Sunday, January 23, 2022

ചരിത്രകഥ

ഇത് പരാസിറ്റമോൾ ഒരു ദിവ്യൗഷധമായി കരുതപ്പെട്ടുതുടങ്ങുന്നതിനു മുമ്പുള്ള കഥയാണ്. അന്നൊന്നും സമ്പാദനത്തിനായി ആരും വൈദ്യം പഠിച്ചിരുന്നില്ല പഠിപ്പിച്ചിരുന്നും ഇല്ല. പുണ്യം മാത്രം ഉദ്ദേശിച്ചായിരുന്നു ഏർപ്പാട്. പിന്നീടാണ് പുണ്യം വേണ്ട പണം മതി എന്ന ദിവ്യ സൂക്തം അവതരിച്ചത്. " ഞങ്ങളുടെ കൂടെ നാലാളെ അയച്ചാൽ ഞങ്ങളവരെ വൈദ്യശാസ്ത്രം പഠിപ്പിക്കാം ഞങ്ങൾ വൈദ്യ ശാസ്ത്ര വിദഗ്ദരാണ് എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് വൈദ്യ ശാസ്ത്രത്തിന്റെ ആവശ്യമില്ല ഞങ്ങൾ വിശക്കാതെ ഭക്ഷിക്കാറില്ല ഭക്ഷിക്കുമ്പോൾ വയർ നിറക്കാറുമില്ല" എന്ന് പറഞ്ഞ നിരക്ഷരനായ ഗുരുവായിരുന്നു റോൾ മോഡൽ. അതുകൊണ്ടുതന്നെ ഭീമൻ തുകകൾ ചെലവാക്കിയുള്ള ചികിത്സ ഒരു അഭിമാനമായി ജനങ്ങൾ കരുതിയിരുന്നുമില്ല. മരണഭീതി പൊതുവേ കുറവായിരുന്നു. മൃത്യൂഭീതിയുടെ കച്ചവട സാദ്ധ്യത മനസിലാക്കപ്പെട്ടത് പിന്നീടാണ്.  മെട്രിക്കുലേറ്റായ കമ്പ്യൂട്ടർ വിദഗ്ദൻ ദുനിയാവിന്റെ  അരോഗ്യത്തിന്റെ നടത്തിപ്പ് മൊത്തത്തിൽ ഏറ്റെടുത്തതിനു ശേഷം.   കമ്പ്യൂട്ടർ വൈറസുകളെപ്പോലെ ജൈവ വൈറസുകളേയും ഉപയോഗപ്പെടുത്താമെന്ന മഹത്തായ ആശയം അയാളുടെ തലച്ചോറാകുന്ന കമ്പ്യൂട്ടറിൽ ഉദയം ചെയ്തത് ഈ ചരിത്രകാലത്താണ്. എന്നാൽ ചരിത്രാദീത കാലത്തുമുണ്ടായിരുന്നു നമ്മുടെ സീസണൽ ഫ്ലൂ. ചേറ് പൊടിയാകുമ്പോഴും പൊടി ചേറാകുമ്പൊഴും ഒന്നു പനിക്കും അത് കാര്യമാക്കാനില്ല എന്നാ അന്ധവിശ്വാസമായിരുന്നു നടപ്പ്. ആധുനിക ശാസ്ത്രമെന്ന സത്യവിശ്വാസം ഇത്രക്കങ്ങ് പ്രചരിച്ചിട്ടില്ലായിരുന്നു. വാർത്തക്കാരു വൈദ്യക്കാരും പരസ്പരം മുതുക് ചൊറിയാൻ തുടങ്ങുന്നതിനു മുമ്പ് ആരും സീസണൽ ഫ്ലൂവിന്റെ പിറകെ ക്യാമറയും തൂക്കി നടക്കാറില്ലായിരുന്നു.. നാട്ടിൽ നടക്കുന്ന മരണങ്ങളൊക്കെയും അതിന്റെ കണക്കിൽ എഴുതിച്ചേർക്കാറുമില്ല. പിന്നെ എങ്ങനെയാണ് ഈ മഹാമാരിയെ പ്രാകൃതർ അതിജീവിച്ചത് എന്നല്ലേ പറയാം...
നാട്ടു വൈദ്യമായിരുന്നു മുഖ്യം. ഹോമിയോപ്പതി പ്രകൃതിചികിത്സ തുടങ്ങിയ അപരിഷ്കൃത ഏർപ്പാടുകളും നടപ്പിലുണ്ടായിരുന്നു. വയറ്റിനു കനമുള്ള ഭക്ഷണമൊഴിവാക്കി ചുക്ക് കുരുമുളക് തുളസിയില പേരയില ചെറിയ ഉള്ളി കരിപ്പൊട്ടി ഇത്യാദികൾ കഷായം വെച്ച് കുടിച്ച്  മൂടിപ്പുതച്ച് കിടക്കുക. അതായിരുന്നു മുഖ്യ ചികിത്സ.  മലയാളത്തിലെ സാഹിത്യകാരനായ ഡോക്ടർ അതിനെപ്പറ്റി പറഞ്ഞത് ചികിത്സിച്ചാൽ ഒരാഴ്ച ഇല്ലെങ്കിൽ ഏഴു ദിവസം എന്നായിരുന്നു. 
ങൂം അങ്ങനെ എന്തെല്ലാം ചരിത്രങ്ങൾ....

Saturday, January 22, 2022

പൂരക്കാഴ്ചകൾ

സ്കൂളില്ലാത്ത ദിവസമാണ്‌. പോരാത്തതിന്ന്  വെള്ളിയാഴ്ചയും  സ്കൂളും മദ്രസയും ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടികൾക്ക് വലിയ സന്തോഷമാണ്. അയ്സ്ല് വാസികളായ കുഞ്ഞാപ്പുട്ടിയും ഹംസുവും നേരത്തേ വന്നു. കുഞ്ഞിബാപ്പുവും കുഞ്ഞിപ്പയും അലിയും മാളുവും കുഞ്ഞിമോളും ചാമിയുടെ മകൾ സരോജിനിയും. കുഞ്ഞിപ്പയും കുഞ്ഞിമോളും ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് വന്നിരിക്കയാണ്‌. നേരം വെളുത്ത് വൈകുന്നേരം വരെ കളിച്ചു തീർക്കേണ്ട കളികളെക്കുറിച്ച് ഒരേകദേശ രൂപം കുട്ടികളുടെ നേതാവായ കുഞ്ഞുബാപ്പു ഉണ്ടാക്കിവെച്ചിരുന്നു. തെറിച്ച വെയിൽ ഒട്ടും കളയാതെ തലയിൽ ഏറ്റുവാങ്ങുക എന്നത് തന്നെയാണ്‌ മുഖ്യ പരിപാടി. നാലുകെട്ടിന്റെ മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് കുട്ടികൾ പരിപാടികൾ അവലോകനം ചെയ്യവേ 
ചീക്കരത്തെ പാലത്തിന്റെ ഭാഗത്തുനിന്നും ചെണ്ടമേളം കേൾക്കുന്നു. വാദ്യം കേട്ട കുട്ടികൾ തറവാട്ടു വളപ്പിന്റെ പടിഞ്ഞാറേ മൂലയിലുള്ള കുളക്കരയിലേക്ക് ഓടി.
 അവിടെ നിന്നാൽ കാഴ്ചകൾ കാണാം. വേനലിൽ വരണ്ടു കിടക്കുന്ന കണ്ടാറിപ്പാടം. പാടത്തെ പകുത്ത് കിഴക്കുനിന്ന് പടിഞ്ഞാറേക്ക് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാതക്കുമപ്പുറം പഞ്ചാരമണൽതിട്ടക്ക് കുറുകെ മെല്ലെ പടിഞ്ഞാട്ടൊഴുകുന്ന പുഴ. പിന്നെയും പാടം അതും കഴിഞ്ഞ് ഒരു കോട്ടപോലെ കൊണ്ടൂരക്കുന്ന്. കുട്ടികൾ കുളത്തിന്റെ കരയിലെത്തി. വേനൽസ്രുതിയിൽ ശുഷ്കിച്ചു പോയകുളം.

 കുളക്കണ്ടത്തിലേക്കും കവുങ്ങിൻ തോട്ടത്തിലേക്കും ഏത്തമിട്ട് തേവുന്ന കൊട്ടത്തളങ്ങളിൽ മാത്രമേ വെള്ളമുള്ളൂ. കുട്ടികൾ ചെണ്ടമേളം കേട്ട ദിക്കിലേക്ക് നോക്കി. പാടത്തിനും മരങ്ങൾക്കുമപ്പുറം കുഞ്ഞിരാമൻ നായരുടെ വീട്ടിന്റെ ഭാഗത്തു നിന്നാണ്‌ ചെണ്ട മേളം കേൾക്കുന്നത്. മരങ്ങളുടെ മറവുകൊണ്ട് ഒന്നും കണ്ടുകൂടാ. കാണാമറയത്തു നടക്കുന്ന കൗതുകങ്ങൾ മനസിൽ കണ്ട് കുട്ടികൾ നിന്നു. അവർ പാടത്തേക്ക് ഇറങ്ങിവരികയാണെങ്കിൽ കാണാമല്ലോ. അങ്ങിങ്ങ് മേഞ്ഞു നടക്കുന്ന കുറേ കന്ന് കാലികളും അവയുടെ ചുറ്റും കൊത്തിപ്പെറുക്കുന്ന കൊക്കുകളും ഒഴിച്ചാൽ  പാടം  വിജനമാണ്. പാടത്ത് പരന്ന വെയിൽ മൂത്ത് വരുന്നതേയുള്ളൂ. ഉച്ചത്തിൽ കൂവിയാർത്ത് പിറകിലേക്ക് പുകപറത്തിക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. കൽക്കരി വണ്ടിയുടെ താളത്തിനൊപ്പം കുട്ടികൾ പാടി " കുട്ടിപ്പട്ടരു ചത്തേൽ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ലാ...ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ...
ചെണ്ട കൊട്ടിന്റെ താളം മുറുകി പിന്നെ നിശബ്ദമായി. കുറച്ചു കഴിഞ്ഞപ്പോൾ വരിവരിയായി കുറേ പേരുടെ അകമ്പടിയോടെ പൂതനും തിറയും പാടത്തേക്കിറങ്ങി. ഇപ്പോൾ അവർക്ക് പുരുഷാരത്തെ വ്യക്തമായി കാണാം.
 പൂതനും തിറയും ചെണ്ടക്കാരും കൂടെ കുറേ പേരും. "ചൊവ്വാഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാണ് അതിന്റെ പിരിവാ" സരോജനി പറഞ്ഞു. സരോജനിയുടെ ഭാഗ്യം. അച്ചന്റെയും അമ്മയുടേയും കൂടെ അവൾക്ക് പൂരത്തിനു പോകാം. 
പൂതനും കൂട്ടരും പ്രാന്തൻ കണ്ടത്തിന്റെ വലിയ വരമ്പിലൂടെ വടക്കോട്ട് പോയി കുഞ്ചു വൈദ്യരുടെ വയൽ വക്കത്തുള്ള വീട്ടിലേക്ക് കയറി. കുട്ടികൾ ഓടി കുളത്തിനപ്പുറം വളപ്പിന്റെ പടിഞ്ഞാറേ കോണിൽ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നാൽ പാടത്തിനപ്പുറം കുഞ്ചുവൈദ്യരുടെ വീട്ടുമിറ്റത്ത് നിന്ന് പൂതനും തിറയും കളിക്കുന്നത് വ്യക്തമായി കാണാം...
ചെണ്ടയുടെ താളത്തിൽ ചുവടുവെക്കുന്ന പൂതനും തിറയും. കളി കഴിയും വരെ കുട്ടികളത് കണ്ടു നിന്നു. കളികഴിഞ്ഞ പൂതനും തിറയും പാടത്തേക്കിറങ്ങി പിന്നെ ബാപ്പു ഹാജിയുടെ വീട്ടിനതിരിലെ ഇടവഴിയിലൂടെ പടിഞ്ഞാട്ട് പോയി മറയും വരെ കുട്ടികൾ നോക്കിനിന്നു. 
സരോജിന്യേ പൂരത്തിന് എന്തോക്കേണ്ടാക്വാ. കുഞ്ഞ്ബാപ്പു ചോദിച്ചു. സരോജിനി വാചാലയായി. കാളകളിണ്ടാകും പഞ്ച വാദ്യണ്ടാകും തായമ്പകണ്ടാകും പിന്നെ പുലർച്ചെ മരുന്ന് പണീണ്ടാകും. പൊരി ഉറിയപ്പം ഈത്തപ്പഴം അലുവ കളിപ്പാട്ടങ്ങൾ ഒക്കെ വിൽക്കുന്ന കച്ചവടക്കാരുണ്ടാകും, വളയും മാലയും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുണ്ടാകും,  മരണക്കിണറിൽ മൂട്ടർസൈക്കിളോടിക്കുന്ന സർക്കസ്കാരുണ്ടാകും. യന്ത്ര ഊഞ്ഞാലും ണ്ടാകും. ഒന്ന് വെച്ചാൽ രണ്ട് കിട്ടുന്ന  കിലുക്കിക്കുത്തും ആനമയിൽ ഒട്ടകവും ഉണ്ടാകും. ഇതൊക്കെ കണ്ട് രസിക്കാൻ അണിഞ്ഞൊരുങ്ങിവന്നവർ ഒരുപാടുണ്ടാകും 
ഇതുവരെ പൂരത്തിനു പോയിട്ടില്ലാത്ത മറ്റു കുട്ടികളുടെ മനസുകളിൽ സരോജിനിയുടെ വിവരണം  പൂരത്തിനു കൊടിയേറ്റി. അത്  മനസിൽ  കണ്ട് രസിച്ചു കൊണ്ട് മാവിൻ തണലിലിരിക്കുമ്പോൾ കുഞ്ഞാപ്പുട്ടി പറഞ്ഞു ഞമ്മക്ക് ആരൂച്ചിടെ ചോട്ടീ പോയി നോക്കാം മാങ്ങ വീണിട്ടുണ്ടാകും. മറ്റുള്ളവർ ഉത്സാഹത്തോടെ എഴുന്നേറ്റു....

Saturday, January 15, 2022

ഒറ്റക്കൊരാൾ ..

അതൊരു മഴക്കാലമായിരുന്നു. എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ബസ്സ് കാത്ത് നിൽകുകയായിരുന്നു ഞാൻ. ഗ്രാമത്തിൽ നിന്നും ടൗണിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു. കവലയിൽ ആളുകൾ വളരെ കുറവ്. ദൂരെ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ സാരഥികളും കടയുടെ തിണ്ണയിലുണ്ടായിരുന്ന രണ്ടുമൂന്നു പേരുമൊഴിച്ചാൽ പരിസരം തീർത്തും വിജനം. ബസ്സെങ്ങാൻ  മുടങ്ങിയാൽ വീണ്ടും സുഹൃത്തിനെ ശല്ല്യം ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടാൻ തിടങ്ങി. വലിയൊരാൽ മരത്തിന്റെ ചുവട്ടിൽ കത്തി നിൽകുന്ന തെരുവു വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന ഇയ്യാം പാറ്റകളെ നോക്കി ഞാൻ നിന്നു. വൈകുന്നേരം അല്പം ശമിച്ചിരുന്ന മഴ വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു, ഒരു പിടി ചരൽ പോലെ തണുത്ത മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ പഴകി ദ്രവിച്ച ഷെഡിലേക്കു കയറി. അവിടെ ഷെഡിന്റെ പൊളിഞ്ഞു തുടങ്ങിയ സിമിന്റു തിണ്ണയിൽ കിടക്കുക യായിരുന്നു അയാൾ. ഞാൻ കയറിച്ചെന്നപ്പോൾ സ്വാഗത ഭാവത്തിൽ ചിരിച്ചുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. തൂവെള്ള മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. മെലിഞ്ഞ് 
നീണ്ട ശരീരം. അവാച്യമായ ശാന്തി തുളുമ്പുന്ന മുഖം.എന്തോ എനിക്കയാളോട് വലിയ ആദരവു തോന്നി. ചാറ്റൽ മഴ കനക്കാൻ തുടങ്ങി. പെട്ടെന്ന് ഒരോട്ടോറിക്ഷ ഷെഡിനരികിൽ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി കൈകൊണ്ട് തല പൊത്തി ഷെഡിൽ കയറി. കീശയിൽ നിന്നും ഒരു പത്തു രൂപ നോട്ട് എടുത്ത് അദ്ദേഹത്തിന്റെ നേരെനീട്ടി.
കേട്ടു നിൽകുന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു. "" മതി മോനേ ഇന്നത്തെ അത്താഴം കഴിഞ്ഞു. നാളെ രാവിലെ ഒരുകഷ്ണം പുട്ടും ഒരു പപ്പടവും ഒരു ചായയും കഴിക്കാൻ വേണ്ട  രൂപ കയ്യിലുണ്ട്... അതു കഴിഞ്ഞു വേണ്ടത് നാളെ ദൈവം തരും.'' ആദരവുകൊണ്ട് ഞാനദ്ദേഹത്തെ മനസാ നമിച്ചു... സ്നേഹപൂർവ്വം അദ്ദേഹത്തെ മാറോട് ചേർത്ത് ആലിംഗനം ചെയ്യാനുണ്ടായ അഭിനിവേശം ഞാൻ പണിപ്പെട്ടു നിയന്ത്രിക്കുമ്പോഴേക്കും ദൂരെ ബസ്സിന്റെ ഇരമ്പൽ കേൾക്കാൻ തുടങ്ങി. ബാഗിൽ നിന്നും കുട തപ്പിയെടുത്ത് നിവർത്തി ഞാൻ റോട്ടിലേക്കിറങ്ങി.... ബസ്സ് ഇങ്ങെത്തിപ്പോയി...

Friday, December 31, 2021

കൊയ്ത്തു കാലം

കൊയ്ത്തിനു മുമ്പാണ്‌ മമ്പണീ. മണ്ണുകൊണ്ടുള്ള പണിയെന്നതായിരിക്കാം മമ്പണിയായത്.  വിശാലമായ മിറ്റം അതിരുകളെല്ലാം മണ്ണു കുഴച്ച് തേമ്പി മിറ്റം ചാണകം മെഴുകി വൃത്തിയാക്കും. ഒരു ദിവസം മൂന്നിലോ നാലിലോ പഠിക്കുന്ന കാലം ഞാനും പെങ്ങൾ         ( മൂത്താപ്പാന്റെ മകൾ) മാളു വും സ്കൂൾ വിട്ടു വരികയാണ്‌. മിറ്റത്ത് മമ്പണി നടക്കുന്നു.കോപ്പൻ ചക്കൻ ചാത്തൻ നീലി കോച്ചി എന്നിങ്ങനെ ആണും പെണ്ണു മായി  ഒരു പാട് പേർ പണിയെടുക്കുന്നു. വഴിയിൽ വലിയൊരു കൂന മണ്ണ്‌ നനച്ച് ചളിയാക്കി കുഴച്ചിട്ടിട്ടുണ്ട്. ഞാൻ അതിൽ കയറാതെ വളഞ്ഞ് പോന്നു. കോലായിൽ കാര്യങ്ങൾ നിരീക്ഷിച്ച് ബാവ എളാപ്പ ഇരിപ്പുണ്ട്. മാളു ഏതിലെ വീട്ടിലേക്കു കയറണമെന്ന് ശങ്കിച്ച് നില്കുകയാണ്‌. എളാപ്പപറഞ്ഞു എളാപ്പടെ കുട്ടി നേരെ ഇങ്ങു പോന്നോളിൻ. കേൾക്കേണ്ടതാമസം അവൾ കുഴച്ച മണ്ണിൽ ചവിട്ടി ഉടൻ കാൽ ചെളിയിൽ പൂണ്ടു. അപ്പോൾ ഒരു കൈ കുത്തി അതും പൂണ്ടു. ഉടനെ കുനിഞ്ഞു നിന്ന് വലിയ വായിൽ കരച്ചിലും തുടങ്ങി. അകത്തു നിന്നും വെല്ലിമ്മയും മൂത്തമ്മയും ഉമ്മയുമൊക്കെ ഓടിവന്നു. എളാപ്പയുടെ കൂടെ അവരും ചിര്ച്ചെങ്കിലും വെല്ല്യുമ്മാക്ക് ദേഷ്യം വന്നു എളാപ്പാനെ കുറേ ശകാരിച്ചു. നിലം മെഴുകുകയായിരുന്ന ചക്കി കൈയ്യിലെ മണ്ണു കഴുകി ഓടി വന്ന് മാളുവിനെ പൊക്കിയെടുത്തു....
കൊയ്ത കറ്റയെല്ലാം മിറ്റത്ത് അട്ടിവെച്ച് പിന്നീടാണു മെതിക്കുക. മെതി കഴിഞ്ഞാൽ പൊലിയളക്കും കൊയ്ത്തു കാർക്ക് പതം നല്കും. ആദ്യം പത്തിനൊന്ന് എന്നായിരുന്നു. പിന്നെ എട്ടിനൊന്ന് ആറിനൊന്ന് എന്നൊക്കെയായി. ഇപ്പോൾ പതത്തിന്‌ ആരും കൊയ്യില്ലത്രേ കൂലിയേ വേണ്ടൂ... അതുപോലെ പാടത്തിട്ടു തന്നെ കൊയ്ത് മെതിച്ച് നെല്ല് വില്കുകയാണ്‌ ഇപ്പോഴത്തെ പതിവ്‌. എന്നിട്ട് ആന്ത്രയിൽ നിന്ന്‌ വരുന്ന അരി വാങ്ങി ഉണ്ണും. ലാഭം നോക്കി ലാഭം നോക്കി എത്തിയ സ്ഥിതയാണ്‌. 
എല്ലാവരും തന്ത മാഷ് എന്ന് വിളിച്ചിരുന്ന മേനോൻ മാഷ് പഠിപ്പിച്ചു തന്ന ഒരു പദ്യത്തിന്റെ ഓർമ്മയിൽ ബാക്കിയുള്ള വരികൾ 
നാട്ടിൻ പുറങ്ങളിലുള്ള 
കുട്ടികൾക്കു നല്ലൊരോണം 
വിട്ടാൽ പിന്നെ കൊയ്തുകാലം വിശേഷമല്ലോ...
...........................................................
വൈകോലെല്ലാം പുരയോളം പൊക്കത്തിൽ നൽകുണ്ടയാക്കി വെക്കുമതിൽ കേറി ബാലർ കേളിയാടീടും

Tuesday, December 28, 2021

ഏകാന്തത എന്റെ കൂട്ടുകാരൻ.

ഏകാന്തത എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഹൈസ്കൂൾ പഠനത്തിനായി  കാരക്കാട്ടുനിന്നും വാടാനാംകുറുശ്ശിയിലേക്ക് അഞ്ച് വർഷം ഒറ്റക്ക് നടത്തിയ യാത്രകളും പിന്നെ ആറളം ഫാമിലെ വിജനതയിൽ അനുഭവിച്ച ഔദ്യോഗിക ജീവിതവും സമ്മാനിച്ച ശീലം.  പ്രവർത്തിസമയങ്ങൾക്ക് ശേഷം തീർത്തും വിജനമായിപ്പോകാറുള്ള ആറളം കൃഷിത്തോട്ടം. എസ്റ്റേറ്റുകളിലും ഫാമുകളിലുമൊക്കെ അങ്ങനെയാണ്. പ്രവൃത്തി സമയം കഴിഞ്ഞാൽ പിന്നെ ഏകാന്തതയായിരിക്കും കൂട്ട്...ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് വന്നിരുന്ന തൊഴിലാളികൾ പോയിക്കഴിഞ്ഞാൽ പിന്നെ എന്നെപ്പോലുള്ള അപൂർവ്വം ഉദ്യോഗസ്ഥരും വാച്ച് മാന്മാരും മാത്രം. തോട്ടമെന്ന് പറയാറായിരുന്നില്ല. വെട്ടിത്തെളിച്ച് തീയിട്ട് വൃത്തിയാക്കിയ കാട് എന്ന് വേണം പറയാൻ. തോട്ടമാകാൻ കാലമെടുക്കും. വന്യമൃഗങ്ങളുടേതും പേരറിയാത്ത 
പക്ഷികളുടേതുമൊക്കെയല്ലാതെ  മറ്റൊരു ശബ്ദവുമില്ലാത്ത ചുറ്റുപാട്. അങ്ങകലെ ഇടക്ക് ആനകളുടെ ചിന്നം വിളിയോ മാനിന്റെ ചെപ്പലോ കടുവയുടെ മുരളലോ ഒക്കെ ക്കേൾക്കാറുണ്ട് എന്ന് പറഞ്ഞാൻ വിശ്വസിക്കുമോ എന്തോ. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രായത്തിന്റെ തിളപ്പിൽ ഒരു സാഹസിക നോവലിലെ നായകനായി ഞാനങ്ങനെ കഴിഞ്ഞു കൂടി. അടുത്ത കൂപ്പുകളിൽ സഹപ്രവർത്തകർ ഉതുപ്പും വത്സനും പരിപ്പ് തോട് ഓഫീസിൽ ഞങ്ങളുടെ സീനിയറായ ഗോപാലകൃഷ്ണൻ നായരും.... അവിടെ രാജകീയ സെറ്റപ്പായിരുന്നു. എ കെ കുഞ്ഞിമോനാജി പണിയിപ്പിച്ച ബംഗ്ലാവിലായിരുന്നു യൂണിറ്റ് ആറിന്റെ ഓഫീസും കാന്റീനും മറ്റും. മൂന്നൂറേക്കർ വരുന്ന കൂപ്പ് നമ്പർ അമ്പത്തെട്ടിനു നടുക്ക് പണിത മൺകട്ട കെട്ടി ടാർഷീറ്റ് മേഞ്ഞ ഷെഡിൽ കൂടെ പ്പാർക്കാൻ മുഹമ്മദും ഗോപാലനും. മിക്കവാറും ദിവസങ്ങളിൽ അവർ എന്നെത്തനിച്ചാക്കി എവിടെയെങ്കിലും പോയിരിക്കും. എത്ര അടുത്താലും ഞാനവർക്ക് സാറായിരുന്നല്ലോ. അതുകൊണ്ട് അല്പം സ്വാതന്ത്യം വേണ്ടപ്പോൾ അവർ പുറത്ത് പോകും. പരിപ്പുതോട്ടിലെ ചായക്കടയിലിരുന്നു അവർക്കൊത്തവരോട് സൊറപറഞ്ഞിരിക്കും. രാത്രിയേറെ വൈകി ഷെഡിൽ വന്ന് കിടക്കുകയും ചെയ്യും.  ചിലപ്പോൾ വന്നില്ലെന്നും വരും. ഒരു ദിവസം രാത്രി. ഷെഡിൽ ഞാനൊറ്റക്ക്. ചുമരിലെ മൺ കട്ട കൾ കൊണ്ട് ഒരു ജനൽ പോലെ ഉണ്ടാക്കിയ പഴുതിൽ വെച്ചിരുന്ന കണ്ണാടിയിൽ എന്റെ രൂപം തന്നെ കണ്ട് പേടിച്ചതോർത്ത് ഇപ്പോഴും ചിരിക്കാറുണ്ട്. നിശ്ശബ്ദതയോട് സംവദിച്ചുകൊണ്ട് കഴിച്ചു കൂട്ടിയ ആ കാലത്തിന്റെ വിദൂരസ്മരണകൾ വല്ലാത്ത ഗൃഹാതുരത്വമുണ്ടാക്കിക്കൊണ്ടിരി ക്കവേ ഒരു ദിനം മകൻ പറഞ്ഞു ഉപ്പ ഒറ്റക്കാകുമല്ലോ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാനൊരു യാത്ര പോയേനേ.  കമ്പ്യൂട്ടറിനു മുന്നിൽ അവൻ കഴിച്ചു കൂട്ടുന്ന വരണ്ട ദിവസങ്ങളെയോർത്ത് എതിരൊന്നും പറഞ്ഞില്ല. അങ്ങനെ തന്റെ ഭാര്യയേയും മക്കളേയും അവരുടെ വീട്ടിൽ വിട്ട് അവൻ പോയി. അയിഷാബി അതായത് ഭാര്യ ഒരത്യാവശ്യം പ്രമാണിച്ച് ആദ്യമേ അവളുടെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒത്തുവന്ന അവസരം. ഇവിടെ ഇപ്പോൾ ഞാൻ മാത്രം...ഞാനും എനിക്കിതുവരെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ ചിന്തകളും....

ഇൻശാഅല്ലാഹ് മറ്റന്നാൾ ഭാര്യ വരും പിന്നെ മകനും കൂടെ കുട്ടികളും വീട് വീണ്ടു ശബ്ദ മുഖരിതമാകും... അതുവരെ എനിക്കെന്റെ സ്മരണകളിലൂടെ മുങ്ങാംകുഴിയിടാം...

Thursday, December 9, 2021

കുഞ്ചു വൈദ്യർ

എന്റെ ഗ്രാമത്തിന്റെ വൈദ്യർ
ഒരു ദിവസം രാവിലെ എണിറ്റു നോക്കിയപ്പോൾ‌വെല്ല്യുമ്മാക്ക് മുടികെട്ടാൻ കൈ പൊങ്ങുന്നില്ല. കാര്യം വലിയ  പ്രശ്നമായി. ചർച്ചയായി. ആദ്യം പട്ടാമ്പീലെ നമ്പൂരി ഡൊക്റ്റർ നോക്കി. പിന്നെ തൃശൂരുള്ള ചില ഡോക്റ്റർമാർ നോക്കി. ഫലം നാസ്തി. വെല്ലിമ്മ ഹംസക്കോയ എളാപ്പാന്റെ ഫുൾ കൈ ഷർട്ടു മിട്ടുകൊണ്ട് തറവാട്ടിലെ രാജ്ഞിയായിത്തന്നെ എല്ലായിടത്തും ഓടി നടന്നു. ഒരു രോഗിയായി എന്ന ഭയമൊന്നും അവരിൽ കണ്ടില്ല. മുടി ആരെങ്കിലും കെട്ടിക്കൊടുക്കണമെന്നു മാത്രം... 
ബന്ധുക്കളും കുടുംബക്കാരും ആശ്രിതരും സ്കൂളിലെ മാഷമ്മാരുമൊകെ രോഗം കണാൻ വെല്ലിമ്മാനെ സന്ദർശിച്ചു. പലരും പലവിധം ഉപദേശങ്ങളും നല്കി. അതുപ്രകാരം അലോപ്പതിയും ഹോമിയോപ്പതിയും മറ്റു പല പൊതികളും നോക്കി. പിന്നെ മറ്റു വല്ല ദോഷങ്ങളുമുണ്ടോ എന്നു നോക്കാനും  ഉപദേശങ്ങളുണ്ടായി എങ്കിലും അങ്ങോട്ടൊന്നും പ്രവേശിക്കാൻ അവസരമുണ്ടായില്ല. അവസാനം മകളെക്കെട്ടിയ മരുമകൻ സൈതാലിക്കുട്ടി  സാഹിബിന്റെ വക പ്രസിദ്ധ ആയുർവ്വേദ വൈദ്യൻ തൈക്കാട്ട് മൂസിന്റെ ചികിത്സയും കഴിഞ്ഞു. ഒരു മാറ്റവുമില്ല. പതുക്കെ ഉപദേശകരും നിർദ്ദേശകരുമൊക്കെ പിൻ വലിഞ്ഞു. ശിഷ്ടകാലം ഫുൾകൈ ഷർട്ടു മിട്ട് കഴിഞ്ഞു കൂടാമെന്ന് വെല്ല്യുമ്മയും തീരുമാനിച്ചു. ആരും ആവിഷയമേ ഗൗനിക്കാതായപ്പോളതാവരുന്നു വെല്ലിമ്മാന്റെ കുടുംബ വൈദ്യൻ മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ കുഞ്ചു വൈദ്യർ. തറവാട്ടു വളപ്പിന്നപ്പുറം പാടത്തിന്റെ അങ്ങേകരയിലാണ്‌‌ വീട്. ഓലമേഞ്ഞ ഒരു കൊച്ചു കൂര.  പാരമ്പര്യ വൈദ്യൻ. കുട്ടികൾക്ക് ചിരങ്ങും ചൊറിയുമുണ്ടാകുക, ആർക്കെങ്കിലും ദഹനക്കേടുണ്ടാകുകയൊക്കെ ചെയ്താൽ വെല്ലിമ്മ ആരെയെങ്കിലും വിട്ട് മൂപ്പരെ വിളിപ്പിക്കും. ചെറിയ ഒരു സഞ്ചിയുമായി മൂപ്പരുടെ വരവുകണ്ടാൽ എളാപ്പമാർ  പതുക്കെ തെല്ലൊരു പരിഹാസസ്വരത്തിൽ പറയും ഉമ്മാന്റെ ഡോക്റ്റർ വരുന്നുണ്ട്. വൈദ്യർ ചോദിച്ചു " സുഖ ല്ല്യാന്നു കേട്ടു. എല്ലാരെ നോട്ടവും കഴിഞ്ഞെങ്കി ഇനി ഞാനൊന്നു നോക്കട്ടെ...  
" വെല്ലിമ്മ ചിരിച്ചു കൊണ്ട്‌പറഞ്ഞു വെല്ല്യെ വെല്ലോരൊക്കെ നോക്കി മടുത്തതല്ലേ യ്യാ യിട്ടെന്തിനാ നോക്കാതിരിക്കണ്‌‌ നോക്കിക്കോ" 
എന്തൊക്കെ യോ ചോദിച്ചു മനസിലാക്കി വൈദ്യരു പോയി. പിറ്റേദിവസം ഒരു കുപ്പി എണ്ണകൊണ്ടു വന്നു... ഇത് തേച്ച് കുളിക്വ.. നോക്കാലോ......
പരീക്ഷണമെന്നനിലയിൽ വെല്ല്യുമ്മ അനുസരിച്ചു. കൃത്യം ഏഴാമത്തെ ദിവസം വെല്ല്യുമ്മ സ്വന്തം കൈകൊണ്ട് മുടി കെട്ടി... പിന്നീട് ദശാബ്ദങ്ങൾക്കു ശേഷമാണ്‌‌ വെല്ല്യുമ്മ മരിച്ചത് അതുവരെ ആരോഗമവർക്കു വന്നിട്ടില്ല... 
 എത്രാ അന്റെ ഫീസ് എന്ന ചോദ്യത്തിന് ഇവിടെന്നിഷ്ടമുള്ളതെന്താച്ചാ തന്നോളൂ എന്നായിരുന്നു മറുപടി.
രോഗം ബേധമായ സന്തോഷത്തിൽ വെല്ല്യുമ്മ എന്തോകൊടുത്തതല്ലാതെ ഒന്നും കണക്കു പറഞ്ഞു വാങ്ങിയില്ല.
ആമരുന്നൊന്ന്‌ എഴുതത്തന്നാ ഞങ്ങക്ക് അവശ്യള്ളപ്പോ കാച്ചായിരുന്നു എന്നു വല്ല്യുമ്മ പറഞ്ഞപ്പോൾ അതിനു ഞാൻ ഈ വിളിച്ചാ കേൾക്കുന്നേടത്തുണ്ടല്ലോ എന്നായിരുന്നു മറുപടി.. പക്ഷേ അധിക കാലം കഴിയുന്നതിന്നു മുമ്പ് അദ്ദേഹം മരിച്ചു പോയി വൈദ്യം കൊണ്ടൊന്നും സമ്പാദിച്ചില്ല. മക്കൾക്കാർക്കും അതു പകർന്നു കൊടുത്തുമില്ല. അതിനു യോഗ്യതയുള്ള മക്കൾ തനിക്കില്ല എന്നദ്ദേഹത്തിനു തോന്നികാണണം.
കാരക്കാട്ടങ്ങാടിയിൽ ആലിഹാജിയുടെ പീടികമുറിയിൽ കുറച്ചുകാലം അദ്ദേഹം ഒരു വൈദ്യശാല നടത്തിനോക്കുകയുണ്ടായി പക്ഷേ പച്ച പിടിച്ചില്ല. അന്നത്തെ കാരക്കാട്ടു കാരെല്ലാം പറയുമായിരുന്നു നല്ല കൈപുണ്യള്ളോനാ പറഞ്ഞിട്ടെന്താ പത്തു കായി ണ്ടാക്കാൻ പാഗ്യല്ല...

Tuesday, November 16, 2021

ഒരു സന്ധ്യയുടെ ഓർമ്മ

സമയമിപ്പോൾ വൈകീട്ട് ഏഴര ... ഞാൻ വെറുതെ ക്വാർട്ടേഴ്സിന്റെ പുറത്ത് വന്നിരിക്കയാണ്. കിണിറിന്റെയടുത്ത് വഴിവിളക്കിന്റെ ചാരെ. കാട്ടാനകളുടെ ലക്ഷണമൊന്നും കാണാനില്ല. കഴിഞ്ഞദിവസങ്ങളിൽ അവർവന്നു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കൂട്ടമായിത്തന്നെ... നിങ്ങളുടെ കിടങ്ങൊക്കെ ഞങ്ങൾക്കു പുല്ലാണെന്ന വെല്ലുവിളിപോലെ കാര്യമായ നാശമൊന്നും വരുത്താതെ വന്നുപോയി. ഇനി അടുത്ത ട്രിപ്പ് എന്നാണാവോ?. 
എന്തോ എനിക്കിപ്പോഴവയെ വലിയ പേടിയൊന്നും തോന്നാറില്ല. എങ്കിലും വരുന്നപക്ഷം ഓടി വീട്ടിൽ കയറാൻ പാകത്തിനു തന്നെയാണ് ഇരിപ്പ്.മഴ ഒഴിഞ്ഞതിന്റെ ലക്ഷണമാണെന്നു തോന്നുന്നു നേരിയ തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രങ്ങൾ... ചീവീടുകളുടെ പാട്ടുകച്ചേരി. പതിവിനു വിപരീതമായി ദൂരെ ജേം പ്ലാസത്തിലെ ഈട്ടിമരിൽ നിന്നും രണ്ടു മൂങ്ങകളുടെ മൂളൽ... ങൂം...ങൂം ങൂം...  അതെന്നെ എന്റെ ബാല്ല്യത്തിലേക്കു കൊണ്ടു പോകുന്നു....
അന്ന്‌ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ഇത്തിക്കുട്ടി ആത്ത എന്നെയും അനുജന്മാരെയുമൊക്കെ എടുത്തു വളർത്തിയ വളർത്തമ്മ. നാലുകെട്ടിന്റെ പടിഞ്ഞാറേ വളപ്പിലെ ചക്കപ്പുളിമാവിൽ നിന്നും കൂമൻ മൂളുന്നത് കേട്ട് ഭയന്ന എനിക്ക് പറഞ്ഞുതന്നു... മാനേ കൂമൻ മൂളണ് വർക്കത്താ. കുറ്റിച്ചൂലാൻ കൂവ് ണതാ ചൂന്യം.
 ആദ്യം ആൺ മൂങ്ങ  ഒന്ന് മൂളും അപ്പോ പെണ്ണ് രണ്ട് മൂളണമത്രേ..
മടുത്താൽ പെണ്ണ് പറയുമത്രേ  കൊല്ലം കൊല്ലം പെറാനും ഒപ്പത്തിനൊപ്പം മൂളാനും ന്നെക്കൊണ്ട് പറ്റൂലാന്ന്. അങ്ങനെ പിണങ്ങിരണ്ട് പേരും മിണ്ടാണ്ടിരിക്കുമത്രേ...  കുറേകഴിഞ്ഞാൽ പിണക്കം മറന്ന്‌ പിന്നെയും തുടങ്ങും ...
വീടുകളിൽ ഉണ്ണി പിറക്കാറാകുമ്പോഴാണ് മൂങ്ങകൾ മൂളുക എന്നും മരണം അടുത്താലാണ് കുറ്റിച്ചൂലാൻ(കാലൻ കോഴി) കൂവുക എന്നും അവരെനിക്കു പറഞ്ഞു തന്നു.സത്യമെന്തായാലും എന്റെ ഉമ്മായുടെ മരണം നടന്ന കാലത്ത് ഞാൻ കേട്ട കാലൻ കോഴിയുടെ സ്വരം എന്നെ വല്ലാതെ ഭയപ്പെടുത്തി... ഞാൻ ഉമ്മയോടത് പറഞ്ഞപ്പോൾ തള്ള ഓരോന്ന് പറഞ്ഞ് കുട്ടികളെ പേടിപ്പിക്ക്വാ എന്നു പറഞ്ഞെങ്കിലും ഉമ്മായുടെ സ്വരത്തിലും ഭയമുള്ളതുപ്പോലെ എനിക്കുതോന്നി. അന്ന് ഉമ്മ ഗർഭിണിയായിരുന്നു. എനിക്ക് പതിനഞ്ച് വയസായിരുന്നു പ്രായം.ആപ്രസവം കഴിഞ്ഞ് ഏഴാം ദിവസം  1972 ഫെബ്രുവരി എട്ടിന് ഉമ്മ ഞങ്ങളെ വിട്ട് പോയി....ഉമ്മയില്ലാതാവുമ്പോഴാണ്‌ യഥാർത്ഥത്തിൽ മക്കൾ അനാഥരാകുന്നത് എന്നസത്യം ഞങ്ങളെ പഠിപ്പിച്ചു കൊണ്ട് .... 
മങ്ങിയ സന്ധ്യ കളിൽ കേൾക്കാറുള്ള പ്രത്യാശയുണർത്തുന്ന  മൂളലുകളും പാതിരാവുകളിൽ കേൾക്കാറുള്ള ഭീതിയുണർത്തുന്ന കൂവലുകളും അവയുടെ അനുരാഗപ്രകടനങ്ങളാണെന്ന് പിന്നീടു ഞാൻ പഠിച്ചു. എങ്കിലും കുഞ്ഞായിരിക്കെ എന്റെ ഇത്തിക്കുട്ട്യാത്ത പകർന്ന തന്ന വിജ്ഞാനം  മനസിൽ മായാതെ തന്നെ കിടക്കുന്നു