Monday, October 7, 2019

നബിയുടെ പട്ടണത്തിൽ ഒരു പ്രഭാതം

മദീനയിൽ താമസിച്ചിരുന്ന തൈബാ ആർക്ക് എന്ന സ്റ്റാർ സ്യൂട്ടിന്റെ ഒരൊന്നൊന്നര കിലോമീറ്റർ അകലെയായിരുന്നു മലപ്പുറത്തു കാരുടെ മദീനാ ഹോട്ടൽ. കേരള വിഭവങ്ങളോടുളള ആശ പെരുത്തപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന നടു വേദന കാര്യമാക്കാതെ മദീനാഹോട്ടലന്വേഷിച്ച് ഞാനും ഇറങ്ങിപ്പുറപ്പെട്ടു. സമയം കാലത്ത് ഏഴ് കഴിഞ്ഞതേയുളളൂ. നല്ല ഉന്മേഷകരമായ പുലരി. അങ്ങു ദൂരെയുളള  എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് നാടപ്പാതയുടെ ഓരം ചാരി ഞാൻ നടന്നു. മുന്നിൽ അങ്ങു ദൂരെ ഉയർന്നു നിൽകുന്ന ഉഹദു മലകാണാം. തനിക്ക് വെളിപാടു ലഭിച്ച ഹിറാഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിനെയോ പലായനത്തിനിടെ തനിക്കഭയമേകിയ സൗർ ഗുഹയേയോ അദ്ദേഹം പുകഴ് തുകയോ അവസന്ദർശിക്കാൻ അനുയായായികളെ ഉപദേശിക്കയോ ചെയ്തില്ല. പക്ഷേ ഉഹദ് കാണുന്നതു പോലും പുണ്യമാണെന്നദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ മുസ്ലിംകളൊരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം ആമലഞ്ചെരുവിൽ പഠിപ്പിക്കപ്പെട്ടതിനാലാകാം.  വഴിയോരക്കച്ചവടക്കാരെയും കഴിഞ്ഞ് വിജനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഞാനെത്തി. അവിടെ ഒരാൾ ഒറ്റക്കിരുന്ന് പ്രാതൽ കഴിക്കുന്നു. ഒരു വലിയ കുബ്ബൂസും അടുത്ത് ഒരു ജ്യൂസിന്റെ പാക്കും മാത്രം. കണ്ടിട്ട് ഒരു പഠാണിയാണെന്നു തോന്നി. വടക്കേ ഇന്ത്യക്കാരനോ പാക്കിസ്ഥനിയോ ആകാം. ദാരിദ്രത്തിന്റെയും ഭയത്തിന്റെയും മുദ്രകൾ അയാളിൽ ഞാൻ കണ്ടു. മിച്ചം വരുന്ന കാശ് നാട്ടിലെത്തിക്കാനുളള  തത്രപ്പാടിലായിരിക്കാം. അങ്ങുദൂരെ തന്റെ‌ വരുമാനമൊന്നുകൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന തന്റെ ഇണയേയും സന്തതികളേയും കുറിച്ചുളള ഓർമ്മകളദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം. അതോ താനീ കഷ്ടപ്പെടുന്നതത്രയും പൊടിച്ചുകളയുന്ന ഭാര്യയേയോ മക്കളേയോ ഓർക്കുകയാണോ?. 
അതോ  അതിർത്തിയിൽ ഒരുംകൂടുന്നതായി കേട്ട യുദ്ധസന്നാഹങ്ങൾ അയാളെ ഭയ ചകിതനാക്കുന്നുണ്ടോ. അതെ യുദ്ധമെപ്പോഴും ഭരണകർത്താക്കൾക്കും ധനികർക്കും ദേശസ്നേഹമാഘോഷിക്കാനും സാധാരണക്കാരന് നിശ്ശബ്ദം ദുരന്തമനുഭവിക്കാനുമുളള വേളകളാണല്ലോ. ഏതായാലും പുഞ്ചിരിയോടെ തലയുയർത്തി സ്വാഗത ഭാവത്തിലെന്നെ നോക്കിയ അയാളുടെ നേരെ സ്നേഹഭാവത്തിൽ ഞാൻ  കയ്യുയർത്തി. വ അലൈക്കുമുസ്സലാം. അയാൾ പ്രതിവചിച്ചു. ചിന്തകൾക്കിടെ മദീനാ ഹോട്ടലിന്റെ മുന്നിലെത്തിയതറിഞ്ഞില്ല. അവിടെ വലിയതിരക്ക്. ഇന്നലെ മക്കയിൽ നിന്നെത്തിയവർ ക്യൂ നിൽക്കുന്നു. നിശ്ശബ്ദം ഞാനും അതിലൊരംഗമായി.....

Wednesday, October 2, 2019

പുനസ്സമാഗമം

വന്നുകയറി കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടപ്പോൾ ഭാര്യ രണ്ട്  റമ്പുട്ടാൻ പഴങ്ങൾ കൊണ്ടു വന്നിട്ട് പറഞ്ഞു അഞ്ചുപത്തെണ്ണം  കിട്ടി. അതിൽ നിന്നും സൂക്ഷിച്ചു വെച്ചിരുന്നതാണ്. ബാക്കിയൊക്കെ അണ്ണാന്മാരും കിളികളും തിന്നു തീർത്തു. ഞാൻ പറഞ്ഞു അവർ തിന്നട്ടെടീ ഞാനവരെക്കൂടി ഉദ്ദേശിച്ച്  നട്ടതാണ്. എനിക്കറിയാം ഈശ്വരനിഛിക്കുന്നുവെങ്കിൽ അതിന്റെ പുണ്യം അവൻ അങ്ങ് ദുബായിലും സിങ്കപൂരിലുമൊക്കെ  എത്തിക്കും എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പിന്നെ ഭാവിയിൽ എന്റെ കുഴിമാടത്തിലേക്കും.....
തൊടിയിലെ കാരമ്പോളക്കു കീഴെ രണ്ടു കാട്ടു കോഴികൾ ചിക്കിച്ചിനക്കുന്നു... ദൂരെ ഒരു കോഴിയുടെ കൂവൽ പിന്നെ കാക്കകളുടേയും കിളികളുടേയും കലപില ശബ്ദങ്ങളും. ഓടി നടന്ന് ചിലക്കുന്ന അണ്ണാന്മാർ.ഞാൻ സന്തോഷത്തോടെ ഓർത്തു ഈ സംഗീതം നാളുകളായി എനിക്കന്യമായിരുന്നു വല്ലോ..
നാലഞ്ച് വർഷം മുമ്പ് ഞാൻ നട്ട റമ്പുട്ടാൻ മരത്തിൽ ഒരണ്ണാൻ ഇപ്പോഴും പഴം തിരയുന്നുണ്ട്....
മിറ്റത്തെ വരണ്ട മണ്ണിലേക്കു നോക്കി ഞാനോർത്തു, ഈയിടെ യൊന്നും മഴ പെയ്തിട്ടില്ല. അടുത്തൊന്നും പെയ്യുന്നതിന്റെ  ലാഞ്ജനയും കാണുന്നില്ല. നല്ല മഞ്ഞ്.വരാനിരിക്കുന്ന വേനൽ മലയാളിക്ക് കടുത്തതായിരിക്കും.
റോഡിൽ രാവിലെത്തന്നെ നല്ല തിരക്ക്. വരാനിരിക്കുന്ന വേനലിനെക്കുറിച്ചുളള വേവലാതിയൊന്നും ആർക്കുമുളളതായി തോന്നുന്നില്ല. നമുക്കു കുടിക്കാനുളള വെളളമെത്തിക്കുന്ന മഴ കുറഞ്ഞു പോകുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെ മനസ്സിലാക്കാനുളള വിവേകം നമുക്കില്ലാതെ പോയല്ലോ മക്കളേ  എന്നൊന്ന് വിളിച്ചു പറഞ്ഞാലോ ... വേണ്ടല്ലേ ... വെറുതെ ഹജ്ജു കഴിഞ്ഞു വന്നതു മുതൽ മൂപ്പരുടെ തലക്കത്ര സുഖമില്ല എന്ന് തോന്നുന്നു
എന്ന് വെറുതേ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ...
പിന്നെ ഒരുമാസം മരുഭൂമിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന എനിക്ക് ഒരു കാര്യം മനസിലായി. ഞാനൊരു ദേശസ്നേഹിയാകുന്നു. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി പളളിപ്രം അംശത്തിൽ സ്ഥിതിചെയ്യുന്ന കാരക്കാട് ദേശത്തെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു... ഈയിടെയായി ഏറെ പറഞ്ഞു കേൾക്കുന്ന രാജ്യസ്നേഹം ഇതുതന്നെയായുരിക്കും അല്ലേ....
Have a nice day....

Thursday, September 26, 2019

പട്ടാമ്പി പുരാണം‌‌.... വൈദ്യം

പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങലിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും  എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു.  ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ  കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു.  അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട്‌ ഗ്രാമത്തിന്റെ ആരോഗ്യം  പരിപാലിച്ചു വരവേയാണ്‌‌‌ ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു  പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു  പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും  കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്‌.  മരണവും  ജനനവും  ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും  ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്‌. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ്‌ വരവ്‌. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര്‌‌ വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു  ചെന്നാലും എന്തേ ഇത്ര വൈകിയത്  എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം  എന്നാണ്‌ നിയമം.  ഏതവസരത്തിലും  നർമ്മം  വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട്‌  ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം  ചോദിച്ചു അതിനിങ്ങട്ട് വീണ്‌ കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ്‌ ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും  ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും  എഫ് ആർ സി എസും ബിരുദമുളള വർ.  പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ‌ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂ‌പോകുന്ന ആമ്പുലന്സുകളൂടേ‌ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച്    വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...

Thursday, September 19, 2019

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകൾ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

Tuesday, September 17, 2019

കാരക്കാട്ടെത്തിയ ദിവ്യന്മാർ 1

അതൊരു ശ അ ബാൻ മാസത്തിന്റെ തുടക്കത്തിലായിരുന്നു. ആറേകാലിന്റെ കോഴിക്കോട്ടേക്കുള്ള ഷട്ടിൽ അന്ന് ലേശം  വൈകി. സൂര്യൻ പടിഞ്ഞാറെ ഒറ്റക്കൊടിമരത്തിന് അപ്പുറത്തേക്ക് ചാഞ്ഞിറങ്ങുന്ന നേരത്താണ് ഒരുപാട് പുക പിറകിലേക്ക് പറപ്പിച്ച് കൂവിയാർത്തു കിതച്ച് വിയർത്ത് മൂപ്പർ ആപ്പീസിൽ വന്ന് നിന്നത്. വൈകാതെ വലിയപള്ളിയിൽ നിന്നും ചേക്കുമൊല്ലക്കായുടെ ഈണത്തിലുള്ള  ബാങ്ക് വിളി മുഴങ്ങി. കാലിക്കൊട്ടകളും‌ ചാക്കുകെട്ടുകളുമൊക്കെ തലയിലേറ്റി, ഉയർത്തിക്കട്ടിയിട്ടില്ലാത്ത മണൽ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് അഞ്ചെട്ട് പേർ ഊർന്നിറങ്ങി. അല്പ നേരത്തിന്ന് ശേഷം പിറകിലെ കമ്പാർട്ട് മെന്റിലെ ഗാർഡ് വിസിലടിച്ച് പച്ചക്കൊടി വീശി. ആപ്പീസിന്ന് മുന്നിൽ നിന്ന മുഹമ്മദുണ്ണി മാഷും കൊടി വീശി പോട്ടർ കുഞ്ഞിരാമൻ സ്റ്റേഷൻ മണി മൂന്ന് തവണ അടിക്കുകകൂടി ചെയ്തതോടെ ഒന്ന്കൂടി നീട്ടിക്കൂവി ആവിയും പുകയും പറത്തി വണ്ടി പടിഞ്ഞാറോട്ട് യാത്രയായി.  കൈയിൽ  സിഗ്നൽ വിളക്കും തൂക്കി പിടിച്ചു കൊണ്ട്  കൊടിമരങ്ങളിൽ  വിളക്കു വെക്കാൻ പോയിരുന്ന പോട്ടർ കാട്ടു ബാവക്ക  പടിഞ്ഞാറുനിന്നും പ്ലാറ്റ് ഫോമിലേക്ക് കയറി. കാരക്കാട് എന്നെഴുതിയ ബോർഡിന്നടുത്ത് നില്പായി.  വണ്ടിയിൽ നിന്ന് ഇറങ്ങിയ കൊള്ളിപ്പറമ്പത്തേക്ക് പോകയായിരുന്ന ആളുകളുടെ ടിക്കറ്റുകൾ  കുശലങ്ങൾ പറഞ്ഞുകൊണ്ട്  അദ്ദേഹം ശേഖരിച്ചു.   വണ്ടിയുടെ ഏറ്റവും പിറികലെ പെട്ടിയിൽ നിന്നും ഇറങ്ങിയ ഒരാൾ മാത്രം പ്ലാറ്റ്ഫോമിൽ ബാക്കിയായി. ഒത്ത ഉയരവും ഉറച്ച പേശികളും മുഖത്ത് വെട്ടിയൊതുക്കിയിട്ടില്ലാത്ത താടിമീശകളുമായി ഒറ്റമുണ്ട് മാത്രമുടുത്ത് തലൗയർത്തിപ്പിടിച്ച് നടന്നടുത്ത അജാനബാഹുവിന്ന് നേരേ ബാവക്ക ലോഹ്യ ഭാവത്തിൽ ടിക്കറ്റിനായി കൈനീട്ടി. ഒട്ടും വിലവെക്കാതെ ബാവക്കായെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അയാൾ പടിഞ്ഞാറോട്ട് നടകൊണ്ടു. എന്തോ അയാളുടെ മട്ടും ബാവവും കണ്ടിട്ടായിരിക്കാം ബാവക്ക പതിവുപോലെ ആളെ പിടിച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ ഹാജറാക്കാനൊന്നും മിനക്കെട്ടില്ല. അയാൾ നേരേ റോട്ടിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടക്കാൻ തുടങ്ങി.
വയ്യാട്ടിലെ ഏന്തീൻ കുട്ടിക്കാടെ റേഷൻ കടയിലും കുയിലെ ഈസൂക്കാടെ പലചരക്കു കടയിലും അധികാരിവളപ്പിലെ ഈസൂക്കാടെ ചായ്യക്കടയിലും മിസീം കാദറിക്കാടെ തുന്നക്കടയിലും അതിനോട് ചേർന്നുള്ള നിസ്കാരപ്പള്ളിക്ക് ചുറ്റും ഒക്കെ നിന്നിരുന്ന ഞങ്ങൾ  കാരക്കാട്ടുകാർ തെല്ല് അമ്പരന്നു. പടച്ചോനേ ഇതാരാ ഇത് ഈ മുന്നും കൂടിയ മോന്ത്യാമ്പൊ ? ആരായാലും നിസാരക്കാരനാകൂലാ... കൂട്ടത്തിൽ ചിലർ വന്നയാളുടെ കൂടെക്കൂടി. ആളുടെ അല്പം പിറകിലായി നടക്കാൻ തുടങ്ങി. ആലി ഹാജിയുടെ പീടികക്കടുത്തെത്തിയപ്പോഴേക്കും‌ അവരത് കണ്ട് പിടിച്ചിരുന്നു... വന്നിറങ്ങിയത് ഒരു വലിയ ദിവ്യനാണ് എന്ന സത്യം...

Thursday, September 5, 2019

പെൺചൊല്ല് കേട്ടാൽ

പൂച്ചകളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. നവവധുവായ കളത്രത്തിനു നേരെ മറിച്ചും. പൂച്ചയെ കണ്ണെടുത്താൽ കണ്ടുകൂടാ. നായക്കാണെങ്കിൽ നന്ദിയുണ്ടാകും. പൂച്ചയുടെ വിചാരം അവൻ അവൻ മൻഷ്യന്റെ യജമാനനാണെന്നാ... ഇതായിരുന്നു അവളുടെ വാദം. തന്നെ ലാളിക്കേണ്ടതു പോലെ അയാൾ പൂച്ചയെ ലാളിക്കുന്നത് തനിക്ക് സഹിക്കുന്നില്ല എന്ന സത്യം അത് മറഞ്ഞുതന്നെ കിടന്നു. 
കുടുംബകലഹത്തിനു വേറെ എന്തു വേണം.‌കലഹം പതിവായി. ഒടുവിൽ അഭ്യുദയ കാംക്ഷികളുടെ മാദ്ധ്യസ്ഥത്തിൽ ഒരു വിധം ഒത്തു ഒത്തുതീർപ്പായി. പൂച്ചയെ അകത്തു കയറ്റേണ്ട. അങ്ങനെ കാറില്ലാത്ത ഷെഡിലേക്ക് മൂപ്പരെ മാറ്റിപ്പാർപ്പിച്ചു. ഭാര്യക്ക് അതും അത്ര തൃപ്തികരമൊന്നുമായിരുന്നില്ല. ഷെഡിൽ ചെന്ന് അയാൾ പൂച്ചയെ കൊഞ്ചുന്നത് മുറുമുറുപ്പോടെ അവൾ സഹിച്ചു. അവസരം വരും എന്നവൾക്കറിയാമായിരുന്നു. താമസിയാതെ അവർ കാറുവാങ്ങി ചുവന്നു മിനുങ്ങുന്ന പളപളപ്പൻ. കഷ്ടകാലമെന്നു തന്നെ പറയണം.പിറ്റേദിവസം മുതൽ പൂച്ച കാറിനു മീതെയാക്കി താമസം. സിംഹാസനസ്ഥനായരാജാവിനെപ്പോലെ അവൻ പുത്തൻ കാറിനു മേൽ വിളങ്ങി വിലസി. കശ്മലക്കു സഹിക്കുമോ കിട്ടിയ അവസരം മുതലാക്കാനുറച്ച് അവൾ കലഹം പുനരാരംഭിച്ചു. പൂച്ചയുടെ നഖം കോണ്ട് കാറിനുമേൽ വരവീഴുന്നു എന്ന ശ്രദ്ധേയമായ ഒരു കാരണവും അവൾ കണ്ടെത്തി. നോക്കുമ്പോൾ ശരിതന്നെ വരവീഴുന്നുണ്ട്. മനമില്ലാ മനസോടെ അയാൾ പൂച്ചയെ ഒരു ചാക്കിലാക്കി കാറിൽ കയറ്റി ദൂരെ കൊണ്ടാക്കി.
മുപ്പത്തിയാർക്കു പെരുത്ത് സന്തോഷമായി. താനും പൂച്ചയും തന്റെ ഭർത്താവും എന്ന വർത്തമാകാല യാഥാർത്ഥ്യം താനും തന്റെ ഭർതാവും എന്ന ചിരകാല സ്വപ്നത്തിലേക്ക് വഴിമാറുന്നു.
ആഹ്ലാദകരമായ ദിനങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കാലത്ത് അവർ നാട്ടിലേക്കുള്ള യാത്രക്കിറങ്ങിയതായിരുന്നു. കാറു വാങ്ങിയതിനു ശേഷമുള്ല ആദ്യത്തെ ദൂര  യാത്ര. സാധനങ്ങളെല്ലാം കാറിൽ കയറ്റി. വീടുപൂട്ടി. അവർ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും എഞ്ചിനിൽ നിന്നും പുക ഉയരുന്നു. തീ പിടിക്കുമോ എന്ന ഭയത്തിൽ അയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചു.വിദഗ്ദർ വന്നു പരിശോധിച്ചു ഫലവും കിട്ടി. വയറിങ്ങ് മുഴുവൻ എലികടിച്ചു നശിപ്പിച്ചിരിക്കുന്നു. തീപിടിക്കാഞ്ഞതു ഭാഗ്യം. സിസ്റ്റം മുഴുവൻ മാറ്റണം. നാളെയോ മറ്റന്നാളോ ശരിയാക്കിത്തരാം. പതിനായിരം രൂപ കരുതിക്കോ......
അയാളോർത്തു നാടുകടത്താൻ പിടിച്ചു ചാക്കിലിടുമ്പോൾ തന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കിയ തന്റെ പൂച്ചയുടെ കണ്ണുകൾ...... അകലെ കൊണ്ടു പോയി ചാക്കഴിച്ച് വിട്ടപ്പോൾ തിരിഞ്ഞു നോക്കാതെ അവൻ ഓടിയ ഓട്ടം. പാവം തന്റെ പൂച്ച....
അവനന്ന് എന്താണെന്നോട്  പറയാതെ പറഞ്ഞത്.... പെൺചൊല്ലുകേട്ട പെരുമാൾ മുതൽ നീവരെ ആരും ഖേദിക്കാതിരുന്നിട്ടില്ല എന്നോ.... ?
അയാൾ നിശ്ശബ്ദനായി കാറിൽ നിന്നും ബാഗുകൾ ഇറക്കാൻ തുടങ്ങി.

Wednesday, August 28, 2019

അടയാളങ്ങൾ

ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
*********************************************************************************************
ഖാലിദ്  കച്ചവടത്തിന്നു പോയതായിരുന്നു. തന്റെ ഒട്ടകപ്പുറത്ത് ചരക്കുകളെല്ലാം കയറ്റി മരുഭൂമിയിലൂടെ. വെയിലു മൂത്തതോടെ അയാൾടെ  മരുഭൂമിയുടെ അതിരിൽ  ഒരു മരത്തണലിലെത്തി. നല്ല ചൂടും ക്ഷീണവും ഇനിവെയിൽ ചാഞ്ഞിട്ടാകാം യാത്ര എന്നു വെച്ച്  ഒട്ടകത്തെ ഒരുകുറ്റിയിൽ കെട്ടി അയാൾ തണലിൽ തലചായ്ച്ചു. ക്ഷീണംകുണ്ടെത്രനേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നു നോക്കിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു... തന്റെ ഒട്ടകത്തെ അവിടെയൊന്നും കാണാനില്ല. അത് കെട്ട് പോട്ടിച്ച് പോയിരുന്നു. ബേജാറോടെ അയാൾ മരുഭൂമിയിലൂടെ ഒട്ടകതെരഞ്ഞലയാൻ തുടങ്ങി. ദുഖവും ഭയവും നിരാശയും അയാളെ തളർത്തി. കുറേദൂരം ചെന്നപ്പോൾ ഒരാൾ ആവഴി വരുന്നു. അദ്ദേഹത്തോട് ചോദിക്കാമെന്നു കരുതി ഖാലിദ് കാത്തുനിന്നു. അടുത്തത്തും മുമ്പു തന്നെ അയാൾ‌കാലിദിനെ അഭിവാദ്യം ചെയ്തിട്ടു ചോദിച്ചു താങ്കളുടെ ഒട്ടകത്തെ കാണാനില്ല അല്ലേ.. ഉത്സാഹത്തോടെ ഖാലിദ് പറഞ്ഞു അതെ...
അതിന്‌ ഒരു കണ്ണിന്‌ കാഴ്ചയില്ല അല്ലേ ?
അപരൻ വീണ്ടും ചോദിച്ചു.. ഒരു പല്ല് പൊഴിഞ്ഞതാണ്‌ അല്ലേ
അതെ സഹോദരാ എവിടെ എന്റെ ഒട്ടകം ദയവു ചെയ്ത് പറയൂ...
വീണ്ടും ചോദ്യം അതിന്റെ പുറത്ത് പഞ്ചസാരച്ചാക്കായിരുന്നു അല്ലേ ..
ഇത്രയും കേട്ടപ്പോൾ‌ഖാലിദിന്‌ ക്ഷമകെട്ടു അപരിചിതൻ തന്റെ ഒട്ടകത്തെ കണ്ടിട്ടും തന്നെ കളിപ്പിക്കുകയാണെന്ന് അയാൾ ധരിച്ചു.
അപരിചിതൻ ശാന്തനായി പറഞ്ഞു ഞാൻ കണ്ടിട്ടില്ല...
ഖാലിദിനു ദേഷ്യം വന്നു തന്റെ ഒട്ടകത്തിന്റെ എല്ലാ ലക്ഷണങ്ങളും കൃത്യമായി പറയുന്ന ഈ മനുഷ്യൻ തന്റെ ഒട്ടകത്തെ മോഷ്ടിച്ചിരിക്കുന്നു എന്നുറപ്പിച്ചു അയാളുമായി വഴക്കുതുടങ്ങി...
വഴക്കു മൂത്ത് അടിപിടിയോളമെത്തിയപ്പോൾ അതുവഴി വന്നവർ അവരെ ഞ്യായാധിപതിയുടെ സദസിലെത്തിച്ചു.
ഖാലിദു പറഞ്ഞു ഭഹുമാന്യരേ ഞാൻ കെട്ടിയിട്ടിരുന്ന ഒട്ടകത്തെ ഇയാൾ മോഷ്ടിച്ചിരിക്കുന്നു.
ഞ്യായാധിപൻ ആവലലാദികൾ മുഴുവൻ കേട്ടുകഴിഞ്ഞ് യാത്രക്കാരനോടു ചോദിച്ചു....
താങ്കളെങ്ങനെയാണ്‌ ഖാലിദിന്റെ ഒട്ടകത്തിന്റെ അടയാളങ്ങൾ‌ഇത്രയും കൃത്യമായി മനസിലാക്കിയത്....
അയാൾ പറഞ്ഞു അമീർ ഞാൻ വരുന്ന വഴിക്ക് ഒരൊട്ടകം മേഞ്ഞതിന്റെ അടയാളങ്ങൾ‌കണ്ടു അത് വഴിയുടെ ഒരു വശത്തുള്ള ചെടികളിൽ നിന്നു മാത്രമേ തിന്നിട്ടുണ്ടായിരുന്നു എന്നതിനാൽ അതിന്റെ ഒരു കണ്ണിനു കാഴ്ചയില്ല എന്നും ഇലകൾ കടിച്ച പാടുകളിൽ നിന്നും അതിന്‌ ഒരു പല്ല്‌ ഇല്ല എന്നും മനസിലാക്കി. കൂടാതെ നിലത്ത് ധാരാളം ഉറുമ്പുകൾ പഞ്ചസാരത്തരികൾ കൊണ്റ്റു പോകുന്നതുകണ്ടതുകൊണ്ട് ഒട്ടകത്തിന്റെ പുറത്തെ ചാക്കിൽ നിന്നും പൊഴിഞ്ഞതാകാമെന്നൂഹിക്കുകയും ചെയ്തു..
മേഞ്ഞ ഒട്ടകം ഇയാളുടേതുതന്നെയാണെന്നുറപ്പുവരുത്താൻ ഞാനീ അടയാളങ്ങൾ പറഞ്ഞപ്പോൾ അയാൾ‌ഞാനതിനെ കണ്ടിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ്‌. ഞാൻ ദൈവത്തെപിടിച്ചാണയിട്ടിട്ടും ഇയാളെന്നെ വിശ്വസിച്ചില്ല.
അമീറിനു കാര്യം മനസിലായി. അദ്ദേഹം ഖാലിദിനോടു പറഞ്ഞു
ഖാലിദ്... ചിലർ നേരിട്ടു കണ്ട് മനസിലാക്കുന്നു... ചിലർ അടയാളങ്ങളിൽ നിന്നു മനസിലാക്കുന്നു. മറ്റുചിലർ ഒരു നിലക്കും മനസിലാക്കുന്നുമില്ല. നിന്റെ സഹോദരനെ തെറ്റിദ്ധരിച്ച നേരം നീ അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞ വഴിക്ക് തെരഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ നിന്റെ ഒട്ടകത്തെ കിട്ടിയിട്ടുണ്ടാകുമായിരുന്നു...
വേഗം പോയി അതിനെ തെരഞ്ഞു പിടിക്ക്
*******************************************************************************************
ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
പുനരാഖ്യാനം