Friday, September 11, 2020

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1970 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Thursday, September 10, 2020

ഓണം ഒരു ഗ്ലാസ് പാല്പായസത്തിന്റെ ഓർമ്മ

അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ചിലപ്പോൾ എട്ടിലുമാകാം. പത്രങ്ങളിൽ  കാർട്ടൂണുകൾ വായിച്ച് ടാർസൻ എന്ന കഥയിൽ കമ്പം കയറി. പുസ്തകരൂപത്തിൽ കിട്ടിയാൽ വായിക്കാമായിരുന്നു എന്ന് വലിയ പൂതി. ടാർസന്റെ തർജ്ജുമ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. സ്കൂൾ‌ ലൈബ്രറി നോക്കി നടത്തിയിരുന്നത് എന്റെ പ്രിയപ്പെട്ട ഗുരു വേണു മാഷായിരുന്നു. സ്കൂൾ ലൈബ്രറിയിൽ‌ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഒരു ദിവസം ലബ്രറിയിൽ ചെന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സാർ ടാർസന്റെ മലയാളം ഉണ്ടോ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇവിടെയുണ്ടല്ലോ. അലമാറയിൽ നോക്കി എടുത്തോളൂ. ഞാൻ ആർത്തിയോടെ തെരഞ്ഞു കൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു. അത് പ്രേമന്റെ കയ്യിലാണെന്ന് തോന്നുന്നു. അവനോട് തരാൻ പറയൂ. അദ്ദേഹത്തിന്റെ അനുജൻ പ്രേം കുമാർ എന്റെ ക്ലാസിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞാൻ ചെന്ന് വിവരം പറഞ്ഞപ്പോൾ പിറ്റേദിവസം കൊണ്ടു വരാമെന്ന് അവൻ ഏറ്റു. 
പിറ്റേന്ന്, ഓണം അവധി തുടങ്ങുന്നതിന്റെ തലേദിവസം. അതൊരു ഉത്രാടനാളായിരുന്നു എന്നാണ് ഓർമ്മ. രാവിലെ നോക്കുമ്പോൾ പ്രേമൻ പുസ്തകത്തിന്റെ കാര്യം മറന്നിരുന്നു എനിക്ക് വലിയ സങ്കടമായി. ഓണം അവധിക്ക് വായിക്കാം എന്ന് സ്വപ്നം കണ്ടത് വെറുതെയായല്ലോ എന്ന നിരാശ. എന്റെ ദുഖം കണ്ട് മനസലിഞ്ഞിട്ടാകാം പ്രേമനെന്നോട് ചോദിച്ചു ഉച്ചക്കലെ ഇന്റർ വെല്ലിൽ നിനക്ക് വീട്ടിൽ പോയി വാങ്ങാമോ. വീട്ടിലേക്കുള്ള വഴിയും അവൻ പറഞ്ഞുതന്നു. ഞാൻ സമ്മതിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടൻ ഞാൻ വേണുമാസ്റ്ററുടെ വീട്ടിലേക്കോടി. കാടക്കണ്ണന്റെയും ഹാജിയാരുടെയും പീടികകൾ കടന്ന് ഇടത്തോട്ട് തിരിയുന്ന ചെത്ത് വഴിയിലൂടെ...
ഞാൻ ചെന്നപ്പോൾ വരാന്തയിൽ  വേണുമാസ്റ്ററുടെ പെങ്ങളുടെ മകൾ പത്മജയും വേറെ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മിറ്റത്ത് ഭംഗിയുള്ള പൂക്കളം. 
ഞാൻ പത്മജയോട് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അവൾ അകത്തേക്ക് പോകവേ അകത്തുനിന്ന് ആരോ ചോദിക്കുന്നു. അമ്മയാകാം.. 
ആരാ പുറത്ത് വന്നിരിക്കുന്നത്.? 
"സ്കൂളിൽ പഠിക്കുന്ന കുട്ട്യാ, ഒരു പുസ്തകം വാങ്ങാൻ വന്നതാ". ആരായാലും ഒരു ഗ്ലാസ് പായസം  കൊടുക്കൂ..."
മിറ്റത്തെ മാവിലിരുന്ന് കരയുന്ന കാക്കകളേയും മിറ്റത്തെ പൂക്കളത്തേയുമൊക്കെ നോക്കികൊണ്ട് ഞാൻ  വരാന്തയിൽ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഒരു ഗ്ലാസ് പായസവുമായി പത്മജ വന്നു. ഗ്ലാസ് തിണ്ണയിൽ വെച്ച് അവൾ പുസ്തകം എന്റെ നേരെ നീട്ടി. ഞാൻ പായസം എടുത്ത് കുടിച്ച് ഗ്ലാസ് തിണ്ണയിൽ‌ വെച്ച് സ്കൂളിലേക്ക് തിരിച്ചു... 
നാവിൽ ജീവിതത്തിലാദ്യമായി കുടിച്ച പാൽ പായസത്തിന്റെ രുചിയും മനസിൽ ആശിച്ച് കിട്ടിയ പുസ്തകത്തെകുറിച്ചുള്ള ഭാവനകളുമായി ഞാൻ മടങ്ങി....
സത്യം പറയാമല്ലോ അന്ന് പായസം വെപ്പിൽ കാക്കമാർ പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നില്ല. ഇറച്ചി പത്തിരി നൈച്ചോറ് ബിരിയാണി പോലൊത്തതൊക്കെയായിരുന്നു അവരുടെ മേഖല. തറവാട്ടിൽ പെരുന്നാളിന് പായസം വെച്ചിരുന്നത് രാമകൃഷ്ണൻ മാസ്റ്ററുടെ മേൽ നോട്ടത്തിലായിരുന്നു....
ഓടിക്കിതച്ച് സ്കൂളിലെത്തി പ്രേമനോടു വേണു മാസ്റ്ററോടും പുസ്തകം കിട്ടിയ കാര്യം പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ ഓണാവധി തുടങ്ങുകയായിരുന്നതിനാൽ  അന്ന് ഉച്ച്ക്ക് ശേഷം ഒഴിവായിരുന്നു... 
ആ അവധിക്ക് പുസ്തകം വായിച്ച് തീർത്തു. കഥയെയും കഥാപാത്രങ്ങളേയും മറന്നു. ആരായാലും ഒരു ഗ്ലാസ് പായസം കൊടുക്കൂ എന്ന കല്പനയും തുടർന്ന് ലഭിച്ച പായസത്തിന്റെ രുചിയും ഓർമ്മയിൽ മങ്ങാതെ നിൽകുന്നു.
Premkumar Padinhattimmuri Mozhiyote
Gopikrishnan Thekkemannemkote

Monday, July 20, 2020

കറന്റ് ഭാസ്കരൻ നായർ

പെരുവണ്ണാമൂഴിയിലെ എന്റെ ആദ്യകാലം. 1983. ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ റൂമിൽ താമസം. കറന്റ് ഭാസ്കരൻ നായർ എന്ന പി ഡ ബ്ല്യൂ ഡി യിലെ ഇലക്ട്രീഷ്യനാ യിരുന്നു തൊട്ടടു ത്ത റൂമിൽ. തിരുവനന്ത പുരത്തുകാരൻ. മൂപ്പർ കളത്രവുമായി ലേശം പിണങ്ങിയതു സംബന്ധിച്ച് കശ്മല ചെലവിന്ന് കേസു കൊടുത്തു. വാശിക്കാരനായ മൂപ്പർ വിധി വന്നിട്ടും ചെലവിനു കൊടുത്തില്ല. അങ്ങനെ മൂപ്പർ സസ്പെസസ്പെൻഷനിലായി.  അങ്ങനെ സസ്പെൻഷനിൽ നിൽക്കുന്നകാലം. സദാസമയവും മൂക്കറ്റം മദ്യപിച്ച് ഇറിഗേഷൻ പ്രൊജക്റ്റ് അധികൃതരെ തെറി വിളിക്കുക എന്ന ഒറ്റ ജോലിയേ ഉണ്ടായിരുന്നുളളൂ. ആദ്യമൊക്കെ പേടി തോന്നി. ഇങ്ങനെയൊരു കുടിയനെയാണല്ലോ അയൽവാസിയായി കിട്ടിയത് എന്ന ദുഖവും. ഏതായാലും കുറച്ചു ദിവസം കൊണ്ട് ഇണങ്ങി നോക്കിയപ്പോൾ ആളൊരു പച്ചപ്പാവം. ഭാര്യ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന പരിഭവം വെറുപ്പായി വിദ്വേഷമായി കേസായി അവസാനം മൂപ്പർ സസ്പെൻഷനിലുമായി അത്ര്യേളളൂ കാര്യം. ഞാൻ നാട്ടിലേക്ക് പോരാത്ത ദിവസങ്ങളിൽ  ഞങ്ങൾ രണ്ടു പേരും ഒറ്റക്കായിരിക്കും. ഒരു ദിവസം രാത്രി ഐ ബിയിലെ കാന്റീനിൽ പോയി ഊണു കഴിച്ച് വരുമ്പോൾ നായർ കെട്ടിടത്തിലേക്കുളള ചവിട്ടു പടിയിൽ കുടിച്ച് ബോധം കെട്ടു വിലങ്ങനെ വീണു കിടക്കുന്നു. തടിയൻ നല്ല കനം. അവിടെയിട്ടു പോയാൽ മഴപെയ്താൽ പഹയൻ നനയും പാവം തോന്നി ഒരു വിധത്തിൽ വലിച്ചിഴച്ച് ചാരിയിട്ടിരുന്ന മുറി തുറന്ന് അകത്ത് കൊണ്ടുപോയി ഇട്ടു. ഇതിനു ശേഷം എന്നോട് വലിയ ഇഷ്ടമായി. വൈകുന്നേരങ്ങളിൽ എന്റെ അടുത്ത് വന്നിരുന്ന് പലകഥകളും പറഞ്ഞ് തരും. ആധൈര്യത്തിൽ ഒരിക്കൽ ഞാൻ മൂപ്പരെ പതുക്കെ ഒന്ന് ഉപദേശിച്ചു. നായരേ ഈ കുടിയൊന്ന് നിർത്തിക്കൂടേ എന്തിനാ നാം സ്വയം നശിക്കുന്നത്. ചെത്തരുത് കുടിക്കരുത് മദ്യം വിഷമാണ് എന്നല്ലേ ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്നത്. ഞാൻ ഭയപ്പെട്ട പോലെ മൂപ്പരെന്നോട് ദേഷ്യ പ്പെടുകയോ പിണങ്ങുകയോ ഒന്നും ചെയ്തില്ല ദൂരെ വയനാടൻ മലയിലേക്ക് നോക്കി താടി തടവിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ശരിയാണു സാറേ ഗുരു പറഞ്ഞത് വളരേ ശരിയാണ്.തെങ്ങിലോ പനയിലോ ഒക്കെ കയറി ചെത്താനും കവർപ്പും നാറ്റവും സഹിച്ച് കുടിക്കാനും ഒക്കെ വലിയ വിഷമം തന്നെയാണ്. പക്ഷേ അകത്തു ചെന്നുകിട്ടിയാൽ എല്ലാ വിഷമവും മറക്കുന്ന സുഖമാണ്. സാറത് അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് മനസ്സിലാകില്ല. ..  ഒന്ന് പരീക്ഷിക്കണോ ? 
പിന്നീടൊരിക്കലും ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ മെനക്കെട്ടിട്ടില്ല.....

Thursday, June 25, 2020

പത്താം തരം പരീക്ഷ

ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം  തരം പരീക്ഷ ഒന്നും  പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത് എന്ന് തോന്നുന്നു. അവനേതായാലും  തോല്കും  അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന്  പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും  പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും  പെട്ടന്ന് എഴുതിക്കളയാ മെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍.  മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം  തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍.... പരീക്ഷയുടെ ദിവസം  വന്നു. ഉമ്മമരിച്ചതിനു ശേഷം  വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും  വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം  നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും  അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം  തരം  പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും  ആകൊല്ലം  പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Thursday, June 18, 2020

മരുന്നുകൾ

മരുന്നുകൾ
***************
മേലാസകലം കുളിർ കോരിയിട്ടുകൊണ്ട് മൂപ്പർ വന്നത് നോമ്പിനോടൊപ്പമായിരുന്നു.  ഗ്രാമത്തിൽ ഡങ്കിപ്പേടി കൊടുമയാർന്നകാലം. നാലുപേരുടെ ഉയിരെടുത്ത്കൊണ്ട് അവൻ അഴിഞ്ഞാടിക്കൊണ്ടിരിക്കിന്നു. നോമ്പു കാലമായതുകൊണ്ട് ആയുർവേദ വിധിപ്രകരം പനിചികിത്സയുടെ ഒന്നാം ഘട്ടമായ ബന്ധനം ( പട്ടിണി കിടക്കൽ ) ആചരിക്കാൻ വിഷമമുണ്ടായില്ല... പിന്നെത്തെ ചികിത്സ ഗുരു പറഞ്ഞ പ്രകാരമായിരുന്നു. ഭക്ഷണമായിരിക്കട്ടേ നിനക്കുളള മരുന്ന് എന്ന് ഹിപ്പോക്രാറ്റ് പറഞ്ഞ പോലെ. മരുന്നായിരിക്കട്ടെ നിന്റെ പ്രധാനഭക്ഷണം എന്ന് അദ്ദേഹത്തിന്റെ ആധുനിക 
ശിഷ്യന്മാരും പറയുന്നുണ്ട്. ഏതായാലും ഞാനിപ്പോഴും ഗുരുവിന്റെ പക്ഷത്താണ്... 
ആദ്യ ദിവസം പട്ടിണിമാത്രം കിടന്നു മരുന്നൊന്നും കഴിച്ചില്ല. രണ്ടാം ദിവസം നോമ്പു തുറന്ന ഉടൻ ഒരു ഡോസ് ബ്രയൊണിയ. മൂന്നാം ദിവസവും പനി പഴയപടി തന്നെ..  ചുക്ക് കുരുമുളക്  തുളസിയില പേരയില ചുവന്നുളളി തുടങ്ങിയവയുടെ കഷായം ഓരോഗ്ലാസ്സ് നോമ്പു തുറന്ന ഉടനും പുലർച്ചെ  അത്താഴത്തിനു ശേഷവും... 
നാലാം ദിവസം പനിയില്ല. അത്യാവശ്യ ത്തിനു ക്ഷീണം മാത്രം. പിന്നെ ദോഷം പറയരുതല്ലോ ഭക്ഷണം എന്ന വസ്തുക്കളുടെ രുചിയെന്താണെന്ന് മറന്നുകഴിഞ്ഞിരുന്നു.. മധുരവും പുളിയും അറിയാം പക്ഷേ രുചിയെപറ്റി ഒന്നും ചോദിക്കരുത്. അനാർ മാങ്ങ മുതലായവ തിന്നിട്ടായിരുന്നു നോമ്പ്.  വിശപ്പുണ്ടെങ്കില ല്ലേ മറ്റു വല്ലതും വേണ്ടൂ...
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രുചിയായി അല്പം കഞ്ഞിയെങ്കിലും കുടിച്ചില്ലെങ്കിൽ കിടപ്പിലാകുമല്ലോ....
ഭക്ഷണം തന്നെയാകട്ടെ മരുന്ന്. ഒച്ച ഉയർത്താതെ കശ്മലയെ വിളിച്ചു ഹോമിയോ ഭാഷയിൽ കല്പിച്ചു. അല്പം  കാപ്സിക്കം ആലിയം സെപ്പ സോഡിയം ക്ലോറൈഡ് എന്നിവയെടുക്കുക. അടുക്കളയുടെ മൂലയിൽ പൊടിപിടിച്ചു കിടക്കുന്ന മുട്ടിക്കോരി എന്ന ഗ്രൈന്റർ നന്നായി കഴുകി അതിന്മേ ലിട്ട് ചിരട്ടക്കയിൽ കൊണ്ട് നന്നായി പട്ടു പോലെ അരക്കുക അതിനു മേൽ നാരിയേൽ കി തേൽ തൂവി കുഴമ്പു പരുവത്തിലാക്കുക. ഇവനെയെടുത്ത് നാവിന്റെ കടക്കൽ പുരട്ടിയാൽ അടഞ്ഞുപോയ രുചിയുടെ വാതിലുകൾ തുറന്നു കിട്ടുമെന്ന് വെളിപാടുണ്ടായിട്ടുണ്ട്. അന്തം വിട്ട് വാപൊളിച്ചു നിൽകുന്നവളോട് പറഞ്ഞു എടീ അല്പം ചുട്ട ഉണക്കമുളക് ചുവന്നുളളി എന്നീ ഹോമിയോ മരിന്നുകൾ മുട്ടിക്കോരിമേലിട്ട് ഉപ്പ് ചേർത്തരച്ച് വെളിച്ചെണ്ണ തൂവി കഞ്ഞിയോടൊപ്പം താ എന്ന് ....
ഇതങ്ങ് മലയാളത്തിൽ പറഞ്ഞുകൂടേ എന്നായി ...അരമണിക്കൂർ കൊണ്ട് മരുന്ന് റെഡി... ഏഴു ദിവസങ്ങൾക്ക് ശേഷം വയർ നിറയെ കഞ്ഞി കുടിച്ച് പളളിയിൽ പോയി
ശുഭം...

Tuesday, June 16, 2020

ഇന്ദിരാ പ്രിയദർശിനി....

ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ്‌ യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്. പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി. 
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ  ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽകൂടി ഒന്ന് വിലയിരുത്താൻ ഈയിടെ ഞാൻ  നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛന പോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്  ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ, ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ പ്രചോദിപ്പിക്കുകയായിരുന്നു. രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി,  പിതാവിന്റെ ഏകപുത്രി, എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള‌ ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ  അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.  ബാല്യ  കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള  നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങൾ അവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ  എന്തോ‌ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു‌. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‌ അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ  ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
 താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ  സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ.  അതുകൊണ്ട് തന്നെ  നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.

Monday, June 15, 2020

പെരുന്നാൾ വിരുന്ന്

പെരുന്നാൾ വിരുന്ന്
********************
ആദ്യത്തെ പെരുന്നാളിന്റെ ഓർമ്മക്ക് എന്ത് പഴക്കം വരും എന്ന് ചോദിച്ചാൽ കഷ്ടി ഒരു അറുപത് വർഷം വരുമായിരിക്കും.  ഒരു മഴക്കാലത്തായിരുന്നൂ അത്. തലേന്നാളത്തെ പേമാരിയിൽ പുഴയും പാടവും തറവാട്ടിലെ കുളവും ഒന്നായി. ഭാഗ്യത്തിന്ന് അന്ന് മഴ ഇല്ലായിരുന്നു. രാവിലെ ഉമ്മ കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചു. പുതു വസ്ത്രങ്ങളണിയിച്ചു. ട്രൗസറും കുപ്പായവും കോളറിന്നു പിറകിൽ ഒരു ടവ്വലും. ഒരു പഞ്ഞിയിൽ സെന്റ് നനച്ച് അത് ചെവിയിൽ വെച്ചു തരികയും ചെയ്തു. അങ്ങനെ  പെരുന്നാൾ കോടി അണിഞ്ഞ ആമോദത്തിൽ കുട്ടപ്പനായി എളാപ്പമാരുടെ കൂടെ തറവാട്ടിന്റെ പൂമുഖത്ത് നിൽകുകയായിരുന്നൂ ഞാൻ. പുറത്തു നിന്നും കയറിവന്ന മൂത്താപ്പ " ഹായ് ദാരാപ്പത് പുത്യാപ്ല്യായിട്ടിണ്ടല്ലോ" എന്നും പറഞ്ഞ് എന്റെ മുഖത്ത് കടിക്കുകയും കുറ്റിത്താടിവെച്ച് ഉരക്കുകയും ചെയ്തു" എനിക്ക് കരച്ചിൽ വന്നു. അപ്പോഴേക്കും" വേണ്ട വാപ്പുട്ട്യേ നല്ലോരു ദിവസായിട്ട് ആകുട്ട്യേ കരയിക്കണ്ട"  എന്നും പറഞ്ഞ് വെല്ലിമ്മ എന്നെ രക്ഷപ്പെടുത്തി. മിറ്റത്ത് അപ്പോഴും രാത്രി പെയ്ത മഴയുടെ ശേഷിപ്പ് കാണാമായിരുന്നു. മേലേ പടിപ്പുരയിറങ്ങി ഇക്കാക്ക വരുന്നു.  ഉപ്പാനെയും ഉമ്മാനെയും എന്നേയും കൂട്ടിക്കൊണ്ട് പോകാൻ വന്നിരിക്കയാണ്.  അന്ന്  അങ്ങനെയായിരുന്നു പതിവ്. അളിയൻ വന്ന് വിളിച്ചോണ്ട് പോകണം. ഇക്കാക്കയും എളാപ്പമാരും കൂട്ടുകാരാണല്ലോ. വന്ന ഉടൻ അവർ ചിരിച്ചാർത്ത് കുളത്തിലേക്ക് പോയി. കൂടെ ഞാനും.  നിറഞ്ഞൊഴുകുന്ന വെള്ളം കാണാൻ. ഒന്നായിക്കഴിഞ്ഞ കുളവും കണ്ടാറിയും പുഴയും അവയെ പകുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാത മാത്രമുണ്ട് മുങ്ങാതെ ബാക്കി. മഴയില്ലാത്തതുകൊണ്ട് കൊണ്ടൂരക്കുന്നും തെളിഞ്ഞ് കാണാം.  കുറേ നേരം കാഴ്ച്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ നിന്നു. ഇക്കാക്കയും എളാപ്പമാരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. കൂവിയാർത്തുകൊണ്ട് ഒരു തീവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. എഞ്ചിന്റെ കുഴലിൽ നിന്നും കറുത്ത പുക പിറകോട്ട് നീണ്ട് പോയി... കുറേ നേരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എല്ലാവരും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഇക്കാക്കാനോട് പറഞ്ഞു. " ന്നാ മണി നടന്നോ ഞങ്ങള് വൈന്നാരം അങ്ങട്ടെത്തിക്കോളാ " 
വെല്ലിമ്മാനോടു ഉമ്മാനോടും യാത്രപറഞ്ഞ് ഇക്കാക്ക പോയി. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴേക്ക് വസ്ത്രങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഉമ്മ യാത്രക്ക് തെയ്യാറായി. കുറെ കഴിഞ്ഞപ്പോൾ കോപ്പനും മയമ്മൗട്ടിക്കയും വന്നു. ഉപ്പ ഒരു ചെറിയ ടോർച്ചുമായി മുന്നിൽ. ടോർച്ച് അന്നൊരു അപൂർവ്വ വസ്തുവായിരുന്നു. ഒരാഢംബരം. ചൂട്ടുകറ്റയായിരുന്നു പതിവ്. പിറകിൽ എന്നെയും എടുത്ത് മയമ്മൗട്ടിക്ക. അതിന്ന് പിറകിൽ ഒരു കുടയും ചൂടി. ഉമ്മ. മഴയില്ലെങ്കിലും രാത്രിയാണെങ്കിലും തറവാട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുമ്പോൾ കുടപിടിക്കണം എന്നായിരുന്നു വെപ്പ്. വഴിയിൽ കാണുന്നവരൊക്കെ ഉപ്പാനോട് കുശലം പറഞ്ഞു ചിലർ എന്നെ തലോടുകയും കൊഞ്ചുകയും ചെയ്തു.  ഏറ്റവും പിറകിൽ പെട്ടി തലയിൽ വെച്ച് കയ്യിലൊരു റാന്തൽ വിളക്കുമായി കോപ്പാൻ. റോട്ടിൽ നിന്നും സ്കൂൾ വളപ്പിലൂടെ റെയിലിന്മേൽ കയറി കിഴക്കോട്ട്. അവിടെ നിന്നും ഇവിടെനിന്നുമെല്ലം പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാമായിരുന്നു. സ്റ്റേഷന്റെ അടുത്തു നിന്നും റെയിൽ മുറിച്ച് കടന്ന് ഞങ്ങൾ ഉമ്മാന്റെ വീട്ടിന്റെ പടിക്കലെത്തി. ഇക്കാക്ക ഒരു കുപ്പി വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്നു. പടിക്കൽ ഞങ്ങളെ കണ്ടതും സ്നേഹം നിറഞ്ഞ സ്വരത്തിൽ " മ്മാ ആത്ത വന്നു"  എന്നും പറഞ്ഞുകൊണ്ട് ഇക്കാക്ക അകത്തേക്കോടി. വെല്ലിമ്മയും വെല്ലിപ്പയും ചിരിച്ചുകൊണ്ട്  പുറത്ത് വന്നു.‌ വെല്ലിമ്മ മയമ്മൗട്ടിക്കാന്റെ കയ്യിൽ നിന്നും എന്നെ വാങ്ങി. സ്റ്റേഷനിൽ നിന്നും നീണ്ട മണിയടി കേട്ടപ്പോൾ വെല്ലിപ്പ പറഞ്ഞു പെണ്ണേ ചോറ് വിളമ്പ് എട്ടരക്ക് ബ്ലാക്കായി...
ഭക്ഷണമൊക്കെ കഴിഞ്ഞ് മയമ്മൗട്ടിക്കയും കോപ്പനും മടങ്ങി. റാന്തലിന്റെ വെളിച്ചത്തിൽ പടികയറിപ്പോയ അവരുടെ ഓർമ്മയിൽ ആദ്യ പെരുന്നാളിന്റെ ദീപ്തമായ സ്മരണകൾ അവസാനിക്കുന്നു.