Wednesday, October 16, 2019

ഫാൾസ് ലോക്ക്

പുലർച്ചെ അഞ്ചര മണിക്ക് നൂറ്റി എൺപതു കിലോമീറ്റർ അകലെനിന്നും കളത്രത്തിന്റെ വിളി...ഇക്കാ കിടപ്പറയുടെ വാതിൽ തുറക്കാൻ പറ്റുന്നില്ല ഞങ്ങളിതിനകത്ത് കുടുങ്ങിയിരികയാണ്. പതിവുപോലെ പെട്ടന്ന് സാമാന്യം തരക്കേടില്ലാത്ത ദേഷ്യമാണ്‌ വന്നത്. ഇത്രയകലെ കിടക്കുന്ന ഈ മനുഷ്യനെ വിളിക്കാതെ നിന്റെ തൊട്ടടുത്തുള്ള അല്ലാഹു വിനെ വിളിച്ചു കൂടേ പോത്തേ എന്നു പറഞ്ഞാലോ എന്നാണ്‌ ആദ്യം തോന്നിയത്. വേണ്ടപാവം ഒരു വിഷമത്തിൽ പെട്ടാൽ ഏറ്റവുംസ്നേഹിക്കുന്നവരെയാണ്‌ മനുഷ്യൻ ആദ്യം വിളിക്കുക എന്നനിലക്ക് ഞാൻ സന്തോഷിക്കേണ്ടതുമാണ്‌ .തല്കാലം സ്വൈരക്കേടായാലും... പിന്നെ അല്ലാഹുവിനെ വിളിച്ചാലും സഹായം നടപ്പാക്കപ്പെടുക മിക്കവാറും മനുഷ്യരിലൂടെ ത്തന്നെയാണല്ലോ...
ഞാൻപറഞ്ഞു സാവകാശം വാതിലിന്റെ പിടി ഒന്നുകൂടി മേലോട്ട് പ്രസ്സു ചെയ്ത് താഴ്ത്തി നോക്ക്
അപ്പുറത്തു നിന്നും നിലവിളിയോടടുത്തെത്തിയ ശബ്ദം " അരമണിക്കൂറായി ഞാൻ ശ്രമിക്കുന്നു.ഞാൻ ഫോൺ കട്ടുചെയ്തു വീണ്ടും  വിളിച്ചപ്പോൾ അവൾ നമസ്കരിക്കുകയാണെന്ന് മകൾ.കൊള്ളാം അതു കഴിയട്ടെ.. അതുകഴിഞ്ഞു വീണ്ടും  വിളിച്ചു ...നോക്കിയോ ?
നോക്കി തുറക്കുന്നില്ല. നീയൊന്ന് ആയത്തുൽ കുർശിയ്യൊക്കെ ഓതി മനസ്സിനെ ശാന്തമാക്കിയിട്ട് ശ്രമിക്ക്...

" ങാ ഇപ്പൊതൊറന്നു..."
അൽ ഹംദു ലില്ലാഹ്  നന്നായി...
********************************************************************************              ഇനി വാതിലിന്ന്‌ ഫാൾസ് ലോക്ക് വീണാൽ ആയത്തുൽ കുർശിയ്യ ഓതിയാൽ മതി എന്നു ഞാൻ പറഞ്ഞു എന്നൊന്നും ഒരാളും പറഞ്ഞു കളയരുത്. ഒരു ആശാരിയേയോ കരുവാനേയോ വിളിച്ച് പൂട്ട് പോളിക്കുക എന്നതാണ്‌ അതിന്റെ യുക്തി മിയ്കവാറും അതു തന്നെ വേണ്ടി വരികയും ചെയ്യും ... പിന്നെ നിസസഹായരെ ചിലപ്പോൾ മറ്റു വഴികളിലൂടെയും ഈശ്വരൻ സഹായിച്ചെന്നിരിക്കും ... സായിപ്പതിനെ മിറാക്കിൾ എന്നു വിളിക്കുന്നു.

Monday, October 14, 2019

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലായിരിക്കാം. അതൊരുവേനലറുതിയിലായിരുന്നു.ഞാൻ ഉമ്മായുടെ കൂടെ കുളത്തിലേക്ക് പോയതായിരുന്നു. വലിയ കുളം. വേനലായതുകൊണ്ട് വെള്ളം കുറവായിരുന്നു. ഉള്ള വെള്ളത്തിന്റെ  പകുതി ഭാഗവും കുളച്ചണ്ടി മൂടിക്കിടന്നു. ബാക്കി പരൽ മീനുകൾ ഓടിക്കളിക്കുന്ന സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. നടയിൽ അലക്കുകല്ലുകൾ. കുളത്തിനു ചുറ്റും തിങ്ങി നിൽകുന്ന് മരങ്ങളും മുളം കാടുകളും തെക്കുവശത്ത് പരന്നു കിടക്കുന്ന നെൽ പാടം നടുക്ക് പടിഞ്ഞാരോട്ട് നീണ്ടു കിടക്കുന്ന റെയിൽ... പിന്നെ പുഴ അതിനുമപ്പുറം വീണ്ടും  കരിമ്പനകൾ തല ഉയർത്തി നിൽകുന്ന വയലുകൾക്കപ്പുറം ചക്രവാളത്തിലേക്കുയർന്നു നിൽകുന്ന കൊണ്ടൂരക്കുന്ന്.
താഴെ ഉമ്മ അലക്കിക്കൊണ്ടു നിൽകുമ്പോൾ കൗതുകക്കാഴ്ചകളിൽ മിഴുകി ഞാൻ നിന്നു. പടിഞ്ഞാറുനിന്നും ഒരു ചരക്കുവണ്ടി കൂവിയാർത്ത് പാഞ്ഞു പോയി. വണ്ടിയുടെ ശബ്ദം മാഞ്ഞു പോകും മുമ്പ് ഒരു മൈക്കിന്റെ ശബ്ദം ഞാൻ കേട്ടു.
ഞാൻ ഓടിവേലിക്കരികിലെത്തി. വളപ്പിന്റെ വടക്കേ അതിരിലൂടെ റെയിൽ വേസ്റ്റേഷനിലേക്കു നീളുന്ന ചെത്തു വഴിയേ ""ബഹുമാനപ്പെട്ട നാട്ടുകാരേ നിങ്ങളുടെ വിലയേറിയവോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ അടയാളപ്പെടുത്തി നമ്മുടെ ബഹുമാനപ്പെട്ട സ്ഥാനാർത്ഥി ശ്രീ ഇ എം എസ്‌ നമ്പൂതിരിപ്പാടിനെ വിജയിപ്പിക്കുക"". എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് മൈക്കു കെട്ടിയ ഒരു കാർ പൊടി പറത്തി കിഴക്കോട്ട് പാഞ്ഞുപോയി.തിരിച്ചു ഞാൻ വീട്ടിലെത്തി അധികം കഴിയുന്നതിന്നു മുമ്പ് വേറൊരു ശബ്ദവും കേട്ടു. ഇത്തവണ പടിപ്പുരയിലേക്കാണ് ഓടിയത്.
അതും മൈക്കുകെട്ടിയ കാറായിരുന്നു. നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി പട്ടാമ്പിയുടെ കണ്ണിലുണ്ണി ജനാബ് കെ പി തങ്ങൾക്ക് അരിവാൾ കതിരിൽ വോട്ടു ചെയ്യുക എന്നായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്.
*****************************
ഇരു പക്ഷത്തിന്റേയും ചെങ്കൊടികളേന്തിയ വലിയ ജാഥകളുണ്ടായി... തെരഞ്ഞെടുപ്പു കഴിഞ്ഞു. വൈകാതെ '' പട്ടാമ്പീലെ ചട്ടമ്പീനെ മലർത്തിയടിച്ചു ഇ എം എസ്‌""എന്ന് ഘോഷിച്ചുകൊണ്ട് ഒരു പാടു കാറുകളുടെ വലിയ ഒരു ജാഥയുമുണ്ടായി. ഒരുകാറിൽ നമ്പൂതിരിപ്പാടുമുണ്ടായിരുന്നു.
ജാഥക്കുനേരെ തോൽ വിയിൽ നിരാശനായ ആരോ ഒരാൾ മുണ്ട് പൊക്കിക്കണിച്ചു എന്നും അദ്ദേഹം അടിവസ്ത്രം ഉടുത്തിരുന്നില്ല എന്നും ചരിത്രം പറയുന്നു... വിനീതനായ ഈ ചരിത്രകാരൻ അന്ന് കേവലം ഒരെട്ടുവസുകാരൻ മാത്രമായിരുന്നതുകൊണ്ട് സത്യം കൃത്യമായി അറിഞ്ഞുകൂടാ എന്നേ പറഞ്ഞുകൂടൂ...ജീവിതത്തിൽ ഞാനോർക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. എന്റെ കുടുംബം കോൺഗ്രസ്സുകാരായിരുന്നതിനാൽ അന്ന് സഖ്യ കക്ഷിയായ അരിവാൾ കതിരിന്റെ പക്ഷത്തായിരുന്നു...അങ്ങനെ ആദ്യ തെര ഞ്ഞെടുപ്പിലേ തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ...

Monday, October 7, 2019

നബിയുടെ പട്ടണത്തിൽ ഒരു പ്രഭാതം

മദീനയിൽ താമസിച്ചിരുന്ന തൈബാ ആർക്ക് എന്ന സ്റ്റാർ സ്യൂട്ടിന്റെ ഒരൊന്നൊന്നര കിലോമീറ്റർ അകലെയായിരുന്നു മലപ്പുറത്തു കാരുടെ മദീനാ ഹോട്ടൽ. കേരള വിഭവങ്ങളോടുളള ആശ പെരുത്തപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന നടു വേദന കാര്യമാക്കാതെ മദീനാഹോട്ടലന്വേഷിച്ച് ഞാനും ഇറങ്ങിപ്പുറപ്പെട്ടു. സമയം കാലത്ത് ഏഴ് കഴിഞ്ഞതേയുളളൂ. നല്ല ഉന്മേഷകരമായ പുലരി. അങ്ങു ദൂരെയുളള  എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് നാടപ്പാതയുടെ ഓരം ചാരി ഞാൻ നടന്നു. മുന്നിൽ അങ്ങു ദൂരെ ഉയർന്നു നിൽകുന്ന ഉഹദു മലകാണാം. തനിക്ക് വെളിപാടു ലഭിച്ച ഹിറാഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിനെയോ പലായനത്തിനിടെ തനിക്കഭയമേകിയ സൗർ ഗുഹയേയോ അദ്ദേഹം പുകഴ് തുകയോ അവസന്ദർശിക്കാൻ അനുയായായികളെ ഉപദേശിക്കയോ ചെയ്തില്ല. പക്ഷേ ഉഹദ് കാണുന്നതു പോലും പുണ്യമാണെന്നദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ മുസ്ലിംകളൊരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം ആമലഞ്ചെരുവിൽ പഠിപ്പിക്കപ്പെട്ടതിനാലാകാം.  വഴിയോരക്കച്ചവടക്കാരെയും കഴിഞ്ഞ് വിജനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഞാനെത്തി. അവിടെ ഒരാൾ ഒറ്റക്കിരുന്ന് പ്രാതൽ കഴിക്കുന്നു. ഒരു വലിയ കുബ്ബൂസും അടുത്ത് ഒരു ജ്യൂസിന്റെ പാക്കും മാത്രം. കണ്ടിട്ട് ഒരു പഠാണിയാണെന്നു തോന്നി. വടക്കേ ഇന്ത്യക്കാരനോ പാക്കിസ്ഥനിയോ ആകാം. ദാരിദ്രത്തിന്റെയും ഭയത്തിന്റെയും മുദ്രകൾ അയാളിൽ ഞാൻ കണ്ടു. മിച്ചം വരുന്ന കാശ് നാട്ടിലെത്തിക്കാനുളള  തത്രപ്പാടിലായിരിക്കാം. അങ്ങുദൂരെ തന്റെ‌ വരുമാനമൊന്നുകൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന തന്റെ ഇണയേയും സന്തതികളേയും കുറിച്ചുളള ഓർമ്മകളദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം. അതോ താനീ കഷ്ടപ്പെടുന്നതത്രയും പൊടിച്ചുകളയുന്ന ഭാര്യയേയോ മക്കളേയോ ഓർക്കുകയാണോ?. 
അതോ  അതിർത്തിയിൽ ഒരുംകൂടുന്നതായി കേട്ട യുദ്ധസന്നാഹങ്ങൾ അയാളെ ഭയ ചകിതനാക്കുന്നുണ്ടോ. അതെ യുദ്ധമെപ്പോഴും ഭരണകർത്താക്കൾക്കും ധനികർക്കും ദേശസ്നേഹമാഘോഷിക്കാനും സാധാരണക്കാരന് നിശ്ശബ്ദം ദുരന്തമനുഭവിക്കാനുമുളള വേളകളാണല്ലോ. ഏതായാലും പുഞ്ചിരിയോടെ തലയുയർത്തി സ്വാഗത ഭാവത്തിലെന്നെ നോക്കിയ അയാളുടെ നേരെ സ്നേഹഭാവത്തിൽ ഞാൻ  കയ്യുയർത്തി. വ അലൈക്കുമുസ്സലാം. അയാൾ പ്രതിവചിച്ചു. ചിന്തകൾക്കിടെ മദീനാ ഹോട്ടലിന്റെ മുന്നിലെത്തിയതറിഞ്ഞില്ല. അവിടെ വലിയതിരക്ക്. ഇന്നലെ മക്കയിൽ നിന്നെത്തിയവർ ക്യൂ നിൽക്കുന്നു. നിശ്ശബ്ദം ഞാനും അതിലൊരംഗമായി.....

Wednesday, October 2, 2019

പുനസ്സമാഗമം

വന്നുകയറി കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടപ്പോൾ ഭാര്യ രണ്ട്  റമ്പുട്ടാൻ പഴങ്ങൾ കൊണ്ടു വന്നിട്ട് പറഞ്ഞു അഞ്ചുപത്തെണ്ണം  കിട്ടി. അതിൽ നിന്നും സൂക്ഷിച്ചു വെച്ചിരുന്നതാണ്. ബാക്കിയൊക്കെ അണ്ണാന്മാരും കിളികളും തിന്നു തീർത്തു. ഞാൻ പറഞ്ഞു അവർ തിന്നട്ടെടീ ഞാനവരെക്കൂടി ഉദ്ദേശിച്ച്  നട്ടതാണ്. എനിക്കറിയാം ഈശ്വരനിഛിക്കുന്നുവെങ്കിൽ അതിന്റെ പുണ്യം അവൻ അങ്ങ് ദുബായിലും സിങ്കപൂരിലുമൊക്കെ  എത്തിക്കും എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പിന്നെ ഭാവിയിൽ എന്റെ കുഴിമാടത്തിലേക്കും.....
തൊടിയിലെ കാരമ്പോളക്കു കീഴെ രണ്ടു കാട്ടു കോഴികൾ ചിക്കിച്ചിനക്കുന്നു... ദൂരെ ഒരു കോഴിയുടെ കൂവൽ പിന്നെ കാക്കകളുടേയും കിളികളുടേയും കലപില ശബ്ദങ്ങളും. ഓടി നടന്ന് ചിലക്കുന്ന അണ്ണാന്മാർ.ഞാൻ സന്തോഷത്തോടെ ഓർത്തു ഈ സംഗീതം നാളുകളായി എനിക്കന്യമായിരുന്നു വല്ലോ..
നാലഞ്ച് വർഷം മുമ്പ് ഞാൻ നട്ട റമ്പുട്ടാൻ മരത്തിൽ ഒരണ്ണാൻ ഇപ്പോഴും പഴം തിരയുന്നുണ്ട്....
മിറ്റത്തെ വരണ്ട മണ്ണിലേക്കു നോക്കി ഞാനോർത്തു, ഈയിടെ യൊന്നും മഴ പെയ്തിട്ടില്ല. അടുത്തൊന്നും പെയ്യുന്നതിന്റെ  ലാഞ്ജനയും കാണുന്നില്ല. നല്ല മഞ്ഞ്.വരാനിരിക്കുന്ന വേനൽ മലയാളിക്ക് കടുത്തതായിരിക്കും.
റോഡിൽ രാവിലെത്തന്നെ നല്ല തിരക്ക്. വരാനിരിക്കുന്ന വേനലിനെക്കുറിച്ചുളള വേവലാതിയൊന്നും ആർക്കുമുളളതായി തോന്നുന്നില്ല. നമുക്കു കുടിക്കാനുളള വെളളമെത്തിക്കുന്ന മഴ കുറഞ്ഞു പോകുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെ മനസ്സിലാക്കാനുളള വിവേകം നമുക്കില്ലാതെ പോയല്ലോ മക്കളേ  എന്നൊന്ന് വിളിച്ചു പറഞ്ഞാലോ ... വേണ്ടല്ലേ ... വെറുതെ ഹജ്ജു കഴിഞ്ഞു വന്നതു മുതൽ മൂപ്പരുടെ തലക്കത്ര സുഖമില്ല എന്ന് തോന്നുന്നു
എന്ന് വെറുതേ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ...
പിന്നെ ഒരുമാസം മരുഭൂമിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന എനിക്ക് ഒരു കാര്യം മനസിലായി. ഞാനൊരു ദേശസ്നേഹിയാകുന്നു. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി പളളിപ്രം അംശത്തിൽ സ്ഥിതിചെയ്യുന്ന കാരക്കാട് ദേശത്തെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു... ഈയിടെയായി ഏറെ പറഞ്ഞു കേൾക്കുന്ന രാജ്യസ്നേഹം ഇതുതന്നെയായുരിക്കും അല്ലേ....
Have a nice day....

Thursday, September 26, 2019

പട്ടാമ്പി പുരാണം‌‌.... വൈദ്യം

പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങലിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും  എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു.  ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ  കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു.  അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട്‌ ഗ്രാമത്തിന്റെ ആരോഗ്യം  പരിപാലിച്ചു വരവേയാണ്‌‌‌ ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു  പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു  പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും  കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്‌.  മരണവും  ജനനവും  ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും  ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്‌. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ്‌ വരവ്‌. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര്‌‌ വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു  ചെന്നാലും എന്തേ ഇത്ര വൈകിയത്  എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം  എന്നാണ്‌ നിയമം.  ഏതവസരത്തിലും  നർമ്മം  വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട്‌  ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം  ചോദിച്ചു അതിനിങ്ങട്ട് വീണ്‌ കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ്‌ ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും  ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും  എഫ് ആർ സി എസും ബിരുദമുളള വർ.  പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ‌ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂ‌പോകുന്ന ആമ്പുലന്സുകളൂടേ‌ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച്    വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...

Thursday, September 19, 2019

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകൾ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

Tuesday, September 17, 2019

കാരക്കാട്ടെത്തിയ ദിവ്യന്മാർ 1

അതൊരു ശ അ ബാൻ മാസത്തിന്റെ തുടക്കത്തിലായിരുന്നു. ആറേകാലിന്റെ കോഴിക്കോട്ടേക്കുള്ള ഷട്ടിൽ അന്ന് ലേശം  വൈകി. സൂര്യൻ പടിഞ്ഞാറെ ഒറ്റക്കൊടിമരത്തിന് അപ്പുറത്തേക്ക് ചാഞ്ഞിറങ്ങുന്ന നേരത്താണ് ഒരുപാട് പുക പിറകിലേക്ക് പറപ്പിച്ച് കൂവിയാർത്തു കിതച്ച് വിയർത്ത് മൂപ്പർ ആപ്പീസിൽ വന്ന് നിന്നത്. വൈകാതെ വലിയപള്ളിയിൽ നിന്നും ചേക്കുമൊല്ലക്കായുടെ ഈണത്തിലുള്ള  ബാങ്ക് വിളി മുഴങ്ങി. കാലിക്കൊട്ടകളും‌ ചാക്കുകെട്ടുകളുമൊക്കെ തലയിലേറ്റി, ഉയർത്തിക്കട്ടിയിട്ടില്ലാത്ത മണൽ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് അഞ്ചെട്ട് പേർ ഊർന്നിറങ്ങി. അല്പ നേരത്തിന്ന് ശേഷം പിറകിലെ കമ്പാർട്ട് മെന്റിലെ ഗാർഡ് വിസിലടിച്ച് പച്ചക്കൊടി വീശി. ആപ്പീസിന്ന് മുന്നിൽ നിന്ന മുഹമ്മദുണ്ണി മാഷും കൊടി വീശി പോട്ടർ കുഞ്ഞിരാമൻ സ്റ്റേഷൻ മണി മൂന്ന് തവണ അടിക്കുകകൂടി ചെയ്തതോടെ ഒന്ന്കൂടി നീട്ടിക്കൂവി ആവിയും പുകയും പറത്തി വണ്ടി പടിഞ്ഞാറോട്ട് യാത്രയായി.  കൈയിൽ  സിഗ്നൽ വിളക്കും തൂക്കി പിടിച്ചു കൊണ്ട്  കൊടിമരങ്ങളിൽ  വിളക്കു വെക്കാൻ പോയിരുന്ന പോട്ടർ കാട്ടു ബാവക്ക  പടിഞ്ഞാറുനിന്നും പ്ലാറ്റ് ഫോമിലേക്ക് കയറി. കാരക്കാട് എന്നെഴുതിയ ബോർഡിന്നടുത്ത് നില്പായി.  വണ്ടിയിൽ നിന്ന് ഇറങ്ങിയ കൊള്ളിപ്പറമ്പത്തേക്ക് പോകയായിരുന്ന ആളുകളുടെ ടിക്കറ്റുകൾ  കുശലങ്ങൾ പറഞ്ഞുകൊണ്ട്  അദ്ദേഹം ശേഖരിച്ചു.   വണ്ടിയുടെ ഏറ്റവും പിറികലെ പെട്ടിയിൽ നിന്നും ഇറങ്ങിയ ഒരാൾ മാത്രം പ്ലാറ്റ്ഫോമിൽ ബാക്കിയായി. ഒത്ത ഉയരവും ഉറച്ച പേശികളും മുഖത്ത് വെട്ടിയൊതുക്കിയിട്ടില്ലാത്ത താടിമീശകളുമായി ഒറ്റമുണ്ട് മാത്രമുടുത്ത് തലൗയർത്തിപ്പിടിച്ച് നടന്നടുത്ത അജാനബാഹുവിന്ന് നേരേ ബാവക്ക ലോഹ്യ ഭാവത്തിൽ ടിക്കറ്റിനായി കൈനീട്ടി. ഒട്ടും വിലവെക്കാതെ ബാവക്കായെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അയാൾ പടിഞ്ഞാറോട്ട് നടകൊണ്ടു. എന്തോ അയാളുടെ മട്ടും ബാവവും കണ്ടിട്ടായിരിക്കാം ബാവക്ക പതിവുപോലെ ആളെ പിടിച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ ഹാജറാക്കാനൊന്നും മിനക്കെട്ടില്ല. അയാൾ നേരേ റോട്ടിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടക്കാൻ തുടങ്ങി.
വയ്യാട്ടിലെ ഏന്തീൻ കുട്ടിക്കാടെ റേഷൻ കടയിലും കുയിലെ ഈസൂക്കാടെ പലചരക്കു കടയിലും അധികാരിവളപ്പിലെ ഈസൂക്കാടെ ചായ്യക്കടയിലും മിസീം കാദറിക്കാടെ തുന്നക്കടയിലും അതിനോട് ചേർന്നുള്ള നിസ്കാരപ്പള്ളിക്ക് ചുറ്റും ഒക്കെ നിന്നിരുന്ന ഞങ്ങൾ  കാരക്കാട്ടുകാർ തെല്ല് അമ്പരന്നു. പടച്ചോനേ ഇതാരാ ഇത് ഈ മുന്നും കൂടിയ മോന്ത്യാമ്പൊ ? ആരായാലും നിസാരക്കാരനാകൂലാ... കൂട്ടത്തിൽ ചിലർ വന്നയാളുടെ കൂടെക്കൂടി. ആളുടെ അല്പം പിറകിലായി നടക്കാൻ തുടങ്ങി. ആലി ഹാജിയുടെ പീടികക്കടുത്തെത്തിയപ്പോഴേക്കും‌ അവരത് കണ്ട് പിടിച്ചിരുന്നു... വന്നിറങ്ങിയത് ഒരു വലിയ ദിവ്യനാണ് എന്ന സത്യം...