അതൊരു ശ അ ബാൻ മാസത്തിന്റെ തുടക്കത്തിലായിരുന്നു. ആറേകാലിന്റെ കോഴിക്കോട്ടേക്കുള്ള ഷട്ടിൽ അന്ന് ലേശം വൈകി. സൂര്യൻ പടിഞ്ഞാറെ ഒറ്റക്കൊടിമരത്തിന് അപ്പുറത്തേക്ക് ചാഞ്ഞിറങ്ങുന്ന നേരത്താണ് ഒരുപാട് പുക പിറകിലേക്ക് പറപ്പിച്ച് കൂവിയാർത്തു കിതച്ച് വിയർത്ത് മൂപ്പർ ആപ്പീസിൽ വന്ന് നിന്നത്. വൈകാതെ വലിയപള്ളിയിൽ നിന്നും ചേക്കുമൊല്ലക്കായുടെ ഈണത്തിലുള്ള ബാങ്ക് വിളി മുഴങ്ങി. കാലിക്കൊട്ടകളും ചാക്കുകെട്ടുകളുമൊക്കെ തലയിലേറ്റി, ഉയർത്തിക്കട്ടിയിട്ടില്ലാത്ത മണൽ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് അഞ്ചെട്ട് പേർ ഊർന്നിറങ്ങി. അല്പ നേരത്തിന്ന് ശേഷം പിറകിലെ കമ്പാർട്ട് മെന്റിലെ ഗാർഡ് വിസിലടിച്ച് പച്ചക്കൊടി വീശി. ആപ്പീസിന്ന് മുന്നിൽ നിന്ന മുഹമ്മദുണ്ണി മാഷും കൊടി വീശി പോട്ടർ കുഞ്ഞിരാമൻ സ്റ്റേഷൻ മണി മൂന്ന് തവണ അടിക്കുകകൂടി ചെയ്തതോടെ ഒന്ന്കൂടി നീട്ടിക്കൂവി ആവിയും പുകയും പറത്തി വണ്ടി പടിഞ്ഞാറോട്ട് യാത്രയായി. കൈയിൽ സിഗ്നൽ വിളക്കും തൂക്കി പിടിച്ചു കൊണ്ട് കൊടിമരങ്ങളിൽ വിളക്കു വെക്കാൻ പോയിരുന്ന പോട്ടർ കാട്ടു ബാവക്ക പടിഞ്ഞാറുനിന്നും പ്ലാറ്റ് ഫോമിലേക്ക് കയറി. കാരക്കാട് എന്നെഴുതിയ ബോർഡിന്നടുത്ത് നില്പായി. വണ്ടിയിൽ നിന്ന് ഇറങ്ങിയ കൊള്ളിപ്പറമ്പത്തേക്ക് പോകയായിരുന്ന ആളുകളുടെ ടിക്കറ്റുകൾ കുശലങ്ങൾ പറഞ്ഞുകൊണ്ട് അദ്ദേഹം ശേഖരിച്ചു. വണ്ടിയുടെ ഏറ്റവും പിറികലെ പെട്ടിയിൽ നിന്നും ഇറങ്ങിയ ഒരാൾ മാത്രം പ്ലാറ്റ്ഫോമിൽ ബാക്കിയായി. ഒത്ത ഉയരവും ഉറച്ച പേശികളും മുഖത്ത് വെട്ടിയൊതുക്കിയിട്ടില്ലാത്ത താടിമീശകളുമായി ഒറ്റമുണ്ട് മാത്രമുടുത്ത് തലൗയർത്തിപ്പിടിച്ച് നടന്നടുത്ത അജാനബാഹുവിന്ന് നേരേ ബാവക്ക ലോഹ്യ ഭാവത്തിൽ ടിക്കറ്റിനായി കൈനീട്ടി. ഒട്ടും വിലവെക്കാതെ ബാവക്കായെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അയാൾ പടിഞ്ഞാറോട്ട് നടകൊണ്ടു. എന്തോ അയാളുടെ മട്ടും ബാവവും കണ്ടിട്ടായിരിക്കാം ബാവക്ക പതിവുപോലെ ആളെ പിടിച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ ഹാജറാക്കാനൊന്നും മിനക്കെട്ടില്ല. അയാൾ നേരേ റോട്ടിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടക്കാൻ തുടങ്ങി.
വയ്യാട്ടിലെ ഏന്തീൻ കുട്ടിക്കാടെ റേഷൻ കടയിലും കുയിലെ ഈസൂക്കാടെ പലചരക്കു കടയിലും അധികാരിവളപ്പിലെ ഈസൂക്കാടെ ചായ്യക്കടയിലും മിസീം കാദറിക്കാടെ തുന്നക്കടയിലും അതിനോട് ചേർന്നുള്ള നിസ്കാരപ്പള്ളിക്ക് ചുറ്റും ഒക്കെ നിന്നിരുന്ന ഞങ്ങൾ കാരക്കാട്ടുകാർ തെല്ല് അമ്പരന്നു. പടച്ചോനേ ഇതാരാ ഇത് ഈ മുന്നും കൂടിയ മോന്ത്യാമ്പൊ ? ആരായാലും നിസാരക്കാരനാകൂലാ... കൂട്ടത്തിൽ ചിലർ വന്നയാളുടെ കൂടെക്കൂടി. ആളുടെ അല്പം പിറകിലായി നടക്കാൻ തുടങ്ങി. ആലി ഹാജിയുടെ പീടികക്കടുത്തെത്തിയപ്പോഴേക്കും അവരത് കണ്ട് പിടിച്ചിരുന്നു... വന്നിറങ്ങിയത് ഒരു വലിയ ദിവ്യനാണ് എന്ന സത്യം...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Tuesday, September 17, 2019
കാരക്കാട്ടെത്തിയ ദിവ്യന്മാർ 1
Subscribe to:
Post Comments (Atom)
No comments:
Post a Comment