വിഷു
******
ഇന്ന് വിഷുവാണ്. നല്ലത് കണി കണ്ടു കൊണ്ടുണരണമെന്ന് മലയാളികൾ കരുതുന്ന ദിവസം. സുന്ദരമായ ഒരു വിഷുസ്മരണ പങ്ക് വെച്ചുകൊണ്ട് തുടങ്ങാം. ആയിരത്തിത്തോള്ളായിരത്തി എൺപത്തിമൂന്ന് ഏപ്രിൽ പതിനാല്. ഞാൻ പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രൊജക്റ്റിലെ ബാച്ച്‌ലർ കോർട്ടേഴ്സിൽ താമസിച്ചിരുന്ന കാലം. ഒറ്റക്കായിരുന്നു പൊറുതി. ഭാര്യയും മകളും നാട്ടിൽ. ഒഴിവു ദിവസങ്ങളിൽ ഓഫീസിൽ പോയി കുറച്ചു നേരം ജോലി ചെയ്താൽ ഒരു ദിവസത്തെ കോമ്പൻസേഷൻ ലീവ് തരാക്കാം. അങ്ങനെ മൂന്നോ നാലോ ഒത്താൽ വീട്ടിൽ വരാം. പൈസക്ക് വലിയ മൂല്ല്യമുണ്ടായിരുന്നകാലമായിരുന്നു. മൊത്ത ശമ്പളം നാലക്കം തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാസത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ടിരുന്ന അക്കാലത്ത് ഒരാഴ്ചത്തെ അവധിയെങ്കിലും ഇല്ലാതെ നാട്ടിൽ പോകുന്നത് മുതലാകാത്ത കച്ചവടമായിരുന്നു. അവധി ദിവസം ജോലിചെയ്യണമെങ്കിൽ സൂപ്രണ്ടിന്റെ അനുവാദം വേണം. ഒറ്റപ്പാലത്തുകാരൻ സഹസ്രനാമ അയ്യരായിരുന്നു ബോസ്. വലിയ കൊമ്പൻ മീശയുമൊക്കെയായി ഒരജാനബാഹു. വിരമിക്കാനിനി ഒരുകൊല്ലം മാത്രം ബാക്കി. കാഴ്ചക്ക് ഭീകര രൂപിയായിരുന്നെങ്കിലും തങ്കപ്പെട്ട മനുഷ്യൻ. ഹോളീഡേവർക്ക് തന്നെ എന്നെപ്പോലുള്ളവർക്ക് അദ്ദേഹം ബോധപൂർവ്വം നൽകിയ ഔദാര്യമായിരുന്നു.
ഞാൻ പുലർച്ചെ ഉണർന്നു. സൂപ്രണ്ട് താമസിക്കുന്ന C 1 കോർട്ടേഴ്സിലേക്ക് പുറപ്പെട്ടു. എന്റെ കോർട്ടേഴ്സ് നിൽക്കുന്ന കുന്നിന്റെ നെറുകിലായിരുന്നു സി 1. അവിടെച്ചെന്ന് മൂപ്പരുടെ സമ്മതം വാങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ഫാമിലേക്ക് നടക്കണം. വഴിക്ക് കെ വൈ ഐ പി കാന്റീനിൽ നിന്ന് പ്രാതലും അതായിരുന്നു പരിപാടി. ഞാൻ സി 1 ലേക്ക് കുറുക്ക് വഴിക്ക് കുന്ന് കയറി. ഇന്നലെ രാത്രി പെയ്ത മഴയിൽ കുതിർന്ന് കിടക്കുന്ന വഴിയിൽ ചിതറിക്കിടക്കുന്ന മരുതിൻ പൂക്കൾ. നെറുകിലെത്തി തിരിഞ്ഞു നോക്കി. സുന്ദരിയായ പ്രകൃതിയെ കണികണ്ടു. കക്കയം മലകൾക്ക് മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന ഡാമും പരിസരങ്ങളും മനോഹരമായ കാഴ്ച കുറച്ച് നേരം ആസ്വദിച്ച് ഞാൻ സി 1 ലേക്ക് നടന്നു. കോർട്ടേഴ്സിനു മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന. ചെന്ന് ബെല്ലടിച്ചു. താമസിയാതെ അദ്ദേഹം വാതിൽ തുറന്നു ഗൗരവത്തിൽ നോക്കി. ചോദ്യരൂപത്തിൽ നീട്ടിയൊരു മൂളൽ. ങൂൂൂം…
ഞാൻ വിനീതനായി"ഓഫീസിൽ കുറച്ച് പണിയുണ്ട്. കാഷ്വൽ തൊഴിലാളികളുടെ വേജ് കൂട്ടണം. സ്റ്റോക് എൻട്രിയും ഉണ്ട്. അത് തീർത്താൽ എനിക്ക് അടുത്ത ആഴ്ച വീട്ടിലൊന്ന് പോകാമായിരുന്നു. സംഗതി പിടികിട്ടിയമട്ടിൽ അദ്ദേഹം ചിരിച്ചു. കേറിയിരിക്ക് എന്നും പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി. ഞാൻ ഇരുന്നു. ഒറ്റക്കാണ് താമസമെങ്കിലും എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
കയ്യിൽ ഒരു പഴ്സുമായി പുറത്ത് വന്നു. അതിൽ നിന്നും രണ്ടു രൂപയുടെ പുതിയ കെട്ട് എടുത്ത് പൊട്ടിച്ചു. ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ എഴുന്നേറ്റു. ഉപചാര പൂർവ്വം രണ്ട് കയ്യും നീട്ടി അത് വാങ്ങുകയും ചെയ്തു.
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ഇവിടെ എന്റെ കൂടെയാ ഇയാൾക്ക് ഡ്യൂട്ടി. ഇവിടെ ഇരുന്നോ. സർ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല. അവിടെ ഇരി എല്ലാം ഇവിടെ വരും. എല്ലാം വന്നു. കുറേകഴിഞ്ഞപ്പോൾ മോഹൻ ദാസ് സാറും അനന്ദരാജ് സാറും വന്നു. അവർക്കെല്ലാം രണ്ടു രൂപയുടെ പുതിയ ഓരോ നോട്ട് കൈനീട്ടം. പ്രൊജക്റ്റിലെ പണിക്കാരും വന്ന് കൈനീട്ടം വാങ്ങുന്നുണ്ടായിരുന്നു. പിന്നെ റമ്മികളി തുടങ്ങി. കളിയും ചിരിയും തമാശകളുമായി അന്ന് ഉച്ചവരെ അവരോടൊപ്പം കൂടി. ഊണ് കഴിച്ച് മടങ്ങി റൂമിൽ വന്ന് കിടന്നുറങ്ങി………
അത് അന്നത്തെകാലം. ഇനി വർത്തമാന കാലത്തിലേക്ക്, എന്റെ ഇന്നത്തെ കണി ഇനി ശിഷ്ടകാലം എനിക്ക് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല. യുപി യിൽ ജാതിപറഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറക്കിവിടപ്പെട്ട ഒരു സഹോദരി നടപ്പാതയിൽ പ്രസവിച്ച്കിടക്കുന്ന കാഴ്ച. തളർന്ന് കൂട്ടുകാരിയുടെ മടിയിൽ ചാഞ്ഞു കിടക്കുന്ന അമ്മയും സിമന്റ് പാതയിൽ കിടന്ന് തൊണ്ടകീറിക്കരയുന്ന പൈതലും. അതിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നില്ല. അതിന്റെ ഫോട്ടോതന്നെ മതിയാകും മനുഷ്യർക്ക്.
No comments:
Post a Comment