Sunday, June 14, 2020

അല്പം സെൻസിറ്റിവിറ്റിയും വേണം....

ഒരല്പം ലജ്ജയുണ്ട് എന്നാലും പറയുക യാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ മനസ്സിലാക്കിയിട്ടുളളതു പോലെ മനുഷ്യർ മറ്റു മൃഗങ്ങളെപ്പോലെ വംശവർദ്ധനക്കു വേണ്ടി മാത്രം ഇണ ചേരുന്ന ഒരു മൃഗമല്ല. വളരെ സെൻസിറ്റീവായ അത് ഇണകൾക്ക് ഒരു നിർവൃതികൂടിയാണ്. എന്ന് വെച്ച് വെറും നിർവൃതിക്കായി മാത്രം നടത്തേണ്ട് ഒരു നേരമ്പോക്കുമല്ല അത്. നമ്മുടെ വംശ വർദ്ധനക്ക് സർവ്വേശ്വരൻ നിശ്ചയിച്ച പവിത്രമായ കർമ്മം കൂടിയാണ്. ഒരു യോഗി അഗ്നിയിൽ ഹവിസ്സർപ്പിക്കുന്ന മനോഭാവത്തോടെ പൂർത്തിയാക്കേണ്ടത്.
ഗർഭാവസ്ഥയിൽ സ്ത്രീ പതിവിൽ കവിഞ്ഞ ലാളനയും പ്രോത്സാഹനവുമൊക്കെ ആഗ്രഹുക്കും. അതവൾക്ക് നൽകുന്നതിൽ മറുവശം ആനന്ദിക്കയും ചെയ്യും. അതിനിടെ ചിലപ്പോൾ നേരം പോക്കും നടന്നെന്നിരിക്കും. അല്ലാതെ മതിയിളകുന്ന ദിവസം നോക്കി ചവിട്ടിക്കാ*വുന്ന ഒരു മൃഗമല്ല മനുഷ്യസ്ത്രീ...
ഇതൊക്കെ മനസിലാകണമെങ്കിൽ ആർഷഭാരത സംസ്കാരത്തിൽ പറഞ്ഞിട്ടുളള ഗൃഹസ്താശ്രമത്തിന്റെ ബാല പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പിന്നെ മമ്മുട്ടി പറഞ്ഞപോലെ സെൻസ് വേണം അല്പം സെൻസിറ്റിവിറ്റിയും....

* ചവിട്ടിക്കുക...  പശുവിനെ ഇണ ചേർക്കുന്നതിന്റെ പാലക്കാടൻ പ്രയോഗം.

Tuesday, June 9, 2020

തവളകളും മുഞ്ഞയും

ഇത് കുറേ തവളകളുടെ കഥയാണ്. അവനവന്റെ കാര്യം നോക്കി വല്ല കിണറുകളിലും കുളങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന പോക്കാച്ചിത്തവളകളുടെ കഥയല്ല, പ്രത്യുത നിളയുടെ ഇരു കരകളിലുമുണ്ടായിരുന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ്കൂടിയിരുന്ന സാമൂഹ്യ സേവകന്മാരായ തവളാച്ചികളുടെ കഥ. പാടങ്ങൾക്ക് ശത്രക്കളായ കീടങ്ങളെ മൃഷ്ടാന്നം ഭുജിച്ചും വർഷകാലാരംഭത്തിൽ പേക്രൊം പേക്രോം എന്ന് ഉച്ചത്തിൽ പ്രകീർത്തനം ചെയ്തും അവർ സാമോദം കഴിഞ്ഞു കൂടിയിരുന്ന കാലം... ആയിടക്കാണ് തവളയുടെ കാലുകൾ വളരേ രുചികരമായ ഭക്ഷണമാണെന്ന് സായിപ്പന്മാർ കണ്ടെത്തിയത്...  ഈ സാധനം അങ്ങ് കേരളത്തിലെ മലബാറിൽ‌ സുലഭമാണ് എന്നും അവർ മൻസ്സിലാക്കി. ഡോളർ കിട്ടുമെന്നായപ്പോൾ പെട്രോൾ മാക്സും ചാക്കുമായി തവളപിടുത്തക്കാർ പാടത്തിറങ്ങി. രാത്രി പുലരുവോളം അവർ തവളകളെ പിടിച്ചു. പകൽ അവയുടെ കാലുകൾ വെട്ടിയെടുത്ത് കയറ്റിയയച്ച് കാശുണ്ടാക്കി... ഒരിക്കൽ ഞാനും ഈ ക്രിയക്ക് സക്ഷ്ക്ഷിയാവുകയുണ്ടായി ആതാണ് കഥ...

കഥനടക്കുന്ന കാലത്ത് ഈയുള്ളവൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. നിളക്കക്കരെ മാമ്മാംഗത്തിന്റെ ചരിത്രത്താൽ പ്രസിദ്ധമായ തിരുനാവായ. അവിടെനിന്നും നാലഞ്ചു കിലോമീറ്ററുകൾ അകലെ പട്ടർനടക്കാവിനടുത്ത് കുണ്ടിലങ്ങാടി എന്ന സ്ഥലത്തുള്ള എന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം രാവിലെ എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ കാൽനടയായി ഒമ്പതരക്ക് മുമ്പ് ക്ലാസിലെത്തും അതായിരുന്നു പതിവ്. നിറയെ മീൻ കച്ചവടക്കാരെയും അവരുടെ കൊട്ടകളേയും വഹിച്ചുകൊണ്ട് ആദവനാട്ട് നിന്നും തിരൂരിലേക്ക് പോകുന്ന പരപ്പിൽ ട്രാൻസ്പോർട്ടിൽ കയറി അഞ്ച് പൈസ കൊടുത്താൽ തിരുനാവായയി ലിറങ്ങാമായിരുന്നു. ബസ്സിലെ തിരക്കും മീൻ നാറ്റവും സഹിക്കാവുന്നതിലപ്പുറമായതുകൊണ്ട് ഞാൻ കാൽനട തന്നെ തെരഞ്ഞെടുത്തു. അഞ്ച് പൈസക്ക് പുറമെ ദിവാസ്വപ്നം കണ്ടുകൊണ്ട് കാലത്തും വൈകിയിട്ടുമുള്ള നടത്തം അത് ഞാൻ ശരിക്കും ആസ്വദിച്ചു. അഞ്ചാക്ലാസ് മുതൽ ആറു കിലോമീറ്റർ അകലെ വാടാനാംകുറുശിയിലേക്കും തിരിച്ചും നടത്തം പതിവായിരുന്നത്കൊണ്ട് ഈ നടത്തം ഒട്ടും വിഷമകരമായിരുന്നില്ല. ഈ നടത്തിനിടയിലൊരു ദിവസമാണ് ദാരുണമായ ആ കാഴ്ചക്ക് സാക്ഷിയാവേണ്ടി വന്നത്. അന്ന് പന്ത്രണ്ട് മണിതൊട്ടുള്ള ഗോപാലകൃഷ്ണൻ സാറിന്റെ അതി വിരസമായ സിഡി ആന്റ് എക്സ്റ്റൻഷൻ ക്ലാസ് കട്ട് ചെയ്ത് ഞാൻ പുറത്തിറങ്ങി. കുന്നിൻ മുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്ന് താഴെ നിളയുടെ തീരത്തായിരുന്നു ഫാം. താഴെ വിശാലമായ നെൽ വയലുകളും കുന്നിൽ ചെരുവിൽ ഫലവൃക്ഷങ്ങളും കുന്നിൻ മുകളിൽ ഹോസ്റ്റലടക്കമുള്ള കെട്ടിടങ്ങളും എന്നിങ്ങനെയായിരുന്നു സ്ഥാപനം വയലിനുനടുവിലൂടെ പുഴവരെ വീതിയേറിയ ഒരു റോഡ്. റോഡിനിരുവശവും ഭംഗിയായി നട്ടു പിടിപ്പിച്ച തെങ്ങുകളും..ഫാം വിജനമായിരുന്നു. . ഞാൻ റോട്ടിലൂടെ പുഴയിറമ്പിലെത്തി. വേനലായതുകൊണ്ട് പുഴയുടെ നടുവിൽ ചെറിയ ഒരു നീർച്ചാലേ പുഴയായി അവശേഷിച്ചിരുന്നുള്ളൂ.... ബാക്കിയെല്ലാം മണൽ പരപ്പ്. അക്കരെ നവാമുകുന്ദാ ക്ഷേത്ര നടയിലൂടെ എനിക്ക് ഗാന്ധിപ്രതിമക്കടുത്ത്  റോഡിൽ കയറാം. പെട്ടന്ന് ദൂരെ നീർച്ചാലിനരികെ ഒരുപാട് കാക്കകൾ കലപില കൂട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുന്നുണ്ട്. എനിക്ക് കൗതുകമായി. മീൻ പിടിക്കുകയായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഒരു ചാക്ക് നിറയെ വലിയ തവളകൾ. അയാൾ ഒറ്റക്കായിരുന്നു. അയാളുടെ മുന്നിൽ ഒരു മരമുട്ടിയുണ്ടായിരുന്നു. ചാക്കിൽ കയ്യിട്ട് അയാൾ തവളകളേ ഓരോന്നിനെ പുറത്തെടുത്ത് മുട്ടിയിൽ വെച്ച് മൂർച്ചയേറിയ മടവാൾ കൊണ്ട് ഓരോ വെട്ട്. കാല് വേറൊരു ചാക്കിലേക്കിട്ട് ബാക്കി ബാഗം വലിച്ചെറിയുന്നു. അയാൾക്ക് ചുറ്റും ജീവൻ പോകാതെ തുറിച്ച കണ്ണുകളുമായി പിടയുന്ന പാതിത്തവളകൾ. ഞാനൊന്നേ നോക്കിയുള്ളൂ നടുമുറിഞ്ഞ് ജീവൻ പോകാതെ പിടയുന്ന മിണ്ടാപ്രാണികളുടെ തുറിച്ച കണ്ണുകൾ. ആമനുഷ്യനെ ശപിച്ചുകൊണ്ട് ഞാൻ വേഗം മടങ്ങി... എനിക്കയാളോട് വലിയ വെറുപ്പ് തോന്നാനുണ്ടായ കാരണം ഒരുപക്ഷേ തവളകളേ ഉപദ്രവിക്കരുത് എന്ന് വെല്ല്യുമ്മ പഠിപ്പിച്ച പാഠമായിരിക്കാം... പിന്നീട് ഇടക്കൊക്കെ അരക്കുതാഴേ വേർപെട്ട് ചോരയിൽകുളിച്ച്  കണ്ണും തുറിച്ച് ആകാശത്തേക്ക് നോക്കി കിടന്നിരുന്ന് പിടഞ്ഞിരുന്ന ആ മിണ്ടാപ്രാണികളുടെ ചിത്രം എന്നെ വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു....

ആയിടെയാണ് നെൽകൃഷിയെ ബാധിക്കുന്ന മുഞ്ഞ എന്ന കീടം ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നെല്ലിന് അങ്ങനെയൊരു ശത്രു അവതരിച്ചിട്ടുണ്ടായിരുന്നില്ല. അഗ്രോണമി ക്ലാസിൽ എന്റെ അഭിവന്ദ്യഗുരു ഇട്ടിയവര സാർ പറഞ്ഞു " എടോ മുഞ്ഞ പെരുകാൻ കാരണം നമ്മുടെ തവള പിടുത്തമാണ്. തവള ഈ വക കീടങ്ങളുടെ നാച്ച്വറൽ പ്രിഡേറ്ററാണ്. 
താമസിയാതെ മുഞ്ഞയെ നിയന്ത്രിക്കാൻ ഡൈമക്രോൺ എന്ന കീടനാശിനിയും ഉപയോഗത്തിൽ വന്നു. ആകാശവാണി വാർത്തകൾക്ക് മുമ്പും പിമ്പും ഡൈമെക്രോണിന്റെ പരസ്യം സാധാരണയായി. പിറകെ ആ വിഷങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സർവത്രയായി....

Thursday, June 4, 2020

ലോക പരിസ്ഥിതി ദിനത്തിൽ ..

പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... 
അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
മലകളെയും മരങ്ങളേയും പുഴകളേയും വെറുതെവിടുക.......
ഒരിക്കൽ ഞാനും യാത്രക്കിടയിൽ കണ്ടുമുട്ടിയ ഒരു സുഹൃത്തുമായി ഒരു സംവാദമുണ്ടായി. പണ്ടൊക്കെ അങ്ങനെയായിരുന്നു. വണ്ടി കോഴിക്കോട്ടെത്തുമ്പോഴേക്കും പേരുപോലും അറിയാത്ത സഹയാത്രികനുമായി കുടുംബകാര്യങ്ങളടക്കം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തിരിക്കും. അന്ന്  അദ്ദേഹം എന്നെ ഉപദേശിക്കുകയായിരുന്നു നാം ജൈവ ശൃംഗലയിലെ അവസാനകണ്ണിയാണ്. അതിനാൽ പ്രകൃതിക്ക് നാം വരുത്തുന്ന നാശം നമ്മുടെതന്നെ നാശത്തിന്ന് വഴിവെക്കും. ഞാൻ പറഞ്ഞു ചെറിയൊരു ഭേദഗതിയോടെ ഞാൻ അംഗീകരിക്കാം. മനുഷ്യൻ ഈ ജൈവ സൃംഗലയുടെ ഭാഗമല്ല. അവൻ വേറെ തന്നെയാണ്. എങ്കിലും പ്രകൃതിയുടെ മേൽ അവൻ നടത്തുന്ന കയ്യേറ്റങ്ങൾ അവന്റെ തന്നെ നാശത്തിനു കാരണമാകും. ആദ്ദേഹത്തിന്റെ ആശയം ഞാൻ സ്വീകരിച്ചിട്ടും മനുഷ്യനെ ജൈവ ശൃംഗലയിൽ നിന്നും വേർപെടുത്തിയത് അദ്ദേഹത്തിന്ന് ഇഷ്ടമായില്ല. അദ്ദേഹം ഒരു ശാസ്ത്ര വിശ്വാസിയായിരുന്നു ഞാനാകട്ടെ ദൈവവിശ്വാസിയും. അദ്ദേഹം വിശദീകരണമാവശ്യപ്പെട്ടു. ഞാൻ പറഞ്ഞു ഇന്ന് ലോകത്ത് അറുനൂറു കോടി ജനങ്ങളുണ്ട്. ഇവരെ ഒന്നടങ്കം ഭൂമിയിൽ നിന്നങ്ങ് പിൻ വലിക്കുന്നു എന്ന് സങ്കല്പിക്കുക. രണ്ട് ക്യുബിക്ക് മൈൽ വലിപ്പമുള്ള ഒരു പെട്ടിയിൽ അടുക്കി ശാന്തസമുദ്രത്തിൽ താഴ്തിയാൽ സാധിക്കാവുന്നതേയുള്ളൂ. എന്നാൽ പിറ്റേദിവസം ഭൂമിയിൽ എന്ത് സംഭവിക്കും. കാര്യമായി ഒന്നും സംഭവിക്കില്ല. മലകളും മരങ്ങളും അവശേഷിക്കും നദികൾ സ്വയം ശുദ്ധമാകും. ആകാശവും ഭൂമിയോടൊപ്പം ശുദ്ധമാകും. ഓർസോൺ പാളികളിൽ മനുഷ്യൻ വീഴ്തിയ തുളകൾ സ്വയം അടയും. പിന്നെ പ്ലാസ്റ്റിക് മലിനീകരണമുണ്ടാകില്ല. ആവശ്യത്തിൽ കവിഞ്ഞ ഭക്ഷണമുണ്ടാക്കി വെളിയിലെറിയുന്നതു മൂലമുള്ള മലിനീകരണമുണ്ടാകില്ല ശബ്ദമലിനീകരണമോ ആണവ മലിനീകരണമോ ഉണ്ടാകില്ല സർവ്വം ശാന്തം സുന്ദരം. 
അതേ സമയം മനുഷ്യൻ നിസ്സാരമെന്ന് കരുതുന്ന ഏത് ജീവി ഇല്ലാതായാലും പ്രകൃതിയുടെ താളം തെറ്റും. ഉദാഹരണത്തിന് കാക്ക ഇല്ലാതായാൽ ഒരാഴ്ചകൊണ്ട് ഭൂമി മാലിന്യക്കുമ്പാരമാകും. അല്ലെങ്കിൽ ചിതൽ തെരുവുപട്ടികൾ എന്ന് വേണ്ട പ്രകൃതിയിലെ എല്ലാം അവയുടെ നിലനില്പിന്ന് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു... മനുഷ്യന്ന് പ്രകൃതിയിൽ നിന്ന് എടുക്കാനേ ഉള്ളൂ. പ്രകൃതിക്ക് ഒന്നും കൊടുക്കാനില്ല. അതുകൊണ്ടാണ് പ്രകൃതിയെ കേടുകൂടാതെ പരിപാലിക്കാൻ പ്രകൃതിയിലേക്ക് പ്രത്യേകമായി അയക്കപ്പെട്ട പ്രതിനിധിയാണു മനുഷ്യൻ എന്ന് ഈശ്വര വിശ്വാസികൾ വിശ്വസിക്കുന്നത്. അവന്റെ നിലനില്പിന്ന് ആവശ്യമായതുമാത്രം  പ്രകൃതിയിൽനിന്നെടുക്കാൻ അവന്ന് അനുമതിയുണ്ട്. അതിൽ അവൻ അതിരു കവിയുന്നുവോ എന്നതാണ് അവന്റെ യജമാനൻ അവന്ന്മേൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷണം. അതിൽ വിജയിച്ചാൽ ഇതിനേക്കാൾ മഹത്തായ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് അവൻ ഉയർത്തപ്പെടും. മറിച്ചായാൽ അവൻ തിരസ്കരിക്കപ്പെടുകയും ചെയ്യും.
അതിനാൽ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... അമിത ചൂഷണം ഒഴിവാക്കി അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
എന്റെ വാദം അദ്ദേഹത്തിന്ന് സ്വീകാര്യമായോ എന്തോ?. വണ്ടി കല്ലായി കടന്നിരുന്നു. മറിച്ചൊന്നും പറയാതെ അദ്ദേഹം ഇറങ്ങാൻ വട്ടം കൂട്ടി. അദ്ദേഹത്തിന്റെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കിയുമായി...

Monday, June 1, 2020

റൈഡർ ഓൺ ദ റൈൻ


സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...

Friday, May 29, 2020

എന്റെ ഇംഗ്ലീഷ് ഗുരുനാഥന്മാർ...

ഏഴാം ക്ലാസിൽ വെച്ച് കുഞ്ഞിക്കുട്ടൻ നമ്പൂതിരി മാസ്റ്ററുടെ തല്ല് ഒരുപാട് കൊണ്ടിട്ടും വലിയ പിടിപാടൊന്നും കിട്ടാതിരുന്ന ആംഗലേയത്തിന്റെ ലൈൻ തിരിച്ചു തന്നത് ഹൈസ്കൂളിൽ എന്റെ ഗുരുനാഥന്മാരായിരുന്ന വേണുമാഷും ശങ്കരൻ കുട്ടിമാഷുമായിരുന്നു. ഇന്നത്തെപ്പോലെയല്ല പഠിക്കാത്തകുട്ടികൾക്ക് നല്ല പെട കിട്ടിയിരുന്ന കാലം. നമ്പൂരി മാഷ തല്ല് ഞാൻ ഏണി വെച്ച് കയറി വാങ്ങിയതാണ് എന്ന് വേണമെങ്കിൽ പറയാം. ഇടക്കൊക്കെ സ്കൂളിലേക്കും തിരിച്ചും കുന്ന് കയറിയിറങ്ങിയിരുന്നത് നമ്പൂരി മാഷ കൂട്യായിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് അബദ്ധം പറ്റിയത്.  മുണ്ടിന്റെ ഒരു തുമ്പ് കക്ഷത്തിൽ വെച്ച് ഇടക്ക് പുകലപ്പൊടിയും വലിച്ച് മുന്നിൽ ഗുരുവും ഭവ്യതയോടെ പിറകെ ശിഷ്യനും... ഗുരു ചോദിച്ചു താനെവിടത്യാ ?. കാരക്കാട്ട് എവിടെയാണ് എന്നാണ് ചോദ്യം. വയ്യാട്ടു കാവിലെ... ഉടൻ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നെ ഒന്നിരുത്തിനോക്കിയിട്ട് പറഞ്ഞു ങേ എന്നാപ്പിന്നെ തന്നെ ഇങ്ങനെ വിട്ടാപ്പറ്റില്ല്യല്ലോ... അന്ന് തുടങ്ങി പീഢനം. ഹാവും ഹാസും ഈസും വാസുമൊക്കെ യഥേഷ്ടം പ്രയോഗിച്ചിരുന്ന എനിക്ക്  തല്ലും നിർലോഭം തന്നെ കിട്ടാൻ തുടങ്ങി. പിന്നത്തെ വില്ലൻ സ്പെല്ലിങ്ങായിരുന്നു. അക്ഷരത്തെറ്റ് കൂടാതെ ഒരു വാചകം എഴുതാൻ ഞാൻ പെടാപാട് പെട്ടു.  ചുരുക്കിപ്പറഞ്ഞാൽ നമ്പൂരി മാഷോട് ഐഡന്റിറ്റി വെളിപ്പെടുത്തിയതാണ് കൊഴപ്പായത് എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ടെന്താ അടികൊണ്ടൊന്നും  യാതൊരു പുരോഗതിയുമുണ്ടായില്ല... എങ്കിലും എട്ടാം ക്ലാസിലേക്ക് ഒരു വിധത്തിൽ കടന്നുകൂടി. ഓരോക്ലാസിലും കുട്ടികൾ രണ്ടും മൂന്നും കൊല്ലം പഠിച്ചിരുന്ന കാലത്ത് തോൽക്കാതിരിക്കുക എന്നത് തന്നെ വലിയ ഒരു നേട്ടമായിരുന്നു...
ഹൈസ്കൂളിൽ ഇന്നത്തേപ്പോലെ ഇംഗ്ലീഷിന് പ്രത്യേക അദ്ധ്യാപകരൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രാദ്ധ്യാപകരും ചരിത്രാദ്ധ്യാപരും കണക്ക് മാഷമ്മാരും ഒക്കെക്കൂടി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്....
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ശങ്കരൻകുട്ടിമാഷും പത്തിൽ വേണുമാഷുമായിരുന്നു ആംഗലേയത്തിന്റെ ഗുരുക്കന്മാർ എന്നാണ് ഓർമ്മ...
ഗ്രാമറൊക്കെ ഒരു വിധം ശരിയായെങ്കിലും അക്ഷരപ്പിശക് എന്നെ വിടാതെ പിടികൂടി. ദൈവാനുഗ്രഹം കമ്പ്യൂട്ടറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുവോളം തൽ സ്ഥിതിതുടർന്നു എന്ന് പറയാം. ഒരു ദിവസം ശങ്കരൻകുട്ടി മാഷ് പറയുകയുണ്ടായി എടോ താനീ സ്പെല്ലിങ്ങൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് നന്നായി സ്കോറ് ചെയ്യാൻ കഴിയുമായിരുന്നു. എട്ടാം ക്ലാസിലെ നോൺ ഡീറ്റൈൽ കോറൽ ഐലന്റായിരുന്നു. റാൽഫ് റോവർ, പീറ്റർ കിൻ, ജാക്ക് എന്നീ ബാലന്മാർ പവിഴദ്വീപിൽ കുടുങ്ങിപ്പോയ കഥ. നര ഭോജികളും കടൽ കൊള്ളാക്കാരുമായുമൊക്കെ നേരിൽ കണ്ട് അവസാനം രക്ഷപ്പെട്ട കഥ. കഥാപാത്രങ്ങളുടെ പ്രായക്കാരനായതുകൊണ്ടാകാം സാർ ക്ലാസ്സ് തുടങ്ങിയാൽ ഞാൻ ഭാവനയിൽ അവരിൽ ഒരാളാകും.  വിസ്മയജനകമായ ആ കഥ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. 
അതുപോലെത്തന്നെ വെണു മാഷെ ക്ലാസുകൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളിലൂടെയും കടന്ന് പോകും. കോസ്മിക്ക് രശ്മികളും അൾട്രാവയലറ്റ് രശ്മികളുമൊക്കെ ഹിമാലയവും ശൂന്യാകാശവും സഹാറമരുഭൂമിയും ആഫ്രിക്കൻ പ്രദേശങ്ങളു മെല്ലാം സ്പർശിച്ചായിരിക്കും ക്ലാസ്. അതിനാൽ ഇന്നും അദ്ദേഹത്തിന്റെ ക്ലാസുകൾ ഓർമ്മയിൽ നിൽക്കുന്നു. 
ഒരിക്കൽ വേണുമാഷ് ക്ലാസെടുക്കവേ പറഞ്ഞു ചിലർ അവരറിയാതെ ചില വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്ക് അങ്ങനെ ഒന്നുമില്ല എന്നാണ്  ഞാൻ കരുതുന്നത്. അങ്ങനെ വല്ലതും നിങ്ങൾ‌ ശ്രദ്ധിച്ചിട്ടുണ്ടോ?. ക്ലാസ് പൂർണ്ണ നിശ്ശബ്ദം. ഞാൻ പതുക്കെ പറഞ്ഞു ഉണ്ട് സർ. ങേ അതെന്താണ്? അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. പേടിയോടെ ഞാൻ പറഞ്ഞു പെക്യൂലിയർ എന്ന വാക്ക് സാർ ധാരാളമായി ഉപയോഗിക്കാറുണ്ട്. പെട്ടന്ന് പെൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ പിന്താങ്ങി. പിന്നെ വേറെയും ഒന്ന് രണ്ട് കുട്ടികൾ.. അദ്ദേഹം അല്പനേരം മൗനിയായി. പിന്നെ തുറന്ന ചിരിയോടെ പറഞ്ഞു ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല...
പബ്ലിക്ക് പരീക്ഷയിൽ എഴുപത്തിരണ്ടിൽ വാടാനാംകുറിശ്ശി സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരൊറ്റ ഫസ്റ്റ് ക്ലാസ് പോലും ഇല്ലാതെ പോയ വർഷം. എങ്കിലും ഇംഗ്ലീഷിൽ അമ്പത്തെട്ട് മാർക്കോടെ ഞാൻ പാസായി. മാർക്കിടൽ‌ ഇന്നത്തെപ്പോലെ ഉദാരമല്ലായിരുന്ന അക്കാലത്ത് അതൊരു നല്ല മാർക്ക് തന്നെയായിരുന്നു...
അഗ്രിക്കൾച്ചറൽ സയസ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് വരുന്നതിന്ന് മുമ്പേ തന്നെ ജോലിയിൽ കയറി. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ഫാം സൂപ്രണ്ടായി ചീഫ് ടെക്നിക്കൽ ഓഫീസറായി ഇരുപത്തിനാല് വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ ഈയുള്ളവന്  കൈമുതലായി ഉണ്ടായിരുന്നത് ഈ ഗുരുക്കന്മാരിൽ നിന്നെല്ലാം കിട്ടിയ അറിവും ആശീർവാദവും ഈശ്വരാനുഗ്രഹവും മാത്രമായിരുന്നു. 
ഇന്ന് ഈ സായഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവരെന്നെ വല്ലതും പഠിപ്പിക്കുകയായിരുന്നില്ല പലതും പഠിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്ന്... വേണുമാഷ് ആറാം ക്ലാസ് മുതൽ സ്കൂൾ വായനശാലയുടെ അലമാരകൾ എന്റെ മുന്നിൽ‌ തുറന്നിട്ടു. ആർത്തിയോടെ കയ്യിൽ കിട്ടിയതൊക്കെ ഞാൻ വായിച്ചു. എന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും പി എച് ഡി ക്കാരായിരുന്നു. അവർക്കിടയിൽ ആത്മവിശ്വാസത്തോടെ നില നിൽകാൻ ഈ പത്താം തരക്കാരന് കഴിഞ്ഞതിനെക്കുറിച്ച് അഭിമാനിക്കുമ്പോൾ ഞാൻ എന്റെ ഗുരു സാഗരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് പ്രേമനുമായി സംസാരിച്ചപ്പോഴാണ് ശങ്കരൻകുട്ടി മാഷും മരിച്ചുപോയീ എന്ന് ഞാനറിഞ്ഞത്. നമ്പൂരിമാഷും വേണുമാഷും അവരാരും ഇന്നില്ല. എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ....

Thursday, May 28, 2020

ഒരു രാത്രിയാത്രയുടെ ഓർമ്മ...

എഴുപത്താറിലോ എഴുപത്തേഴിലോ ആയിരിക്കാം ചെറിയൊരു അവധിക്ക് ആറളം ഫാമിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നൂ ഞാൻ. തലശ്ശേരിയിൽ നിന്നും പാതിരാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങി. ഇനി രാവിലെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചറിൽ കാരക്കാട്ടേക്ക് പോകണം. അതുവരെ പ്ലാറ്റ് ഫോമിൽ കഴിച്ച് കൂട്ടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പുറത്ത്‌ പോയി കാരക്കാട്ടേക്ക് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു.‌ വിശ്രമമുറിയിലെ എല്ലാകശേരകളിലും ഇരുന്നുറങ്ങുന്നവർ. പ്ലാറ്റ് ഫോം സ്റ്റാളിൽ നിന്നും ഒരു ചായയും കുടിച്ച് പ്ലാറ്റ്ഫോമിൽ കിടക്കുന്ന ഒരു മരപ്പെട്ടിമേൽ വെറുതെ ഇരിപ്പായി.  പാതിരാത്രിയിലും പ്ലാറ്റ്ഫോം സജീവമായിരുന്നു. രാത്രിയിൽ വരാനിരിക്കുന്ന എക്സ്പ്രസ് വണ്ടികളെ കാത്തിരിക്കുന്ന യാത്രക്കാരും വണ്ടിയിറങ്ങി  നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഇരിക്കുന്ന എന്നെപ്പോലുള്ള യാത്രക്കാരും പത്രവിതരണക്കാരും വാണിഭക്കാരും പിന്നെ യൂണിഫോം ധരിച്ച റെയിൽവേ ജീവനക്കാരും പോലീസുകാരും. താമസിയാതെ വലിയ ആരവത്തോടെ മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. വണ്ടിയിൽ വലിയ തിരക്ക്.‌ പെട്ടന്ന് ഞാൻ കേട്ടൂ മക്കളേ തൃശ്ശൂരെത്യോ എന്നൊരു  ചോദ്യം. നോക്കിയപ്പോൾ രോഗിയായ ഒരു വൃദ്ധയായിരുന്നു. വണ്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി. തൃശ്ശൂർ വിട്ട് പോന്നത് അറിഞ്ഞിട്ടില്ല. കൂടെയുള്ള മകൻ വണ്ടിയിൽ മറ്റേതോ ബോഗിയിൽ സുഗസുഷുപ്തിയിലായിരുന്നു. ഞാൻ വേഗം അവരെ വണ്ടിയിൽ നിന്നിറക്കി. ഞാനിരുന്നിരുന്ന പെട്ടിമേൽ ഇരുത്തി. ബ്രസ്റ്റ് കാൻസ ബാധിതയാണ്.  തിരുവനന്തപുരത്ത് നിന്നും‌ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇടക്കിടെ ഇങ്ങനെ പോകണം. മകളുടെ വിലക്ക് വകവെക്കാതെ അവർ അവരുടെ മാറിടം എന്നെ കാണിച്ചു. റേഡിയേഷൻ മൂലം  കറുത്ത് കരുവാളിച്ച് വികൃതമായിരുന്നു. വല്ലാത്ത വിഷമം തോന്നി. എന്തൊക്കെയോ പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പേടിക്കേണ്ട മകൻ ഉണരുന്നേടത്ത് ഇറങ്ങി അടുത്ത വണ്ടിക്ക് തൃശൂരെത്തിക്കൊള്ളും. നിങ്ങളെ ഞാൻ പുലർച്ചെയുള്ള എറണാംകുളം പാസഞ്ചറിന്ന് കയറ്റിത്തരാം. അതിന്ന് മോനേ ഞങ്ങളുടെ കയ്യിൽ പൈസയില്ല. പൈസ മകന്റെ കയ്യിലാണ്.  സാരമില്ല ഞാൻ ടിക്കറ്റെടുത്തിട്ട് വരാം. ഞാൻ വീണ്ടും കൗണ്ടറിൽ പോയി തൃശൂരിലേക്ക് രണ്ട് ടിക്കറ്റെടുത്തു. പത്ത് രൂപ. മുന്നൂറ് രൂപ മാസപ്പടി കിട്ടിയിരുന്ന അന്ന് എനിക്ക് അതൊരു വലിയ തുക തന്നെയായിരുന്നു. ടിക്കറ്റ് അവരെ ഏല്പിച്ചു. അപ്പോഴേക്കും എറണാകുളം പാസഞ്ചർ മൂന്നാം പ്ലാറ്റ് ഫോമിൽ എത്തിയിരുന്നു. ഞാൻ അവരുടെ കറുത്ത് മെലിഞ്ഞ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി മിക്കവാറും കാലിയായിരുന്നു. അവരെ ഒഴിഞ്ഞ സീറ്റിൽ കിടത്തി മകളെ അടുത്തിരുത്തി ഞാൻ അവരോടെ യാത്രപറഞ്ഞു. അതുവരെ മൂകയായിരുന്ന മകൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു വലിയ ഉപകാരം. ഞങ്ങളിത് മറക്കില്ല. ഞാനാദ്യമായാണ് അവളെ ശ്രദ്ധിച്ചത് വണ്ടിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ... അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു...
എന്നാൽ ഞാനിറങ്ങട്ടേ എന്നും പറഞ്ഞ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. പഴയ മരപ്പെട്ടിമേൽ വന്ന് ഇരിപ്പായി. അരമണിക്കൂർ കൂടി കഴിയണം എനിക്ക് കാരക്കാട്ട് ഇറങ്ങാനുള്ള കോഴിക്കോട് പാസഞ്ചർ വരാൻ...

Saturday, May 16, 2020

മദ്രസക്കാലം 1

മദ്രസക്കാലം...1
സ്കൂളിൽ ചേർത്ത് കുറേ കാലം കഴിഞ്ഞായിരുന്നു മദ്രസാ പ്രവേശം. ഓതാനാക്കുക എന്നായിരുന്നു പ്രയോഗം. അന്നൊക്കെ റബീഉൽ അവ്വൽ മാസത്തിലായിരുന്നു പരിപാടി ......
രാവിലെ എട്ട് മണിയായിക്കാണും, ഞാൻ താഴെ കായ്ക്കറിക്കണ്ടത്തിൽ കോപ്പനും ചാത്തനും ചക്കനുമൊക്കെ പണിയെടുക്കുന്നേടത്ത് നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പാടം കാണാം പാടത്തിന്റെ നെടുകെ റെയിൽ പാതകാണാം. അങ്ങ് ദൂരെ കൊണ്ടൂരക്കുന്നും കാണാം. 
കുന്നിനു മേലേ ഇളവയിലിൽ മാഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. വെളുത്ത പുകപോലേ.  കൊയ്ത്തു കഴിഞ്ഞ പാടം. എന്റെ കൂടെ മൂത്താപ്പായുടെ മകൾ മാളുവുമുണ്ടായിരുന്നു. പരസ്പരം വികൃതിയടിച്ചിരുന്നെങ്കിലും അവളെപ്പോഴും എന്റെ കൂടെയുണ്ടാകും.  
കോപ്പനായിരുന്നു പണിക്കാരുടെ നേതാവ്. കോപ്പന്റെ കൈമുട്ടിൽ വലിയൊരു മുഴയുണ്ട്. കിളക്കുമ്പോൾ ആ മുഴ കുലുങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. ചില വികൃതിക്കുട്ടികൾ തഞ്ചം കിട്ടിയാൽ ലോറി ഹോണടിക്കും പോലെ അതിൽ പിടിച്ച്  അമർത്തി പോം പോം എന്ന് പറഞ്ഞ് ഓടും. കോപ്പൻ പിറകെയും കയ്യിൽ കിട്ടിയാൽ ചന്തിക്ക് നല്ല നുള്ളും കിട്ടും... 
അവർ വരിയായി നിന്ന് കിളക്കുകയായിരുന്നു. 
മേലെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ നിന്ന് ഉപ്പ വിളിച്ചു.  "ചാത്താ കുട്ടികളെ കൂട്ടീട്ട് വായോ അവരെ ഇന്ന് മദ്രസയിൽ ചേർക്കണം". മദ്രസ എന്ന് കേട്ടപ്പോൾ കുട്ടിക്ക് പേടിയായി. അറിയാത്ത ഭാഷ. പഠിച്ചില്ലെങ്കിൽ മൊയ്ല്യാരുടെ ചൂരൽ കഷായം കിട്ടും എന്നാണ്‌ കേട്ടിട്ടുള്ളത്. ‌വേം വരിൻ എന്നും പറഞ്ഞ് ചാത്തൻ മുന്നിൽ നടന്നു.‌ മടിയോടെ പിറകിൽ ഞങ്ങളും. വീട്ടിൽ വെല്ലിമ്മയും ഉമ്മയും മൂത്തമ്മയുമൊക്കെ ഞങ്ങളെ യാത്രയയക്കാനുള്ള തിരക്കിലായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുന്ന ഭാവത്തിലായിരുന്നു  അവർ.  വലിയൊരു വട്ടിനിറയെ ഈത്തപ്പഴപ്ലാവിന്റെ ചക്കച്ചുള പറിച്ച് വെച്ചിരുന്നു. പുതിയ കുട്ടികളെ ചേർക്കുമ്പോൾ മദ്രസയിലെ മറ്റു കുട്ടികൾക്ക് ചീരിനി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ്‌ കേട്ടത്. അതൊരു പുണ്യകർമ്മമായി അന്നുള്ളവർ കരുതി. ഞങ്ങൾ കയറിച്ചെല്ലുന്ന ശബ്ദം കേട്ട ആരോ പറഞ്ഞു ബോബനും മോളീം വര്ണ്‌ണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും പ്രസിദ്ധമായി വരുന്ന കാലമായിരുന്നു അത്...
ചായയും അടയും കഴിച്ച് ഞങ്ങൾ വേഗം പുറപ്പെട്ടു. ഉപ്പയും കുട്ടിയും മാളുവും പിറകെ തലയിൽകുട്ടയുമായി ചാത്തനും. മേലേ പടിപ്പുരയിലെത്തിയപ്പോൾ എതിരെ വരുന്നു പള്ളീമാത്ത. എന്റെ കൂട്ടുകാരനായ ഹംസുവിന്റെ അമ്മായിയാണ്‌. മറ്റു കുട്ടികളും അവരെ അമ്മായി എന്ന്തന്നെ വിളിച്ചു. ചിരിച്ചുകൊണ്ട് അവർ ചോദിച്ചു കുഞ്ഞേ കുട്ട്യേളെ ഓതാനാക്കാൻ കൊണ്ടോക്വാണില്ലേ. എല്ലാവരേയും അവർ‌ കുഞ്ഞേ എന്നാണ്‌‌വിളിക്കുക. ഉപ്പ ചിരിച്ചുകൊണ്ട് മൂളി. ചെത്തു വഴിയിലൂടെ റോഡിൽ കയറി. റോഡിന്റെ വളവിലെ ആൽമരത്തിൽ നിറയെ ചുവന്ന ആലിൻ പഴങ്ങൾ. അത് തിന്നാൻ വന്ന പലതരം പക്ഷികളുടെ കലപില ശബ്ദങ്ങൾ. ഒരു കൂട്ടം ചൂളപ്രാവുകൾ ആൽ മരത്തിലേക്ക് പറന്ന് വന്നത് നോക്കിനിന്ന എന്നെ ചാത്തൻ  പതുക്കെ മുന്നോട്ട് തള്ളി. മേപ്പോട്ട് നോക്കി നടന്നിട്ട് തട്ടിത്തടഞ്ഞ് വിഗ്ഗും...ഞങ്ങൾ നടന്നു. അടുത്ത് ആലിക്കാടെ പലചരക്ക് പീടിക, അതിനടുത്ത് കൊള്ളിക്കുഞ്ഞാമുക്കാന്റെ ചായപ്പീടിക. പീടികയുടെ മുന്നിൽ ഒരു പരമ്പ് തട്ടികയിൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരുന്നു. പട്ടാമ്പി കൃഷ്ണയിൽ "ഭാര്യ". അങ്ങാടിയിൽ നിന്നിരുന്ന പലരും ഞങ്ങളെ കൗതുകത്തോടെ നോക്കി. ഉപ്പാനോട് ലോഹ്യം പറഞ്ഞു. കുറച്ചുകൂടി നടന്ന് മദ്രസയിലെത്തി.‌ മദ്രസയിൽ വലിയ ആരവമായിരുന്നു. ഉച്ചത്തിൽ പാഠങ്ങൾ ഉരുവിട്ട് പഠിക്കുന്ന കുട്ടികൾ. ഞങ്ങളെ ചേർത്ത ഒന്നാംക്ലാസ് ചേക്കു  മൊല്ലക്കയുടേതായിരുന്നു. മൊല്ലക്കാനെക്കൂടാതെ ചേറ്യേ മൊയ്ല്യാരും വല്ല്യേ മൊയ്ല്യേരും മയമ്മൗട്ടി മൊയ്ല്യാരുമായിരുന്നു മറ്റ് ഉസ്താദുമാർ. കുട്ടികൾ ചെന്നപ്പോൾ മറ്റുകുട്ടികൾ ഓത്ത് നിർത്തി. സെയ്താലിക്കുട്ടി മൊയ്തീൻ കുട്ടി ഹംസു കുഞ്ഞഹമ്മദ് മുഹമ്മദാലി കുഞ്ഞിമാൻ എന്നിങ്ങനെ ഒരു പാട്‌ സഹപാഠികൾ. ഓത്തു നിർത്തിയ കുട്ടികൾക്ക് നേരേ മൊല്ലക്ക ചൂരൽ വീശിക്കൊണ്ട് കയർത്തു. ഓത്യെട പോത്ത്കളേ. എനിക്ക് ചെറുതായി പേടിതോന്നി. മൊല്ലക്ക എന്നെ മേശയുടെ അടുത്തേക്ക് ചേർത്ത് നിർത്തി. നെറുകയിൽ തലോടി. നീണ്ട് മെലിഞ്ഞ മൊല്ലക്ക. മല്ലിന്റെ തുണിയും ഒരു കറുത്ത സ്വെറ്ററുമായിരുന്നു വേഷം. അദ്ദേഹത്തിന്റെ അടുത്ത് നിന്നപ്പോൾ പുകയിലപ്പൊടിയുടെ മണം...
അലിഫ് ബാ താ ഇദാ ജീമ്  എന്നിങ്ങനെ അറബിയിലെ അക്ഷരമാലകൾ എനിക്കദ്ദേഹം. ചൊല്ലിത്തന്നു. മേശപ്പുറത്തിരിക്കുന്ന നീണ്ട ചൂരലിലേക്ക് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പേടിയോടെ അതേറ്റു ചൊല്ലി. പേടി വെറുതെയായിരുന്നു ഒരിക്കൽ പോലും അദ്ദേഹമെന്നെ തല്ലിയതായി ഓർമ്മയില്ല...
ഞങ്ങളെ മദ്രസയിലെത്തിച്ച് ഉപ്പയും ചാത്തനും സ്ഥലം വിട്ടിരുന്നു. 
പുറത്ത് വലിയ ഉച്ചത്തിൽ കൂവിയാർത്തുകൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞ് പോയി. റെയിൽ പാത് മദ്രസയുടെ അടുത്തായിരുന്നു..
പഠിച്ച് കഴിഞ്ഞാൽ പാഠം മാറ്റിത്തരുകയായിരുന്നു പതിവ്. ഒരു ക്ലാസിൽ തന്നെ പല പാഠങ്ങൾ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കൊണ്ടു വന്ന ചക്കച്ചുള വിതരണം കഴിഞ്ഞ് മദ്രസ വിട്ടു. ബെല്ലടിച്ച ശബ്ദം കേട്ടതോടെ വലിയ ആരവത്തോടെ മറ്റു കുട്ടികൾ പുറത്തേക്കോടി കൂടെ ഞങ്ങളും...
പുറത്ത് വെയിൽ ചൂടായിരുന്നു. രാവിലെ ഉണ്ടായിരുന്ന മഞ്ഞ് മാഞ്ഞു പോയിരുന്നു...
റോട്ടിൽ കടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട് കിഴക്കോട്ട് പോകുന്ന ഒരു കാളവണ്ടി. വണ്ടി നിറയെ വിറകായിരുന്നു. ഭാരം വലിച്ച് തളർന്ന കാളയുടെ വായിൽ നിന്നും നൂലുപോലെ ഒഴുകിവീഴുന്ന നുരയും പതയും... റോട്ടിലെ ചരലിൽ കാള മൂത്രമൊഴിച്ചതിന്റെ നീണ്ട പാട്... കിഴക്കോട്ട് പോകാനുള്ള കുട്ടികൾ വണ്ടിയുടെ പിറകേ കൂടി. കുറേ കുട്ടികൾ വണ്ടിയുടെ പിറകിൽ പിടിച്ച് തൂങ്ങുന്നുണ്ടായിരുന്നു.
കാഴ്ച കണ്ട് നില്ക്കുകയായിരുന്ന എന്നെ മാളു വിളിച്ചു. വായോ പോകാം. ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഇനി വീട്ടിൽ ചെന്ന് ചായകുടിച്ചിട്ട് വേണം സ്കൂളിലേക്ക് പോരാൻ...