Sunday, November 11, 2018

വിരുന്ന്

പണ്ട് ഒരു ഭര്‍ത്താവും  ഭാര്യയുമൊന്നിച്ച് വിരുന്നിന്നു പോയി. ഒരുപാടാളു കൂടുന്ന വിരുന്ന്. രണ്ടു പേരും  ഉദ്യോഗസ്തര്‍ എങ്കിലും  പതിവുപോലെ സാമ്പത്തിക നിയന്ത്രണമൊക്കെ മൂപ്പരുടെ വകുപ്പായിരുന്നു... നാലും  രണ്ടും  വയസുകാരായ മക്കളെ ഭാവിയില്‍ എന്തൊക്കെയാണ്‌ആക്കിത്തീര്‍ക്കേണ്ടത് എന്ന് കശ്മല കഷ്ടകാലത്തിന്ന് അദ്ദേഹത്തോട് പറഞ്ഞു പോയി. മകളെ ഡോക്റ്ററും  മകനെ എഞ്ചിനീയറും. അന്നുതുടങ്ങിയതാണ്‌മൂപരുടെ ഒടുക്കത്തെ പിശുക്ക്... എടീ രണ്ടിനും  എന്റെ രൂപവും  നിന്റെ ബുദ്ധിയുമായതുകൊണ്ട് കോഴകൊടുക്കാതെ സീറ്റുകള്‍കിട്ടില്ല... നല്ലസ്ത്രീധനം  കൊടുക്കാതെ പെണ്ണിന്ന്‌ ചെക്കനേയും  കിട്ടില്ല അതിനാല്‍ നീ ദയവുചെയ്ത് സഹകരിക്കണം  എന്ന അപേക്ഷ അവള്‍ പൂര്‍ണ്ണമായും  അനുസരിച്ചു വരികയാണ്‌..രണ്ടു പേരും  ബസ് സ്റ്റോപ്പിലേക്കു നടക്കവേ ഭാര്യ ചോദിച്ചു എന്താ നിങ്ങളെ ഒരു വല്ലാത്ത നാറ്റം  ?. അദ്ദേഹം  പറഞ്ഞു ഞാന്‍ ഷോക്സ് മാറ്റിയിട്ടില്ല അതിന്റെയായിരിക്കും. ആരും ശ്രദ്ധിക്കില്ല നീ വാ. അത് കളയാതെ പോകാന്‍ പറ്റില്ല എന്ന് പത്നി.. എന്റെ കയ്യില്‍ കാശില്ല എന്ന് പതിയും,  തര്‍ക്കമായി.. അവസാനം  ഭാര്യ വാങ്ങിക്കൊടുക്കുകയാണെങ്കില്‍ സമ്മതിക്കാമെന്നായി മൂപ്പര്‍. അങ്ങനെ കടയില്‍ കയറി ഭാര്യ പുതിയതൊരെണ്ണം  വാങ്ങിക്കൊടുത്തു. അദ്ദേഹം  ആരും  കാണാത്തേടത്ത് പോയി ഷോക്സ് മറ്റി വന്നപ്പോഴേക്കും  ബസ്സും  വന്നു. അവര്‍ മുന്നിലും  അദ്ദേഹം  പിറകിലും  കയറി. വിരുന്നിലെത്തി.. ആള്‍കൂട്ടത്തില്‍ രണ്ടു പേരും  സ്വന്തം  സുഹൃത്തുക്കളുടെ കൂടെയായി. അവസാന വിരുന്നു കഴിഞ്ഞു മടങ്ങാന്‍ നേരം  ഭാര്യ മൂപ്പരുടെ അടുത്തെത്തി. പെട്ടന്ന് മുഖം  ചുളിച്ച് ചോദിച്ചു ഇപ്പോഴുമുണ്ടല്ലോ ആനാറ്റം ?. ചിരിച്ചുകൊണ്ട് ഒരു ജേതാവിന്റെ ഭാവത്തിലദ്ദേഹം  മന്ത്രിച്ചു. ഞാനത് പൊതിഞ്ഞ് കീശയിലിട്ടിട്ടുണ്ട് മോളേ.....

Saturday, November 10, 2018

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..

പുറത്ത് വെയിൽ കത്തിയെരിയുകയായിരുന്നു.
ഗുഹയുടെ പൊള്ളുന്ന ഏകാന്തതയിൽ, താനൊരുക്കിയ വലയുടെ അവസാന മിനുക്കുപണികൾ തീർക്കുക യായിരുന്നു അവൾ. മരുഭൂവാസിയായ വലിയ പെൺചിലന്തി. മരുഭൂമിയിൽ പകൽ ചുട്ട് പഴുക്കുമ്പോൾ ഗുഹയിലെ ആശ്വാസം തേടി പറന്നുവരുന്ന ചെറു പ്രാണികളായിരുന്നു ലക്ഷ്യം. അവ യഥേഷ്ടം ഉണ്ടായിരുന്നതിനാൽ അഷ്ടിക്കു മുട്ടില്ലാതെ അവൾ കഴിഞ്ഞു പോന്നു... അങ്ങനെയൊരു വിരസമായ നാളിലാണ് തികച്ചും അപ്രതീക്ഷിതമായി അവൾക്ക് രണ്ടതിഥികൾ വന്നത്...
തേജോമയനായ  ഒരാളും അദ്ദേഹത്തിന്റെ ശിഷ്യനെന്ന് ഭാവഹാവദികളിൽ നിന്ന് മനസിലാക്കാവുന്ന മെലിഞ്ഞു നീണ്ട ഒരാളും. എന്തോ സാധാരണ മനുഷ്യരെ കാണുമ്പോൾ ഉച്ചത്തിൽ ചിറകടിച്ച് സ്ഥലം വിടാറുളള തന്റെ   അയൽവാസി കാട്ടുപ്രാവ് ഗുഹാഭിത്തിയിലെ തന്റെ കൂട്ടിൽ നിന്ന് അനങ്ങുക പോലും ചെയ്യാഞ്ഞതിനാലാകാം അവൾക്കും  പേടിയൊന്നും  തോന്നിയില്ല. മറിച്ച് ഭയത്തിനുപകരം ആ ദർശനം അവളിൽ സ്നേഹം നിറഞ്ഞ ബഹുമാനമുണർത്തി. ലോകത്തിനാകമാനം അനുഗ്രഹമായ ഒരാളെ കണ്ടാലെന്നപോലെ...  അവൾ അഭിമാനപൂർവ്വം അവരെ തന്റെ അതിഥികളായി സ്വയം വരിച്ചു.
അവർ ആരെയോ ഭയപ്പെടുന്നു എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. നല്ലവർക്കെ പ്പോഴുമുണ്ടാകുമല്ലോ ശത്രുക്കൾ ........
ബിസ്മില്ലാഹി റഹ്മാനി റഹീം എന്നുച്ചരിച്ചുകൊണ്ട് ഗുഹയുടെ വലതു വശത്തുകൂടി  തന്റെ വലയുടെ കാലുകൾ തകർത്തുകൊണ്ട് വളരെ തിടുക്കത്തിൽ  ഗുഹയുടെ ഇരുളിലേക്കവർ പ്രവേശിച്ച് ഇരുളിൽ അഭയം തേടി. തകർക്കപ്പെട്ട തന്റെ വലയെക്കുറിച്ച് അവൾക്ക് വേവലാതിയൊന്നും തോന്നിയില്ല.  വേഗത്തിലദ്ധ്വാനിച്ചാൽ അല്പനേരം കൊണ്ടത് പൂർവ്വസ്ഥിതിയിലാക്കിയെടുക്കാവുന്ന തേയുള്ളൂ...... പിന്നെ സമയം കളയാതെ അവൾ പണി തുടങ്ങി. വലയുടെ കോണിലെ തന്റെ കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെ അവരുടെ സംസാരങ്ങളിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി തന്റെ അതിഥികൾ നിസ്സരക്കാരല്ല, ആരാധനക്കർഹൻ സർവ്വേശരൻ മാത്രമാകുന്നു എന്ന ചിരികാലസത്യം ഇനിയങ്ങോട്ടുളള മനുഷ്യരെ പഠിപ്പിക്കാൻ നിയുക്തനായ മഹമ്മദ് എന്ന പ്രവാചകനും അദ്ദേഹത്തിന്റെ പ്രഥമശിഷ്യൻ അബൂബക്കറുമാണ് അവർ എന്ന്. സൃഷ്ടികളിലേറ്റം ബുദ്ധി നടിക്കുന്ന മനുഷ്യർക്കുമാത്രമേ ഇക്കാര്യത്തിൽ തർക്കമുള്ളൂ എന്ന് ഒട്ടൊരു അതിശയത്തോടെ അവളോർത്തു. അതുകൊണ്ടു തന്നെ അവർക്ക് ഇടക്കിടെ പ്രവചകന്മാരുടെ ആവശ്യം വരുന്നു. വിശേഷ ബുദ്ധിയില്ലാത്ത ജീവികൾക്കെല്ലാം ഈശ്വരൻ പ്രധാനം ചെയ്ത ജന്മവാസന എന്ന് മനുഷ്യർ പരിഹസിക്കുന്ന നൈസർഗ്ഗിക ബോധം കൊണ്ട് വഴിതെറ്റാതെ ജീവിക്കാനാകുന്നു... പ്രവാചകന്മാരേറെ അയക്കപ്പെട്ടിട്ടും മനുഷ്യർ തങ്ങളുടെ ഇടങ്ങൾ നരകസമാനമാക്കുകയും ചെയ്യുന്നു.
താഴെ കുതിരക്കുളമ്പടികളും ക്രുദ്ധ്രാരായ മനുഷ്യരുടെ ആരവങ്ങളും, അപ്പോളാദ്യമായി അവൾക്ക് പേടിതോന്നി. സർവ്വേശ്വരാ എന്റെ അതിഥികൾക്കാപത്തൊന്നും വരുത്തല്ലേ എന്ന് അവളുള്ളുരുക്കി... സ്തബ്ദയായി ശ്വാസം പോലും വിടാതെ വലയുടെ കോണിൽ അവളിരുന്നു.  ഗുഹാമുഖത്തേക്കവർ കയറി വന്നു. ഊരിപ്പിടിച്ച വാളുകളിന്മേൽ സൂര്യന്റെ പ്രതിഫലനം... ഉച്ചത്തിൽ ചിറകടിച്ചുകൊണ്ട് അവരുടെ മുഖത്തിനു നേരേ പറന്നു പറന്നു ചെന്ന കാട്ടു പ്രാവ് തന്റെ മുഖത്ത് തട്ടാതിരിക്കാൻ നേതാവ് ഞെട്ടി പിറകോട്ടു മാറി. ജാള്യതയോടെ അയാൾ പറഞ്ഞു'' അവരിതിൽ കയറിയിരുന്നൂ എങ്കിൽ ആ പ്രാവ് ഇവിടെ കാണുമായിരുന്നില്ല.'' അവളുടെ തികവുറ്റ വലക്ക് നേരേ വാൾ ചൂണ്ടി പ്രമാണി പറഞ്ഞു  ''പോരാത്തതിന്ന് കേടൊന്നും പറ്റാത്ത് ഈ ചിലന്തിവലയും അതിന്ന് മുഹമ്മദിനേക്കാൾ പ്രായമുണ്ട്,  വരൂ നമുക്ക് കളയാൻ സമയമില്ല ....''
അവർ തിടുക്കത്തിൽ ചരുവിറങ്ങി കുറച്ചകലെ നിർത്തിയിരുന്ന കുതിരപ്പുറത്ത് കയറി വേഗത്തിൽ ഓടിച്ചു പോയി.
'' അവർ അവരുടെ കാൽചുവട്ടിലേക്ക് നോക്കിയിരുന്നെങ്കിൽ നമ്മെയവർ കണ്ടേനേ...'' എന്ന് വേവലാതിപൂണ്ട ശിഷ്യനോട് '' ഓ അബൂബക്കർ മൂന്നാമാനായി സർവ്വേശ്വരൻ കൂടെയുള്ള രണ്ടു പേരെക്കുറിച്ച് താങ്കളെന്താണു കരുതിയത്'' *** എന്ന
സൗമ്യമായ ആ ചോദ്യം അവളെ സ്തബ്ദതയിൽ നിന്നുണർത്തി...  പ്രകാശരൂപികളായ വലിയൊരു സൈന്യം ഗുഹയിലും ചുറ്റും നിറഞ്ഞതിന്നവൾ സാക്ഷിയായി. അവർ രണ്ടു പേരും അത് കാണുന്നുണ്ടായിരുന്നില്ല......
ശത്രുക്കൾ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. കുറ നേരങ്ങൾക്കു ശേഷം തന്റെ അതിഥികളും യാത്രയായി. നിസ്സാര ജീവിയായ താൻ ലോകചരിത്രത്തിൽ വരുത്തിയ പരിവർത്തനമറിയാതെ ഗുഹയിലേക്ക് പറന്നു വരുന്ന പ്രാണികളെ കാത്ത് അവളിരുന്നു... ശത്രുക്കളെകണ്ട് പലായനം ചെയ്ത പ്രാവ് തിരികെ കൂടണഞ്ഞു. ലോക ചരിത്രം തിരുത്തിയ ഒരു പലായനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതുയുഗം അവിടെ പിറക്കുകയായിരുന്നു.
*** അവരിരുവരും ഗുഹയിലായിരുന്ന സന്ദർഭം അദ്ദേഹം തന്റെ കൂട്ടുകാരനോട് ദുഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞപ്പോൾ അല്ലാഹു അവർക്കുമേൽ അവന്റെ ശാന്തി ചൊരിഞ്ഞു. അദൃശ്യമായ സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സർവ്വേശ്വരൻ സത്യനിഷേധികളുടെ സ്വരത്തെ താഴ്തുകയും സ്വന്തം സ്വരം ഉയർത്തുകയും ചെയ്തു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമത്രേ...
സൂറത് തൗബ : 40

Thursday, November 8, 2018

തുലാവർഷം

തുലാവർഷത്തിൽ മഴകൾ നാലാകുന്നു എന്നാണ് പറയപ്പെട്ടിട്ടുളളത്. ഓണം കഴിഞ്ഞ് മണ്ണുണങ്ങി വരുമ്പോൾ കനത്തിൽ കോരിച്ചൊരിയുന്ന നാലെണ്ണം അവയുടെ രൗദ്രത തെളിയിക്കുന്ന പേരുകളും മലയാളം അവക്ക് നൽകിയിട്ടുണ്ട്. അറിയാൻ ആഗ്രഹിക്കുന്നവർക്കായി വിശദീകരിക്കാം ആദ്യത്തവൻ കല്ലുരുട്ടിയാകുന്നു. ഉണങ്ങിക്കിടക്കുന്നമണ്ണിനോടൊപ്പം കല്ലിനേയും ഉരുട്ടി മറ്റുന്നവൻ. വരമ്പ് മുറിയനാകുന്നു പിന്നത്തവൻ പിന്നെ പുല്ലിനെപ്പോലും വേരോടെ പിഴുത് കളയുന്ന പുല്ല് പറിയൻ അതും കഴിഞ്ഞ് പുരപൊളിയനും  ഇവനെയായിരുന്നു പണ്ടെല്ലാവർക്കും പേടി. ഇപ്പോൾ പുരകളുടെ സ്ഥാനത്ത്  കൊട്ടാരങ്ങളായതുകൊണ്ട് ആപേടി  ആർക്കും ഇല്ല്യാന്ന് വെച്ചോളൂ. ഈ നാലും ഇടിയാലും മിന്നലാലും സമ്പന്നമായിരിക്കും എന്നുകൂടിയുണ്ട്. ഏതായാലും അത് കഴിഞ്ഞാൽ  പിന്നെ പഴഞ്ചൊല്ല് ... തുലാം പത്തുകഴിഞ്ഞാൽ പ്ലാപൊത്തിലും പാർക്കാം എന്ന്.  ഇവരെ ഇത്ര വിശദമായി പരിചയപ്പെടുത്തിയത് എന്തിനാ എന്ന് ചോദിച്ചാൽ ഇത് നാലും കൂടി ഒന്നിച്ചനുഭവിക്കാൻ ഇന്നലെ ഭാഗ്യമുണ്ടായി എന്ന് സുഹൃത്തുക്കളെ അറിയിക്കാൻ വേണ്ടിയാകുന്നു ...
ചുരുക്കത്തിൽ കൂട്ടുകാരോടൊത്ത് പുഴയിൽ മീൻ പിടിക്കാൻ പോയി. നമ്പ്രത്തെ അഗതി മന്ദിരമായ മദാറിന്നടുത്ത് കാർ നിർത്തി കുണ്ടനിടവഴിയിലൂടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഞങ്ങൾ പുഴയിലിറങ്ങി.  മൂടിക്കെട്ടിയ അന്തരീക്ഷം ഇതാ പെയ്തൂ പെയ്തില്ലാ എന്നമട്ട്. വലയിട്ടപ്പോഴേക്കും തുടങ്ങി മഹാവൃഷ്ടി. കൂടെ കണ്ണഞ്ചിക്കുന്നമിന്നലും ഘോരമായ ഇടിമുഴക്കവും. ഈ മിന്നലിൽ തുറസ്സായ പുഴയിൽ നിൽകുന്നത് അത്ര പന്തിയല്ല എന്ന് തോന്നുകയാൽ ധൃതിയിൽ അടുത്തുളള മദാർ അഗതി മന്ദിരത്തിൽ അഭയം പ്രാപിച്ചപ്പോഴേക്കും തുടങ്ങിയിരുന്നു തുലാമഴയിലെ നടേ പറഞ്ഞ നാലും ഒരുമിച്ച്. മീനും വേണ്ട ഇറച്ചിയും വേണ്ട തടി കിട്ടിയാൽ തെണ്ടിത്തിന്നാം എന്നായി ചിന്ത ... അഞ്ചരയോടെ തുടങ്ങിയമഴ ഏഴോടെ കനം കുറഞ്ഞു. എന്നെ കാറിൽ ഇരുത്തി കൂട്ടുകാർ വലയെടുക്കാൻ വീണ്ടും പുഴയിലേക്ക്. പഴയ ഹിന്ദിപ്പാട്ടുകളും കേട്ട് കാറിൽ ഒറ്റക്കങ്ങനെ കുറേ നേരം. പണ്ട് കരിമ്പനകൾ നിറഞ്ഞ പാടങ്ങൾ ഇപ്പോൾ പല മരങ്ങളും നിറഞ്ഞ തോട്ടങ്ങളായിരിക്കുന്നു. അടുത്തൊന്നും വീടുകളില്ല. പണ്ട് ഇവിടെയൊക്കെ ധാരാളമായി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുള്ള യക്ഷികളെയും ഗന്ധർവന്മാരെയുമൊക്കെ മനസിൽ കണ്ടു കൊണ്ട് കാറിൽ കിടക്കവേ ഞാനോർത്തു പണ്ട് മീൻ കാരൻ മുഹമ്മദിക്ക മൂത്താപ്പാനോട് പറഞ്ഞ യക്ഷിക്കഥ. അദ്ദേഹമൊരിക്കൽ അക്കരെനിന്നും രാത്രി വളെരെ വൈകി കച്ചവടം കഴിഞ്ഞ് മടങ്ങവേ ആലിന്റെ ചാഞ്ഞ കൊമ്പത്ത് കാൽ തൂക്കിയിട്ടാട്ടിക്കൊണ്ടൊരു സുന്ദരി... അഴിഞ്ഞുലഞ്ഞ നീണ്ട കാർകൂന്തലും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും. കണ്ടാലൊരു ഹൂറ്യെന്നെ ബാപ്പുട്ടേയ് മോത്തിന്ന് കണ്ണ്ട്ക്കാൻ തോണൂലാ എന്നാണദ്ദേഹം പറഞ്ഞത്.
അദ്ദേഹം കായ്യിലുണ്ടായിരുന്ന പിച്ചാത്തിയിൽ മുറുകെ പിടിച്ചതുകൊണ്ട് അവൾ ലോഹ്യത്തിനു നിന്നില്ലത്രേ. അല്ലേങ്കിൽ പിറ്റേന്നദ്ദേഹത്തിന്റെ പല്ലും മുടിയും  നഖവുമേ ബാക്കികാണുമായിരുന്നുള്ളുവത്രേ.
കഥ അയവിറക്കി ഞാൻ കിടക്കുകയാണ്. ദൂരെ കരിമ്പനച്ചുവട്ടിൽ നിന്നും മീൻ കാരൻ മുഹമ്മദിക്കാന്റെ നായിക കാറിനു നേരെ മന്ദം മന്ദം വരുന്നതും വിന്റോയിൽ തട്ടി എന്നോട് പുഞ്ചിരിക്കുന്നതും ചില്ലുതാഴ്ത്തിയ ഞാനൊരു വയസ്സനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വായിലെ ചർവിത താമ്പൂലം നീട്ടിത്തുപ്പി നടന്നകലുന്നതും മനസ്സിൽ സൃഷ്ടിക്കാൻ ശ്രമിക്കവേ താഴെ നിന്നും കൂട്ടുകാരുടെ ശബ്ദം വലയുമായി അവർ വരികയാണ്. മീനൊക്കെ വീട്ടിൽ ചെന്ന് എടുക്കാം നമുക്ക് പോകാം.
അങ്ങനെ വല വണ്ടിയിലാക്കി ഞങ്ങൾ പുറപ്പെട്ടു...

Wednesday, November 7, 2018

പേടി.....

ഹൈന്ദവ സഹോദരങ്ങൾക്ക് ഭയപ്പെടാനില്ല  മനുഷ്യ ജീവിതം അന്നത്തിൽ തുടങ്ങി അന്നത്തിലൊടുങ്ങുന്നു എന്നവർ കരുതുന്നതിനാൽ... പിന്നെ ജീവിതത്തിൽ ചെയ്ത
പുണ്ണ്യ കർമ്മങ്ങൾക്ക്നുസരിച്ച് ആത്മാ വ് പരമാത്മാവിൽ വിലയം കൊണ്ട് മുക്തി നേടുകയോ അല്ലെങ്കിൽ മറ്റൊരുജന്മം കൈകൊണ്ട് പുനർജ്ജനിക്കുകയോചെയ്യുമെന്നുകരുതുന്നതിനാൽ...
നിരീശ്വര സഹോദരന്മാർക്കും തഥൈവ.യാദൃശ്ചികമായി സംഭവിച്ചുപോയ ഈജന്മം ജീവിച്ചുതീരുന്നതോടെ എല്ലാപ്രശ്നങ്ങളും തീരുന്നു.അതിനിടെ മണ്ണായിപ്പോകുന്ന അവയവങ്ങൾ ദാനം ചെയ്തു പേരെടുക്കാൻ കഴിഞ്ഞാൽ അതോടെ സായൂജ്യം പൂർത്തിയാകുന്നു.
എന്നാൽ ക്രൈസ്തവ, മുസ്ലിം വിശ്വാസികളായ സഹോദരന്മാരുടെ സ്ഥിതി അതല്ല. ഈ മതങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ അല്പം പേടിച്ചേ ഒക്കൂ. ജിവിതത്തിൽ അനുനിമിഷം ചെയ്യുന്ന കർമ്മങ്ങളകിലവും കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഒരു രേഖയുടെ അടിസ്ഥാനത്തിൽ ദൈവം നടത്തുന്ന ഒരു കണിശമായ വിചാരണ നേരിടേണ്ടതുണ്ട് എന്നവർ കരുതുന്നതിനാൽ...
ചെയ്തകർമ്മങ്ങളിൽ പുണ്യത്തിനാണു മുൻ തൂക്കമെങ്കിൽ അനിർവചനീയമായ ആനന്തം ലഭിക്കുന്ന സ്വർഗ്ഗം നൽകപ്പെടുമെന്നും മറിച്ചായാൽ നിത്യ നാശമായ നരകത്തിൽ പതിക്കുമെന്നും അവർ കരുതുന്നു.അതികണിശമായ വിചാരണയിൽ ചിലപ്പോൾ തങ്ങളുടെ വായ് മുദ്രവെച്ച് അവയവങ്ങളെക്കൊണ്ട് സാക്ഷിപറയിക്കുമെന്നും അവർ യഥാർത്ഥമായിവിശ്വസിക്കുന്നുവെങ്കിൽ അല്പം പേടിച്ചേ പറ്റൂ...
എനിക്കും പേടിയാവുന്നു. ഈശ്വരന്റെ വിധി വിലക്കുകളെക്കുറിച്ചും ഞാൻ ചെയ്ത് കർമ്മങ്ങളെ ക്കുറിച്ചും ഒരേകദേശരൂപമുള്ളതിനാലും, ഈശ്വർനെയല്ലാതെ ഒന്നി നേയും അറിഞ്ഞുകൊണ്ട് ഇതുവരെ ആരാധിച്ചിട്ടില്ലാത്തതിനാലും എനിക്കുള്ള പ്രത്യാശ എന്റെ ഭയത്തിനു സാന്ത്വനമാകുന്നുവെങ്കിലും എനിക്ക് പേടിയാകുന്നു. മരണത്തിനു ശേഷം എത്ര യെത്ര ദശാബ്ദങ്ങൾ, ശതാബ്ദങ്ങൾ സഹസ്രാബ്ദങ്ങൾ,യുഗങ്ങൾ അതുമല്ലെങ്കിൽ മന്വന്തരങ്ങൾ ഞാനെന്റെ കുഴിമാടത്തിലൊറ്റക്ക്,വിചാരണയും കാത്ത്  കിടക്കേണ്ടി വരും എന്നോർക്കുമ്പോൾ
.......

Friday, October 26, 2018

കാലം ഒരു സ്മാരകശിലകൂടി സ്ഥാപിച്ചിരിക്കുന്നു.

മലയാളത്തിന്റെ  പ്രിയപ്പെട്ട സാഹിത്യകാരൻ പുനത്തിൽ നമ്മെവിട്ടുപോയിരിക്കുന്നു. സ്മാരക ശിലകൾ, മരുന്ന്, കന്യാവനങ്ങകൾ, അലീഗഡിലെ തടവുകാരൻ, തുടങ്ങിയ നോവലുകളിലൂടെ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു. അതിൽ സ്മാരകശിലകളോടാണു പെരുത്ത് ഇഷ്ടം. കാരണം സ്മാരകശിലകളുടെ പശ്ചാത്തലവും ഒരു  കാരക്കാട് എന്ന ഗ്രാമത്തിലായതുകൊണ്ടാകാം. ഗ്രാമത്തിന്റെ ഓരത്തൊരു വലിയപള്ളിയുണ്ട്. അതി പുരാതനമായ പളളി. പള്ളിയേയും ഗ്രാമത്തേയും മുറിച്ചു കൊണ്ട് കടന്നു പോകുന്ന തിവണ്ടിപ്പാതയുമുണ്ട്. ഇതൊക്കെ എന്റെ ഗ്രാമമായ കാരക്കാട്ടുമുണ്ട്. ഇവിടെ പള്ളിക്കു പുറകിൽ കടലിനു പകരം പുഴയാണെന്ന് മാത്രം. പുലർ കാലങ്ങളിൽ ഗ്രാമങ്ങളിലൂടെയും  കടൽ കരയിലൂടെ യുമൊക്കെ കുതിരപ്പുറത്ത്  ചുറ്റിയടിച്ച നാട്ടുപ്രമാണി ഖാൻബഹദൂർ പൂക്കോയത്തങ്ങൾക്ക് പകരം പുഴയോര ങ്ങളിലൂടെ  സവാരിചെയ്തത് വയ്യാട്ടുകാവിൽ ചേക്കാമു എന്ന പ്രാമാണിയായിരുന്നു എന്നും  കേട്ടിട്ടുണ്ട്.  അതുകൊണ്ടൊക്കെ കൂടിയാകാം സ്മാരകശിലകൾ എന്റെ മനസിൽ സ്ഥാപിതമായത്.
ഈയിടെയായദ്ദേഹം''യാഅയ്യുഹന്നാസ്'' ( അല്ലയോ ജനങ്ങളേ ) എന്ന ഒരു നോവലിന്റെ പണിപ്പുരയിൽ  ആയിരുന്നു എന്ന് മീഡിയാവണ്ണിനോടാണെന്ന് തോന്നുന്നു ഒരഭിമുഖത്തിൽ പറഞ്ഞതായി  ഓർക്കുന്നു....അത് അദ്ദേഹം എഴുതിത്തീർത്തുവോ ആവോ ?
അതേകുറിച്ചദ്ദേഹം സംസാരിച്ചപ്പോൾ ആസ്വരത്തിൽ തന്റെ പഴയ നിലപ്പടുകളിൽ നിന്ന് ഒരു തിരിച്ചു പോക്കിന്റെ ധ്വനിയുണ്ടായിരുന്നു....നോവലിനദ്ദേഹമിട്ട പേരിലും അത് പ്രകടമാണ് . അതെവിടെ എത്തയാവോ? മലയാള സാഹിത്യത്തിൽ മായാത്ത മുദ്ര ബാക്കിയാക്കി ത്തന്നെയാണദ്ദേഹം തിരിച്ചുപോയിരിക്കുന്നത്.
സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഒക്കെ അദ്ദേഹം പതിപ്പിച്ച മുദ്രകൾ...
സർവ്വേശ്വരനദ്ദേഹത്തിനു പൊറുത്ത് കൊടുക്കുമാറാകട്ടെ. ആത്മാവിന്നു ശാന്തി നൽകുമാറാകട്ടെ ....

Wednesday, October 24, 2018

കൊടപ്പാറമുതൽ....

കൊടപ്പാറമുതൽ ചങ്ങണം കുന്നു വരെയാണ്‌ ഞങ്ങളുടെ പുഴ. കാരക്കാട്ടുകാരുടെ സ്വന്തം പുഴ....കൊടപ്പാറ കയം  മുക്രിക്കടവ് മാമരു കുണ്ട് പിന്നെ ചങ്ങണം കുന്നു കയവും   ....
കുളിക്കാനും കൃഷിനനക്കാനും പ്രകൃതിയുടെ വീളികേൾക്കാനും ഒക്കെ ഞങ്ങൾ പുഴയെ ആശ്രയിച്ചു. പുഴ ഞങ്ങൾക്കെല്ലാമായിരുന്നു. കുട്ടികൾക്ക് കളിസ്ഥലവും അദ്ധ്വാനിച്ചു തളർന്ന മുതിർന്നവർക്ക് വൈകുന്നേരങ്ങളിൽ വിശ്രമസ്ഥലവും. എപ്പോഴെങ്കിലും വായ്കു രുചിയുള്ള കറി വെയ്കാനുള്ള നല്ല പുഴമീനും നിള ഞങ്ങൾക്കുതന്നിരുന്നു.സ്വന്തമായി ഭൂമിയില്ലാത്തവർ പുഴക്കരയിൽ പച്ചക്കറികൃഷിയും ചെയ്യുമായിരുന്നു.
കിഴക്ക് കുടപ്പാറ് കാവ്.  കുടപ്പാറ പൂരം നടക്കുന്ന കൊടപ്പാറ കാവ് ഒരാലിൻ ചുവട്ടിലാണ്‌. അമ്പലമോ ക്ഷേത്രമോ അവിടെ ഇല്ല. അമ്പലം കൊടപ്പാറ കയത്തിനടിയിൽ ആണ്‌ എന്നാണ്‌ ഐതിഹ്യം അവിടത്തെ ദേവിയുടെ പേര്‌‌ കാരക്കാട്ടമ്മ എന്നാണെന്നും കേട്ടിട്ടുണ്ട്.പിന്നെ കാരക്കാട്ടെ വലിയ പള്ളിയും അതിനു ചുറ്റും മീസാൻ കല്ലുകൾ തലഉർത്തി നില്കുന്ന വലിയ ശ്മശാനവും. അതിന്നു തെക്കേ അരികിലൂടെ  പുഴ. ഈഭാഗത്തെ മുക്രിക്കടവ്‌ എന്നു വിളിക്കുന്നു.. മുക്രിക്കടവിനും  മാമരുകുണ്ടിനു മിടയിൽ പഞ്ചാരമണൽ തിട്ട.. പണ്ടത്തെ കാരക്കാട്ടെ കുട്ടികൾ ഓടിക്കളിച്ച് വളർന്ന മണൽ തുരുത്ത്. ഞങ്ങളതിനെ തിരുത്ത് എന്നു വിളിച്ചു. വൈകുന്നേരങ്ങളിൽ പടിഞ്ഞാറു നിന്നും വീശുന്നകാറ്റേറ്റ് കുട്ടികൾ മണൽ തിട്ടക്കു മേലെ ഓടിക്കളിക്കും... ഉണങ്ങിയ കരിമ്പനയോലകൊണ്ട്  ചക്രങ്ങളുണ്ടാക്കി നിലത്തു വെച്ചാൽ കാറ്റിൽ അത് വളരെ വേഗത്തിൽ കിഴക്കോട്ട് ഉരുണ്ടു പോകും അതിന്റെ പിന്നാലെ കുട്ടികളും  ചിലപ്പോൾ കുടപ്പാറവരെ ഓടിയാലും പിടിക്കാൻ പറ്റില്ല. മുപ്പതു വയസ്സിനു മേൽ പ്രായമുള്ള ഏതുകാരക്കാട്ടുകാരന്റെയും മനസിൽ തിളങ്ങുന്ന ഓർമ്മയായ് ഗൃഹാതുരത്വം സൃഷ്ടിച്ചുകൊണ്ട് പുഴ കുടികൊള്ളുന്നു.
പിന്നീട് ഒരു സെൽഫോണും മോട്ടോർ സൈക്കിളുംകൊണ്ട് സായൂജ്യമടയുന്ന പുതിയ തലമുറിയന്മാരുടെ കാലമായി  മണലിന്റെ മൂല്ല്യം  കണ്ടെത്തി. തൽ ഫലമായി പുഴ ഇന്ന് ഒരു ചെളിക്കുണ്ടായി... പിന്നെ കോഴിയിറച്ചിയുടെയും, ധൂർത്തടിച്ച് ഭാക്കിയാവുന്ന ഭക്ഷണങ്ങളുടേ യും പ്ലാസ്റ്റിക്കിന്റേയും അവശിഷ്ടങ്ങൾ കൊണ്ടു പോയ് തട്ടാനുള്ള ഇടവും ...

********************************************************************************
പതിനെട്ടു വയസ്സുമുതൽ എന്റെ ഗ്രാമത്തിൽ നിന്നകന്നു നിന്ന ഞാൻ, ജോലിചെയ്തിരുന്നേടത്ത് കുറഞ്ഞവിലക്ക് ഇതിനേക്കാൾ മനോഹരങ്ങളായ സ്ഥലങ്ങൾ കിട്ടാനുണ്ടായിട്ടും, അവിടെയുള്ളവരൊക്കെ സ്നേഹപൂർവ്വം ക്ഷണീച്ചിട്ടും ഞാനെന്റെ ഗ്രാമത്തിലേക്കോടി വന്നത് എന്റെ പുഴയുടെ മരണത്തിനു സാക്ഷിയാവാനായിരുന്നുവോ...?
ആയിരിക്കാം.....

തത്വ സംബന്ധി

ഇന്നല്പം  തത്വസംബന്ധിയായിരിക്കട്ടെ...
ഒരു തത്വത്തിനും മൂല്യം കല്പിക്കപ്പെടാത്ത ഈ തെരഞ്ഞെടുപ്പ് വേളയിൽ ഇത് അധികമാരും ശ്രദ്ധിക്കില്ല എന്നറിയാം എങ്കിലും അല്പം തത്വം....
മനുഷ്യ ഭാവനക്ക് പലപ്പോഴും പ്രവചനങ്ങളോടു സാമ്യമുണ്ട് എന്നും കലാകാരന്മാരുടെ ഭാവനകൾ പൽപ്പോഴും സത്യമായി പുലരാമെന്നും തന്റെ ''Islam between east and west '' എന്ന വിഖ്യാത കൃതിയിലൂടെ പ്രസിദ്ധ ബോസ്നിയൻ എഴുത്തുകാരൻ അലിജാ ഇസ്സത് ബെഗോവിച്ച് സിദ്ധാന്തിക്കുന്നുണ്ട്. (ഇസ്ലാം രാജമാർഗ്ഗം എന്ന പേരിൽ ഈപുസ്തകം എൻ പി മിഹമ്മദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്... ഒരുമലയാളിക്കും ഈ മൗലികവാദം മനസിലാകരുത് എന്ന് വിവർത്തകനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നും വായിച്ചാൽ...)
ഇന്നു നടക്കുന്ന പലസംഭവങ്ങളും അതുപോലേ ഇന്നത്തെ പലകണ്ടു പിടുത്തങ്ങളും ദശാബ്ദങ്ങൾക്കു മുമ്പേ എഴുതപ്പെട്ടിരുന്നു എന്നു കാണുമ്പോൾ  മനുഷ്യ‌മനസ്സെന്ന അത്ഭുത പ്രതിഭാസത്തിനു മുന്നിൽ നാംസ്തബ്ദരായിപ്പോകുന്നു.ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ പ്രസിദ്ധീകരിച്ച ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ മൃത്യു കിരണം എന്ന നോവലിൽ ദൂരെ നിൽകുന്ന കപ്പലുകളെ മാരകമായ രശ്മി ഉപയോഗിച്ച് കത്തിച്ചു കളയുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നീടെത്രയോ കാലങ്ങൾക്കു ശേഷം ലേസർ രശ്മിയുടെ കണ്ടു പിടുത്തത്തിലൂടെ ഇതു പ്രാവർത്തികമായി...
അതുപോലെ കാൻസറിന് ജീവനുള്ള മനുഷ്യ മാസം കൊണ്ട് ഇന്റർ ഫെറോൺ എന്ന മരുന്ന് ഉണ്ടാക്കുന്നതായും അതിന് വേണ്ടി മനുഷ്യരെ കൊണ്ടു പോയി കൊല്ലുന്നതായും കഥ എത്രയോ മുമ്പ്  എഴുതപ്പെട്ടു. പിന്നീട് വളരെ കാലങ്ങൾക്കു ശേഷം ഇന്റർ ഫെറോൺ എന്ന പേരിൽ തന്നെ സമാനരീതിയിൽ മരുന്ന് നിർമ്മിക്കപ്പെടുകയും ചെയ്തു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെങ്ങോ മാധവിക്കുട്ടി എഴുതിയ വിശുദ്ധപശു എന്നൊരു കഥയുണ്ട്. ചവറ്റുകൊട്ടയിൽ നിന്നും പഴത്തൊലിപെറുക്കിതിന്നുകയായിരുന്നു തെരുവു ബാലൻ. അത് അപഹരിക്കാൻ വന്ന പശുവിനെ അവൻ  അടിച്ചോടിക്കുന്നു. അതുകണ്ടു വന്ന സന്യാസിമാർ നീഏതു മതക്കാരനാണെന്ന്  ചോദിക്കുന്നു. എനിക്കറിയില്ല എന്ന് മറുപടി പറഞ്ഞ ബാലനെ നീഒരു മുസ്ലിമാണ് എന്നു പറഞ്ഞ് അടിച്ചു കൊല്ലുകയും ചെയ്യുന്ന കഥ...
പിന്നീടിതാ തിന്നത് പശുവിറച്ചിയാണ് എന്ന സംശയത്തിന്റെ പേരിൽ മനുഷ്യൻ കൊല്ലപ്പെടുന്നു...
007 ജെയിംസ് ബോണ്ട് പടങ്ങളിലെ പല ഭാവനകളും ഇന്ന് പ്രാവർത്തികമായതു കാണാം...
ഇതു പോലെ ഒരുപാടു കാര്യങ്ങൾ ഭൂമിയിൽ സംഭവിക്കുന്ന തിന്നു മുമ്പു തന്നെ സാഹിത്യകാരന്മാർ അത് ഭാവനയിൽ കണ്ടിരുന്നതായി കാണാം. മനുഷ്യ ഭാവനക്ക് സത്യവുമായി അകന്ന ബന്ധമുണ്ട് എന്ന് ബെഗോവിച്ചിന്റെ തത്വം ഒരുപക്ഷേ ശരിയായിരിക്കാം....