Monday, May 21, 2018

നാണ്വാര്

ആധുനിക മാനേജ്മെന്റെ സങ്കേതപ്രകാരം  അത്യാവശ്യങ്ങളൊക്കെ ഔട്ട് സോഴ്സി ങ്ങിലൂടെ നിവർത്തിച്ചു വരവേയാണ് നാണ്വാരാ കഥ കേട്ടത്. കേൾക്വാന്നല്ല പറയേണ്ടത് ടെലിവെഷത്തിൽ കാണ്വായിരുന്നു . മനോരമയിൽ. ആയുധം ചെത്തിയെറിയപ്പെട്ട അമ്പത്തഞ്ചുകാരനായ പാവം യുവാവിന്റെ കഥ. അമ്പത്തഞ്ചുകാരനായ യുവാവ് സ്ഥലത്തെ പ്രധാന ആസാമിയായിരുന്നു എന്ന് പിന്നീടറിഞ്ഞു. കഥ കേട്ട നായർ  അസാരം വെരണ്ടൂന്ന് പറഞ്ഞാമതിയല്ലോ. സാമാന്യം തരക്കേടില്ല്യാതെ ഒന്ന് ഞെട്ടുകയും ചെയ്തു. പണ്ടത്തെപ്പോല്യല്ലാ നി വിട്ന്ന ങ്ങട്ട് ത്തിരി സൂക്ഷിച്ചെന്നെവേണം നേരം പോക്ക് എന്ന ഉറച്ച തിരുമാനത്തിൽ മൂപ്പരെത്തി. മാനികൾക്ക് മാനഹാനി മൃതിയേക്കാൾ ഭയാനകം എന്നാണല്ലോ. ഇതിപ്പോ മാനം പോട്ടേന്ന് വെക്കാം യന്ത്രം പോയാലോ. വേണ്ടാ ഏത് ചൊല്ല് പതിരാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കാം എന്നതിൽ ഇല്ല പതിരൊട്ടുമശേഷം എന്നദ്ദേഹം തിരുത്തി ചൊല്ലിനെ ചെത്തി മിനുക്കി. ഊണിന്ന് ശേഷം മനോരാജ്യത്തിൽ മുഴുകിയപ്പോൾ അപ്പോ തോന്നീ കൂട്യേ കഴിയൂന്ന്. ഉണ്ടിരിക്കുമ്പൊഴാണല്ലോ വിളിതോന്ന്വാ.  കണക്റ്റിങ്ങ് റാഡിനു പരിക്കില്ലാത്ത ഒരു നേരം പോക്ക് തരാവണെങ്കി ഇനി പഴയന്നൂർ വരെ പോകണം എന്നായി സ്ഥിതി. ന്നാ പിന്നെ പോക്വെന്നേന്ന് നിരീച്ച് മൂപ്പരൊരുങ്ങി. ന്നാ ഒന്ന് കൂടി ആലോചിക്കാം എന്ന് കരുതി സതീർത്ഥ്യൻ ഹാജ്യാരെ വിളിച്ചു. ഉപ്പ് പുളിച്ചാ മൊട്ട ചതിക്കുമ്ന്നൊക്കെ പറഞ്ഞ് സ്കൂളീന്നേ പരിഹസിക്വ പതിവാണെങ്കിലും മാപ്ല നല്ലോനാ. നേരമ്പോക്കിന്റെ കാര്യത്തിലൊരു വിദഗ്ദനും. മൂപ്പരാവുമ്പൊ എതിരല്ലാതൊന്നും പറയില്ല. അങ്ങന്യൊന്ന് നിഷേധിച്ച് പോക്വാന്ന് വെച്ചാ അത് ഒരു ഹരാണേയ്.  ഒന്ന് പഴയന്നൂർ വരെ പോണലോ കോയാജീ..
എന്തേ പ്പോ ഈ നട്ടപ്പാതിരക്കൊരു തൂറാമ്മുട്ടല് ന്ന് ഹാജി ഏറനാടൻ ഭാഷയിൽ കാച്ചി.
ഒന്നൂല്ല്യാ ഒന്ന് പോയി വരണം അത്രെന്നേ...
ന്നാലേയ് അത് വേണ്ടാ. കാലം പോക്കാ. ഞാനും ചാകും നിന്നേം കൊല്ലും എന്ന ചേല്ക്ക്  അമ്പെയത് പോല്യാ ശകടങ്ങടെ പോക്ക്.. അത്വോണ്ട് രാത്രീല് യാത്ര വേണ്ടാ... പറഞ്ഞതില് കാര്യണ്ട് ന്ന് നായർക്കും തോന്നി. പ്രയാണം വെളിച്ചത്തിലേക്ക് മാറ്റി. അങ്ങനെ പിറ്റേന്ന് സന്ധ്യക്ക് മുമ്പായിരുന്നൂ പ്രയാണം. വളളത്തോൾ നഗർ പളളം തിരുവില്ല്വാമല വഴി പഴയന്നൂർക്ക്. പ്രയാണം വളരെ സുഖപ്രദമായി തട്ട് തടസ്സങ്ങളൊന്നും കൂടാതെ ലക്ഷ്യം പൂകി. ഈ പട്ടാപ്പകലങ്ങ് ചെന്ന് കയറിട്ട് കാര്യമൊന്നുമില്ല എന്ന് സ്വയം കല്പിച്ച് അവിടവിടങ്ങളിലൊക്കെ കറങ്ങി സന്ധ്യക്കു മുമ്പായിരുന്നു പ്രവേശം. വഴിയോരത്തട്ടുകടയിൽ നിന്നും അത്താഴവും താരാക്കിട്ടാണു ചെന്നുകയറിയത്. നിദ്രാഭംഗത്തിന് താമസമരുത് എന്നാണല്ലോ. ശീഘ്രസ്യ ശുഭം.കാലങ്ങൾക്ക് ശേഷം കാമനെക്കണ്ട കാതരഭാവമൊന്നും കാട്ടാതെ കശ്മല. നവരസങ്ങൾക്കൊപ്പം ജഗതി പഠിപ്പിച്ച ദശാംസവും അഭിനയിച്ച് അനുസരണയുളള കുഞ്ഞാടിനെപ്പോലെ നായർ ''സിന്ദ രഹ്നേ കെ ലിയേ തേരി കസം എക് മുലാകാത് ജരൂരീ ഹേ സനം''  എന്ന തിന്റെ മലയാണ്മ ഉരുവിട്ടുകൊണ്ട്  അറപൂകി. അപ്പോഴായിരുന്നു ഹാലിളക്കം. കശ്മല വിശാല ശയ്യയിൽ നെടുകെ ഒരു വരവരച്ചു. കാതരയായ് മൊഴിഞ്ഞു ഈ രേഖയെ ബേധിക്കണമെങ്കിൽ ഇന്നേക്ക് ഏഴു ദിനരാത്രങ്ങൾ കഴിയണം. കല്പന ദാ ഇപ്പൊ കിട്ടിയതേയുളളൂ... കേട്ടതും
കാറ്റു പോയ ബലൂൺ പോലെ ടിയാൻ ശയ്യയിലേക്കു ചരിയുകയായിരുന്നു. പോം വഴിയെക്കുറിച്ച് ചിന്തിച്ചു. ഒരല്പം ബലം പ്രയോഗിച്ചാൽ.... സാഹസത്തിനു മുതിർന്നാൽ....വേണ്ട. യന്ത്രം ഛേദിക്കപ്പെട്ട ആസാമിയെ ഓർത്തു. കഥ ചിലപ്പോൾ കശ്മലയും കേട്ടുകാണും. എങ്ങാൻ ഉത്തേജിതയായിട്ടുണ്ടെങ്കിലോ. സാമിയെ സ്വപ്നം കണ്ട് ഞെട്ടി നിദ്രയേ പ്രാപിച്ചു....
പുരുഷവർഗ്ഗത്തിന്റെ ഗതികേട് പറയാനും കേൾക്കാനും ഈ നാട്ടിലാരുമില്ലല്ലോ...

Saturday, May 12, 2018

രണ്ടു ചെറുകഥകള്‍

എന്റെ ബാല്യകാലസ്മരണകളെ പുരസ്കരിച്ച് പണ്ട്‌ ഞാന്‍ കൊച്ചു കൊചു ചെറുകഥകള്‍ എഴുതിയിരുന്നു 1980 ല്‍   ... ഒരു നോട്ടു പുസ്തകത്തില്‍ എഴുതി സൂക്ഷിച്ചിരുന്ന കഥകള്‍ ഒന്നും  തന്നെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാഞ്ഞത് അതത്ര നല്ല കഥകളൊന്നു മല്ല എന്ന തോന്നലോ സ്വയം  വിമര്‍ശനമോ ഒക്കെയായിരിക്കാം. അങ്ങനെ പത്തു പതിനഞ്ചു കൊല്ലത്തിനു ശേഷം  എന്റെ മകള്‍ അതെടുത്ത് വായിച്ചിട്ടു  പറഞ്ഞു ഉപ്പാ വളരെ നന്നായിട്ടുണ്ട്‌ഇത്ഏതെങ്കിലും  പത്രത്തിന്‌അയച്ചു കൊടുക്കണം...
അവള്‍ തന്നെ കടലാസിലേക്ക് അക്ഷരത്തെറ്റില്ലാതെ പകര്‍ത്തിത്തരികയും  ചെയ്തു. അങ്ങനെ സ്വന്തമെന്നു കരുതിയിരുന്ന ഒരു പത്രത്തില്‍ അത് കൊടുത്തു. ഒറ്റ അപേക്ഷയേഉണ്ടായിരുനുള്ളു. പ്രസിദ്ധീകരണയോഗ്യമല്ലെങ്കില്‍ മടക്കി അയക്കണം  അതിനുള്ള തപാല്‍ മുദ്രഒട്ടിച്ച് ലക്കോഡും  അടക്കം  ചെയ്തിട്ടുണ്ട്.   ആദ്യ കൃതി വെളിച്ചം  കാണുന്നതും  കാത്ത് ആകാം ഷയോടെ ഒരുപാടിരുന്നു. കാണാനില്ല. പിന്നെ കഥകള്‍ മടക്കിക്കിട്ടാനായി ശ്രമം  വിളിക്കും ... അസ്സലാമു അലൈകും  ഞാന്‍ .... രണ്ടു ചെറുകഥകള്‍‌ തന്നിരുന്നു. മറുപടി ..  "ളേക്കും  സ്ലാം" ഉടന്‍ അയക്കാം  ... മറ്റുതെരക്കുകളുള്ളതുകൊണ്ടും  ജീവസന്ധാരണത്തിന്ന്‌ ഈശ്വരന്‍ മറ്റു വഴികള്‍ കാണിച്ചു തന്നിരുന്നതുകൊണ്ടും  സമയം  പോകുന്നത് അറിഞ്ഞില്ല.. മൂന്നു നാലുതവണ ളേക്കും സ്ലാം  കിട്ടിക്കഴിഞ്ഞപ്പോഴേക്കും  മനസിലായി അതു മടക്കിക്കിട്ടാന്‍ പോകുന്നില്ല എന്ന്‌...
ദുര്യോഗം  നോട്ടു ബുക്ക് കാണാതായിരുന്നു.......
ഈയിടെ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും  അതു വീണ്ടു കിട്ടിയപ്പോള്‍
ചിരിച്ചുകൊണ്ട്‌ഞാനോര്‍ത്തു ... "ലേക്കും  സ്ലാം "
"Yes it was a slam on my face .... "
എനിക്കു പിഴച്ചതെവിടെയാണ്‌....

Thursday, April 26, 2018

പാലപോയ ചൈതാൻ

പാലക്കാട്ടിലെ പാലമരങ്ങളൊക്കെ വെട്ടിയതിന്റെ ശേഷം പാലമരങ്ങളിൽ കുടിയിരുന്നിരുന്ന ചെയ്താന്മാർ വലിയ വിഷമത്തിലായി  അവർ കാടുവിട്ട് നാട്ടിലേക്ക് കുടിയേറി... കാടിനോടുള്ള സ്നേഹം കൊണ്ട് അവശേഷിച്ച ഒരു പാലയിൽ കുടിയിരുന്ന, ചൈതാന്മാരുടെ നേതാവിനു വലിയ സങ്കടമായി.... ചെയ്താന്മാരാണെങ്കിലും അയൽ വാസികളായിരുന്നല്ലോ വിട്ടുപോയത്.
അങ്ങനെ ഒരുദിവസം നാട്ടിൽ നിന്നും വന്ന ഒരു കുട്ടിച്ചൈത്താനോട് നേതാവ്  ചോദിച്ചു കാടുവിട്ട് പോയതിനു ശേഷം കാണാനേയില്ലല്ലോ... എന്താടാ നാട്ടിലെ മനുഷ്യർക്കിടിയിൽ ഇത്രക്ക് സുഖമാണോ, താമസ സൗകര്യമൊക്കെ എങ്ങനെ?. കുട്ടിച്ചൈതാൻ പറഞ്ഞു" അതൊന്നും പറയേണ്ടന്റെ നേതാവേ, നാട്ടിലിപ്പോൾ  ഇവിടത്തേക്കാൾ സുഖമാണ്. ഇപ്പോൾ അവർക്ക് മനുഷ്യരുടെ കോലമേയുള്ളൂ മനസ് നമ്മുടേതു പോലെത്തന്നെ. ദുഷ്ടത്തരമൊക്കെ അവരുടെ അടുത്തു നിന്നു പഠിക്കണം. അച്ഛന്റെ ജോലികിട്ടാൻ അയാളെ കൊല്ലുന്നമകൻ, കള്ളുകുടിക്കാൻ കാശുകൊടുക്കാത്തതിനു അമ്മയെ കൊല്ലുന്ന മകൻ, ദുർ നടപ്പ് ചോദ്യം ചെയ്ത അച്ഛൻ തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് കേസുകൊടുക്കുന്ന മകൾ, പന്ത്രണ്ടു വയസായ മകളെകൊണ്ട് പെൺ വാണിഭം നടത്തുന്ന  മാതാപിതാക്കൾ, സ്വത്തെല്ലാം എഴുതി വാങ്ങിയശേഷം മാതാപിതാക്കളെ നടതള്ളുന്ന മക്കൾ  അങ്ങനെ എത്രയെത്ര രസകരമായ ആചാരങ്ങൾ, മനുഷ്യരിപ്പോ പണ്ടത്തെ പോലൊന്ന്വല്ലന്നേയ്.  അവരങ്ങു പുരോഗമിച്ചുപോയില്ല്യോ നേതാവേ..!
നേതാവു പറഞ്ഞു കേട്ടീട്ടു കൊതി യാകുന്നൂ... ഞാനും പോന്നാലോ താമസ സൗകര്യം പ്രശ്നാവ്വ്വോ...ഒന്നും പേടിക്കാനില്ല നേതാവേ ...കട്ടും കവർന്നും പറ്റാത്തവര്  പലിശക്ക് മേടിച്ചും എത്രയെത്ര കൂറ്റൻ കെട്ടിടങ്ങളാ കെട്ടിയിട്ടിരിക്കുന്നത്. ഒരോന്നിനും എട്ടും പത്തും മുറികൾ താമസക്കാർ ഒന്നോ രണ്ടോ... പിന്നെ പ്രവാസികൾ കെട്ടിയിട്ട കൊട്ടാരങ്ങൾ അവയിൽ കൊല്ലത്തിലൊരിക്കലോ മറ്റോ നാലുദിവസം ആൾപാർപുണ്ടായാലായി ബാക്കി കാലം നമുക്കുതന്നെയല്ലേ...
ന്നാ ഞ്ഞ് വൈകിക്കിണില്ല്യ... നീ നിക്ക് ഞാനും പുറപ്പെടാം ...

Wednesday, March 28, 2018

ഞാനും മാതൃഭൂമിയും 3

അന്നുവരെ മനോരമയായിരുന്നു കാരക്കാട്ട് മുടിചൂടാമന്നൻ. അമ്പതോളം  പത്രവും  പത്തു പതിനഞ്ച് ആഴ്ചപ്പതിപ്പുകളൂം അവർ വിതരണം ചെയ്തു. ദാരിദ്ര്യാ വസ്ഥയും  അക്ഷരജ്ഞാനമുള്ല വരുടെ കുറവും മൂലം    അതിൽ കവിഞ്ഞ സാദ്ധ്യത ഇല്ലായിരുന്നു.  മാതൃഭൂമിയുടെ രംഗപ്രവേശം  മനോരമക്ക്  അസ്ക്യതയുണ്ടാക്കി എന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. മാതൃഭൂമി തുടങ്ങിയവരെല്ലാം  മനോരമ നിർത്തിയിട്ടാണ്‌ തുടങ്ങിയത്. സ്ഥലത്തെ പ്രധാന കോൺഗ്രസ്സു നേതാവായിരുന്ന  കുഞ്ഞുട്ടി എളാപ്പയുടെ മാതൃഭൂമി എടപാട്‌‌  കോൺഗ്രസ് പ്രവർത്തകനായ മനോരമ ഏജന്റ് അബുക്കാക്ക് സുഖിക്കുകയുണ്ടായില്ല എങ്കിലും  നേതാവുമായി തുറന്ന ഒരേറ്റുമുട്ടലിനും  മൂപ്പർ ചാടിപ്പുറപ്പെട്ടില്ല. പക്ഷേ മാതൃഭൂമിയെ കാരക്കാട്ടു നിന്നും കെട്ടു കെട്ടിക്കുക എന്നത് അദ്ദേഹം ഒരു വിശുദ്ധ ദൗത്യമായിത്തന്നെ ഏറ്റെടുത്തു. പാർട്ടിക്കകത്തു നിന്ന് പരസ്പരം ചിരിച്ചു കൊണ്ടു തന്നെ കാലുവാരുക എന്ന പാരമ്പര്യത്തിന്റെ അന്തർധാര അന്നുതന്നെ പാർട്ടിക്കകത്ത് സജീവമായിരുന്നു എന്നാണ്‌‌  ഈ യുള്ളവന്‌  പത്തു നാല്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ചരിത്രം       വിലയിരുത്തുമ്പോൾ മനസിലാകുന്നത്. ആദ്യം മാത്രൃഭൂമിയെക്കുറിച്ച് ദുഷ്പ്രചരണങ്ങളായിരുന്നു. പിന്നെ പിന്നെ അത് പത്രത്തിന്റെ വിതരണം  തടസ്സപ്പെടുത്തു എന്നേടത്തെത്തി. ആഴ്ചയിൽ ഒന്നും രണ്ടും ദിവസം  വിതരണക്കാരൻ പയ്യൻ അവധിയെടുക്കുക പതിവായി. വെറെ ആളെ ഒട്ടു കിട്ടാനു മില്ല എന്ന സ്ഥിതി വന്നു. വരികയാണെങ്കിൽ കൃത്യമായി വരണം എന്നു പറഞ്ഞു  പോയതിന്റെ അനന്തര ഫലം  അടുത്ത മാസം തൊട്ട് വേറെ ആളെ നോക്കിക്കോളൂ എന്നായിരുന്നു. എളാപ്പ. വലഞ്ഞു വിയർത്തി. മനോരമയുടെ കുതന്ത്രങ്ങളിൽ പെട്ട് പത്രം നിന്നു പോകുന്നത് മൂപ്പരുടെ അഭിമാന പ്രശ്നം കൂടിയായിരുന്നു.ആള്‌ വയ്യാട്ടുകവിൽ തറവാട്ടിലെ പരമുഖനും  കോൺഗ്രസ് നേതാവുമൊക്കെ യായിരുന്നുവല്ലോ.  കാശ് പിരിക്കുക. കോഴിക്കോട്ടേക്ക് ചെക്കയക്കുക തുടങ്ങിയ വൈറ്റ്‌ കോളർ‌ മാനേജീരിയൽ പരിപാടി നോക്കികൊണ്ട് വിലസുകയായിരുന്നല്ലോ ഞാൻ. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്നു വെറുതെ നില്കുന്ന കാലത്താണ്‌ ചരിത്രം  സംഭവിക്കുന്നത്. എളാപ്പ മാരുടെ ഇടയിൽ ധിക്കാരി താന്തോന്നി എന്നിത്യാദി വിശേഷണങ്ങളോക്കെ ഞാൻ കഷ്ടപ്പെട്ട് ആർജ്ജിച്ചെടുത്തിരുന്നു വെങ്കിലും  സന്നിഗ്ദ ഘട്ടങ്ങളിൽ ഞാൻ കൈവെടില്ല എന്ന് ഒരു വിശ്വാസം  അവരിലുണ്ടായിരുന്നു എന്നെ നിക്കറിയാം. അത്തരം ഘട്ടങ്ങളിലാണ്‌ എനെറ്റ് എളാപ്പമാരുടെ വാത്സല്ല്യം  ഞാൻ ശരിക്കും  കാണുക പതിവ്‌. മറ്റു മാനേജ്മെന്റുകൾ എന്നെ ഏല്പിച്ചിരുന്നതും അത്തരമൊരവസരത്തിലായിരുന്നു. പലപ്പോഴും  എളപ്പാന്റെ മില്ലിന്റെ ഓപ്പറേറ്റർ തസ്തിക പോലും കയ്യാളാൻ ഭാഗ്യ മുണ്ടായതും അങ്ങനെ തന്നെ. 
അതുപോലൊരു ദിനം  ഞാൻ തറവാടിന്റെ കോലായിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വികെ എ ന്നിന്റെ പിതാമഹൻ വായിച്ചു കൊണ്ടിരിക്കവേ സ്നേഹപൂർവ്വം  എളാപ്പാന്റെ വിളി സ്വരം കാതരമായിരുന്നു സ്നേഹ സമ്പൂർണ്ണം 
കുഞ്ഞു ബാപ്വോ.... ?
ഭവ്യതയോടെ ഞാൻ വിളി കേട്ടൂ .... എന്താ എളാപ്പാ....
പേപ്പറിടിണ ചെക്കൻ ഞ്ഞ് വരൂലാത്രേ...
എളാപ്പ പരുങ്ങി ... തന്റെ ജേഷ്ട പുത്രനും  വയ്യാട്ടുകാവിലെ സന്തതിയും  അഗ്രിക്കൾച്ചർ കോഴ്സ് പാസായി വലിയ ഉദ്യോഗസ്തനാവേണ്ടവനും  (അഒഅപൂർവ്വം ഘട്ടങ്ങളിൽ അഹങ്കാരിയും ഗുരുത്വം കെട്ടവനും) ആയിട്ടുള്ളതായിട്ടുള്ള തന്റെ മുന്നിൽ കിടന്ന് വായിക്കുന്ന ഈ മോൺസ്റ്ററെ എങ്ങനെ പറഞ്ഞു മനസ്സിലാകു മെന്ന സാംത്രാസം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെപോലെതന്നെ ഒരു പാവമായിരുന്നു.
ഞാൻ മയത്തിൽ ചോദിച്ചു "അതിന്‌ ഞാനെന്താ വേണ്ട്" ?
സൈക്കിൾ നീയെടുത്തോ.... എല്ലാ കമ്മീഷനും  നീ എടുത്തോ, വെയ്സ്റ്റ് പേപ്പറൊക്കെ പഴയ വിലക്ക് വിറ്റ് കിട്ടുന്നതും നീയെടുത്തോ ... എളാപ്പാന്റെ കുട്ടി പുതിയൊരാളെ കിട്ടുന്നതു വരെ പത്രം ഒന്ന്   വിതരണം ചെയ്യണം. അല്ലെങ്കിൽ നാട്ട്കാരുടെ മുന്നിൽ മാനം കെടും.  ഞാൻ വ്യക്തമായോർക്കുന്നു... പത്ര വിതരണം എന്നൊക്കെ പറഞ്ഞാൽ ഒരു രണ്ടാം നമ്പർ തൊഴിലാണെന്ന് എന്ന ധാരണയുണ്ടായിരുന്നിട്ടും  എളാപ്പാന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഞാൻ  ആ ഉത്തരവാദിത്വം  ഏറ്റെടുത്തു. അങ്ങനെയാണ്‌ എന്റെ കഥയിൽ ന്യൂസ് പേപ്പർ ബോയ് എന്ന അദ്ധ്യായമുണ്ടായത്. ചുരുങ്ങിയ കാലത്തെ ആജോലി എനിക്കൊരു പാട് അറിവുകൾ‌ നല്കുകയോ എന്റെ മനസിനെ വിശാല മാക്കുകയോ ചെയ്തിട്ടുണ്ട്‌...
അതൊക്കെ അടുത്തതിൽ
തുടരും ...

പോത്തും മാപ്പിളയും

ഞാൻ ഒറ്റക്ക്  വിജനമായ പുഴയിൽ മലർന്നങ്ങനെ കിടക്കുകയാണ്‌.  പൊൻവെയിൽ മങ്ങിക്കഴിഞ്ഞു. പുഴ ഇരുളിന്റെ കരിമ്പടം പുതക്കാൻ ഒരുങ്ങുകയാണ്. ദേശാടനപ്പക്ഷികൾ പറന്നു പോയ് കഴിഞ്ഞിരിക്കുന്നു. നരച്ച ആകാശത്ത് ആദ്യതാരകം ഉദയം കൊള്ളുന്നതിന്നു സാക്ഷിയാകാൻ വെറുതെ ഒരു കൗതുകം. അതിനു വേണ്ടി മാനത്തേക്കു നോക്കി മലർന്നങ്ങനെ  കിടക്കുകയാണ്‌ ഞാൻ. അടുത്തൊന്നും ആളുകളാരുമില്ല. കൂട്ടുകാരങ്ങു ദൂരെ പുഴയിൽ വലിയിടാൻ ഇറങ്ങിയിരിക്കയാണ്‌.  പെട്ടന്ന് വെള്ളത്തിൽ നിന്നെന്തോ കയറിവരുന്ന സ്വരം. ഞെട്ടി തിരിഞ്ഞു നോക്കുമ്പോ‌‌ൾ‌ സന്ധ്യയെക്കാളിരുണ്ട മൂന്നു നാലെണ്ണം... നമ്മൾ  പോത്തുകൾ എന്നും പണ്ധിതന്മാർ‌ മഹിഷങ്ങളെന്നും വിളിക്കുന്നവന്മാർ ഞാനവിടെ കിടക്കുന്നതൊന്നും ഗൗനിക്കാതെ എനിക്കു നേരെ നടന്നടൂക്കുകതന്നെയാണ്‌. പെട്ടന്ന് ഓർമ്മകൾ കുട്ടിക്കാലത്തേക്കു പറന്നു പോയി. ഞാൻ എന്റെ അഭിവന്ദ്യ ഗുരു നീലകണ്ഠൻ നമ്പൂതിരി മാസ്റ്ററുടെ പിറകെ വാടാനാം കുറുശ്ശി സ്കൂളിലേക്ക് നടക്കുകയാണ്‌. കുന്നിറങ്ങി പൊന്നാത്തെ വീടിനു മുന്നിലെ പാടത്തിന്റെ വരമ്പിലെത്തിയപ്പോൾ‌ എതിരെ വരുന്നു ഭീമന്മാരായ രണ്ടു പോത്തുകൾ. ഗുരു ചിരിച്ചുകൊണ്ട്‌പറഞ്ഞു കോയേ നമുക്ക് മാറാം അതാ നല്ലത്. പോത്തും മാപ്ലേം വഴിമാറില്ല്യാന്നാ പ്രമാണം. ഞങ്ങൾ ചിരിച്ചുകൊണ്ട്‌ മുറിവരമ്പിലേക്ക് മാറി. പറഞ്ഞപോലെ തിരുമേനിയും ശിഷ്യനുമാണെന്ന കൂസലൊന്നും കൂടാതെ പോത്തുകൾ‌ കടന്നു പോയി. കഥ ഓർത്തപ്പോഴേക്കും കൂട്ടരടുത്തെത്തി. ഞാൻ ഫോണെടുത്ത് ഒരു ഫോട്ടോ എടുത്ത ശേഷം അവരുടെ വഴിയിൽ നിന്നും മാറിക്കിടന്നു.....
ആകാശത്തേക്കു നോക്കിയപോൾ‌ തരകൾ ധാരാളം ആദ്യതാരകത്തിന്റെ ഉദയത്തിന്നു സാക്ഷിയാകാമെന്ന മോഹം ... അവിടെ കിടക്കട്ടെ ഈശ്വരനനുഗ്രഹിക്കയാണെങ്കിൽ നാളെയുമുണ്ടല്ലോ ആകാശവും നക്ഷത്രങ്ങളും... മറിച്ചാണെങ്കിൽ ഇതിനു മുമ്പു ഞാൻ കണ്ട താരോദയം എനിക്കവസാനത്തേതായിരുന്നിരിക്കാം

കേവലൻ..

ഗ്രാമത്തിൽ ആധുനിക വിദ്യാഭ്യാസം ഒരു അപൂർവ്വ വസ്തുവായിരുന്നകാലം. എഎംഎൽപി സ്കൂളാ യിരുന്നു സ്ഥലത്തെ പ്രധാന കലാലയം. അവിടെനിന്നും സർട്ടിഫിക്കേറ്റ് നേടി ഉന്നത പഠനാർത്ഥം ആറു കിലോമീറ്റർ കുന്നും മേടും കയറി വാടാനാം കുറുശ്ശിയിലേക്ക് പോയിരുന്നവർ വർഷത്തിൽ മൂന്നോ നാലോ.... ബാക്കിയുള്ളവർ നേരിട്ട് ജീവിത സർവ്വകലാശാലയിലേക്ക്  പ്രവേശിക്കയായിരുന്നു പതിവ്. വാടാനാംകുറുശ്ശിക്ക് പോയവർ സനദ് കൈപ്പറ്റി വരുമ്പോഴേക്കും നേരിട്ട് ജീവിതത്തിലേക്ക് പ്രവേശിച്ച വർ ബിസിനസ് മാനേജ് മെന്റിൽ വിദഗ്ദരായി മാറുകയായിരുന്നു പതിവ്. ചിലർ കരിങ്കല്ലു പണിയിൽ വൈദഗ്ദ്യം നേടി. ഇനിയുമൊരു കൂട്ടർ പത്താം ക്ലാസിലും നിൽകാതെ കോളേജ് അന്വേഷിച്ചു പോയി. അന്ന് പട്ടാമ്പിയിൽ കോളേജ് തുറന്നിട്ടുണ്ടായിരുന്നില്ല. ഒറ്റപ്പാലം എൻ എസ്‌ എസ്‌ കോളേജ് ഉണ്ടായിരുന്നു.
എങ്കിലും കൂടുതൽ പേർക്കും ഫാറൂഖ് ക്പ്പ്ലേജിനോടായിരുന്നു പഥ്യം. പുലാക്കൽ ആലിമാഷ്. ഹംസക്കോയമാഷ് പുലാക്കൽ ബാപ്പുട്ടി എന്ന യൂസഫ് ദിൽകൂഷ് അബ്ദുറഹ് മാനിക്കാന്റെ ബാവ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
അവധിക്കാലങ്ങളിൽ കോളേജിൽ നിന്ന് വന്നവരും സമപ്രായക്കാരായ കൂട്ടുകാരും ഒന്നിച്ച് സ്വാഭാവികമായും പല പല നേരം പോക്കുകളിലും വ്യാപൃതരാവും. ഭാരതപ്പുഴയിലെ പഞ്ചാര മണൽ തിട്ടകൾ അവരുടെ കളി തമാശകൾ കൊണ്ട് മുകരിതമാകും.
ആയിടക്കൊരിക്കൽ എല്ലാവരും കൂടി ഒത്തുകൂടി അവരുണ്ടാക്കിയിരുന്ന വായന ശാലയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി...
ചർച്ച പുരോഗമിക്കവേ ഫാറൂഖ് കോളേജിൽ പഠിക്കുകയായിരുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ എതിർത്ത മെമ്പറോട് പ്രസിഡന്റ് പറഞ്ഞു " നീ മിണ്ടാതിരിക്ക് നീ കേവലം ഒരു മെമ്പറല്ലേ." അത് കേട്ട് എല്ലാവരോടുമൊപ്പം ചിരിച്ചെങ്കിലും വാചകത്തിന്റെ തുടക്കം മൂപ്പർക്ക് പിടി കിട്ടിയില്ല.... മീറ്റിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും ഒരുപാടു നേരം മണൽ തിട്ടയിലിരുന്ന് കാകാറ്റുകൊണ്ട് വലിയപള്ളിയിൽ നിന്നും‌ ചേക്കുമൊല്ലക്ക ഇശാ ബാങ്ക് കൊടുത്തപ്പോൾ അവർ പിരിഞ്ഞു. വീട്ടിലെത്തിയപ്പോഴും മെമ്പർക്ക് കേവലം എന്നതിന്റെ അർത്ഥം കുറക്കനു കിട്ടിയ പൊതിക്കാതേങ്ങയായി. പിറ്റേന്ന് കവലയിലെത്തി ആദ്യം‌ കണ്ട കൂട്ടുകാരനോടാരാഞ്ഞു. " ഇന്നലെ അവനെന്നോട് പറയ്വാ കേവലം മെമ്പറായ ഞാൻ മിണ്ടരുത് ന്ന്. എന്താടോ ഈ കേവലം. ?"
കൂട്ടുകാരൻ ഞെട്ടലഭിനയിച്ചു. " ങേ അവനങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല "
"അല്ല പടച്ചോനെത്തന്നെ പറഞ്ഞു."
" ന്നാ മോശായിപ്പോയി. എന്തായാലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...
കേവവലം എന്നാൽ എന്തോ വലിയ തെറിയാണ് എന്ന മട്ടിലായിരുന്നു ബോധനം. കേവലം എന്നത് എന്താണെന്ന് മൂപ്പർ ചങ്ങാതിമാരോടൊക്കെ ചോദിക്കും എന്ന് കണ്ട കൂട്ടുകാരൻ തന്റെ പ്രതികരണം എല്ലാ കൂട്ടുകാരെയും അറിയിച്ചിരുന്നു. അതു പ്രകാരം ചോദിച്ചവരൊക്കെ മറുപടികൊടുത്തു. ചങ്ങാതിക്ക് ദേഷ്യം വന്നു. അവനെ രണ്ടു പറഞ്ഞിട്ടു തന്നെ കാകാര്യമെന്ന് നിരൂപിച്ച് അന്വേഷിച്ച് ചെന്നപ്പോൾ അദ്ദേഹം ഫാറൂഖ് കോളേജിലേക്ക് പോയ് കഴിഞ്ഞിരുന്നു. ദേഷ്യ മനസിൽ വെച്ച് മടങ്ങി റോട്ടിലെത്തിയപ്പോൾ എതിരെ വരുന്നു പോസ്റ്റുമാൻ കൃഷ്ണൻ കുട്ടി നമ്പ്യാർ....
അദ്ദേഹം നമ്പ്യാരുടെ പക്കൽ നിന്നും ഒബ്രു അഞ്ച് പൈസക്ക് ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ നിറയെ എഴുതി കേവലാ കേവലാ നൂറ് കേവലാ ആയിരം കേവലാ നീയാണെടാകേവലൻ. കാർഡ് മുഴുവൻ എഴുതി നിറച്ച് ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റലിന്റെ വിലാസമെഴുതി പോസ്റ്റു ചെയ്തേ അദ്ദേഹം വിശ്രമിച്ചുള്ളൂ എന്ന് പറഞ്ഞാൽ മതിയല്ലോ ...

Sunday, March 25, 2018

മഴതോർന്നപ്പോൾ

തപിച്ചുരുകുന്ന ആകാശത്തിനു കീഴെ തണുത്ത് വിറക്കുന്ന മഴക്കാലത്തെ ഓർക്കുന്നത് സുഖമുളള ഒരു  ഏർപ്പാടാണ്.......
നടുമിറ്റത്ത് ഉച്ചത്തിൽ പതിക്കുന്ന മഴയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. ഇച്ഛാഭംഗത്തോടെ അവനോർത്തു ഇന്നും മഴതന്നെ.തലേന്ന് പകലും രാത്രി മുഴുവനും മഴ തോരാതെ പെയ്തിരുന്നു. പുറത്തൊന്നും ഇറങ്ങാൻ ഒരു പഴുതുമില്ലാത്ത മഴ. കുട്ടിയുടെ ഒരു പാട് പദ്ധതികളാണ് മഴ മുക്കിക്കളഞ്ഞത്. മിറ്റത്തും തൊടിയിലും പാടത്തുമൊക്കെ ഓടിനടക്കേണ്ട ഒരൊഴിവു ദിവസം കോലായിൽ ഒതുങ്ങിക്കൂടേണ്ടി വരിക മഹാ മടുപ്പൻ പരിപാടിതന്നെ... കോലായത്തിണ്ണയിലേക്ക് ചാഞ്ഞ് മിറ്റത്ത് പെയ്യുന്ന മഴ നോക്കിക്കൊണ്ട് അവൻ ചിന്തയിലാണ്ടു... തൊഴുത്തിൽ നിൽകുന്ന പോത്തുകളും മൂരികളും തൊഴുത്തിന്റെ ഇറയത്ത് കയറിനിൽകുന്ന നനഞ്ഞൊട്ടിയ കോഴികളും മിറ്റം നിറഞ്ഞ്  പടിഞ്ഞാറോട്ടൊഴുകിപ്പോകുന്ന മഴവെള്ളവും തൊഴുത്തിനു മുകളിൽ പടർന്നു നിൽകുന്ന് മത്ത വള്ളിയിൽ വിടർന്നു നിൽകുന്ന മഞ്ഞപ്പൂക്കൾക്കകത്തേക്ക് പറന്നിറങ്ങിയ കറുത്ത വണ്ടും ഒന്നും അവന്റെ ശ്രദ്ധയെ പിടിച്ചു പറ്റിയില്ല. തൊടിക്കപ്പുറം പാടവും റെയിലും പുഴയുമൊക്കെ വെളുത്ത പുകപോലെപെയ്തിറങ്ങിയ മഴയിൽ മൂടിപ്പോയിരുന്നു....
മഴയുടെ ഇരമ്പം മെല്ലെ കുറഞ്ഞു വന്നു. മഴ മെല്ലെ തോരുകയാണ്. മഴയിൽ മൂടിയിരുന്ന കൊണ്ടൂരക്കുന്ന് മെല്ലെ പ്രത്യക്ഷപ്പെട്ടു. മാനത്തോടൊപ്പം മനവും തെളിഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നിറങ്ങി. അവൻ കുളക്കരയിലേക്കു ചെന്നു. അവിടെ നിന്നാൽ പാടവും പുഴയും പാതയും ദൂരെ കൊണ്ടൂരക്കുന്നും കൂടുതൽ തെളിഞ്ഞു കാണാം. മുകിലുകൾ മാഞ്ഞ് മാനം തെളിഞ്ഞു. കുന്നിനു നെറുകിൽ വെയിൽ പരന്നു. കുട്ടി കൗതുകത്തോടെ നോക്കുമ്പോൾ പുഴയും പാടവും കുളവും ഒന്നായിരിക്കുന്നു. കണ്ടാറിപ്പാടത്ത് നടാൻ വേണ്ടി പറിച്ച് കൂട്ടിയിരുന്ന ഞാറ് പാടം മുഴുവൻ പ്രളയജലത്തിൽ ഒഴുകി നടക്കുന്നു. കോപ്പനും ചാത്തനും ചക്കനുമെല്ലാം ഞാറ്റിൻ മുടികൾ പെറുക്കിയെടുക്കുകയാണ്. ഉപ്പ കുളക്കരയിൽ പണികൾക്ക് മേൽ നോട്ടം വഹിക്കുന്നു. ഉപ്പായുടെ അനുജൻ കുഞ്ഞുട്ടി എളാപ്പ വാഴകൾ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ‌ കുളത്തോടു ചേർന്ന പാടത്തുകൂടി തുഴഞ്ഞു നീങ്ങുന്നു...
ഇപ്പോൾ എല്ലായിടത്തും വെയിൽ പരന്നിരിക്കുന്നു. പാടത്തെ കാഴ്ചകൾ കണ്ടു കൊണ്ടു നിൽകെ കുട്ടികേട്ടു വീട്ടിൽ നിന്നും ആരോ ആവനെ ഉച്ചത്തിൽ വിളിക്കുന്നു... ചായകുടിക്കാനാണ്. ചുമലിൽ നിന്നും വഴുതിയിറങ്ങിയ ട്രൗസറിന്റെ വളളി നേരെയാക്കി അവൻ വീട്ടിനു നേരെ ഒരോട്ടം വെച്ച് കൊടുത്തു....