Thursday, September 24, 2020

വാടാനാംകുറുശ്ശി ഹൈസ്കൂളിലേക്ക്

അന്ന് ഞാൻ ഉമ്മായുടെ വീട്ടിലായിരുന്നു. എന്നെ വാടാനാം കുറുശ്ശി സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകാൻ ഉപ്പ വരുന്നതും കാത്ത് അതിരാവിലെത്തന്നെ ഞാൻ ഒരുങ്ങി. കുന്നും മലയും കയറി ചെന്നെത്തേണ്ട എന്റെ  ഹൈസ്കൂളിനെക്കുറിച്ച് ഞാനൊരുപാട് കേട്ടിരുന്നു. എന്റെ അമ്മാവനും എളാപ്പമാരുമൊക്കെ പഠിച്ചത് അവിടെയാണല്ലോ. കേട്ടറിവുകളിൽ നിന്നുണർന്ന  ഭാവനകൾ  എന്നെ ഉത്സാഹ ഭരിതനാക്കി. കുന്നും മലയും കയറി അഞ്ചാറ് കിലോമീറ്റർ നടന്നെത്തേണ്ടതിന്റെ യാതനകളെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും നടത്തം ഒരു ഭാരമായി അന്നാരും കണക്കാക്കിയിരുന്നില്ലല്ലോ. പതിവിലും നേരത്തെ പ്രാതൽ കഴിച്ച് ഉടുപ്പുകൾ മാറി ഞാൻ ഉപ്പവരുന്നതും കാത്ത് വഴിയിലേക്ക് നോക്കി നില്പായി. നേരമേറെക്കഴിഞ്ഞില്ല കയ്യിലൊരു കുടയും കക്ഷത്തിലൊരു ചെറിയ ബാഗുമായി  റെയിൽ മുറിച്ച് കടന്ന്  ഉപ്പ വന്നു. കണ്ട ഉടൻ ഞാൻ ചോദിച്ചു  ഉപ്പാ ടി സി എടുത്തില്ലേ. ഇന്നലെ ഗുരുക്കൾ മാസ്റ്റർ തന്ന ടി സി സ്കൂളിൽ ചേരാൻ അത്യാവശ്യമാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു. ഉപ്പ കയ്യിലെ ചെറിയ ബാഗിൽ തൊട്ട് പറഞ്ഞു ഇതിലുണ്ട്. 
ഉമ്മ കൊണ്ടു വന്ന ചായ കുടിച്ച ശേഷം ഉപ്പ എന്നെയും കൊണ്ടിറങ്ങി. പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഉമ്മപറഞ്ഞു ബിസ്മി ചെല്ലീട്ട് എറങ്ങ്. ഞാൻ അനുസരിച്ചു.. ബിസ്മില്ലാഹി തവക്കൽത്തു അലല്ലാഹ് എന്ന് പ്രാർത്ഥനയൊന്നും അന്നറിയില്ലായിരുന്നു. എന്നാലും എല്ലാം ബിസ്മി ചൊല്ലി തുടങ്ങണം എന്ന് ഉമ്മ പഠിപ്പിച്ചിരുന്നു... റെയിൽ മുറിച്ചു കടന്ന് മണൽ വിരിച്ച റെയിൽവേ  പ്ലാറ്റ്ഫോമിൽ  കയറി കിഴക്കോട്ട് നടനു. സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും മുഹമ്മദുണ്ണി മാഷും  പോട്ടർ കുഞ്ഞിരാമനുംം  നില്ക്കുന്നുണ്ടായിരുന്നു.. മുഹമ്മദുണ്ണി മാസ്റ്റ്റുടെ മകൻ നാസർ എന്റെ കൂട്ടുകാരനാണല്ലോ. കഴിഞ്ഞ വർഷം അവൻ ഷൊർണൂർ സ്കൂളിൽ ചേർന്നു.   ഉപ്പ അവരോട് കുശലം പറഞ്ഞു. ഇവനെ സ്കൂളില്ചേർക്കൻ പോവ്വാണ്‌. സ്റ്റേഷനിലെ വലിയ വാച്ചിൽ അപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു. റെയിൽ പാതയോരത്തെ നടവഴിയിലൂടെ ഞങ്ങൾ കിഴക്കോട്ട് നടന്നു. കൊയലി ബാവക്കായുടെ ചായപ്പീടികക്കരികിലൂടെ പാടത്തേക്കിറങ്ങി. വേനലിൽ വരണ്ടു കിടക്കുന്ന പാടത്ത് മേഞ്ഞു നടക്കുന്ന കലികൾ. കൂട്ടത്തിൽ വലിയൊരു മൂരിയുമുണ്ടായിരുന്നു. മനക്കലെ കൂറ്റൻ എന്ന പേരിൽ നാട്ടിൽ പ്രസിദ്ധൻ. പാടത്തിന്റെ പടിഞ്ഞാറേ അരികിലെ വരമ്പിലൂടെ ചൊവ്വല്ലൂർ മനയും കടന്ന് അമ്മച്ചിപ്ലാവിന്റെ ചുവട്ടിലൂടെ കുന്നിൻ ചരുവിലെത്തി. മൂത്താപ്പയും ഉപ്പയും മുയലിനെ വെടിവെക്കാൻ വരുന്നത് ഈ കുന്നിന്മേലേക്കാണെന്ന് ഉപ്പ പറഞ്ഞുതന്നു. കുന്നിൻ മേട്ടിൽ മേഞ്ഞു നടക്കുന്ന കാലികളൊഴികെ മനുഷ്യരെ ആരെയും വഴിയിൽ കണ്ടില്ല.  കുന്ന് കയറി കാരമുൾ ചെടികളും പുല്ലാനിപ്പൊന്തകളുമല്ലാതെ അധികം മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നിന്റെ മുകളിലൂടെ കുറേ നടന്ന് വടക്കോട്ട് തിരിഞ്ഞ് മറ്റൊരു കുന്നിന്റെ നെറുകയിലെത്തിയപ്പോൾ‌ കിഴക്കോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ ചക്രവാളസീമയിൽ തെളിവാർന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാടൻ മലകൾ. മലകളിലേക്ക് ചൂണ്ടി ഉപ്പ പറഞ്ഞു അതാണ്‌ പശ്ചിമഘട്ടം. നാലാം ക്ലാസിൽ കേരളത്തിന്റെ അതിർത്തികൾ പഠിപ്പിച്ച രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു തന്ന മലകൾ. കുന്നിറങ്ങാൻ തുടങ്ങവേ വലത്തോട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു കുന്നിനു താഴെ പാടങ്ങൾക്കപ്പുറത്ത്  ഇനിയെനിക്ക് അഞ്ച് വർഷം പഠിക്കേണ്ട വിദ്യാലയം. വാടാനാം കുറുശ്ശി ഹൈസ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്ത് പുതുതായുണ്ടാക്കിയ അസ്ബെസ്റ്റോസ് മേഞ്ഞ കെട്ടിടങ്ങൾ അകലെനിന്നും കാണാൻ നല്ലഭംഗിയായിരുന്നു. സ്കൂളിന്റെ ഗേറ്റിനിരു വശവും വളർന്ന് നിന്നിരുന്ന വാകമരങ്ങൾ നിറയെ കടും ചുവപ്പ് പൂക്കൾ. ഉപ്പ നന്നായി വിയർത്തിരുന്നു ചെറുതായി കിതക്കുന്നുമുണ്ട്. വേഗം വാ എന്നും പറഞ്ഞ് മുന്നോട്ട് പോകുന്ന ഉപ്പയെ പിൻ തുടരവേ  ഞാനോർത്തു ഒന്നാം ക്ലാസിൽ ചേരക്കാൻ എന്നെയും കൊണ്ട് ഉപ്പ പോയാന്നുണ്ടായ കുതൂഹലങ്ങൾ. അന്ന് ഞാൻ സ്കൂളിൽ കയറിയില്ല.  സ്കൂൾ മിറ്റത്ത് കിടന്ന് കരഞ്ഞ എന്നെ അവിടെ ഉപേക്ഷിച്ച് ഉപ്പ പോവുകയായിരുന്നു. പിറ്റേന്ന് അമ്മാവനും എളാപ്പരുമൊക്കെയാണ്‌ എന്നെ അനു നയിപ്പിച്ച് സ്കൂളിൽ കൊണ്ടാകിയത്. കുന്നിറങ്ങി പൊന്നാത്തെ പടിക്കലൂടെ പാടത്തേക്കിറങ്ങി തോട് മുറിച്ചുകടന്ന് സ്കൂളിന്റെ വടക്കേ അതിരിലെ ഇടവഴിയിലൂടെ പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ടാറിട്ട റോട്ടിൽ കയറി സ്കൂളിലെത്തി. കുന്നിൻ മുകളിൽ നിന്നും‌ കണ്ട നിറയേ പൂത്ത വാകമരങ്ങൾ സ്കൂൾ ഗേറ്റിന്റെ അടുത്തായിരുന്നു. 
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷിനേയും കൊണ്ട് ഗുരുക്കൾ മാസ്റ്ററും വന്നു. സ്കൂളിൽ വലിയ തിരക്കായിരുന്നു. കുട്ടികളും‌ അവരുടെ രക്ഷിതാക്കളും. വേണു മാസ്റ്ററും സുകുമാരൻ മാസ്റ്ററും കുട്ടൻ നായർ മാസ്റ്ററും ജാനകിട്ടീച്ചറും പത്മാവതിട്ടീച്ചറും ശാരദട്ടീച്ചറുമൊക്കെ അവിടെയുണ്ടായിരുന്നു. എല്ലാവരും പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂലിൽ നിന്നും ഒഴിവായി. ജൂൺ ഒന്നാം തിയ്യതി വരുമ്പോൾ കൊണ്ടുവരാൻ ഓരോ കുറിപ്പും സ്കൂളിൽ നിന്ന് തന്നിരുന്നു. സ്കൂളിൽ നിന്നിറങ്ങിയ ഞങ്ങൾ അടുത്തുള്ള കുട്ടന്റെ ചായക്കടയിലേക്ക് കയറി.  പരിപ്പുവട പൊരിക്കുന്നതിന്റെ കൊതിയൂറുന്ന മണം. ഉയരം കുറഞ്ഞ് കഷണ്ടിക്കാരനായ കുട്ടൻ ഇടത്തേ കൈയിലെ ഗ്ലാസ് ഉയർത്തി  ഇടത്തേ കയ്യിലെ തകരപ്പാട്ടയിലേക്ക് ചായ ഒഴിക്കുന്നതിന്റെ ശബ്ദം ദൂരെ കേൾക്കാം.  ചായകുടിച്ചു കൂടെ പരിപ്പു വടയും. ചായകുടിക്കെ മാസ്റ്റർ ചോദിച്ചു ഇനി പടിഞ്ഞാട്ട് ഏതാ ബസ്സ്. ഇരിങ്ങാട്ടിരി വരാനുണ്ട് അരമണിക്കൂർ കഴിയണം. കഷണ്ടി തടവിക്കൊണ്ട് കുട്ടൻ ചിരിച്ചു. ഞങ്ങൾ ഗുരുക്കൾ മാസ്റ്ററുടേയും സുരേഷിന്റേയും കൂടെ  ഓങ്ങല്ലൂർ വഴിയാണ് മടങ്ങിയത്. ബസ്സ് വരാൻ കാത്തുനിൽകാതെ ഞങ്ങൾ ഇറങ്ങി നടന്നു.  റോഡിന് ഇരു വശവും വളർന്നു നിൽകുന്ന വലിയ മാവുകളുടെ തണൽ പറ്റി നടക്കവേ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു പൊന്നാനിയിൽ നിന്നും പാലക്കാട്ടേക്ക് ടിപ്പു സുൽത്താൻ വെട്ടിയ റോഡാണ്. ഈ മാവുകളും അദ്ദേഹം പിടിപ്പിച്ചവതന്നെ. ഉപ്പ മാസ്റ്റർ പറയുന്നതെല്ലാം ഭവ്യതയോടെ മൂളിക്കേൾക്കുന്നു. അദ്ദേഹം ഉപ്പായുടേയും ഗുരുവാണല്ലോ. റോട്ടിൽ ഇടക്കിടെ തലച്ചുമടുകാരുടെ സൗകര്യത്തിന് അത്താണികളും കാലികൾക്ക് വെള്ളം കുടിക്കാൻ കൽതൊട്ടികളും. വഴി നീളെ മാസ്റ്ററും ഉപ്പയും തമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കാറുകളെക്കുറിച്ചും  അതിവേഗത്തിൽ കാറോടിച്ചിരുന്ന ഒരാളെക്കുറിച്ചും കൂട്ടത്തിൽ അവർ പറഞ്ഞിരുന്നു. അമിത വേഗം കൊണ്ട് അപകടത്തിൽ പെട്ട് മരിച്ച ഒരാളുടെ കഥ. അതൊക്കെ കേട്ട് സുരേഷും ഞാനും പിറകെ. ഗുരുക്കൾ മാസ്റ്ററുടെ വീടിന്റെ കിഴക്കു വശത്തെ ഇടവഴിയിലൂടെ പള്ള്യായിലിറങ്ങി വരണ്ടു കിടക്കുന്ന കാലൻ കുളത്തിനരികിലൂടെ പുത്തൻ റോട്ടിൽ കയറി തറവാട്ടിലെത്തി. പുത്തൻ റോഡ് എന്നറിയുന്ന  കാരക്കാട് പോക്കുപ്പടി റോഡ് അന്ന് പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. കാലൻ കുളത്തിനടുത്തെത്തി പണി നിന്നു പോയതായിരുന്നു.  
അന്ന് വൈകുന്നേരമാണ് ഞാൻ വീണ്ടും ഉമ്മായുടെ വീട്ടിലേക്ക് പോയത്. ഉപ്പ പുതിയ പുസ്തകങ്ങളുമായി വരുന്നതും ജൂൺ ഒന്നിന്  സ്കൂളിലേക്ക് പോകുന്നതുമെല്ലാം മനസിൽ കണ്ട് ഞാൻ കാത്തിരിപ്പായി.....

No comments: