Saturday, January 15, 2022

ഒറ്റക്കൊരാൾ ..

അതൊരു മഴക്കാലമായിരുന്നു. എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ബസ്സ് കാത്ത് നിൽകുകയായിരുന്നു ഞാൻ. ഗ്രാമത്തിൽ നിന്നും ടൗണിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു. കവലയിൽ ആളുകൾ വളരെ കുറവ്. ദൂരെ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ സാരഥികളും കടയുടെ തിണ്ണയിലുണ്ടായിരുന്ന രണ്ടുമൂന്നു പേരുമൊഴിച്ചാൽ പരിസരം തീർത്തും വിജനം. ബസ്സെങ്ങാൻ  മുടങ്ങിയാൽ വീണ്ടും സുഹൃത്തിനെ ശല്ല്യം ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടാൻ തിടങ്ങി. വലിയൊരാൽ മരത്തിന്റെ ചുവട്ടിൽ കത്തി നിൽകുന്ന തെരുവു വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന ഇയ്യാം പാറ്റകളെ നോക്കി ഞാൻ നിന്നു. വൈകുന്നേരം അല്പം ശമിച്ചിരുന്ന മഴ വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു, ഒരു പിടി ചരൽ പോലെ തണുത്ത മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ പഴകി ദ്രവിച്ച ഷെഡിലേക്കു കയറി. അവിടെ ഷെഡിന്റെ പൊളിഞ്ഞു തുടങ്ങിയ സിമിന്റു തിണ്ണയിൽ കിടക്കുക യായിരുന്നു അയാൾ. ഞാൻ കയറിച്ചെന്നപ്പോൾ സ്വാഗത ഭാവത്തിൽ ചിരിച്ചുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. തൂവെള്ള മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. മെലിഞ്ഞ് 
നീണ്ട ശരീരം. അവാച്യമായ ശാന്തി തുളുമ്പുന്ന മുഖം.എന്തോ എനിക്കയാളോട് വലിയ ആദരവു തോന്നി. ചാറ്റൽ മഴ കനക്കാൻ തുടങ്ങി. പെട്ടെന്ന് ഒരോട്ടോറിക്ഷ ഷെഡിനരികിൽ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി കൈകൊണ്ട് തല പൊത്തി ഷെഡിൽ കയറി. കീശയിൽ നിന്നും ഒരു പത്തു രൂപ നോട്ട് എടുത്ത് അദ്ദേഹത്തിന്റെ നേരെനീട്ടി.
കേട്ടു നിൽകുന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു. "" മതി മോനേ ഇന്നത്തെ അത്താഴം കഴിഞ്ഞു. നാളെ രാവിലെ ഒരുകഷ്ണം പുട്ടും ഒരു പപ്പടവും ഒരു ചായയും കഴിക്കാൻ വേണ്ട  രൂപ കയ്യിലുണ്ട്... അതു കഴിഞ്ഞു വേണ്ടത് നാളെ ദൈവം തരും.'' ആദരവുകൊണ്ട് ഞാനദ്ദേഹത്തെ മനസാ നമിച്ചു... സ്നേഹപൂർവ്വം അദ്ദേഹത്തെ മാറോട് ചേർത്ത് ആലിംഗനം ചെയ്യാനുണ്ടായ അഭിനിവേശം ഞാൻ പണിപ്പെട്ടു നിയന്ത്രിക്കുമ്പോഴേക്കും ദൂരെ ബസ്സിന്റെ ഇരമ്പൽ കേൾക്കാൻ തുടങ്ങി. ബാഗിൽ നിന്നും കുട തപ്പിയെടുത്ത് നിവർത്തി ഞാൻ റോട്ടിലേക്കിറങ്ങി.... ബസ്സ് ഇങ്ങെത്തിപ്പോയി...

Friday, December 31, 2021

കൊയ്ത്തു കാലം

കൊയ്ത്തിനു മുമ്പാണ്‌ മമ്പണീ. മണ്ണുകൊണ്ടുള്ള പണിയെന്നതായിരിക്കാം മമ്പണിയായത്.  വിശാലമായ മിറ്റം അതിരുകളെല്ലാം മണ്ണു കുഴച്ച് തേമ്പി മിറ്റം ചാണകം മെഴുകി വൃത്തിയാക്കും. ഒരു ദിവസം മൂന്നിലോ നാലിലോ പഠിക്കുന്ന കാലം ഞാനും പെങ്ങൾ         ( മൂത്താപ്പാന്റെ മകൾ) മാളു വും സ്കൂൾ വിട്ടു വരികയാണ്‌. മിറ്റത്ത് മമ്പണി നടക്കുന്നു.കോപ്പൻ ചക്കൻ ചാത്തൻ നീലി കോച്ചി എന്നിങ്ങനെ ആണും പെണ്ണു മായി  ഒരു പാട് പേർ പണിയെടുക്കുന്നു. വഴിയിൽ വലിയൊരു കൂന മണ്ണ്‌ നനച്ച് ചളിയാക്കി കുഴച്ചിട്ടിട്ടുണ്ട്. ഞാൻ അതിൽ കയറാതെ വളഞ്ഞ് പോന്നു. കോലായിൽ കാര്യങ്ങൾ നിരീക്ഷിച്ച് ബാവ എളാപ്പ ഇരിപ്പുണ്ട്. മാളു ഏതിലെ വീട്ടിലേക്കു കയറണമെന്ന് ശങ്കിച്ച് നില്കുകയാണ്‌. എളാപ്പപറഞ്ഞു എളാപ്പടെ കുട്ടി നേരെ ഇങ്ങു പോന്നോളിൻ. കേൾക്കേണ്ടതാമസം അവൾ കുഴച്ച മണ്ണിൽ ചവിട്ടി ഉടൻ കാൽ ചെളിയിൽ പൂണ്ടു. അപ്പോൾ ഒരു കൈ കുത്തി അതും പൂണ്ടു. ഉടനെ കുനിഞ്ഞു നിന്ന് വലിയ വായിൽ കരച്ചിലും തുടങ്ങി. അകത്തു നിന്നും വെല്ലിമ്മയും മൂത്തമ്മയും ഉമ്മയുമൊക്കെ ഓടിവന്നു. എളാപ്പയുടെ കൂടെ അവരും ചിര്ച്ചെങ്കിലും വെല്ല്യുമ്മാക്ക് ദേഷ്യം വന്നു എളാപ്പാനെ കുറേ ശകാരിച്ചു. നിലം മെഴുകുകയായിരുന്ന ചക്കി കൈയ്യിലെ മണ്ണു കഴുകി ഓടി വന്ന് മാളുവിനെ പൊക്കിയെടുത്തു....
കൊയ്ത കറ്റയെല്ലാം മിറ്റത്ത് അട്ടിവെച്ച് പിന്നീടാണു മെതിക്കുക. മെതി കഴിഞ്ഞാൽ പൊലിയളക്കും കൊയ്ത്തു കാർക്ക് പതം നല്കും. ആദ്യം പത്തിനൊന്ന് എന്നായിരുന്നു. പിന്നെ എട്ടിനൊന്ന് ആറിനൊന്ന് എന്നൊക്കെയായി. ഇപ്പോൾ പതത്തിന്‌ ആരും കൊയ്യില്ലത്രേ കൂലിയേ വേണ്ടൂ... അതുപോലെ പാടത്തിട്ടു തന്നെ കൊയ്ത് മെതിച്ച് നെല്ല് വില്കുകയാണ്‌ ഇപ്പോഴത്തെ പതിവ്‌. എന്നിട്ട് ആന്ത്രയിൽ നിന്ന്‌ വരുന്ന അരി വാങ്ങി ഉണ്ണും. ലാഭം നോക്കി ലാഭം നോക്കി എത്തിയ സ്ഥിതയാണ്‌. 
എല്ലാവരും തന്ത മാഷ് എന്ന് വിളിച്ചിരുന്ന മേനോൻ മാഷ് പഠിപ്പിച്ചു തന്ന ഒരു പദ്യത്തിന്റെ ഓർമ്മയിൽ ബാക്കിയുള്ള വരികൾ 
നാട്ടിൻ പുറങ്ങളിലുള്ള 
കുട്ടികൾക്കു നല്ലൊരോണം 
വിട്ടാൽ പിന്നെ കൊയ്തുകാലം വിശേഷമല്ലോ...
...........................................................
വൈകോലെല്ലാം പുരയോളം പൊക്കത്തിൽ നൽകുണ്ടയാക്കി വെക്കുമതിൽ കേറി ബാലർ കേളിയാടീടും

Tuesday, December 28, 2021

ഏകാന്തത എന്റെ കൂട്ടുകാരൻ.

ഏകാന്തത എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഹൈസ്കൂൾ പഠനത്തിനായി  കാരക്കാട്ടുനിന്നും വാടാനാംകുറുശ്ശിയിലേക്ക് അഞ്ച് വർഷം ഒറ്റക്ക് നടത്തിയ യാത്രകളും പിന്നെ ആറളം ഫാമിലെ വിജനതയിൽ അനുഭവിച്ച ഔദ്യോഗിക ജീവിതവും സമ്മാനിച്ച ശീലം.  പ്രവർത്തിസമയങ്ങൾക്ക് ശേഷം തീർത്തും വിജനമായിപ്പോകാറുള്ള ആറളം കൃഷിത്തോട്ടം. എസ്റ്റേറ്റുകളിലും ഫാമുകളിലുമൊക്കെ അങ്ങനെയാണ്. പ്രവൃത്തി സമയം കഴിഞ്ഞാൽ പിന്നെ ഏകാന്തതയായിരിക്കും കൂട്ട്...ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് വന്നിരുന്ന തൊഴിലാളികൾ പോയിക്കഴിഞ്ഞാൽ പിന്നെ എന്നെപ്പോലുള്ള അപൂർവ്വം ഉദ്യോഗസ്ഥരും വാച്ച് മാന്മാരും മാത്രം. തോട്ടമെന്ന് പറയാറായിരുന്നില്ല. വെട്ടിത്തെളിച്ച് തീയിട്ട് വൃത്തിയാക്കിയ കാട് എന്ന് വേണം പറയാൻ. തോട്ടമാകാൻ കാലമെടുക്കും. വന്യമൃഗങ്ങളുടേതും പേരറിയാത്ത 
പക്ഷികളുടേതുമൊക്കെയല്ലാതെ  മറ്റൊരു ശബ്ദവുമില്ലാത്ത ചുറ്റുപാട്. അങ്ങകലെ ഇടക്ക് ആനകളുടെ ചിന്നം വിളിയോ മാനിന്റെ ചെപ്പലോ കടുവയുടെ മുരളലോ ഒക്കെ ക്കേൾക്കാറുണ്ട് എന്ന് പറഞ്ഞാൻ വിശ്വസിക്കുമോ എന്തോ. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രായത്തിന്റെ തിളപ്പിൽ ഒരു സാഹസിക നോവലിലെ നായകനായി ഞാനങ്ങനെ കഴിഞ്ഞു കൂടി. അടുത്ത കൂപ്പുകളിൽ സഹപ്രവർത്തകർ ഉതുപ്പും വത്സനും പരിപ്പ് തോട് ഓഫീസിൽ ഞങ്ങളുടെ സീനിയറായ ഗോപാലകൃഷ്ണൻ നായരും.... അവിടെ രാജകീയ സെറ്റപ്പായിരുന്നു. എ കെ കുഞ്ഞിമോനാജി പണിയിപ്പിച്ച ബംഗ്ലാവിലായിരുന്നു യൂണിറ്റ് ആറിന്റെ ഓഫീസും കാന്റീനും മറ്റും. മൂന്നൂറേക്കർ വരുന്ന കൂപ്പ് നമ്പർ അമ്പത്തെട്ടിനു നടുക്ക് പണിത മൺകട്ട കെട്ടി ടാർഷീറ്റ് മേഞ്ഞ ഷെഡിൽ കൂടെ പ്പാർക്കാൻ മുഹമ്മദും ഗോപാലനും. മിക്കവാറും ദിവസങ്ങളിൽ അവർ എന്നെത്തനിച്ചാക്കി എവിടെയെങ്കിലും പോയിരിക്കും. എത്ര അടുത്താലും ഞാനവർക്ക് സാറായിരുന്നല്ലോ. അതുകൊണ്ട് അല്പം സ്വാതന്ത്യം വേണ്ടപ്പോൾ അവർ പുറത്ത് പോകും. പരിപ്പുതോട്ടിലെ ചായക്കടയിലിരുന്നു അവർക്കൊത്തവരോട് സൊറപറഞ്ഞിരിക്കും. രാത്രിയേറെ വൈകി ഷെഡിൽ വന്ന് കിടക്കുകയും ചെയ്യും.  ചിലപ്പോൾ വന്നില്ലെന്നും വരും. ഒരു ദിവസം രാത്രി. ഷെഡിൽ ഞാനൊറ്റക്ക്. ചുമരിലെ മൺ കട്ട കൾ കൊണ്ട് ഒരു ജനൽ പോലെ ഉണ്ടാക്കിയ പഴുതിൽ വെച്ചിരുന്ന കണ്ണാടിയിൽ എന്റെ രൂപം തന്നെ കണ്ട് പേടിച്ചതോർത്ത് ഇപ്പോഴും ചിരിക്കാറുണ്ട്. നിശ്ശബ്ദതയോട് സംവദിച്ചുകൊണ്ട് കഴിച്ചു കൂട്ടിയ ആ കാലത്തിന്റെ വിദൂരസ്മരണകൾ വല്ലാത്ത ഗൃഹാതുരത്വമുണ്ടാക്കിക്കൊണ്ടിരി ക്കവേ ഒരു ദിനം മകൻ പറഞ്ഞു ഉപ്പ ഒറ്റക്കാകുമല്ലോ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാനൊരു യാത്ര പോയേനേ.  കമ്പ്യൂട്ടറിനു മുന്നിൽ അവൻ കഴിച്ചു കൂട്ടുന്ന വരണ്ട ദിവസങ്ങളെയോർത്ത് എതിരൊന്നും പറഞ്ഞില്ല. അങ്ങനെ തന്റെ ഭാര്യയേയും മക്കളേയും അവരുടെ വീട്ടിൽ വിട്ട് അവൻ പോയി. അയിഷാബി അതായത് ഭാര്യ ഒരത്യാവശ്യം പ്രമാണിച്ച് ആദ്യമേ അവളുടെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒത്തുവന്ന അവസരം. ഇവിടെ ഇപ്പോൾ ഞാൻ മാത്രം...ഞാനും എനിക്കിതുവരെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ ചിന്തകളും....

ഇൻശാഅല്ലാഹ് മറ്റന്നാൾ ഭാര്യ വരും പിന്നെ മകനും കൂടെ കുട്ടികളും വീട് വീണ്ടു ശബ്ദ മുഖരിതമാകും... അതുവരെ എനിക്കെന്റെ സ്മരണകളിലൂടെ മുങ്ങാംകുഴിയിടാം...

Thursday, December 9, 2021

കുഞ്ചു വൈദ്യർ

എന്റെ ഗ്രാമത്തിന്റെ വൈദ്യർ
ഒരു ദിവസം രാവിലെ എണിറ്റു നോക്കിയപ്പോൾ‌വെല്ല്യുമ്മാക്ക് മുടികെട്ടാൻ കൈ പൊങ്ങുന്നില്ല. കാര്യം വലിയ  പ്രശ്നമായി. ചർച്ചയായി. ആദ്യം പട്ടാമ്പീലെ നമ്പൂരി ഡൊക്റ്റർ നോക്കി. പിന്നെ തൃശൂരുള്ള ചില ഡോക്റ്റർമാർ നോക്കി. ഫലം നാസ്തി. വെല്ലിമ്മ ഹംസക്കോയ എളാപ്പാന്റെ ഫുൾ കൈ ഷർട്ടു മിട്ടുകൊണ്ട് തറവാട്ടിലെ രാജ്ഞിയായിത്തന്നെ എല്ലായിടത്തും ഓടി നടന്നു. ഒരു രോഗിയായി എന്ന ഭയമൊന്നും അവരിൽ കണ്ടില്ല. മുടി ആരെങ്കിലും കെട്ടിക്കൊടുക്കണമെന്നു മാത്രം... 
ബന്ധുക്കളും കുടുംബക്കാരും ആശ്രിതരും സ്കൂളിലെ മാഷമ്മാരുമൊകെ രോഗം കണാൻ വെല്ലിമ്മാനെ സന്ദർശിച്ചു. പലരും പലവിധം ഉപദേശങ്ങളും നല്കി. അതുപ്രകാരം അലോപ്പതിയും ഹോമിയോപ്പതിയും മറ്റു പല പൊതികളും നോക്കി. പിന്നെ മറ്റു വല്ല ദോഷങ്ങളുമുണ്ടോ എന്നു നോക്കാനും  ഉപദേശങ്ങളുണ്ടായി എങ്കിലും അങ്ങോട്ടൊന്നും പ്രവേശിക്കാൻ അവസരമുണ്ടായില്ല. അവസാനം മകളെക്കെട്ടിയ മരുമകൻ സൈതാലിക്കുട്ടി  സാഹിബിന്റെ വക പ്രസിദ്ധ ആയുർവ്വേദ വൈദ്യൻ തൈക്കാട്ട് മൂസിന്റെ ചികിത്സയും കഴിഞ്ഞു. ഒരു മാറ്റവുമില്ല. പതുക്കെ ഉപദേശകരും നിർദ്ദേശകരുമൊക്കെ പിൻ വലിഞ്ഞു. ശിഷ്ടകാലം ഫുൾകൈ ഷർട്ടു മിട്ട് കഴിഞ്ഞു കൂടാമെന്ന് വെല്ല്യുമ്മയും തീരുമാനിച്ചു. ആരും ആവിഷയമേ ഗൗനിക്കാതായപ്പോളതാവരുന്നു വെല്ലിമ്മാന്റെ കുടുംബ വൈദ്യൻ മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ കുഞ്ചു വൈദ്യർ. തറവാട്ടു വളപ്പിന്നപ്പുറം പാടത്തിന്റെ അങ്ങേകരയിലാണ്‌‌ വീട്. ഓലമേഞ്ഞ ഒരു കൊച്ചു കൂര.  പാരമ്പര്യ വൈദ്യൻ. കുട്ടികൾക്ക് ചിരങ്ങും ചൊറിയുമുണ്ടാകുക, ആർക്കെങ്കിലും ദഹനക്കേടുണ്ടാകുകയൊക്കെ ചെയ്താൽ വെല്ലിമ്മ ആരെയെങ്കിലും വിട്ട് മൂപ്പരെ വിളിപ്പിക്കും. ചെറിയ ഒരു സഞ്ചിയുമായി മൂപ്പരുടെ വരവുകണ്ടാൽ എളാപ്പമാർ  പതുക്കെ തെല്ലൊരു പരിഹാസസ്വരത്തിൽ പറയും ഉമ്മാന്റെ ഡോക്റ്റർ വരുന്നുണ്ട്. വൈദ്യർ ചോദിച്ചു " സുഖ ല്ല്യാന്നു കേട്ടു. എല്ലാരെ നോട്ടവും കഴിഞ്ഞെങ്കി ഇനി ഞാനൊന്നു നോക്കട്ടെ...  
" വെല്ലിമ്മ ചിരിച്ചു കൊണ്ട്‌പറഞ്ഞു വെല്ല്യെ വെല്ലോരൊക്കെ നോക്കി മടുത്തതല്ലേ യ്യാ യിട്ടെന്തിനാ നോക്കാതിരിക്കണ്‌‌ നോക്കിക്കോ" 
എന്തൊക്കെ യോ ചോദിച്ചു മനസിലാക്കി വൈദ്യരു പോയി. പിറ്റേദിവസം ഒരു കുപ്പി എണ്ണകൊണ്ടു വന്നു... ഇത് തേച്ച് കുളിക്വ.. നോക്കാലോ......
പരീക്ഷണമെന്നനിലയിൽ വെല്ല്യുമ്മ അനുസരിച്ചു. കൃത്യം ഏഴാമത്തെ ദിവസം വെല്ല്യുമ്മ സ്വന്തം കൈകൊണ്ട് മുടി കെട്ടി... പിന്നീട് ദശാബ്ദങ്ങൾക്കു ശേഷമാണ്‌‌ വെല്ല്യുമ്മ മരിച്ചത് അതുവരെ ആരോഗമവർക്കു വന്നിട്ടില്ല... 
 എത്രാ അന്റെ ഫീസ് എന്ന ചോദ്യത്തിന് ഇവിടെന്നിഷ്ടമുള്ളതെന്താച്ചാ തന്നോളൂ എന്നായിരുന്നു മറുപടി.
രോഗം ബേധമായ സന്തോഷത്തിൽ വെല്ല്യുമ്മ എന്തോകൊടുത്തതല്ലാതെ ഒന്നും കണക്കു പറഞ്ഞു വാങ്ങിയില്ല.
ആമരുന്നൊന്ന്‌ എഴുതത്തന്നാ ഞങ്ങക്ക് അവശ്യള്ളപ്പോ കാച്ചായിരുന്നു എന്നു വല്ല്യുമ്മ പറഞ്ഞപ്പോൾ അതിനു ഞാൻ ഈ വിളിച്ചാ കേൾക്കുന്നേടത്തുണ്ടല്ലോ എന്നായിരുന്നു മറുപടി.. പക്ഷേ അധിക കാലം കഴിയുന്നതിന്നു മുമ്പ് അദ്ദേഹം മരിച്ചു പോയി വൈദ്യം കൊണ്ടൊന്നും സമ്പാദിച്ചില്ല. മക്കൾക്കാർക്കും അതു പകർന്നു കൊടുത്തുമില്ല. അതിനു യോഗ്യതയുള്ള മക്കൾ തനിക്കില്ല എന്നദ്ദേഹത്തിനു തോന്നികാണണം.
കാരക്കാട്ടങ്ങാടിയിൽ ആലിഹാജിയുടെ പീടികമുറിയിൽ കുറച്ചുകാലം അദ്ദേഹം ഒരു വൈദ്യശാല നടത്തിനോക്കുകയുണ്ടായി പക്ഷേ പച്ച പിടിച്ചില്ല. അന്നത്തെ കാരക്കാട്ടു കാരെല്ലാം പറയുമായിരുന്നു നല്ല കൈപുണ്യള്ളോനാ പറഞ്ഞിട്ടെന്താ പത്തു കായി ണ്ടാക്കാൻ പാഗ്യല്ല...

Tuesday, November 16, 2021

ഒരു സന്ധ്യയുടെ ഓർമ്മ

സമയമിപ്പോൾ വൈകീട്ട് ഏഴര ... ഞാൻ വെറുതെ ക്വാർട്ടേഴ്സിന്റെ പുറത്ത് വന്നിരിക്കയാണ്. കിണിറിന്റെയടുത്ത് വഴിവിളക്കിന്റെ ചാരെ. കാട്ടാനകളുടെ ലക്ഷണമൊന്നും കാണാനില്ല. കഴിഞ്ഞദിവസങ്ങളിൽ അവർവന്നു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കൂട്ടമായിത്തന്നെ... നിങ്ങളുടെ കിടങ്ങൊക്കെ ഞങ്ങൾക്കു പുല്ലാണെന്ന വെല്ലുവിളിപോലെ കാര്യമായ നാശമൊന്നും വരുത്താതെ വന്നുപോയി. ഇനി അടുത്ത ട്രിപ്പ് എന്നാണാവോ?. 
എന്തോ എനിക്കിപ്പോഴവയെ വലിയ പേടിയൊന്നും തോന്നാറില്ല. എങ്കിലും വരുന്നപക്ഷം ഓടി വീട്ടിൽ കയറാൻ പാകത്തിനു തന്നെയാണ് ഇരിപ്പ്.മഴ ഒഴിഞ്ഞതിന്റെ ലക്ഷണമാണെന്നു തോന്നുന്നു നേരിയ തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രങ്ങൾ... ചീവീടുകളുടെ പാട്ടുകച്ചേരി. പതിവിനു വിപരീതമായി ദൂരെ ജേം പ്ലാസത്തിലെ ഈട്ടിമരിൽ നിന്നും രണ്ടു മൂങ്ങകളുടെ മൂളൽ... ങൂം...ങൂം ങൂം...  അതെന്നെ എന്റെ ബാല്ല്യത്തിലേക്കു കൊണ്ടു പോകുന്നു....
അന്ന്‌ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ഇത്തിക്കുട്ടി ആത്ത എന്നെയും അനുജന്മാരെയുമൊക്കെ എടുത്തു വളർത്തിയ വളർത്തമ്മ. നാലുകെട്ടിന്റെ പടിഞ്ഞാറേ വളപ്പിലെ ചക്കപ്പുളിമാവിൽ നിന്നും കൂമൻ മൂളുന്നത് കേട്ട് ഭയന്ന എനിക്ക് പറഞ്ഞുതന്നു... മാനേ കൂമൻ മൂളണ് വർക്കത്താ. കുറ്റിച്ചൂലാൻ കൂവ് ണതാ ചൂന്യം.
 ആദ്യം ആൺ മൂങ്ങ  ഒന്ന് മൂളും അപ്പോ പെണ്ണ് രണ്ട് മൂളണമത്രേ..
മടുത്താൽ പെണ്ണ് പറയുമത്രേ  കൊല്ലം കൊല്ലം പെറാനും ഒപ്പത്തിനൊപ്പം മൂളാനും ന്നെക്കൊണ്ട് പറ്റൂലാന്ന്. അങ്ങനെ പിണങ്ങിരണ്ട് പേരും മിണ്ടാണ്ടിരിക്കുമത്രേ...  കുറേകഴിഞ്ഞാൽ പിണക്കം മറന്ന്‌ പിന്നെയും തുടങ്ങും ...
വീടുകളിൽ ഉണ്ണി പിറക്കാറാകുമ്പോഴാണ് മൂങ്ങകൾ മൂളുക എന്നും മരണം അടുത്താലാണ് കുറ്റിച്ചൂലാൻ(കാലൻ കോഴി) കൂവുക എന്നും അവരെനിക്കു പറഞ്ഞു തന്നു.സത്യമെന്തായാലും എന്റെ ഉമ്മായുടെ മരണം നടന്ന കാലത്ത് ഞാൻ കേട്ട കാലൻ കോഴിയുടെ സ്വരം എന്നെ വല്ലാതെ ഭയപ്പെടുത്തി... ഞാൻ ഉമ്മയോടത് പറഞ്ഞപ്പോൾ തള്ള ഓരോന്ന് പറഞ്ഞ് കുട്ടികളെ പേടിപ്പിക്ക്വാ എന്നു പറഞ്ഞെങ്കിലും ഉമ്മായുടെ സ്വരത്തിലും ഭയമുള്ളതുപ്പോലെ എനിക്കുതോന്നി. അന്ന് ഉമ്മ ഗർഭിണിയായിരുന്നു. എനിക്ക് പതിനഞ്ച് വയസായിരുന്നു പ്രായം.ആപ്രസവം കഴിഞ്ഞ് ഏഴാം ദിവസം  1972 ഫെബ്രുവരി എട്ടിന് ഉമ്മ ഞങ്ങളെ വിട്ട് പോയി....ഉമ്മയില്ലാതാവുമ്പോഴാണ്‌ യഥാർത്ഥത്തിൽ മക്കൾ അനാഥരാകുന്നത് എന്നസത്യം ഞങ്ങളെ പഠിപ്പിച്ചു കൊണ്ട് .... 
മങ്ങിയ സന്ധ്യ കളിൽ കേൾക്കാറുള്ള പ്രത്യാശയുണർത്തുന്ന  മൂളലുകളും പാതിരാവുകളിൽ കേൾക്കാറുള്ള ഭീതിയുണർത്തുന്ന കൂവലുകളും അവയുടെ അനുരാഗപ്രകടനങ്ങളാണെന്ന് പിന്നീടു ഞാൻ പഠിച്ചു. എങ്കിലും കുഞ്ഞായിരിക്കെ എന്റെ ഇത്തിക്കുട്ട്യാത്ത പകർന്ന തന്ന വിജ്ഞാനം  മനസിൽ മായാതെ തന്നെ കിടക്കുന്നു 

Tuesday, October 19, 2021

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു....

Friday, August 27, 2021

ആലിഹാജിയോടൊപ്പം

ഒരാഴ്ചത്തെ ലീവിൽ നാട്ടിൽ വന്നതായിരുന്നൂ ഞാൻ. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരു രണ്ടാം ശനിയാഴ്ചയും ഒഴിവു ദിവസങ്ങളിൽ ജോലിചെയ്തുണ്ടാക്കുന്ന  കോമ്പൻസേഷൻ ലീവും കൂട്ടിച്ചേർത്ത് ഒരാഴ്ചത്തെ അവധി അതായിരുന്നു പതിവ്...
അന്ന് വൈകുന്നേരം പുറത്തേക്കിറങ്ങി. കൂട്ടുകാരെയാരെയെങ്കിലും കിട്ടിയാൽ പുഴയിൽ പോകാം എന്നായിരുന്നു പദ്ധതി. 
ആലിഹാജിയുടെ വീടിനടുത്തെത്തിയപ്പോൾ ചെറിയൊരു വീശുവലയും മീൻ കുണ്ടയുമായി പുഴയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ നിൽകുകയാണ് ആലിഹാജി. മൂപ്പരൊരു കൊച്ചു വലവാങ്ങിയതും അതുമായി പുഴയിലൂടെ അലഞ്ഞ് പലപ്പോഴും ഒന്നും കിട്ടാതെ മടങ്ങാറൂള്ളതും നാട്ടിൽ സംസാരമായിരുന്നു. ചെയ്ത ഏർപ്പാടുകളില്ലാം നഷ്ടം മാത്രം മിച്ചമാക്കി അദ്ദേഹമിപ്പോൾ സ്വസ്ഥനായിരുന്നു. 
ഹാജി എനിക്ക് ഗുരു തുല്ല്യനാണ്... ഉപ്പായുടെ സുഹൃത്തും അകന്ന ബന്ധുവും.... എന്റെ മനസിൽ അഴിമതി രഹിത ഔദ്യോഗിക ജീവിതം എന്ന ആശയം പാകിവളർത്തിയതിൽ ഹാജിയാർക്ക് വലിയ പങ്കുണ്ടായിരുന്നു. അവസാനം ഒരു പി ഡ്ബ്ലിയുഡി കോണ്ട്രാക്റ്ററായിനോക്കിയ അദ്ദേഹം അഴിമതിയോട് കലഹിച്ച് പണി വലിച്ചെറിഞ്ഞത് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തിലേ ബോബെയിൽ പോയി അവിടെ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മകൻ സൈനുദ്ദീൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തിലേ സർക്കാറുദ്യോഗസ്ഥനായി മാറിയ എന്നെ അദ്ദേഹത്തിന്ന് വലിയ ഇഷ്ടമായിരുന്നു. 
മീൻ പിടിക്കാൻ തുണയന്വേഷിച്ച് നിൽക്കുകയായിരുന്ന ഹാജ്യാർക്ക് എന്നെ കണ്ടപ്പോൾ സന്തോഷമായി. വരീൻ കുട്ടീ നമുക്ക് ഒരുപിടി പരൽ കിട്ടുമോ എന്ന് നോക്കാം. അവധിയിലെ ഒരു സായാഹ്നം എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ചിരുന്ന എനിക്ക് ക്ഷണം സ്വീകാര്യമായി. ഭാര്യ അവളുടെ വീട്ടിലാണ്. ഇനി രാത്രിയിലേ അങ്ങോട്ട് എത്തേണ്ടതുള്ളൂ. സന്തോഷത്തോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മീൻ കുണ്ടയും വാങ്ങി ഞാനദേഹത്തെ പിന്തുടർന്നു... ഓവുപാലത്തിന്റെ അരികിലൂടെ റെയിലിന്മേൽ കയറി പടിഞ്ഞാട്ട് വെച്ചു. ചീക്കരത്തെ പാലത്തിന്റെയതിലേ കണ്ടാറിയിലേക്കിറങ്ങി അവുടെനിന്നും നിളയുടെ പഞ്ചാരമണൽ പരപ്പിലേക്ക്. മണലിൽ ആർത്തു ചിരിച്ചുകൊണ്ട് കളികളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. കരിമ്പനയോലകൊണ്ട് ചക്രമുണ്ടാക്കി മണലിൽ വെക്കുമ്പോൾ കാറ്റിൽ ചക്രം കിഴക്കോട്ട് പായുന്നു. അതിനെപ്പിടിക്കാൻ കൂവിയാർത്ത് പിറകെ അവരും പായുകയാണ്.  പുഴയിലെത്തുമ്പോഴേക്ക് അദ്ദേഹം ഒരുപാട്  ചരിത്രങ്ങൾ പറഞ്ഞു തീർത്തു. വിട്ടു വീഴ്ച യില്ലാത്തെ നീതി ബോധം കാരണം പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്ന നല്ല നല്ല ജോലികൾ. പിന്നീട് ഏർപ്പെട്ട ബിസിനസുകളിലെല്ലാം നേരിടേണ്ടി വന്ന നഷ്ടങ്ങൾ. ഏറ്റവും ഒടുവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പിണിങ്ങി ഉപേക്ഷിക്കപ്പെട്ട പി ഡബ്ല്യുഡി കോണ്ട്രാക്റ്റ്. കൃത്യമായി സിമന്റും മണലും ചേർക്കുന്നില്ലേ എന്ന് പരിശോധിക്കേണ്ടവർ അത്രയും ചേർക്കേണ്ട കുറവു വരുത്തിയതിന്റെ വിഹിതം തങ്ങൾക്ക് എത്തിച്ചാൽ മതിയെന്ന് പറയുമ്പോൾ എങ്ങനെ അവരുമായി ഒത്തു പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാനത് വേണ്ടെന്ന് വെച്ചു കൂട്ടി. നമുക്ക് മരിച്ച് പോകേണ്ടേ.... വലയും ചുമലിലിട്ട് കഥപറഞ്ഞ് കൊണ്ട് മുന്നിൽ നടക്കുന്ന അദ്ദേഹത്തെ മൂളിക്കേട്ടുകൊണ്ട് ഞാൻ പിൻ തുടർന്നു. എന്റെ നാട്ടിലെ അറിയപ്പെടാത്ത ഒരു മഹാന്റെ കൂടെയാണ് ഞാൻ നടക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 

വേനലറുതിയിൽ മെലിഞ്ഞൊട്ടിയ പുഴ. അവിടവിടെ മാത്രം കുറേശ്ശെ വെള്ളം. ഇവിടെയൊക്കെ വീശിയാൽ വല്ലതും കിട്ടുമായിരിക്കും. വെയിലാറിവരുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന ഇളം കാറ്റ്. കുഞ്ഞിരാമൻ നായരുടെ പമ്പ് ഹൗസിന്റെ ഭാഗത്തുനിന്നും ഞങ്ങൾ വീശാൻ തുടങ്ങി. വീശി വീശി ഞങ്ങൾ മാമരു കുണ്ടിലെത്തി. ഇതുവരെ കുണ്ടയുടെ അടി പരന്നിട്ടില്ല. ഇന്നിനി മീനൊന്നും കിട്ടുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ മനസിൽ പറഞ്ഞു. 
പകലസ്തമിക്കുകയാണ്. ഇപ്പോൾ പുഴയിലെങ്ങും വെയിലില്ല. ഗ്രാമത്തിന്റെ കിഴക്കേ അതിരിലെ വാടാനാംകുറുശ്ശി കുന്നുകളിൽ പോക്കുവെയിലിന്റെ പൊന്നൊളി. 
അക്കരെ നിന്നും കടവിലേക്കിറങ്ങിയ വല്ല്യാട്ടെ നാരായണന്റെ മകൻ മണി വിളിച്ചു ചോദിച്ചു ഹാജ്യാരെ മീൻ കിട്ട്യോ. ചിരിച്ചുകൊണ്ട് ഹാജ്യാർ പറഞ്ഞു ഒന്നും കിട്ടിണില്ലെടോ യ്യ് രണ്ട് വല വീശിക്കാട്ട്... മണി സമ്മതിച്ചു.  ഹാജ്യാരുടെ കയ്യിൽ നിന്നും വലവാങ്ങി അവൻ വെള്ളത്തിലേക്കിറങ്ങി. 
ഇടക്കിടക്ക് ഓരോ വലവീശി ഞാങ്ങൾ കിഴക്കോട്ട് നീങ്ങി. കുടപ്പാറ കയത്തിൽ  എത്തിയപ്പോഴേക്കും സൂര്യനസ്തമിച്ചിരുന്നു.
ആകാശത്തിലൂടെ കിഴക്കോട്ട് കൂട്ടമായി പറന്ന് പോകുന്ന കൊക്കുകളും കാക്കകളും മറ്റു നീർ പക്ഷികളും. 
വലിയപള്ളിയിൽ നിന്നും യൂസഫ് മുസ്ല്യാരുടെ ബാങ്കൊലി. പുഴയിൽ അധികമാരുമില്ല. കുണ്ടയിൽ ഇതു വരെ അരക്കിലോ പരൽ പോലും ആയിട്ടില്ല. ന്നാ ഞാനിഞ്ഞ് പോട്ടെ ഹാജ്യാരേ ഇക്ക് അക്കരെ പോയിട്ട് കുറച്ച് പണിയുണ്ട്. വല ഹാജ്യാരെ തിരിച്ചേല്പിച്ച് മണി കുട്ടന്റെ പീടികയുടെ വശത്തേക്ക് നടന്നു... പുഴയിൽ ഞങ്ങളൊറ്റക്കായി.
ന്ന് പ്പൊ ഇത് മതി മേൽകഴുകി പോകാൻ നോക്കാം എന്ന് പറഞ്ഞ് ഹാജ്യാർ മടങ്ങാൻ ഒരുങ്ങവേ "ഇതാരാ ഇപ്പൊ മീൻ പിടുത്തക്കര്" എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വന്നു. മങ്ങിയ വെളിച്ചത്തി ആൾ അടുത്തെത്തിയപ്പോഴാണ് മനസിലായത്.  പറമ്പിലെ ബാപ്പുഹാജി. ഞങ്ങൾ രണ്ടു പേരുടേയും ബന്ധു. വലിയൊരു വലയും ചുമലിലിട്ട് അദ്ദേഹം മീൻ പിടിക്കാൻ ഇറങ്ങിയിരിക്കയാണ്. ഇനി രാത്രി പത്തുമണി വരെ വീശി നിറയെ മീനും പിടിച്ചേ മൂപ്പർ മടങ്ങൂ. 
നോക്കട്ടെ മോനേ വല്ലതും കിട്ട്യോ അദ്ദേ ഹത്തിന്റെ സ്നേഹപൂർണ്ണമായ അന്വേഷണം. ഞാൻ ലജ്ജയോടെ ഞങ്ങളുടെ ശുഷ്കമായ കുണ്ട അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. അത് പൊക്കി നോക്കിയിട്ടദ്ദേഹം ഞങ്ങളെ കളിയാക്കി. ങ്ങാ നല്ല മീൻ പുടുത്തക്കാരാ... ഇത്ര നേരം അലഞ്ഞിട്ടും ഒരു റാത്തല് തികഞ്ഞിട്ടില്ലല്ലോ. കുണ്ട താഴെ വെച്ച് അദ്ദേഹം തന്റെ വലിയ വലയുമായി കൊടപ്പാറ കയത്തിലേക്കിറങ്ങി. അരയോളം വെള്ളത്തിലേക്കിറങ്ങി അദ്ദേഹം വീശി. വല വലിച്ചു നോക്കിയപ്പോൾ നിറയെ മീൻ. വല മണലിൽ വിരിച്ചിട്ടദ്ദേഹം പറഞ്ഞു "ങൂം വേഗം പെറുക്കി കുണ്ട നിറക്കിൻ". ഞങ്ങൾ ധൃതിയിൽ  മീൻ പെറുക്കി കുണ്ടയിലാക്കി. ഒരു വലകൂടി ഞങ്ങൾക്ക് വേണ്ടി അദ്ദേഹം വീശിയപ്പോഴേക്കും ഞങ്ങളുടെ കുണ്ട നിറഞ്ഞിരുന്നു..."ഞ്ഞ് വേഗം സ്ഥലം വിട്ടോളിൻ. ഞാൻ എനിക്ക് വല്ലതും കിട്ട്വോ നോക്കട്ടേ..." അദ്ദേഹം വലയും കുണ്ടയുമെടുത്ത് കിഴക്കോട്ട് നടക്കുന്നത് നന്ദിയോടെ നോക്കിക്കൊണ്ട് നിൽക്കവേ ഞാൻ കണ്ടു. അങ്ങകലെ മലയുടെ മറവിൽ നിന്നും ഉദിച്ചുയരുന്ന പൂർണ്ണ ചന്ദ്രൻ.
കൊടപ്പാറ ആശ്രമത്തിൽ നിന്നും മൈക്കിലൂടെ മുഴങ്ങുന്ന ജ്ഞാനപ്പാന....

ആലിഹാജി മേൽ കഴുകി വല ചുമലിലിട്ട് പുറപ്പെട്ടു. മീൻ കുണ്ടയുമായി പിറകെ ഞാനും. കുണ്ടയുടെ ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഞാനോർത്തു...ബാപ്പുഹാജി വന്നില്ലായിരുന്നെങ്കിൽ ഒരാശ്വാസമായേനേ...
നിളയുടെ മണലിന്മേൽ പരന്നൊഴുകുന്ന നിലാവിൽ കുളിച്ചുകൊണ്ട് ഞങ്ങൾ കാരക്കാട് മുക്രിക്കടവ് ലക്ഷ്യമാക്കി നടന്നു. പുഴയിൽ നിന്നും പള്ളിക്കടവിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ വലിയപള്ളിയിൽ നിന്നു. ഇശാ ബാങ്ക് കൊടുക്കുന്നു...