എഴുപത്താറിലോ എഴുപത്തേഴിലോ ആയിരിക്കാം ചെറിയൊരു അവധിക്ക് ആറളം ഫാമിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നൂ ഞാൻ. തലശ്ശേരിയിൽ നിന്നും പാതിരാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങി. ഇനി രാവിലെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചറിൽ കാരക്കാട്ടേക്ക് പോകണം. അതുവരെ പ്ലാറ്റ് ഫോമിൽ കഴിച്ച് കൂട്ടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പുറത്ത് പോയി കാരക്കാട്ടേക്ക് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു. വിശ്രമമുറിയിലെ എല്ലാകശേരകളിലും ഇരുന്നുറങ്ങുന്നവർ. പ്ലാറ്റ് ഫോം സ്റ്റാളിൽ നിന്നും ഒരു ചായയും കുടിച്ച് പ്ലാറ്റ്ഫോമിൽ കിടക്കുന്ന ഒരു മരപ്പെട്ടിമേൽ വെറുതെ ഇരിപ്പായി. പാതിരാത്രിയിലും പ്ലാറ്റ്ഫോം സജീവമായിരുന്നു. രാത്രിയിൽ വരാനിരിക്കുന്ന എക്സ്പ്രസ് വണ്ടികളെ കാത്തിരിക്കുന്ന യാത്രക്കാരും വണ്ടിയിറങ്ങി നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഇരിക്കുന്ന എന്നെപ്പോലുള്ള യാത്രക്കാരും പത്രവിതരണക്കാരും വാണിഭക്കാരും പിന്നെ യൂണിഫോം ധരിച്ച റെയിൽവേ ജീവനക്കാരും പോലീസുകാരും. താമസിയാതെ വലിയ ആരവത്തോടെ മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. വണ്ടിയിൽ വലിയ തിരക്ക്. പെട്ടന്ന് ഞാൻ കേട്ടൂ മക്കളേ തൃശ്ശൂരെത്യോ എന്നൊരു ചോദ്യം. നോക്കിയപ്പോൾ രോഗിയായ ഒരു വൃദ്ധയായിരുന്നു. വണ്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി. തൃശ്ശൂർ വിട്ട് പോന്നത് അറിഞ്ഞിട്ടില്ല. കൂടെയുള്ള മകൻ വണ്ടിയിൽ മറ്റേതോ ബോഗിയിൽ സുഗസുഷുപ്തിയിലായിരുന്നു. ഞാൻ വേഗം അവരെ വണ്ടിയിൽ നിന്നിറക്കി. ഞാനിരുന്നിരുന്ന പെട്ടിമേൽ ഇരുത്തി. ബ്രസ്റ്റ് കാൻസ ബാധിതയാണ്. തിരുവനന്തപുരത്ത് നിന്നും റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇടക്കിടെ ഇങ്ങനെ പോകണം. മകളുടെ വിലക്ക് വകവെക്കാതെ അവർ അവരുടെ മാറിടം എന്നെ കാണിച്ചു. റേഡിയേഷൻ മൂലം കറുത്ത് കരുവാളിച്ച് വികൃതമായിരുന്നു. വല്ലാത്ത വിഷമം തോന്നി. എന്തൊക്കെയോ പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പേടിക്കേണ്ട മകൻ ഉണരുന്നേടത്ത് ഇറങ്ങി അടുത്ത വണ്ടിക്ക് തൃശൂരെത്തിക്കൊള്ളും. നിങ്ങളെ ഞാൻ പുലർച്ചെയുള്ള എറണാംകുളം പാസഞ്ചറിന്ന് കയറ്റിത്തരാം. അതിന്ന് മോനേ ഞങ്ങളുടെ കയ്യിൽ പൈസയില്ല. പൈസ മകന്റെ കയ്യിലാണ്. സാരമില്ല ഞാൻ ടിക്കറ്റെടുത്തിട്ട് വരാം. ഞാൻ വീണ്ടും കൗണ്ടറിൽ പോയി തൃശൂരിലേക്ക് രണ്ട് ടിക്കറ്റെടുത്തു. പത്ത് രൂപ. മുന്നൂറ് രൂപ മാസപ്പടി കിട്ടിയിരുന്ന അന്ന് എനിക്ക് അതൊരു വലിയ തുക തന്നെയായിരുന്നു. ടിക്കറ്റ് അവരെ ഏല്പിച്ചു. അപ്പോഴേക്കും എറണാകുളം പാസഞ്ചർ മൂന്നാം പ്ലാറ്റ് ഫോമിൽ എത്തിയിരുന്നു. ഞാൻ അവരുടെ കറുത്ത് മെലിഞ്ഞ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി മിക്കവാറും കാലിയായിരുന്നു. അവരെ ഒഴിഞ്ഞ സീറ്റിൽ കിടത്തി മകളെ അടുത്തിരുത്തി ഞാൻ അവരോടെ യാത്രപറഞ്ഞു. അതുവരെ മൂകയായിരുന്ന മകൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു വലിയ ഉപകാരം. ഞങ്ങളിത് മറക്കില്ല. ഞാനാദ്യമായാണ് അവളെ ശ്രദ്ധിച്ചത് വണ്ടിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ... അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു...
എന്നാൽ ഞാനിറങ്ങട്ടേ എന്നും പറഞ്ഞ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. പഴയ മരപ്പെട്ടിമേൽ വന്ന് ഇരിപ്പായി. അരമണിക്കൂർ കൂടി കഴിയണം എനിക്ക് കാരക്കാട്ട് ഇറങ്ങാനുള്ള കോഴിക്കോട് പാസഞ്ചർ വരാൻ...
No comments:
Post a Comment