തവനൂര് പഠിച്ചിരുന്ന കാലം എഴുപത്തിനാലിലായിരുന്നു എന്നാണ് ഓർമ്മ. അന്ന് എനിക്ക് വയസ് പതിനേഴ്. ഹിന്ദിസിനിമയിലെ വിപ്ലവങ്ങളുടെ രാജാവ് രാജ് കപൂർ തന്റെ മകൻ ഋഷിയെ നായകനും കൊച്ചു സുന്ദരി ഡിമ്പിൾ കപാടിയയെ നായികയുമാക്കി കൗമാര പ്രണയത്തിന്റെ തീക്ഷ്ണത പ്രമേയമാക്കി ഒരു പടമെടുത്തു. പ്രമേയത്തിന്റെ പുതുമകൊണ്ടോ നായികയുടെ നാമമാത്രമായ വാസ്ത്രം കൊണ്ടോ അതി മനോഹരങ്ങളായ ഗാനങ്ങൾകൊണ്ടോ എന്തോ പടം തകർത്താടി. നഗരങ്ങളിലൊക്കെ മാസങ്ങൾ നിറഞ്ഞോടി.
ഹം തും എക് കമരേമെ ബന്ധ് ഹോ എന്ന ഗാനം റേഡിയോയിൽ കേട്ടതുമുതൽ തുടങ്ങി ഈയുളളവനും പടം കാണാനുളള പൂതി. സ്റ്റഡി ടൂറിനിടെ മദുരയിൽ നിന്നും കോയമ്പത്തൂർ നിന്നും ശ്രമിച്ചെങ്കിലും തിരക്കുകൊണ്ട് ടിക്കറ്റു കിട്ടാതെ പോയി. പിന്നീട് മാസങ്ങൾക്കു ശേഷം സുഹൃത്ത് മാനുവിന്റെ ചെലവിൽ തൃശൂർ ഗിരിജയിൽ നിന്നാണ് കാണാനൊത്തത്. പടമൊരു സംഭവം തന്നെയായിരുന്നു എന്ന് എന്നെപ്പോലുളള ചെക്കന്മാർക്കും ചെറുപ്പക്കാർക്കുമൊക്കെ തോന്നി. പക്ഷേ പാട്ടുകൾ അതിനപ്പുറമായിരുന്നു. കേട്ടു കൊണ്ടേ ഇരിക്കണമെന്ന തോന്നൽ. എല്ലാ ചുണ്ടുകളിലും ബോബിയിലെ പാട്ടുകൾ.
അലിക്കാക്കയും മാനുവുമായിരുന്നു മറ്റു പ്രധാന ആസ്വാദകർ. ഒരു ദിവസം വൈകുന്നേരം തമ്മിൽ കണ്ടപ്പോൾ അലിക്കാക്ക പറഞ്ഞു. പൂവ്വത്തിങ്ങലെ മുഹമ്മദ് ഒരു റിക്കാർഡ് പ്ലെയർ കൊണ്ടു വന്നിട്ടുണ്ട്. ഒറ്റ റിക്കാർഡിൽ ബോബിയിലെ എല്ലാ പാറ്റുകളും ഉണ്ടത്രേ. കിട്ടിയാ നമൊക്കൊന്ന് പൂതിതീരുവോളം കേക്കായിരുന്നു. സംഗതി മാനുവും സമ്മതിച്ചു. പക്ഷേ ആര് ചോദിക്കും. വയ്യാട്ടിക്കാരല്ലേ അത്യാവശ്യം ഈഗോ പ്രോബ്ലം ണ്ടായിരുന്നേയ്... കൂട്ടത്തിൽ തൊലിക്ക് അത്യാവശ്യം കട്ടിയുണ്ടായിരുന്ന ഞാൻ ദൗത്യം ഏറ്റെടുത്തു. ആഢ്യത്വം കൊണ്ടിരുന്നാൽ പാട്ടു കേൾക്കാൻ പറ്റില്ലല്ലോ.റേഷൻ കടയടച്ച ശേഷം ഞാനും അലിക്കാക്കയും മാനുവും കൂടി അലിക്കാക്കാന്റെ വടക്കേ പറമ്പിലെ വീട്ടിലേക്ക് പോയി. അവിടെനിന്ന് ഞാനൊറ്റക്ക് അയൽ പക്കത്തുളള മുഹമ്മദിക്കാടെ വീട്ടിൽ ചെന്നു. അദ്ദേഹം സ്നേഹാദരപൂർവ്വം സ്വീകരിച്ചു കുശലമന്വേഷിച്ചു. എന്താ കുഞ്ഞാപ്വോ പതിവില്ലാതെ ഈ നേരത്ത്... ഞാനൊന്ന് ചമ്മി... ബോബീലെ പാട്ടൊന്ന് കേക്കണം ന്നണ്ട്. ഇവടെ സാധനം ണ്ട് ന്ന് കേട്ടു...
അതിനെന്താടോ ഇത്ര ഒയലാനുളളത്. ങാ വെയ്യാട്ടിക്കാരനാണലോ... എന്നു കളിയാക്കിക്കൊണ്ട് അകത്തു പോയി ഉപകരണവും റിക്കാർഡും കൊണ്ടു വന്ന് തന്നു. ഒതുക്കമുളള ചൊങ്കൻ. പണ്ട് വീട്ടിലുണ്ടായിരുന്ന പത്തായം പോലത്തെ എച് എം വി യുടെ രണ്ടാം തലമുറ. കയ്യിൽ തൂക്കാവുന്ന വലിപ്പവും ഘനവും. ഒരു ഡിസ്കിൽ തന്നെ ധാരാളം പാട്ടുകൾ. ചാവികൊടുക്കേണ്ട ബാറ്ററിയിൽ പാടിക്കോളും. മുനതേയുമ്പോൾ മാറ്റിയിടേണ്ട സൂചിക്ക് പകരം വർഷങ്ങൾ ഈടു നിൽകുന്ന വജ്രസൂചി. സന്തോഷത്തോടെ ഞാൻ ചെല്ലുമ്പോൾ അലിക്കാക്കയും മാനുവും കാത്തിരിക്കിന്നു.
ഒരുപാടു നേരം ഇരുന്നും കിടന്നും ഞങ്ങൾ പാട്ടുകൾ കേട്ടു.
* ബാഹർ സെ കോയ് അന്തർ
*ബേഷാകെ മന്ദിര് മസ്ജിദ് തോഡോ
*ജൂട്ട് ബോലേ കവ്വാ കാട്ടേ
*മേം ഷായിർ തോ നഹി
* നാ മാങ്കു സോനാ ചാന്ദി..
പാട്ടു കേട്ട് കേട്ട് അവിടെതന്നെ കിടന്നുറങ്ങി പുലർച്ചെ ഉപകരണം തിരിച്ചേല്പിക്കുകയും ചെയ്തു...
ഇന്ന് പത്ത് നാല്പതു വരഷങ്ങൾക്കു ശേഷവും ആ പാട്ടുകൾ കാതിനിമ്പമായിത്തന്നെ നിലനിൽകുന്നു. പക്ഷേ കാഴ്ച പണ്ടത്തെയത്ര ആസ്വാദ്യകരമായി തോന്നുന്നില്ല... ഒരു പതിനേഴുകാരനും അറുപതുകാരനും തമ്മിലുളള ആസ്വാദന നിലവാരത്തിന്റെ വ്യതിയാനമാകാം.
അതേസമയം സംഗീതം അത് സാർവ്വകാലികം തന്നെ....
ഇന്ന് തിരക്കില്ലാത്ത വേളകളിൽ എന്റെ ഫോണിൽ ശേഖരിച്ചിട്ടുളള അതുപോലുളള നിരവധി പാട്ടുകളിൽ നിന്നും ഞാൻ ബോബിയിലെ പാട്ടു തെരഞ്ഞെടുക്കുമ്പോൾ പോയി മതിയാക്വോളം കേട്ടോ എന്നും പറഞ്ഞ് മടികൂടാതെ വിലപ്പെട്ട പാട്ടുപെട്ടി എനിക്കു നേരെ നീട്ടി ചിരിച്ച, അകാലത്ത് ഞങ്ങളോട് വിട പറഞ്ഞ മുഹമ്മദിക്കാനെ ഞാൻ പ്രാർത്ഥനയോടെ ഓർക്കുന്നു...
സംഗീതത്തിൽ മുഴുകി ഒഴുകിനടക്കുന്ന ഇന്നത്തെ യുവത ഇതൊക്കെ വിശ്വസിക്കുമോ ആവോ..
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, April 1, 2019
ബോബിയിലെ പാട്ടുകൾ...
Subscribe to:
Post Comments (Atom)
No comments:
Post a Comment