ഒരു ഇസ്രായേല്യനും ഖിബ്ത്തി യും തമ്മിലുണ്ടായ ഉന്തുംതള്ളും ആയിരുന്നു തുടക്കം. ഇസ്രായേല്യൻ മൂസയോട് സഹായം അഭ്യർത്ഥിച്ചു. സ്വാഭാവികമായും തന്റെ കൂട്ടത്തിൽ പെട്ട ഒരു പീഡിതൻ എന്ന നിലക്ക് മൂസ ഇടപെട്ടു. നിർഭാഗ്യവശാൽ കശപിശ ഖിബ്തി യുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. കയ്യബദ്ധം വന്ന ഉടൻ തന്നെ മൂസക്ക് ബോധ്യമായി തന്റെ കർമ്മം പൈശാചികമായി പോയി എന്ന്. അദ്ദേഹം പശ്ചാത്തപിച്ചു അല്ലാഹുവിൽ അഭയം തേടുകയും ചെയ്തു. കാര്യം ഫറോവയുടെ ചെവിയിൽ എത്തിയാൽ ഉണ്ടാകാനിരിക്കുന്ന അനന്തരഫലം ഓർത്ത് അദ്ദേഹം വിഹ്വലനായി. അദ്ദേഹത്തെ വധിക്കാൻ പ്രമുഖർ ഗൂഡാലോചന നടത്തുന്ന വിവരം തന്റെ ഒരഭ്യുദയ കാംക്ഷിമുഖാന്തിരം അറിഞ്ഞ മൂസ രാത്രിക്ക് രാത്രി ഈജിപ്തിൽനിന്നും പലായനം ചെയ്തു. കത്തുന്ന വെയിലിൽ തപിച്ചുരുകുന്ന മണല്പരപ്പിലൂടെ ദുരിത പൂർണ്ണമായ കുറെ നാളത്തെ യാത്രയ്ക്കുശേഷം അദ്ദേഹം ജനവാസമുള്ള ഒരു പ്രദേശത്ത് എത്തിച്ചേർന്നു. അദ്ദേഹം ചെല്ലുമ്പോൾ ഒരു കിണറിന് ചുറ്റും കരുത്തന്മാരായ കുറെ ചെറുപ്പക്കാർ തങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുക്കുന്നുണ്ടായിരുന്നു. കുറച്ചകലെ രണ്ടു പെൺകുട്ടികൾ തങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുക്കാൻ അവസരത്തിനായി കാത്തു നിൽക്കുന്നുമുണ്ടായിരുന്നു. ചെറുപ്പക്കാരുടെ ഊഴം കഴിയാതെ പെൺകുട്ടികൾക്ക് തങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുക്കാൻ മാർഗമുണ്ടായിരുന്നില്ല. നീതിമാനായ മൂസ ചെറുപ്പക്കാരായ ഇടയന്മാരോട് ഏറ്റുമുട്ടി പെൺകുട്ടികൾക്ക് ആടുകൾക്ക് വെള്ളം കൊടുക്കാൻ സൗകര്യം ചെയ്തു കൊടുത്തു.
പിന്നീട് തണലിലേക്ക് മാറിയിരുന്നിട്ടദ്ദേഹം പ്രാർത്ഥിച്ചു. "നാഥാ നീയിപ്പോൾ ഇറക്കിത്തരുന്ന ഏതു സഹായത്തിനും ഞാൻ ആവശ്യക്കാരനാകുന്നു.,"..
താമസിച്ചില്ല നേരത്തെ അദ്ദേഹം സഹായിച്ച പെൺകുട്ടികളിൽ ഒരുവൾ വന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു "ഞങ്ങളെ സഹായിച്ചതിന് പ്രതിഫലം നൽകാൻ എന്റെ പിതാവ് താങ്കളെ വിളിക്കുന്നു."
അദ്ദേഹം ക്ഷണം സ്വീകരിച്ചു. മദ് യൻ
ദേശത്താണ് താൻ വന്നുപെട്ടിരിക്കുന്നത് എന്ന് അദ്ദേഹം മനസിലാക്കി. കുട്ടികളുടെ പിതാവുമായി സംസാരിക്കുകയും എട്ടോ പത്തോ വർഷങ്ങൾ അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്തുകൊള്ളാം എന്ന് വാക്ക് നൽകുകയും ചെയ്തു.,..പെൺകുട്ടികളൽ ഒരുവളെ അദ്ദേഹം വിവാഹം ചെയ്യുകയുമുണ്ടായി.
പിന്നീട് സർവ്വേശ്വരൻ അദ്ദേഹത്തെ ഇസ്രായേൽ ജനതയുടെ മോചനത്തിനായി നിയോഗിക്കുന്നതുവരെ അദ്ദേഹം അവിടെ താമസിക്കുകയുണ്ടായി......
No comments:
Post a Comment