോകാൻ  തൃശൂർ കെ എസ്‌ ആർ ടി സി വരണണ മെങ്കിൽ പത്തര മണി വരെ കാത്തു നിൽകണം. പുറത്തിറങ്ങി ഒരു മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി മുറുക്കും തിന്നുകൊണ്ട് ഞങ്ങൾ പതുക്കെ കിഴക്കോട്ട് തിരിച്ചു.‌ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ അടുത്തെത്തിയപ്പോൾ നേരിയ ഒരു ചാറ്റൽ മഴ. വിജനമായ റോഡ്... ഉടുതുണിയുടെ തുമ്പ്  പൊക്കി തലയിലൂടെയിട്ട് കൊണ്ട് നടന്നു. പെട്ടന്ന് തന്നെ മഴ തോർന്നു. ഇടക്കിടെ പോകുന്ന ഓരോ വാഹനങ്ങളോഴിച്ചാൽ റോഡ് തികച്ചു വിജനം. ഒരു തെരുവ് വിളക്ക് പോലുമില്ലാത്ത വിജനമായ ഓങ്ങല്ലൂർ കവല... ആകാശം നിറയെ നക്ഷത്രങ്ങൾ. അമ്പത് വർഷം പിന്നിട്ടാൽ
തിമർപ്പിന്റെ ഒരു കാലം വരാനിരിക്കുന്നു എന്നോ അന്ന് കാൽനട എന്നാൽ ഒരു മാനക്കേടായിരിക്കുമെന്നോ അന്ന് രാവ് പകലായിമാറു മെന്നോ ഒന്നും ഓർക്കാതെ ഞങ്ങൾ രണ്ട് ചെറുപ്പക്കാർ സന്തോഷപൂർവ്വം ഇരുട്ടിൽ നടന്ന് പന്ത്രണ്ട് മണിയോടെ കാരക്കാട്ടെത്തി. അന്ന് രാത്രി അലിക്കാക്കാന്റെ കൂടെ വടക്കേ പറമ്പിലാണ് (അലിക്കാക്കാന്റെ വീട്) കിടന്നത്....
Hyder Ali Vayyattukavil

No comments: