Wednesday, April 22, 2015

വണ്ടിക്കു പുറത്ത് മഴ പെയ്യുമ്പോൾ


വൈകുന്നേരത്തെ ഷൊർണൂർ പാസഞ്ചറിൽ കാരക്കാട്ടേക്ക് വരികയായിരുന്നു ഞാൻ. മൂടിക്കെട്ടിയ ആകാശം ഓടുന്ന വണ്ടിക്കകത്തുപോലും പുകച്ചിലെടുക്കുന്ന ചൂട്. വല്ലാത്തദാഹവും. വണ്ടി തിരൂരെത്തിയപ്പോഴേക്കും യാത്രക്കാർ വളരെകുറഞ്ഞിരുന്നു. പെട്ടന്ന് കോരിച്ചൊരിയും പോലെ മഴപെയ്യാൻ തുടങ്ങി സുഖകരമായ തണുത്ത കാറ്റിന്റെ അകമ്പടിയോടെ. ചില്ലുജനൽ താഴ്തിയിടാൻ കഴിയാഞ്ഞതിനാൽ ഞാനും എതിർ വശത്തിരുന്നയാളും പുറത്തെ കഴ്ചയെ തീർത്തും മറക്കുന്ന ഷീറ്റ് കർട്ടൻ താഴ്തിയിട്ടു. പുറത്തെ മഴയുടെ കാഴ്ച നഷ്ടപ്പെടുമല്ലോ എന്നോർക്കവേ എന്റെ ജനലിനു ചതുരത്തിൽ ഒരു ചെറിയ ദ്വാരം. ജനലിനോട് ചേർന്നിരുന്ന് ആവിടവിലൂടെ പുറത്തെ മഴപെയ്യുന്ന രാവിനെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു. മിക്കവാറും സ്ഥലങ്ങളിലെല്ലാം കരണ്ടു പോയിരുന്നു. ഇടക്കിടെ മിന്നലൊളിയിൽ പ്രത്യക്ഷപ്പെടുന്ന പാടങ്ങളും പറമ്പുകളും ഭാരതപ്പുഴയും കുന്നിൻ നിരകളും.
പെട്ടന്ന് എനിക്കൊരു തോന്നലുണ്ടായി ഈ കമ്പാർട്ടുമെന്റിൽ ഞാനൊറ്റക്ക് പുറത്തു കടക്കാൻ പാടില്ലാത്ത വിധം ബന്ധിതനാണെങ്കിലോ. ഒരു ജെയിലറയിൽ നിന്നും കൊച്ചു കിളിവാതിലിലൂടെ ആർത്തിയോടെ പുറം ലോകത്തെ നോക്കുന്ന നിരപരാധിയായ ഒരു തടവുകാരന്റെ കഥ ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ. എഡ്മണ്ട് ഡാന്റേ- കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ....

Tuesday, January 20, 2015

മുയൽ വേട്ട



മുയൽ വേട്ട 1
അതൊരു വേനലറുതിയിലായിരുന്നു. വിഷു കഴിഞ്ഞ കാലം വിഷുവിനു പെയ്ത മഴയിൽ മേടുകളിൽ പുല്ലുകിളിർത്തു തുടങ്ങിയിരുന്നു. പള്ള്യായ് നിലങ്ങളിൽ വിതച്ച നെല്ലും മുളച്ചു തുടങ്ങി. മുയൽ വേട്ടക്ക് പറ്റിയകാലം...
വൈകുന്നേരം അഞ്ചരയുടെ വണ്ടിക്ക് കുഞ്ഞു മോൻകാക്ക വന്നു. ഉപ്പാന്റെ മച്ചുനൻ ഒറ്റപ്പാലത്താണ്‌‌ വീട്. നായാട്ടു കമ്പക്കാരൻ. മൂത്താപ്പനെയും കൂട്ടി മുയൽ വേട്ടക്ക് പോകാനാണ്‌‌ പരിപാടി. ഒന്നും കിട്ടിയില്ലെങ്കിലും നായാട്ട് അദ്ദേഹത്തിന്‌‌ വലിയ ഹരമായിരുന്നു.എത്ര കാശു വേണമെങ്കിലും ചെലവാക്കും. പലപ്പോഴും കാറിലാണു വരിക. അദ്ദേഹത്തിന്റെ നായാട്ടു കമ്പം തോക്കിന്റെ ഉടമസ്ഥനായ മൂത്താപ്പാക്ക് അറിയുകയും ചെയ്യും അതുകൊണ്ട് മരുന്നില്ല തെരവാങ്ങാൻ പൈസയില്ല. ബാറ്ററി തീർന്നു പോയി എന്നിത്യാദി തടസ്സങ്ങൾ പറഞ്ഞ്‌ ഒഴിവാകുന്നതായി ഭാവിക്കും. അപ്പോൾ ആവകയിലേക്കായി കുഞ്ഞു മോൻകാക്ക ധാരാളം പൈസകൊടുക്കുകയും ചെയ്യും . അദ്ദേഹം ഉദാരനായിരുന്നു. അന്നും പറഞ്ഞു തടസ്സങ്ങൾ.പതിവു പോലെ അത് കുഞ്ഞുമോൻകാക്ക പരിഹരിക്കുകയും ചെയ്തു. എന്നെയും കൂടെ കൂട്ടണമെന്ന അപേക്ഷയോടെ ഞാനും കൂടി പിറകെ. നിനക്കൊന്നും പഠിക്കാനില്ലേ എന്ന തുരുപ്പിട്ട് വെട്ടാനാഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞാൻ എട്ടിലേക്ക് ജയിച്ചിരിക്കുന്നു ഇനി സ്കൂൾ തുറന്നിട്ടേ പഠിക്കേണ്ടതുള്ളൂ. അങ്ങനെ ഞാൻ കൂടി പിറകെ. രാത്രി ഭക്ഷണം കഴിഞ്ഞാണ്‌ പുറപ്പെട്ടത്. തോക്ക് കുഞ്ഞിമോൻ കാക്ക പിടിച്ചു. ഹെഡ് ലൈറ്റും മറ്റു സാമഗ്രികളും നിറച്ച സഞ്ചി ഞാനും. ബിസ്മിയൊക്കെ ചൊല്ലി പിന്നെ രിഫാഈൻ ശൈഖിനെ പ്രത്യേകമായി വിളിച്ചു പ്രാർത്ഥനയോടെ മൂത്താപ്പയിറങ്ങി. പാമ്പിന്റെ കാര്യം മൂത്താപ്പ രിഫാഈൻ ശൈഖിനെയാണ്‌ ഏല്പിക്കാറ്‌ മൂത്താപ്പ ടോർച്ചടിച്ച് മുന്നിൽ.പിറകെ ഞങ്ങളും. മേലേ പടിപ്പുര കടന്നതും ഒരു കറുത്ത പൂച്ച വഴിക്കു വിലങ്ങനെ ഒരോട്ടം. മൂത്താപ്പ നിന്നു. ന്ന്‌ ഞ്ഞ് പോയിട്ടു കാര്യല്ല. കണ്ടൊ കരിമ്പൂച്ച്യാ ചവനം. വലിയ ആവേശത്തോടെ പിറകെ കൂടിയ ഞങ്ങൾ ഞെട്ടിപ്പോയി. ഞാനാണ്‌ വല്ലാതെ നിരാശനായത്. ആറ്റു നോറ്റു വീണുകിട്ടിയ സഫാരി റദ്ദാക്കുകയോ. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നും അതിലൊന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ് ഞങ്ങൾ ഒരു പാടു നിർബന്ധിച്ച്പ്പോൾ മൂപ്പര്‌ മനമില്ലാ മനസോടെ വഴങ്ങി. റൊട്ടിൽ കയറി വലത്തോട്ടു തിരിഞ്ഞ്,  സ്കൂളിന്റെ താഴെ ഇടവഴിയിലൂടെ പള്ളിത്തൊടുവിന്റെ അരികിലൂടെ പുഴയിലിറങ്ങി. വരണ്ടു കിടക്കുന്ന മണൽ പരപ്പിലൂടെ നടന്നു. കൊടപ്പാറ കയത്തിനു താഴെ നേരിയ നീരൊഴുക്കു മാത്രം. അതും താണ്ടി ഞങ്ങൾ അക്കരെയെത്തി. കൊടപ്പാറക്കടുത്ത് പരത എന്ന ഒരു പുൽ മേടുണ്ട് അതായിരുന്നു ലക്ഷ്യം. അവിടെ മുയലു കാണും. നേരിയ തണുപ്പിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കീഴെ ആൾ പാർപ്പില്ലാത്ത വിജനതകളിൽ മുയലിനെത്തേടിയുള്ള പാതിരാവുകളിലെ അലച്ചിൽ വല്ലാത്ത ഒരനുഭവമാണ്‌.... കുന്നിനു മുകളിൽ തെളിഞ്ഞ ആകാശത്തിനു കീഴെ ചീവീടുകളോ അപൂർവ്വം രാപ്പക്ഷികളോ ഉണ്ടാക്കുന്ന ശബ്ദങ്ങളൊഴികെ പൂർണ്ണ നിശ്ശ്ബ്ദത. ചിലപ്പോൾ ദൂരെ നിന്നെവിടെയെങ്കിലും കേൾക്കുന്ന നായ്കളുടെ കുരയോ കുറുക്കന്മാരുടെ ഓരിയിടലോ മാത്രം. അതു ഞാൻ പലപ്പോഴും ആസ്വദിച്ച് അനുഭവിച്ചിട്ടുണ്ട്.
പരതയിലെത്തി അധികം തിരയേണ്ടി വന്നില്ല ഒരു മുയലിനെക്കിട്ടി. അവിടെ നിന്നും താഴെയിറങ്ങി ദേശമംഗലത്തേക്കുള്ള റോഡിനു താഴെ പള്ളിയാൽ നിലങ്ങളിൽ തെരഞ്ഞു. ഒന്നും കണ്ടില്ല. ദൂരെ കാരക്കാട്ട് റെയിലിലൂടെ ചൂളം വിളിച്ചു പോകുന്ന തിവണ്ടിയുടെ സ്വരം കേട്ടപ്പോൾ മൂത്താപ്പ പറഞ്ഞു വെസ്റ്റ് കോസ്റ്റ് പോയി നമുക്ക് മടങ്ങാം. കുഞ്ഞിമോൻ കാക്ക വാച്ചിൽ നോക്കി സമയം രണ്ടോടടുക്കുന്നു..
ഞങ്ങൾ മടങ്ങി പുഴയിലെത്ത്യപ്പോൾ നല്ലതണുപ്പ്. മൂത്താപ്പയും കുഞ്ഞു മോൻ കാക്കയും കൂടി എന്റെ നെറ്റിയിൽ വിളക്കു കെട്ടിത്തന്നു. മുയലിനെ കാലുകൾ ബന്ധിച്ച് എന്റെ കയ്യിൽ തൂക്കി. തോക്കും കയ്യിൽ തന്നു. എന്നിട്ട് മുന്നിൽ നടക്കാൻ പറഞ്ഞു. ഞാൻ പോകുന്നതും നോക്കി അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി ഭാവി നായാട്ടുകാരൻ എന്നും പറഞ്ഞു കൊണ്ട്... എല്ലാം കൂടി ചുമക്കാൻ വിഷമം തോന്നിയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല. ഭാവി നായാട്ടുകാരനാകണമല്ലോ
തോക്കും സഞ്ചിയും ലൈറ്റും അവർ തന്നെ തിരിച്ചു വാങ്ങി. മുയലിനെ ഞാനെടുത്തു. പള്ളിക്കടവിലെത്തിയപ്പോൾ കുഞ്ഞു മോൻകാക്ക ചോദിച്ചു  ശകുനത്തിലൊന്നും വലിയ കാര്യമില്ല എന്ന് വെല്ല്യാക്കാക്ക് ഇപ്പൊ മനസിലായില്ലേ.. ?
ഉടൻ വന്നു മറുപടി അത് പൂച്ച വലത്തു നിന്ന് ഇടത്തോട്ട് ഓടിയതു കൊണ്ടാ.....
എന്തു വിശ്വസിച്ചു പോയാലും പിന്നെ അതിനു ഞായീകരണം കണ്ടെത്താനേ മനുഷ്യൻ ശ്രമിക്കൂ എന്നതിന്റെ ഒന്നാം പാഠം

കൃക്കറ്റ് @ കാരക്കാട്




 
കാരക്കാടൻ കൃക്കറ്റ് അല്പം ചരിത്രവും ഒരു നുണക്കഥയും  

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാല്‌ അക്കാലത്ത് കൃക്കറ്റുകളി ടെലിവിഷനിലൂടെ കാണുന്നതു വരെ അതിന്റെ ഒരു വിമർശകനായിരുന്നൂ ഞാൻ. മനുഷ്യൻ അവനറിയാത്തതിന്റെ ശത്രു വാണ്‌ എന്നാണല്ലോ. എട്ടാം ക്ലാസിൽ വെച്ച് ഗുരു വേണു മാസ്റ്റർ ആ കളിയെക്കുറിച്ചു പറഞ്ഞു തന്നത്, കേൾക്കാൻ സുഖമുള്ളതും കാണാൻ കൊള്ളാത്തതു മായ കളി എന്നായിരുന്നു.അന്ന് ടെലിവിഷൻ ഇല്ലായിരുന്നതുകൊണ്ടാകാം അദ്ദേഹമങ്ങനെ പറഞ്ഞത്. അന്ന് റേഡിയോവിലൂടെ കമന്ററി കേൾക്കുക കുലീനർക്ക് ഒരു ഫാഷനായിരുന്നു.  ആയിടെ ഒരിക്കൽ സ്കൂളിലെ മുതിർന്നകുട്ടികൾ സ്കൂൾ മിറ്റത്ത് കളിതുടങ്ങിയ അന്നു തന്നെ പ്രേം കുമാറിന്റെ തലക്ക് ബോൾ കൊണ്ടു മുറിഞ്ഞു അതിനു ശേഷം ആ വഴിക്ക പോവുക പോലും ഉണ്ടായിട്ടില്ല.
പിന്നീട് ജോലികിട്ടി ആറളം ഫാമിലെ കൃക്കറ്റു കമ്പക്കാരനായിരുന്ന സൂപ്രണ്ട് അബ്ദുൽ അലിക്കു വേണ്ടി ഞങ്ങൾ‌, വത്സൻ ഉതുപ്പ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ കുറച്ചു കാലം കളിച്ചുട്ടുണ്ട് മരത്തിന്റെ ബാറ്റും റബ്ബർ ഒട്ടു പാലുകൊണ്ടുണ്ടാക്കിയ പന്തും കൊണ്ട്. അങ്ങനെ കളിയുടെ നിയമങ്ങളെല്ലാം പഠിച്ചു എന്നിട്ടും അതിനോട്‌ ഒരു കമ്പവും തോന്നിയില്ല. തന്നെയുമല്ല ഇടക്കിടെ വിമർശിക്കയും ചെയ്യുമായിരുന്നു. മനുഷ്യരുടെ സമയം കൊല്ലുന്നു. മനുഷ്യരുടെ പ്രയത്നം പാഴാക്കുന്നു എന്നൊക്കെയുള്ള ഒരു ഇടതു പക്ഷ ശൈലിയിൽ.
പിന്നീട്‌ എളാപ്പ സൗദിയിൽ നിന്നും വന്നപ്പോൾ ഒരു ടിവി കൊണ്ടു വന്നു. നാഷണൽ പനാസോണിക്ക് കളർ ചൊങ്കൻ കാരക്കാട്ടിറങ്ങിയ ആദ്യ വമ്പൻ. അതിലൂടെ ബെൻ സൺ ആൻഡ് ഹെജ്ജസ് മത്സരത്തിന്റെ ലൈവുകണ്ടപ്പോൾ തോന്നി സംഗതി കോള്ളാമല്ലോ എന്ന്‌. എന്നാപിന്നെയൊന്നു കളിച്ചു നോക്കിയാലോ എന്നായി അങ്ങനെ ഗ്രാമത്തിലെ മുപ്പതിനും പന്ത്രണ്ടിനും ഇടയിലുള്ളവരെ ക്കൊണ്ട് ഞാൻ ഒരു ടീം തട്ടിക്കൂട്ടി. വരമുമാനത്തിൽ മുമ്പൻ ഞാൻ മാത്രമായിരുന്നു.എല്ലവരും അവരെക്കൊണ്ട് കഴിയുന്നത് സ്വരൂപിച്ചു ബാക്കി ഞാനും എടുത്ത് ഞാനും ആക്കാന്റെ അസീസും കൂടി തൃശൂര്‌ പോയി ഒരു ബാറ്റു വാങ്ങി കോർക്കുകളും. പാഡോ ഗാഡോ ഒന്നു മില്ലാതെ കളിതുടങ്ങി. കാലിൽ മുഴകളുണ്ടാകലും അതിനു ചികിത്സയായി മുരിങ്ങയുടെ തോല്‌ വെച്ചു കെട്ടൽ പതിവായെങ്കിലും  കുട്ടികൾ മിടുക്കന്മാരായിരുന്നു ഒരു പേടിയുമില്ലാതെ കളിച്ചു പഠിച്ചു. നാലഞ്ചു മാസം കൊണ്ട്‌ ലക്ഷണമൊത്ത ഒരു ടീമായി അത് വളർന്നു. എന്റെ അനുജന്മാരായ അലി, മണി, പെട്ടി യൂസഫ് കുഞ്ഞിപ്പു മുസ്ല്യാരുടെ യൂസഫ്, അബ്ദുൽ ബാരി,താഴത്തേതിൽ മുഹമ്മദിക്കാന്റെ വീരാൻ, ആക്കാന്റെ അസീസ്, ഖാലിദ്, നാസർ, വിശ്വനാധൻ, കുഞ്ഞിരാമൻ നായരുടെ രണ്ടു മക്കൾ ഷൗക്കത്ത്, സുല്ലമി ഇങ്ങനെ കുറേ പേരുണ്ടായിരുന്നുഅംഗങ്ങളായി.കളി അധികം ജനപ്രിയമായിക്കഴിഞ്ഞിരുന്നില്ല അതിനാൽ പാറപ്പുറത്തു നിന്നും പട്ടാമ്പിയിൽ നിന്നുമൊക്കെ കളിക്കാൻ ആളുകൾ വരുമെന്ന നിലയായി. പട്ടാമ്പിയിൽ നിന്നും ഷാജി വാടാനാം കുറുശിയിൽ നിന്നും രാജനും അനുജനും ഒക്കെ അങ്ങനെ കളിക്കാൻ വന്നിരുന്നവരിൽ പെടുന്നു.
വൈകുന്നേരങ്ങളിൽ ഇരുപതോവർ അതായിരുന്നു പതിവ്‌. ഗ്രാമത്തിലെ സ്കൂൾ മിറ്റത്ത് ചുരുങ്ങിയ സ്ഥലത്തായിരുന്നു കളി... ഫോറും സിക്സുറു  മൊക്കെ അടിക്കാൻ കഴിയുന്ന മൈതാനത്തിൽ കളിക്കുക എന്നത് ഒരു കേവൽ സ്വപ്നം മാത്രമായി അവശേഷിച്ചു. ഞാൻ മാസത്തിൽ രണ്ടൊ മൂന്നോ ദിവസം ചെന്നു കൂടും അല്ലാത്തപ്പോൾ അവർ കളിക്കും. പട്ടമ്പിയിലും കൊണ്ടയൂരിലുമൊക്കെ പോയി കളിച്ചു ചിലപ്പോഴൊക്കെ ജയിച്ചു പലപ്പോഴും തോല്കുകയും ചെയ്തു.
ആദ്യം മുതിർന്നവരൊക്കെ വലിയ എതിർപ്പു കാണിച്ചു. കൂട്ടി കളെ പിഴപ്പിക്കാൻതന്നെയാണ്‌ഞാൻ ഒരുങ്ങിപ്പുറപ്പെട്ടിരുന്നത് എന്ന് പലരും വിമർശിച്ചതായും കേട്ടു. എന്റെ ഉപ്പ വലിയ എതിർപ്പൊന്നും കാണിച്ചില്ല എങ്കിലും കളിയാക്കുമായിരുന്നു. ഒരു ദിവസം കളികഴിഞ്ഞ് ഞാനും അനുജന്മാരും വരുന്നത് കണ്ട ഉപ്പായുടെ സ്നേഹിതൻ ആക്ക പറഞ്ഞു "കുഞ്ഞുമോനേ അന്റെ മക്കള്‌ റണ്ണ്‌ സമ്പാ ദിച്ച് കൊണ്ടു വര്‌ണുണ്ട് വാങ്ങി വെച്ചോ"
ഞങ്ങളതൊന്നും കാര്യമാക്കാൻ പോയില്ല പിന്നെ പിന്നെ ആരും അത് ശ്രദ്ധിക്കാതായി.. ടെലിവിഷൻ അപ്പോഴെക്ക് കൃക്കറ്റിനെ ജനകീയമാക്കിക്കഴിഞ്ഞിരുന്നു. കൂടാതെ പട്ടമ്പിയിലും മറ്റും പോയി കാരക്കാട്ടെ കുട്ടികൾ ജയിക്കുകകൂടി ചെയ്തത് ചെറിയ അംഗീകാരം നേടിത്തരികയും ചെയ്തു.
സ്കൂളിൾ മിറ്റത്തെ പരിമിത മായ സ്ഥലത്തുകളിക്കുമ്പോഴൊക്കെ കുറച്ചു വിസ്താരമുള്ള ഒരിടത്ത് കളിക്കുക എന്നസ്വപ്നം ചിറകു വിരിക്കും. ഗ്രാമത്തിൽ നിന്നും കുറേ അകലെ സ്ഥിതിചെയ്തിരുന്ന അമ്പലപ്പറമ്പ് അതിനു പറ്റിയ സ്ഥലം തന്നെയായിരുന്നു.പക്ഷേ അവിടെ പ്പോയി കളിക്കാൻ പറഞ്ഞാൽ മാത്രം കുട്ടികളിലധികം പേർക്കും മടിയായിരുന്നു. ഗ്രാമത്തിൽ നിന്നും ദൂരെ  പാടത്തിന്റെ അതിരിൽ കുന്നിന്റെ ചെരുവിൽ ഇടിഞ്ഞു പൊളിഞ്ഞ അമ്പലം അതിനു മുന്നിൽ വലിയൊരു ആൽ മരം. പിന്നെ വിശാലമായ മൈതാനം ജനങ്ങളതിനെ ചാത്തൻ പറമ്പ് എന്നു വിളിച്ചു. അമ്പലത്തിന്റെ പിറകിൽ കുന്നു തുടങ്ങുന്നു. ഒന്നു രണ്ടു പാല മരങ്ങളും മുളം കൂട്ടങ്ങളും പൊന്തക്കാടുകളും കരിമ്പനകളും നിറഞ്ഞ താഴ്വരയും പിറകിൽ പുൽ മേടായിക്കിടക്കുന്ന മൊട്ടക്കുന്നും. മൈതാനത്തിന്റെ തെക്കേ അറ്റത്ത് ഉഴുതിട്ട വയലുകൾക്കപ്പുറം തെളിഞ്ഞൊഴുകുന്ന പുഴ. സുന്ദരമായ പ്രകൃതി ഹൃദയഹാരിയായ വിജനത.
കാര്യമിങ്ങനെയൊക്കെയായിരുന്നെങ്കിലും അസമയങ്ങളിൽ ആരും അതിലെ നടക്കാറില്ല. പാലകളും കരിമ്പനകളും ഒക്കെ യക്ഷികളുടേയും കുട്ടിച്ചാത്ത്ന്റെയും വിഹാര രംഗങ്ങളാണ്‌‌ എന്ന് ഗ്രാമീണർ ഉറച്ചു വിശ്വസിച്ചു. അതുതന്നെയായിരുന്നു അവിടേക്കു വിളിച്ചാൽ വരാൻ കുട്ടികൾക്കു മടി. പുഴകടന്ന് അമ്പലപ്പറമ്പിനെ പകുത്ത് അമ്പലത്തിനു മുന്നിലൂടെ പോകുന്ന നടവഴിയിലൂടെ ചെന്നാൽ റെയിൽ പാതയിലെത്താം. പണ്ടൊരിക്കൽ അക്കരെ നിന്നും കച്ചവടം കഴിഞ്ഞ് മടങ്ങാനല്പം വൈകിപ്പോയ ഒരാളുളുടെ കൂടെ പുഴയിൽ നിന്നും കുളിച്ച് ഈറനുടുത്ത ഒരു സ്ത്രീ കൂടിയത്രേ. പൗർണ്ണമിയും നേരിയതണുപ്പും അമ്പലമുറ്റത്ത് പൂത്തു നില്കുന്ന പാലയിൽ നിന്നും വീശിയടിക്കുന്ന മാദഗ ഗന്ധവും. പന്തികേടു തോന്നുകയാൽ അവളെ ഒഴിവാക്കാൻ അയാൾ‌ നടത്തത്തിനു വേഗത കൂട്ടിയത്രേ. കുറെകഴിഞ്ഞു വീണ്ടും തിരിഞ്ഞു നോക്കുമ്പോഴുമുണ്ട്  പിറകിലവൾ. നടത്തം ഓട്ടമായി വീട്ടിന്റെ പടിക്കലെത്തി തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിറകിലവൾ അയാളെ നോക്കി ചിരിക്കുന്നു. വെണ്മയാർന്ന നിരയൊത്ത പല്ലുകൾക്കിടയിൽ നിന്നും താഴോട്ട് നീണ്ടു കൂർത്ത കോമ്പല്ലുകളും ചുവന്നു തുടുത്ത ചുണ്ടുകളും ഒന്നേ നോക്കിയുള്ളൂ യാമുഹിയദ്ധീൻ എന്നും വിളിച്ച് പിറകിലേക്കു വീണ അയാൾ പിന്നെ ഉണരുകയുണ്ടായില്ല എന്നാണ്‌ കഥ. ധൈരയശാലികളെല്ലാം ഇതു കേട്ടിരുന്നു. അതുതന്നെയായിരുന്നു അമ്പലപ്പറമ്പിലേക്കു കളിക്കാൻ പോകാനുള്ള മടിയും.
എനിക്കു സ്ഥലം പരിചിതമായിരുന്നു. വീട്ടിലെ തോക്കു മെടുത്ത് അനുജന്മാരൊത്ത് മുയൽ വേട്ടക്കു പോകറുള്ള പലരാവുകളിലും ഞങ്ങൾ ആപാലയുടെ ചുവട്ടിലും ആൽതറയിലുമൊക്കെ ഇരുന്നു വിശ്രമിക്കാറുള്ളതാണ്‌‌. ഒരു പേടിയും തോന്നിയിട്ടില്ല
അങ്ങനെയൊരു ദിവസം എന്റെ നിർബന്ധത്തിനു വഴങ്ങി അന്നത്തെ കളി  അമ്പലപ്പറമ്പിലാകട്ടെ  എന്നു നിശ്ചയിച്ചു. നാലുമണിയോടെ സ്ഥലത്തെത്തി. വെയിലിനപ്പോഴും നല്ലചൂടുണ്ടായിരുന്നു. കുന്നിനു മേലെ പുൽ മേട്ടിൽ കാലികൾ മേയുന്നു. താഴെ പാടത്ത് കൃഷിപ്പണിയിലേർപ്പെട്ടവർ ഞങ്ങളെ കൗതുകത്തോടെ ഒന്നു നിരീക്ഷിച്ചശേഷം സ്വന്തം ജോലികളിൽ മുഴുകി. ഞങ്ങൾ മൈതാനത്തിന്റെ നടുവിൽ ദൂരമളന്ന് കുറ്റികളടിക്കുന്നതും നോക്കി കന്നു മേച്ചിരുന്നവൻ ഇറങ്ങി വന്നു കുറേ നേരം നിരീക്ഷിക്ഷിച്ച് ഒന്നും മനസിലാകാഞ്ഞപ്പോൾ " വന്നു വന്ന് മാപ്ലക്കുട്ട്യോളിപ്പൊ അമ്പലപ്പറമ്പിലായി കളി" എന്നും പറഞ്ഞ് തിരിച്ചു കയറി. അയാളെ നോക്കി കൂവാനൊരുങ്ങിയവനെ ഞാൻ നോട്ടം കൊണ്ടൊതുക്കി... കൃക്കറ്റിന്റെ ഒന്നാം പാഠം അച്ചടക്കമാണ്‌ എന്നാണ്‌ ഞാനവർക്കു പറഞ്ഞു കൊടുത്തിരുന്നത്. പത്തോവർ വീതം കളിച്ചപ്പോഴേക്കും നേരം പോയി. ഒരു വിസ്താരമുള്ള മൈതാനയിൽ കളിക്കാനുള്ള ആഗ്രഹത്തോടെ ഓപ്പണറായി കളത്തിലിറങ്ങിയഞാൻ പൂജ്യനായി മടങ്ങേണ്ടി വന്നു എന്നത് റിക്കാഡായി. അസ്തമയ സൂര്യൻ അങ്ങു ദൂരെ ചെങ്ങണം കുന്നമ്പലത്തിന്റെ പിറകിലേക്കു താണിറങ്ങിയതോടെ വെളിച്ചമില്ല കാർക്ക് മേല്‌ കൊള്ളും എന്നൊക്കെ പരഞ്ഞ് കുട്ടികളോരോരുത്തരായി പിരിഞ്ഞു പോയി. ഞാനും ചെറിയ അനുജൻ മണിയും ബാക്കിയായി. വരിവരിയായി വയൽ വരമ്പിലൂടെ പുഴയിലേക്കിറങ്ങുന്ന കൂട്ടുകാരെ നോക്കി മണി പറഞ്ഞു പഹയര്‌‌ പേടിച്ച്‌ പോവ്‌ആ...
"ങാ അവരു പോകട്ടെ നമുക്ക് കുറച്ചു കൂടി കഴിഞ്ഞു പോകാം നീ എനിക്കു നാല്‌ ബാളെറിഞ്ഞു താ " കളിയിൽ പൂജ്യനായതിനാൽ അല്പം കൂടി ബാറ്റുചെയ്യാനെനിക്ക് പൂതിയുണ്ടായിരുന്നു. അവൻ സമ്മതിച്ചു....
അവൻ പത്തിരുപതു വാര ദൂരെ നിന്നും ഓടി വന്ന് എനിക്കു നേരെ പന്തെറിഞ്ഞു. ഓഫ് സ്റ്റെമ്പിൽ പിച്ചു ചെയ്ത പന്ത് അകത്തോട്ട് തിരിയുന്നു. ഞാനതു ഭംഗിയായി ഡിഫെന്റു ചെയ്തിട്ടു പറഞ്ഞു ഒന്നു മെല്ലെ എറിയെടാ വെളിച്ചം കുറവാണ്‌. “ ശരി ദൂരേക്കടിക്കരുത് പൊന്തയിലേക്ക് അടിച്ചാൽ പന്തു കിട്ടാൻ വിഷമാ. ഞാൻ സമ്മതിച്ചു അവൻ നാലഞ്ചു ചുവടു പിറകോട്ടു മാറി എറിഞ്ഞു. ഓഫ് സ്പിന്നായിരിക്കുമെന്നു കരുതി ഞാൻ വീണ്ടും ഡിഫന്റു ചെയ്തു. പക്ഷേ പന്തു കാലിനു ബാറ്റിനു മിടയിലൂടെ ... ക്ലീൻ ബൗൾഡ് അവൻ നിന്നു ചിരിക്കാനും തുടങ്ങി ജാള്യത പുറത്തു കാണിക്കാതെ ഞാനോർത്തു ഇന്ന് മാനഹാനി ഫലം.
സൂരൻ വീണ്ടും താണിരിക്കുന്നു. ഇപ്പോ‌‌ കുന്നിനു മുകളിൽ മാത്രം അല്പം  പൊൻ വെയിൽ ബാക്കി. ഇപ്പോൾ മൈതാനിയിൽ ഞാനും മണിയും മാത്രമേയുള്ളൂ . മുളങ്കാടിൽ നിന്നും ചെമ്പോത്തുകൾ കൊക്കുന്നു. കുളക്കോഴികളും കരിയിലക്കിളികളും കലപിലകൂട്ടുന്നുണ്ട്. കാലി മേച്ചിരുന്നവരും പാടത്തു പണിയെടുത്തിരുന്നവരും പോയ്കഴിഞ്ഞു. ശാന്ത സുന്ദരമായ പ്രകൃതി. വീണു പോയ കുറ്റി ഉറപ്പിക്കുന്നതിനിടെ ഞാനോർത്തു ടോർച്ചെടുത്തിരുന്നെങ്കിൽ കുറേ നേരമിവിടെ ഇരുന്നിട്ടു പോയാൽ മതിയായിരുന്നു. ഞാൻ ബാറ്റിങ്ങിനു പോസ് ചെയ്തു അവൻ അധികം ഓടാതെ ഒരു സ്പിൻ എറിഞ്ഞു. മങ്ങിയ വെളിച്ചത്തിൽ പന്തിന്റെ ടേൺ മനസിലക്കാൻ വിഷമിക്കുമെന്നു കരുതി രണ്ടടി മുന്നോട്ടു വെച്ച് ഞാനൊരു പൂശകൊടുത്തു. പ്രീ ഡിറ്റർമിന്റ് കവർ ഡ്രൈവ്. പിഴച്ചില്ല മണിയെ ശുണ്ഠിപിടിപ്പിച്ചു കൊണ്ട് പന്ത് വായു വേഗത്തിൽ മൈതാനത്തിനപ്പുറം കുറ്റിക്കാടുകളിലേക്ക് പാഞ്ഞു പോയി. പിറകെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് മണിയും... ഇപ്പോൾ മൈതാനത്ത്  ഞാൻ മാത്രം. സൂര്യൻ പൂർണ്ണമായും അസ്തമിച്ചുകഴിഞ്ഞു. വർണ്ണാഭമായ സന്ധ്യാകാശം... ചുവന്ന ശോഭക്കിടെ ഒരോ കീറ് കരി മുകിലുകളും... അക്കരെ നിന്നും ഒരു കൂട്ടം ചൂളപ്രാവുകൾ പറന്നു വന്നു എന്റെ പിറകിൽ അമ്പലമുറ്റത്തെ ആൽ മരത്തിലിരിക്കുന്നതും നോക്കി ഞാൻ നിന്നു. ആലിലപ്പടർപ്പിൽ നിന്നും അവയെ കണ്ടു പിടക്കാൻ വിഷമമാണ്‌‌. അല്പം കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി ഫാസ്റ്റ് ബോളെറിയാനുള്ളതയ്യാറെടുപ്പാണെന്നു തോന്നുന്നു ദൂരെ പന്തു മായി മണി നില്കുന്നു. എനിക്കു ചിരി വന്നു നേരത്തെ അവനെ ബൗണ്ടറിയടിച്ചതിനു പകരം വീട്ടാനൊരുങ്ങു കയായിരിക്കും. വരട്ടെ നോക്കാം. മങ്ങിയ വെളിച്ചം വകവെയ്കാതെ ഞാൻ കാത്തു നിന്നു. വായു വേഗത്തിൽ പാഞ്ഞു വന്ന് അവനൊറ്റയേറ്‌. ഷോട്ട് പിച്ച് ബൗൺസർ. എന്റെ മൂക്കിനു നെരെ ശക്തിയായി ഉയർന്നു വന്ന് പന്ത് ഒരടി പിറകോട്ടു മാറി ഞാൻ ഫൈൻ ലഗ്ഗ് ബൗണ്ടറിയിലേക്ക്‌ ഹുക്ക് ചെയ്തു. പിറകിലെ പാല മരത്തിനപ്പുറത്തേക്ക് പന്തു പാഞ്ഞു പോകുന്നതും അതിനേക്കാൾ വേഗത്തിൽ അവൻ പിറകെ പായുന്നതും നോക്കി ഉൾ ചിരിയോടെ ഞാൻ നിന്നു. പക്ഷേ അത്ര ദൂരേക്കു പന്തടിച്ചതിന്‌ എതിരായൊന്നും അവൻ ഉരിയാടിയില്ല.
എന്റെ അനുജൻ കൃക്കറ്റിൽ എന്റെ ശിഷ്യൻ ഇവൻ നന്നായി കളിക്കാൻ തുടങ്ങിയല്ലോ എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് പന്തു പോയയിടത്തേക്കും നോക്കി ഞാൻ നിന്നു. വേണ്ടായിരുന്നു. ഡക്കുചെയ്ത് ഒഴിവാക്കിയാൽ മതിയായിരുന്നു. ഇനി പന്തു കിട്ടുന്നകാര്യം സംശയമായിരിക്കും. കുന്നിനു പിറകിൽ ഒരു തേച്ചു മിനുക്കിയ ചെമ്പു തളികപോലെ ഉദിച്ചു യരുന്ന പൂർണ്ണചന്ദ്രൻ. ബാറ്റ് സ്റ്റമ്പിൽ ചാരി വെച്ച് പന്തു തിരയാൻ അവനെ സഹായിക്കാനൊരുങ്ങവേ ഞാൻ കേട്ടു ആദ്യം പന്തു പോയ കവർ ബൗണ്ടരീയിലെ വള്ളിപ്പടർപ്പുകൾ ക്കടുത്തു നിന്നും മണി എന്നെ വിളിക്കുന്നു. ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി. കയ്യിൽ പന്തൂമായി ചിരിച്ചു കൊണ്ട് എനിക്കു നേരെ നടന്നു വരുന്ന എന്റെ അനുജൻ... എനിക്ക് ഉൾക്കിടിലമുണ്ടായി. ശരീരത്തിലെ രോമങ്ങളെഴുന്നു നിന്നു. “ വരിൻ പോകാം നേരമൊരു പാടായി
വിറയൽ പുറത്തു കാണിക്കാതെ ബാറ്റുമെടുത്ത് ഞാനവന്റെ കൂടെ ചെന്നു. പുഴയിലെത്തി കയ്യും കാലുമൊക്കെ കഴുകി മണലിൽ ഇരിക്കുന്നതു വരെ ഞാൻ അവനോടൊന്നും പറഞ്ഞില്ല. പടിഞ്ഞാറുനിന്നും വീശിയ ഇളം കാറ്റേറ്റ് മണലിൽ കിടന്നു കൊണ്ട് ഞാൻ അവനോടു കാര്യം പറഞ്ഞു. അവൻ പന്തു തെരഞ്ഞു കൊണ്ടിരിക്കേ അവനെപ്പോലൊരാൾ എനിക്കു നേരേ ബൗൺസറെറിഞ്ഞതും ഞാനത് പിറകിലെ കാട്ടിലേക്കു ഹുക്കുചെയ്തതും അയാൾ പന്തിനു പിറകെ പാഞ്ഞു പോയതും. മണലിൽ കിടക്കുകയായിരുന്ന അവൻ ചാടിയെഴുന്നേറ്റു. കുറേ നേരം എന്റെ മുഖ ത്തേക്കു നോക്കി പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു " ഇക്കാക്ക് തോന്നിയതായിരിക്കും" ഞാൻ തർക്കിച്ചു സ്ഥാപിക്കാനൊന്നും നിന്നില്ല. ഇതുവരെയില്ലാത്ത ഒരു പേടി അവന്റെ മനസിൽ കുത്തിയിടേണ്ടല്ലോ എന്നു ഞാൻ കരുതി. വശത്തേക്കു ചരിഞ്ഞ് മണലിൽ ചിത്രം വരച്ചു കൊണ്ട് ഞാൻ സമ്മതിച്ചു പതിയെ ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു "അതെ എനിക്കു തോന്നിയതായിരിക്കും"... 
 


Monday, December 15, 2014

ഈഡിപ്പസ്


Tuesday, November 11, 2014

അന്ന് വേനലിലൊരു നോമ്പ് ......



അന്ന് വേനലിലൊരു നോമ്പ് ......
അതൊരു റംളാൻ നാളായിരുന്നു. വെള്ളിയാഴ്ചയുമായിരുന്നു. അയാൾക്കു നോമ്പായിരുന്നു.തലേദിവസം കോഴി കൂകുന്നതിന്റെ ഒരു പാടു മുമ്പ് കഴിച്ച അത്താഴമേ വയറ്റിലുണ്ടായിരുന്നുള്ളൂ. വിറകു വെട്ടലായിരുന്നു അന്നത്തെ പണി. പുലർച്ചെ തുടങ്ങിയതാണ്‌. ഒറ്റമുണ്ടും ഒരു തോർത്തു മായിരുന്നു വേഷം ഇടതു കയ്യിലെ കരുത്തുറ്റ പേശിക്കുമേൽ ഒരു കറുത്തനൂലിൽ കോർത്ത ഉറുക്കുണ്ടായിരുന്നു.
അയാൾ ആകാശത്തേക്കു നോക്കി അടിയളന്നു നോക്കണോ എന്നാലോചിക്കുന്നതിനിടെ ചേക്കു മൊല്ലക്കായുടെ ബാങ്കു വിളി ഉയർന്നു കേട്ടു. മൊല്ലക്കാക്ക് നല്ല ഒച്ച. ഓങ്ങല്ലൂരു വരെ യുള്ളവരിതു കേട്ടാണ്‌ നോമ്പും നിസ്കാരവുമൊക്കെ.വേഗത്തിൽ മഴു ചാരിവെച്ച് അയാൾ ധൃതിയിൽ പുഴയിലേക്കു നടന്നു.
മുക്രിക്കടവിലെ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. അങ്ങേചാലിലെ മാമരു കുണ്ടിലല്പം ബാക്കിയുണ്ട്. അയാളതിലിറങ്ങി ഉടു മുണ്ടും തോർത്തും അലക്കി. കുളിച്ചു. തോർത്തുടുത്ത് ഉടുമുണ്ട് തലക്കു മീതെ വെയിലിലുയർത്തിപ്പിടിച്ച് പള്ളിക്കു നേരെ നടന്നു.പുഴ കേറിയപ്പോഴേക്കും മുണ്ട് ഉണങ്ങിക്കഴിഞ്ഞിരുന്നു അതുടുത്ത് പടിഞ്ഞാറെ നടയിലൂടെ തണ്ടാസിന്നടുത്തെത്തിയപ്പോൾ മൊല്ലക്ക മഹശറ വീളിക്കുന്നു. "അൽ ജുമ അ ത്തു ഹജ്ജുൽ ഫുക്കറാഅ വൽ മസാക്കീൻ ... " അർത്ഥമറിയാതെതന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു ... ധൃതിയിൽ ഒയങ്ങയെടുത്ത് ഹൗളിൽ നിന്നും കാൽ കഴുകി പിറകിലെ നിരയിൽ ഇരിപ്പുറപ്പിച്ചപ്പോഴേക്കും മാനു മുസ്ല്യാർ ഖുത്ബ തുടങ്ങിയിരുന്നു....
തനിക്കറിയാത്ത ഭാഷയിൽ പറയപ്പെടുന്ന നന്മകളിൽ മനസുറപ്പിച്ച് അയാളിരുന്നു. നോമ്പായിട്ടും മയക്കമോ ക്ഷീണമോ അയാളെ ബാധിച്ചില്ല. നിസ്കാരം കഴിഞ്ഞ് ഹൗളിന്റെ കരക്കൽ അലപം കിടക്കണം. അ സറിനു ശേഷം അല്പം മീനും കപ്പയുമൊക്കെ വീട്ടിലെത്തിക്കണം എന്നൊക്കെയുള്ള കൊച്ചു കൊച്ചു ചിന്തകളുമായി....

Friday, August 22, 2014

അച്ഛനും മകനും


അതൊരു മകരമാസ സന്ധ്യയായിരുന്നു. ആറുമണി കഴിഞ്ഞപ്പോഴേക്കും മഞ്ഞു വീഴാന്‍ തുടങ്ങി. വൃദ്ധന്‍ ദിവസങ്ങളായി കിടപ്പിലായിരുന്നു. ഇടക്കിടെ വരുന്ന ശാസം മുട്ടലും ശരീരവേദനയുമെല്ലാം കൂടി അയാളെ അവശനാക്കി. പക്ഷേ അന്നെന്തോ അയാള്‍ക്ക് വലിയ ഉത്സാഹം തോന്നി. പുറത്ത് കുളിരുണ്ടായിരുന്നിട്ടും വരാന്തയില്‍ പോയിരുന്ന് പുറത്തെ കാറ്റേല്‍ക്കാനും മകന്‍ ജോലികഴിഞ്ഞു വരുന്നത് കാണാനും അയാള്‍ ആഗ്രഹിച്ചു. കട്ടിലിന്നു തലക്കല്‍ വെച്ചിരുന്ന വാക്കിങ്ങ്സ്റ്റിക്കെടുത്ത് അയാള്‍ മെല്ലെ പുറപ്പെട്ടു.
സ്വീകരണമുറിയില്‍ മരുമകള്‍ സീരിയല്‍ കാണുന്നു. അടുത്തിരുന്ന് പേരക്കുട്ടി ലാപ്‌ടോപ്പില്‍ ഗെയിം കളിക്കുകയാണ്‌‌. രണ്ടു പേരും വൃദ്ധനെ ശ്രദ്ധിച്ചതേയില്ല. അവരെ ശല്ല്യം ചെയ്യാതെ മെല്ലെ, ചാരിയട്ട മുന്‍ വാതില്‍ തുറന്ന് അയാള്‍ വരാന്തയിലെ ചാരു കശേരയില്‍ ഇരിപ്പായി. ദൂരെ കുന്നിന്‍ മീതെ തലയുയര്‍ത്തി നില്കുന്ന കരിമ്പനകള്‍ക്കുമുകളില്‍ കാച്ചിപ്പഴുപ്പിച്ച ചെമ്പു തളികപോലെ പൂര്‍ണ്ണ ചന്ദ്രന്‍. ഗേറ്റിനു മിന്നിലെ റോഡിലൂടെ ധാരമുറിയാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍.
പണ്ട് താന്‍ ഓഫീസുവിട്ടെത്താന്‍ വൈകിയിരുന്ന ദിവസങ്ങളില്‍ പടിക്കലേക്കു നോക്കി നില്കുമായിരുന്ന തന്റെ പത്നിയേയും അവളുടെ ഒക്കത്തിരുന്നിരുന്ന തന്റെ മകനേയും അയാള്‍ ഓര്‍ത്തു. തന്റെ സ്ഥാനത്ത് ഇന്ന് അവനാണ്‌....അവന്റെ ഭാര്യയും കുഞ്ഞും അകത്ത് തിരക്കിലാണ്‌.
*******************************************************************************
കുറെ ദിവസങ്ങളായി ഭാര്യയേയും മകനേയും കൊണ്ടൊന്ന് പുറത്തിറങ്ങണമെന്ന് അയാളാശിക്കുന്നു. വെറുതെ ഒരു കറക്കം ഒരു സിനിമ പിന്നെ ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരു അത്താഴവും. അതിനൊരുങ്ങിയിറങ്ങിയപ്പോഴാണ്‌‌. മേലാവിയുമായി ചര്‍ച്ച. പിന്നെ അയാളുടെ ദുര്‍മുഖം. റോട്ടില്‍ പതിവില്‍ കവിഞ്ഞ തിരക്കും വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന പിതാവിനെക്കുറിച്ചുള്ള ചിന്തകളും... എല്ലാം കൂടി അയാളെ ആവശ്യത്തില്‍ കൂടുതല്‍ അസ്വസ്ഥനാക്കി. വരണ്ട മനസുമായി വീട്ടില്‍ വന്നു കയറുന്ന തന്നെ കാത്തിരിക്കുന്ന വൃദ്ധനായ പിതാവിനെ ഒന്നു ശ്രദ്ധിക്കാന്‍ പോലും അയാള്‍ക്കു മനസ്സാന്നിദ്ധ്യമുണ്ടായില്ല. ഈ തണുപ്പില്‍ പുറത്തിറങ്ങി ഇദ്ദേഹം രോഗം അധികരിപ്പിക്കുമല്ലോ എന്ന വേവലാതിയായിരുന്നു അയാള്‍ക്ക്.
*******************************************************************************
ധൃതിയില്‍ കയറിവരുന്ന മകനെ അയാള്‍ അഭിമാനത്തോടെ നോക്കി പണ്ടത്തെ ഞാന്‍ തന്നെ. എന്നെക്കാള്‍ തലയേടുപ്പുണ്ട്. തന്റെ വിരലില്‍ തൂങ്ങി നടന്നിരുന്ന തന്റെ മകന്‍. അസുഖം ബേധമായി തന്നെ പുറത്തു കണ്ടതില്‍ അവന്‍ സന്തോഷിക്കുമെന്നും തന്റെയടുത്തു വന്ന് പണ്ട്‌താനവനോടു ചെയ്തിരുന്ന പോലെ തെന്റെ കയ്യിലോ നെറ്റിയിലോ സ്പര്‍ശിക്കുമെന്നും എന്തെങ്കിലും കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമെന്നു മൊക്കെ അയാള്‍ വെറുതെ ആശിച്ചു. പക്ഷേ അവന്‍ മങ്ങിയ മുഖവും കനത്ത കാല്‍വെപ്പുമായി അകത്തുകടന്ന്‌‌ ഭാര്യയോട് കയര്‍ക്കുന്നു. ഈ അച്ഛനിതെന്തു ഭാവിച്ചിട്ടാ. മഞ്ഞുകൊണ്ട് അസുഖ മധിക മാക്കിയാല്‍ ഞാന്‍ വേണമല്ലോ കഷ്ടപ്പെടാന്‍...
അസുകമധികമായാല്‍ എന്തുസംഭവിക്കാനാണ്‌ മകനേ മക്കളുടെ ശാസനക്കുകീഴില്‍ കഴിയേണ്ടി വരുന്ന വൃധനായപിതാവിനു കിട്ടുന്ന ഏറ്റവും വലിയ ഈശ്വരാനുഗ്രഹമായ മരണത്തില്‍ കവിഞ്ഞ്... എന്നയാള്‍ പറഞ്ഞില്ല. അവന്‍ താന്‍ കാരണം വേദനിക്കരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു.
അയാള്‍ക്കറിയാം തന്റെ മകന്‍ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന്...
അവര്‍ മുകളിലേക്ക് കയറിപ്പോകുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ തന്റെ മുറിയില്‍ കയറി കതകുചാരി...
പുറത്ത് കാല്‍ പെരുമാറ്റം ....
അച്ഛാ ഞങ്ങളൊന്നു പുറത്തുപോവുകയാണ്‌‌ കഞ്ഞി ഡൈനിങ്ങ് ടേബിളില്‍ മൂടി വെച്ചിട്ടുണ്ട് ....
അയാള്‍ മൂളി ... ങൂം പോയി വാ ...
വിളക്കണച്ചു തലയണയില്‍ മുഖമമര്‍ത്തി തന്റേതായ ഓര്‍മ്മകളില്‍ അയാള്‍ മുഴുകി..

Wednesday, August 6, 2014

ശ്വാനപ്രമാണി



പുലര്‍ച്ചെ ആറുമണിക്കുള്ള വണ്ടി കാത്ത് പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്നു ഞാന്‍, നാലു പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടത്തില്‍ ഒറ്റക്ക്. എനിക്കുമുകളിലെ ബള്‍ബിന്റെ വെളിച്ചത്തിനപ്പുറത്ത് നിഴലില്‍ നിന്നും അവന്‍ എന്നെ നോക്കി നില്കുന്നു. ശാന്തമായ കണ്ണൂകള്‍ തൂങ്ങിക്കിടക്കുന്ന വലിയ ചെവികള്‍ മങ്ങിയ കറുപ്പു നിറം രോമ നിബിഢമായ വാല്‍ ... പൊതുവേ നായ്കളെ ഇഷ്ടമായതു കൊണ്ട് ഞാനവന്റെ നേരെ കൗതുകപൂര്‍വ്വം വിരല്‍ ഞൊടിച്ചു. ക്ഷണം സ്വീകരിച്ച് സൗഹാര്‍ദ്ദപൂര്‍വ്വം വാലാട്ടിക്കൊണ്ടവനടുത്തു വന്നു. പൊഴിഞ്ഞുതുടങ്ങിയ രോമങ്ങള്‍ നരകയറിയിരുന്നു. ഞാന്നു കിടക്കുന്ന വൃഷണങ്ങള്‍, ആള്‍ പ്രായാധിക്യംകൊണ്ട് അവശനും വിവശനുമായിരിക്കുന്നു. എന്റെ കാല്‍കീഴില്‍ മുന്‍കാല്‍ നിവര്‍ത്തി അതില്‍ തലചായ്ച്ച് കിടന്നു കൊണ്ട്‌ അവന്‍ നെടുവീര്‍പ്പിട്ടു. എനിക്കു മനസിലായി യജമാനന്‍ ഉപേക്ഷിച്ച ദുഖത്തിലാണ്‌‌ ശ്വാനപ്രമാണി. ഒരുകാലത്തവന്‍ ആള്‌ പുലിയായിരുന്നിരിക്കണം. വീണ്ടും വിരല്‍ ഞൊടിച്ചപ്പോള്‍‌ എന്റെ നേരെ മുഖമുയര്‍ത്തി വലിയ വാല്‍ വീണ്ടും ആട്ടാന്‍ തുടങ്ങി. അവന്റെ ദുഖങ്ങള്‍ ആ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാം. ഒരു ജന്മം മുഴുവന്‍ തന്റെ ജീവനെക്കാള്‍ സ്നേഹിച്ചു സേവിച്ച തന്റെ യജമാനന്‍ വയസ്സായി പല്ലും രോമവും കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉപേക്ഷിച്ചതിലുള്ള ദുഖം ......
അവനെന്നോട് പറയുകയാണ്‌‌.. അദ്ദേഹം പുത്യൊരു നായെ കൊണ്ടു വരാന്‍ പോകുന്നു വത്രേ... അതിനേക്കാള്‍ ബേധം എന്നെ കൊല്ലുന്നതായിരുന്നു.. അവഗണനന സഹിക്കാന്‍ വയ്യതായപ്പോള്‍ ഇറങ്ങിപ്പോന്നതാ.
**************************************************************************
പണ്ട്‌ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്ന്‌ ഭീഷണി നേരിട്ട് നാട്ടില്‍ നിന്നും പലായനം ചെയ്ത ഇടയന്മാരുടെ കൂടെ കൂടിയ നായുടെ കഥ ഞാനോര്‍ത്തു. മുന്നൂറില്‍ പരം വര്‍ഷങ്ങള്‍ കാട്ടിലെ ഗുഹയില്‍ ഇശ്വരനുറക്കിക്കിടത്തിയ ഇടയന്മാര്‍ക്കു കാവലിരുന്ന ഖിത്‌മീര്‍ .... ഖുഹാമുഖത്ത് എത്തിനോക്കിയവര്‍ ആവലിയ നായ ഉണര്‍ന്നിരിക്കയാണെന്നു കരുതി. സത്യത്തില്‍ അവനും തന്റെ യജമാനന്‍മാരെപ്പോലെ ഉറങ്ങുക തന്നെയായിരുന്നു.മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ വിശ്വാസം പുലര്‍ന്ന നീതിയുടെ ലോകത്തേക്ക് ഉണരാനുള്ള ഉറക്കം...
**************************************************************************
ക്രുദ്ധനാകുമ്പോള്‍ നന്ദികെട്ടനായേ എന്നാക്രോശിക്കുന്ന മനുഷ്യനേക്കാള്‍ വലിയ നന്ദികേട് നായ്കള്‍ ചെയ്യുന്നുണ്ടോ ...
നന്ദിയുടെ മാതൃകയായി ഈശ്വരന്‍ നായെ സൃഷ്ടിച്ചിരിക്കുന്നു. നന്ദികേടിന്റെ പ്രതീകമായി മനുഷ്യനേയും................................................................
വണ്ടി വരുന്നതിന്റെ അറിയിപ്പുണ്ടായി എന്റെ കൂട്ടുകാര്‍ അനിലും മറ്റും വരുന്നു ഞാനെഴുന്നേറ്റു ഒരു കേയ്ക്കു വാങ്ങി അവന്നിട്ടു കൊടുത്ത് അവന്റെ നെറുകയിലൊന്ന് മെല്ലെ സ്പര്‍ശിച്ച് മുന്നോട്ടു നടന്നു. എനിക്കു കയറാനുള്ള ബോഗി അങ്ങു മുന്നിലാണല്ലോ. നന്ദിയോടെ എന്നെ പിന്‍തുടരുന്ന അവന്റെ തരളമായ മിഴികള്‍ മനസ്സില്‍ കണ്ടുകൊണ്ട് ....