Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവാങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 1, 2021

ഇടവപ്പാതി....

സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...

Sunday, April 18, 2021

ഒരമ്മിച്ചോറിന്റെ ഓർമ്മ.

വേളേരിപ്പറമ്പിൽ ഉപ്പ പണിത പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല
വീടെന്ന് വെച്ചാൽ ഇന്നത്തെക്കണക്കിന് വളരെ  ചെറിയ ഒരു വീട്.  ഈങ്ങത്തോട്ട് വളപ്പിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലായിരുന്നു വീട്. വേളേരിപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഓടു മേഞ്ഞ കൊച്ചു വീട്. ഇന്നത്തെപ്പോലെ ആളുകൾ പലിശക്കടം കൊണ്ട കാശുകൊണ്ട് കൊട്ടാരം പണിയുന്നകാലം തുടങ്ങിയിട്ടില്ലായിരുന്നു. കടമുണ്ടാവുന്നത് വലിയ മാനക്കേടും പലിശക്ക് കടമെടുക്കുന്നത് വൻ പാപവുമായി അന്നവർ കരുതി. ചെറിയ നാലു മുറികളും കോലായിയും അടുക്കളയും വരാന്തകളും ഒക്കെക്കൂടി ഒരെഴുനൂറ്റമ്പത് എണ്ണൂറ് സ്ക്വയർ ഫീറ്റ് കാണും അത്രേള്ളൂ. അന്നത് വലിയ വീടായിരുന്നു. അതു തന്നെ  പണി പൂർത്തിയാക്കാൻ ഉപ്പ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ ഉപ്പയും ഉമ്മയും ഞങ്ങൾ നാലു മക്കളും സസുഖം വാഴുന്നു. ഞാൻ വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു... കൃസ്മസ് അവധിക്കാലം. പുഴക്കരയിലൂടെയും വയൽ വരമ്പുകളിലൂടെയുമെല്ലാം പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ അലയുന്നതിൽ ഞാൻ വലിയ ആഹ്ലാദം കണ്ടെത്തി. മാവുകൾ പൂക്കാൻ തുടങ്ങുന്നതേയുള്ളൂ... രാവിലെ തുടങ്ങിയ ഒന്നാം ഷിഫ്റ്റ് അലച്ചിലുനു ശേഷം ഞാൻ കയറിവരുമ്പോളൊരു പത്ത് മണിയായിക്കാണും. ഉപ്പയും ഉമ്മയും മിറ്റത്തെ ആരുമൂച്ചിയുടെ ചുവട്ടിൽ നിൽക്കുന്നുണ്ട്. ഉപ്പ നിറയെ പൂത്ത മാവിലേക്ക് ചൂണ്ടി ഉമ്മാക്ക് എന്തോ കാണിച്ചു കൊടുക്കുകയാണ്. പഴുത്താൽ തേനിന്റെ മധുരമുള്ള ആ മാവിനെ ഞങ്ങൾ ആരുമൂച്ചി എന്ന് വിളിച്ചു. ഞാൻ ചെന്ന് നോക്കുമ്പോൾ മാവിന്റെ തുമ്പത്ത് ഇലകൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന ഒരു കുല കണ്ണി മാങ്ങ. നേരത്തെ പൂത്തതായിരിക്കാം. ഉമ്മപറഞ്ഞു "കിട്ടിയിരുന്നെങ്കിൽ പ്പുമ്മൊള് (ചമ്മന്തി) അരക്കാം. മൊളു ചാറും വെക്കാം." കിട്ട്വോടാ..?
പറയേണ്ട താമസം ഞാനൊരു കല്ലെടുത്ത് മാവിലേക്ക് എറിയാനോങ്ങി. ഉപ്പപറഞ്ഞു. " എറിഞ്ഞ് പൂവ്വ് കൊഴിക്കണ്ട. കേറി പൊട്ടിക്കാൻ പറ്റ്വോ നോക്ക്". ഉമ്മ സ്നേഹപൂർവ്വം പറഞ്ഞു വേണ്ട പുളിറ്മ്പ് കടിക്കും. ഞാൻ കാര്യമാക്കിയില്ല. പറയേണ്ട താമസം. മാവിന്റെ തുഞ്ചത്ത് കയറി ഞാൻ അവ പറിച്ചെടുത്തു. നാല് അണ്ടിയുറച്ചിട്ടില്ലാത്ത മാങ്ങകൾ. മാങ്ങ ഉമ്മായുടെ കയ്യിൽ കൊടുത്ത് ഞാൻ മേല് കയറിയ പുളിയുറുമ്പുകളെ പെറുക്കാൻതുടങ്ങി. മാങ്ങയും കൊണ്ട് ഉമ്മ അടുക്കളയിലേക്ക് നടന്നു. പിറകേ ഉപ്പയും കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഉമ്മ ചുട്ട വറ്റൽ മുളകും ഉപ്പും ചെത്തിയ മാങ്ങയുമെടുത്ത് അമ്മിയിലിട്ട് ചമ്മന്തിയരക്കുകയാണ്.  അടുത്ത് ഉപ്പയുമുണ്ട്.  അരച്ചുകൊണ്ടിരിക്കേ ഉമ്മ അമ്മിയിൽ നിന്നല്പം തോണ്ടി എന്റെ നാവിൽ തേച്ചുതന്നിട്ട് ചോദിച്ച് ഉപ്പുണ്ടോ. ഹാവ് എന്തൊരു രുചി. ഉണ്ട്മ്മാ നല്ല സ്വാദ്ണ്ട്. അമ്മിയിലെ ചമ്മന്തി വടിച്ചെടുത്ത് അകത്തു പോയ ഉമ്മ തള്ളക്കയിലിൽ നിറയെ ചൂടു ചോറുമായി വന്നു. ചോറ് അമ്മിമേലിട്ട് നന്നായി കുഴച്ച് ഒരുരുള എന്റെ വായിൽ വെച്ച് തന്നു.  ഒരുരുള ഉപ്പാക്കും കൊടുത്തു ബാക്കി ചേറിയ ഒരുരുള ഉമ്മയും തിന്നു. അതെ ഉമ്മ എപ്പോഴും ചെറിയ ഓഹരി കൊണ്ട് തൃപ്തയായിരുന്നു. തനിക്കുള്ളത് മാത്രമേ പാത്രത്തിൽ ബാക്കിയുള്ളു വെങ്കിലും വിശന്ന് വന്നവർക്കത് നീട്ടിക്കൊടുക്കുന്നതിൽ അവർ തൃപ്തയായി. അതെ ഗ്രാമത്തിൽ വിശപ്പ് അന്നൊരു പ്രശ്നം തന്നെയായിരുന്നു.
ഈ ദുനിയാവിൽ നിന്നും വളരെ ചെറിയ ഒരോഹരിയേ ഉമ്മ എടുത്തുള്ളൂ. മക്കൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും സ്വപ്നം പോലും കാണാതെ തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ഉമ്മപോയി... ഉമ്മ നമസ്കാരവും നോമ്പും സക്കാത്തുമെല്ലാം അനുഷ്ഠിച്ച ഒരുറച്ച വിശ്വാസിയായിരുന്നു. വാക്കുകൊണ്ട് വർണ്ണിക്കാനാകാത്ത ഒരു ലോകം വരാനിരിക്കുന്നു എന്ന ഉറച്ച പ്രത്യാശയോടെയാണവർ പോയത്. അവിടെ വെച്ച് സന്ധിക്കാമെന്ന പ്രത്യാശയോടെ ഈ മകനും കാത്തിരിക്കുന്നു....

Thursday, April 15, 2021

ഉറക്കം

കലാപഭൂമിയില്‍ നിന്നും  ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഓടി വരികയായിരുന്നു അയാള്‍. തന്റെ കൂട്ടുകാര്‍ ഒളിച്ചുകഴിയുന്ന കെട്ടിടത്തിന്റെ  വാതിലിനടുത്ത് അയാളെത്തി. അതു ചാരിയിട്ടേ  ഉണ്ടായിരുനുള്ളൂ. അതിനകത്തുള്ളവര്‍ അത്രക്ക് സുരക്ഷിതബോധമുള്ളവരാണല്ലോ എന്നയാള്‍ അതിശയിച്ചു. മര്യാദയോര്‍ത്ത് അയാള്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും  മറുപടിയൊന്നുമുണ്ടായില്ല. കുറേ നേരം  കാത്തുനിന്നശേഷം  പതുക്കെ അയാള്‍ ചാരിയിട്ട വാതിലിലൂടെ  അകത്തുകടന്നു... അതിശയം  ഈ പകലിലും  മുറിക്കകത്തുള്ളവര്‍ ഉറങ്ങുകയിരുന്നു... വെറുതെയല്ല താന്‍ മുട്ടിവിളിച്ചിട്ടും  ആരും  പുറത്തു വരാഞ്ഞത് എന്നയാള്‍ സമാധാനിച്ചു. എങ്കിലും  പുറത്തു നടക്കുന്ന കലാപത്തെക്കുറിച്ച് അവരോടു പറയാനയാള്‍ വെമ്പി. ഉടനെ എഴുന്നേറ്റ് രക്ഷപ്പെട്ടില്ലെങ്കില്‍ തങ്ങളുമതിന്നിരയാവുമെന്ന് അവരെ അറിയിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതി. അയാള്‍ അവരെ ഊണര്‍ത്താന്‍ ശ്രമം  തുടങ്ങി. പടിച്ചപണി പതിനെട്ടും  പയറ്റിയിട്ടും  അവരുണരാനുള്ള ഭാവമില്ലായിരുന്നു. ഒരാളൊഴികെ ക്ഷീണിതനായ ഒരു വൃദ്ധന്‍. കണ്ണുതിരുമ്മി കോട്ടുവായിട്ട് അയാള്‍ സംഗതിയാരാഞ്ഞു. അയാള്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള്‍ അയാള്‍ പറഞ്ഞു കുഞ്ഞേ കാതിനു കേള്‍വി കുറവായ എന്നെപ്പോലും  ഉണര്‍ത്തുമാറ്‌നീതൊള്ളയിട്ടിട്ടും  അവരുണര്‍ന്നില്ലെങ്കില്‍... എങ്കില്‍ അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌. ഉറക്കം  നടിക്കുനവനെയുണര്‍ത്താന്‍ ദൈവം  പോലും  മിനക്കെടില്ല..... 
അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌എന്ന് അയാള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും  കലാപകാരികളുടെ ആരവം   അടുത്തെത്തിക്കഴിഞ്ഞിരുന്നു.....
സഹതാപത്തോടെ കിടക്കുന്നവരെ നോക്കി അയാള്‍ വൃദ്ധനോടൊപ്പം   പിന്‍ വാതിലിലൂടെ പലായനം  തുടങ്ങി. അങ്ങു ദൂരെ കുന്നിന്‍ മുകളിലെത്തിയപ്പോള്‍  അവര്‍ തിരിഞ്ഞുനോക്കി. അപ്പോളവര്‍ കണ്ടു മുകളിലേക്കുയരുന്ന കറുത്ത പുകച്ചുരുളുകള്‍. ഉറക്കം  നടിച്ചവര്‍ക്കൊപ്പം  അവര്‍ സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന കെട്ടിടം  കത്തിയമര്‍ന്നു കഴിഞ്ഞിരുന്നു.

Saturday, March 27, 2021

കേവലൻ

കേവലൻ
*************
ഗ്രാമത്തിൽ ആധുനിക വിദ്യാഭ്യാസം ഒരു അപൂർവ്വ വസ്തുവായിരുന്നകാലം. എഎംഎൽപി സ്കൂളാ യിരുന്നു സ്ഥലത്തെ പ്രധാന കലാലയം. അവിടെനിന്നും സർട്ടിഫിക്കേറ്റ് നേടി ഉന്നത പഠനാർത്ഥം ആറു കിലോമീറ്റർ കുന്നും മേടും കയറി വാടാനാം കുറുശ്ശിയിലേക്ക് പോയിരുന്നവർ വർഷത്തിൽ മൂന്നോ നാലോ.... ബാക്കിയുള്ളവർ നേരിട്ട് ജീവിത സർവ്വകലാശാലയിലേക്ക്  പ്രവേശിക്കയായിരുന്നു പതിവ്. വാടാനാംകുറുശ്ശിക്ക് പോയവർ സനദ് കൈപ്പറ്റി വരുമ്പോഴേക്കും നേരിട്ട് ജീവിതത്തിലേക്ക് പ്രവേശിച്ച വർ ബിസിനസ് മാനേജ് മെന്റിൽ വിദഗ്ദരായി മാറുകയായിരുന്നു പതിവ്. ചിലർ കരിങ്കല്ലു പണിയിലും വൈദഗ്ദ്യം നേടി. ഇനിയുമൊരു കൂട്ടർ പത്താം ക്ലാസിലും നിൽകാതെ കോളേജ് അന്വേഷിച്ചു പോയി. അന്ന് പട്ടാമ്പിയിൽ കോളേജ് തുറന്നിട്ടുണ്ടായിരുന്നില്ല. ഒറ്റപ്പാലം എൻ എസ്‌ എസ്‌ കോളേജ് ഉണ്ടായിരുന്നു. 
എങ്കിലും കൂടുതൽ പേർക്കും ഫാറൂഖ് കോളേജിനോടായിരുന്നു പഥ്യം. പുലാക്കൽ ആലിമാഷ്. ഹംസക്കോയമാഷ് പുലാക്കൽ ബാപ്പുട്ടി എന്ന യൂസഫ് ദിൽകൂഷ് അബ്ദുറഹ് മാനിക്കാന്റെ ബാവ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. 
അവധിക്കാലങ്ങളിൽ കോളേജിൽ നിന്ന് വന്നവരും സമപ്രായക്കാരായ കൂട്ടുകാരും ഒന്നിച്ച് സ്വാഭാവികമായും പല പല നേരം പോക്കുകളിലും വ്യാപൃതരാവും. ഭാരതപ്പുഴയിലെ പഞ്ചാര മണൽ തിട്ടകൾ അവരുടെ കളി തമാശകൾ കൊണ്ട് മുകരിതമാകും. ആയിടക്കൊരിക്കൽ എല്ലാവരും കൂടി ഒത്തുകൂടി അവരുണ്ടാക്കിയിരുന്ന വായന ശാലയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി... 
ചർച്ച പുരോഗമിക്കവേ ഫാറൂഖ് കോളേജിൽ പഠിക്കുകയായിരുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ എതിർത്ത മെമ്പറോട് പ്രസിഡന്റ് പറഞ്ഞു " നീ മിണ്ടാതിരിക്ക് നീ കേവലം ഒരു മെമ്പറല്ലേ." അത് കേട്ട് എല്ലാവരോടുമൊപ്പം ചിരിച്ചെങ്കിലും വാചകത്തിന്റെ തുടക്കം മൂപ്പർക്ക് പിടി കിട്ടിയില്ല.... മീറ്റിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും ഒരുപാടു നേരം മണൽ തിട്ടയിലിരുന്ന് കാകാറ്റുകൊണ്ട് വലിയപള്ളിയിൽ നിന്നും‌ ചേക്കുമൊല്ലക്ക ഇശാ ബാങ്ക് കൊടുത്തപ്പോൾ അവർ പിരിഞ്ഞു. വീട്ടിലെത്തിയപ്പോഴും മെമ്പർക്ക് കേവലം എന്നതിന്റെ അർത്ഥം കുറക്കനു കിട്ടിയ പൊതിക്കാതേങ്ങയായി. പിറ്റേന്ന് കവലയിലെത്തി ആദ്യം‌ കണ്ട കൂട്ടുകാരനോടാരാഞ്ഞു. " ഇന്നലെ അവനെന്നോട് പറയ്വാ കേവലം മെമ്പറായ ഞാൻ മിണ്ടരുത് ന്ന്. എന്താടോ ഈ കേവലം. ?"
കൂട്ടുകാരൻ ഞെട്ടലഭിനയിച്ചു. " ങേ അവനങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല " 
"അല്ല പടച്ചോനെത്തന്നെ പറഞ്ഞു."
" ന്നാ മോശായിപ്പോയി. എന്തായാലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...
കേവവലം എന്നാൽ എന്തോ വലിയ തെറിയാണ് എന്ന മട്ടിലായിരുന്നു ബോധനം. കേവലം എന്നത് എന്താണെന്ന് മൂപ്പർ ചങ്ങാതിമാരോടൊക്കെ ചോദിക്കും എന്ന് കണ്ട കൂട്ടുകാരൻ തന്റെ പ്രതികരണം എല്ലാ കൂട്ടുകാരെയും അറിയിച്ചിരുന്നു. അതു പ്രകാരം ചോദിച്ചവരൊക്കെ മറുപടികൊടുത്തു. ചങ്ങാതിക്ക് ദേഷ്യം വന്നു. അവനെ രണ്ടു പറഞ്ഞിട്ടു തന്നെ കാകാര്യമെന്ന് നിരൂപിച്ച് അന്വേഷിച്ച് ചെന്നപ്പോൾ അദ്ദേഹം ഫാറൂഖ് കോളേജിലേക്ക് പോയ് കഴിഞ്ഞിരുന്നു. ദേഷ്യ മനസിൽ വെച്ച് മടങ്ങി റോട്ടിലെത്തിയപ്പോൾ എതിരെ വരുന്നു പോസ്റ്റുമാൻ കൃഷ്ണൻ കുട്ടി നമ്പ്യാർ....
അദ്ദേഹം നമ്പ്യാരുടെ പക്കൽ നിന്നും ഒരു അഞ്ച് പൈസക്ക് ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ നിറയെ എഴുതി കേവലാ കേവലാ നൂറ് കേവലാ ആയിരം കേവലാ നീയാണെടാകേവലൻ. കാർഡ് മുഴുവൻ എഴുതി നിറച്ച് ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റലിന്റെ വിലാസമെഴുതി പോസ്റ്റു ചെയ്തേ അദ്ദേഹം വിശ്രമിച്ചുള്ളൂ എന്ന് പറഞ്ഞാൽ മതിയല്ലോ ...

Saturday, December 19, 2020

എന്റെ സഹവർത്തികൾ


എന്റെ സാമ്രാജ്യത്തിന്റെ വിസ്തീർണ്ണം ഇരുപത്തഞ്ച് സെന്റാകുന്നു. അതിൽ വളർന്നുവന്ന മരങ്ങളെ ഒന്നും മുറിച്ചു മാറ്റാൻ മനാസനുവദിക്കാഞ്ഞതുകൊണ്ട് മരങ്ങൾ വലുതായി. ഒരടുക്കുംചിട്ടയുമില്ലാതെ വളർന്നുവന്നവയും അവയോടൊപ്പം ഞാൻ നട്ടു പിടിപ്പിച്ചവയുമായ മരങ്ങൾ. ചാമ്പകളും  കാരമ്പോളകളും റമ്പുട്ടാനും പേരമരങ്ങളും  കൂടെ വേങ്ങ വാക കഴനി തുടങ്ങിയ കുറേ കാട്ടുമരങ്ങളും. യാതൊരു നിയന്ത്രണങ്ങളു മില്ലാതെ മരങ്ങൾ വളർന്നു വരുന്നത് കാണാനൊരു രസമാണ്‌. അവരും അനുഭവിക്കട്ടേ സ്വാതന്ത്ര്യം. അലങ്കാരച്ചെടികളൊന്നും ഞാൻ നട്ടു പിടിപ്പിച്ചിട്ടില്ല. നിലം കട്ടവിരിച്ച് മൊഞ്ചാക്കിയിട്ടുമില്ല. മനുഷ്യനു കുടിക്കാൻ തന്നെ വെള്ളം കഷ്ടിയാണെന്നിരിക്കെ അലങ്കാരച്ചെടികൾ ധൂർത്താനെന്ന് ഞാൻകരുതി. നാം നട്ടുപരിപാലിച്ചവ ഉണങ്ങിപ്പോകുന്നത് കണ്ട് ദുഖിക്കേണ്ടല്ലോ. 
എന്നെ സ്നേഹിക്കുന്നവർക്ക് ഇതൊന്നും അത്ര ഇഷ്ടമാകുന്നില്ല. സിമന്റുകട്ട പതിക്കാത്ത മിറ്റവും  കൊമ്പുകോതാത്ത മരങ്ങളും ഒക്കെ. ഒരു കാാർഷിക സ്ഥാപനത്തിൽ പണിയെടുത്ത് പിരിഞ്ഞവന്റെ വീട് ഇങ്ങനെ മതിയോ എന്ന്.  എല്ലാം കൂടി കാടുപിടിച്ചു കിടക്കുന്നുവല്ലോ എന്നാണവരുടെ പരാതി. ഏതായാലും  ഒന്നു കോതി വൃത്തിയാക്കിക്കളയാമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഇൻശാഅല്ലാഹ് ചെറുതായി ഒരു മഴു പ്രയോഗം വേണ്ടി വരുമെന്നു തോന്നുന്നു. 
പക്ഷേ ഇപ്പോഴത്തെ സ്ഥിതി വളരെ ഇഷ്ടപ്പെട്ടത് രണ്ടു കൂട്ടർക്കാണ്‌‌ നാട്ടിലെ കുട്ടികൾക്കും പിന്നെ അകാശത്തിലെ പറവകൾക്കും. പിന്നെ ചില നാല്കാലികൾക്കും ചാമ്പമരങ്ങളും  കാരമ്പോള മരങ്ങളും പേരമരങ്ങളുമൊക്കെ മനുഷ്യമക്കൾക്കും പറവകൾകും ഒരുപോലെ ഇഷ്ടമായിരിക്കുന്നു. നാട്ടിലുള്ള മിക്ക പക്ഷികളേയും ദിവസത്തിലൊരിക്കലെങ്കിലും വീട്ടിലിരുന്നു തന്നെ കാണാൻ കഴിയുന്നത് സന്തോഷകരമല്ലേ. പക്ഷി നിരീക്ഷണത്തിന്‌ ദൂരെയെങ്ങും   പോകേണ്ട. വരാന്തയിൽ ഇരുന്നാൽ മതി. 
കാക്കക്കൾ സ്ഥിരം  സന്ദർശകരായി രണ്ടു പേരുണ്ട് ഒട്ടൊരു അധികരഭാവത്തിലാണ്‌ പെരുമാറ്റം. വേനൽ കാലത്ത് പിൻ വശത്ത് ചായ്പിൽ വെള്ളം വെച്ചു കൊടുക്കുന്ന പതിവുണ്ട്. മറന്നു പോയാൽ ഒരു പ്രത്യേക സ്വരത്തിൽ  അവ ഞങ്ങളെ വിളിച്ചറിയിക്കുകയും ചെയ്യും അത് പതിവാണ്‌. പിന്നെ ഭക്ഷണത്തിൽ ബാക്കി വരുന്നത് അവർതിന്നുകയും ചെയ്യുന്നു അന്നം പാഴാക്കിക്കളഞ്ഞു എന്ന മനസ്സാക്ഷിക്കുത്തിൽ നിന്നും  മോചനം തത്തകൾ സുന്ദരിമാരും സുന്ദരന്മാരു മായി മൂന്നു നാലു പേരുണ്ട്. സ്ഥിരമായി കാരമ്പോളാ മരത്തിൽ നിന്നും  അതിന്റെ പഴങ്ങൾ തിന്നുക എന്നതാണ്‌ പരിപാടി. കുരുന്നു കായാവുമ്പോഴേക്കും തീറ്റ തുടങ്ങും. അവരുടെ വിഹിതം കഴിഞ്ഞിട്ടു വേണം കായ്കൾ മൂത്ത് പഴുക്കാൻ. അപ്പോഴേക്കും  കുട്ടികളുടെ ഊഴമായി. അതോടെ മിക്കവാറും തീർന്നിരിക്കും. ഉടമസ്ഥന്‌ പുണ്യം ബാക്കി. ഇടക്ക് ദേഷ്യമൊക്കെ തോന്നും. എന്നിട്ടെന്താ പക്ഷികളൂടെ അത്രപോലും നാണമില്ല കുട്ടികൾക്ക്. ഒരാൾ ഒരു മരം നടുകയും  വളർത്തുകയും ചെയ്താൽ അതിൽ നിന്നുണ്ടാകുന്ന പഴങ്ങളോ തണലോ മറ്റെന്തു ഗുണങ്ങളും  ആരുപയോഗിച്ചാലും  അതിന്റെ പുണ്യം നട്ടയാൾക്കുണ്ട്‌എന്നാണല്ലോ ഗുരു പഠിപ്പിച്ചിരിക്കുന്നത്. 
പിന്നെയുള്ളത് ഒട്ടു മാവിൽ കൂടു കൂട്ടിക്കഴിയുന്ന രണ്ട് വണ്ണാത്തിപ്പുള്ളുകളാണ്‌‌. അവരെക്കൊണ്ട് പ്രത്യേകിച്ച്  ഒരു ശല്ല്യവുമില്ല പുലർച്ചെ എഴുനേറ്റ് ഈണത്തിൽ പാടും എന്ന ഒരു പ്രശ്നമേയുള്ളൂ. എനിക്ക് പാട്ട് ഇഷ്ടവുമാണല്ലോ. ഇടക്ക് രണ്ട് ബുൾബുളുകളേയും കാണാം എവിടെയാണാവോ കൂട് രാവിലേയും വൈകീട്ടും കാണുന്നതുകൊണ്ട് ഇവിടെയെവിടെയോ ഒക്കെത്തന്നെയായിരിക്കും  ബംഗ്ലാവ്‌. പിന്നെ കുറേ പൂത്താംകീരികൾ എന്ന് വിളിക്കുന്ന കരിയിലക്കിളികളാണ്‌. രാവിലെയും വൈകീട്ടുമാണ്‌‌ സന്ദർശനം  ഈ ഗ്രൂപ്പിന്റെ കൂടെ രണ്ട് ഓലേഞ്ഞാലികളും  ആനറാഞ്ചികളും  ഉണ്ട്‌ തെങ്ങോലകളിലും  കറന്റു കമ്പിമേലു മൊക്കെയായി അവരെ കാണാം. ഉപയോഗമില്ലാത്ത കിണറിന്റെ പൊത്തിൽ രണ്ട പൊന്മാൻ മാരും. പേരക്കായിൽ ഭൂരി ഭാഗവും  തിന്നു തീർക്കുക എന്നത് ഇട്ടിക്കുർ എന്നകരയുന്ന കുട്ടുറുവന്മാരാണ്. ഇവർ പേരക്ക മൂത്താലേ വരൂ. കുയിലുകളും പച്ചപ്രാവുകളും  പാടമൊക്കെ തൂർത്തു തീർന്നതിന്റെ ദുഖത്തിൽ പറമ്പുകളിലേക്കു കയറിയ കുളക്കോഴികളും ഒരു കൊക്കും  ഒന്നു രണ്ട് മൈനകളും സന്ദർശകരായിട്ടുണ്ട്. മഞ്ഞക്കിളികളും കാവിപ്പക്ഷിയും പട്ടംപോലെ വാലുള്ള ഒരുത്തനും    അപൂർവ്വമായി വരാറുണ്ട്. അടക്കാ മണിയനും തേൻ കുരുവികളുമുണ്ട്‌... ഞാൻ പറഞ്ഞല്ലോ ബുദ്ധിമാന്മാരായ പൊന്മാൻ ദമ്പതികൾ. അവർ ഒരു മഴക്കാലത്തോടടുപ്പിച്ച് കിണറിന്റെ പൊത്തിൽ മുട്ടയിട്ടു. മഴക്കാലം തുടങ്ങി പൊത്തിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ദിനേന ഉയർന്നു വരുന്ന ജലവിതാനത്തെയും നോക്കി ഞാനും ഭാര്യയും നെടു വീർപ്പിട്ടു. ഒരു രാത്രി മുഴുവനും  മഴപെയ്ത അന്ന് രാവിലെ നോക്കിയപ്പോൾ‌ പൊത്തിൽ വെള്ളം  മൂടിയിരുന്നു. നോക്കുമ്പോൾ‌ ചാവാറായി രണ്ടു ചോരക്കുഞ്ഞുങ്ങൾ പൊങ്ങിക്കിടക്കുന്നു.ഒരു വിധത്തിൽ കഷ്ടപ്പെട്ട് ഞാനവയെ കരക്കുകയറ്റി. പറക്കമുറ്റുന്നതേയുള്ളൂ. ഉയരം കുറഞ്ഞ ഒരു മരക്കൊമ്പത്ത് ഇരുത്തി. പിറ്റേന്ന് ഒന്ന് പറന്ന് പോയി. മറ്റേത് ചത്തു എന്ന് തോന്നുന്നു. പിന്നീട് കിണറീന്‌ നെറ്റിട്ടു പിന്നെ അവയെ കിണറീന്റെ പരിസരത്ത്  കണ്ടിട്ടില്ല. ഇടക്ക് വൈദ്യുതി കമ്പിമേൽ വന്ന് ഇരിക്കുന്നതു കാണാം. 
സ്വതന്ത്രരായ രണ്ട്മൂന്ന് നായ്കളും ഒരു കീരിയും എല്ലാവരേയും ചീത്തപറഞ്ഞുകൊണ്ട് പുരപ്പുറത്തും മരങ്ങളില്മ് ഓടിനടക്കുന്ന രണ്ട്‌മൂന്ന് അണ്ണാന്മാരും ആണ്‌‌ നാല്കാലികളിൽ സഹവർത്തികളായി ഉള്ളത്. രാത്രീഞ്ചരന്മാരായ പാറാൻ വാവൽ പെരുച്ചാഴി മുതലായവരോട് ഒരു പ്രത്യേകലൈനാണ്‌. കൂടുതൽ ശല്ല്യം ചെയ്താൽ പ്രതികരിക്കും എന്നലൈൻ. അല്ലാത്തിടത്തോളം ജീവിച്ച് പൊയ്കോട്ടെ എന്നാണ്‌. മാങ്ങ പേരക്കാ മുതലായവയെല്ലാം യഥേഷ്ടം നശിപ്പിക്കുന്നതിനാൽ എന്റെ മൃദു സമീപനത്തോട് കളത്രം അത്ര യോജിപ്പിലല്ല. വാവലും പാറ്റാടയും പോകട്ടെ പെരുച്ചാഴികളോട് സന്ധി ചെയ്യേണ്ടതുണ്ടോ എന്ന കശ്മല വാദിക്കുന്നു. അഹാരപദാർത്ഥങ്ങൾ പാഴാക്കുന്നവർക്ക് പ്രകൃതി നല്കുന്ന ശിക്ഷയാണ്‌ പെരുച്ചാഴികളും അവയെ പിടിക്കാൻ വരുന്ന പാമ്പുകളും എന്നാണ്‌ എന്റെ സിദ്ധാന്തം. അതുകൊണ്ട് നീ ഭക്ഷണം  കളയുന്നത് നിർത്തുക പെരുച്ചാഴി നാടുവിട്ടുകൊള്ളും എന്ന് ഞാൻ. അണ്ണാന്മാർ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്ന പതിവുണ്ട്. പ്രത്യേകിച്ചു മരങ്ങളിൽ വല്ല പരുന്തോ പ്രാപിടിയനോ വന്നിരുന്നാൽ  പിന്നത്തെ കാര്യം പറയാനില്ല.  കോഴിവളർത്തൽ  ഇല്ലാത്തതുകൊണ്ട് എനിക്ക് കീരിയെക്കൊണ്ട്‌ വലിയ ശല്ല്യമില്ല്ല. മതിലിന്നു മേലെക്കൂടി ചാടി വന്ന് പുതിയ ഒരു ചെരിപ്പ് കടിച്ചെടുത്തുകൊണ്ട്‌ ഓടിയ നായ്കളോട്‌ ഞാൻ മര്യാദക്ക് കാര്യം പറഞ്ഞിട്ടുണ്ട്. ശല്ല്യം ചെയ്താൽ തിരിച്ചടിയുണ്ടാകും മനേകാ ഗാന്ധി വന്നു രക്ഷപ്പെടുത്തും  എന്നൊന്നും വ്യമോഹിക്കേണ്ടാ എന്ന്.  ഓടി ദൂരെപ്പോയി തിരിഞ്ഞു നിന്ന് അവർ മൂക ഭാഷയിലെന്തോ പറഞ്ഞു എനിക്ക് ശരിക്ക് മനസിലായില്ല.. ... കൂടുതൽ വിളയണ്ട ഞങ്ങൾ കേന്ദ്ര സർക്കാർ പരിരക്ഷയിലാണ്‌ എന്നായിരിക്കാം... 

akoyavk@gmail.com

Monday, November 23, 2020

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഓർമ്മ

ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഏഴ്. ഈയുള്ളവൻ വാടാനാംകുറുശിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. Premkumar Padinhattimmuri Mozhiyote SG Suresh Kumar Rajendran Rajeevan 
T Kunhiyousuf തുടങ്ങിയവരൊക്കെയായിരുന്നു സഹപാഠികൾ. ഇക്കാലത്താണ് വാടാനാംകുറുശ്ശി സ്കൂളിൽ കെ എസ് യു വിന്റെ യൂണിറ്റ് സ്ഥാപിതമായത്. കോൺഗ്രസ് നേതാവ് യു കെ ഭാസി, ഷണ്മുഖദാസ് മുതലായവർ ഈ ആവശ്യത്തിനായി പലവട്ടം കാരക്കാട്ട് വയ്യാട്ടുകാവിലെ തറവാട്ടിൽ വന്ന് താമസിച്ചതും എന്റെ എളാപ്പമാരായ, ഇമ്പിച്ചിമുഹമ്മദ് ഹംസക്കോയ ചേക്കാമു തുടങ്ങിയവരുമായി കൂടിയാലോചിച്ചിരുന്നതും ഓർമ്മവരുന്നു. ആ പ്രവർത്തനങ്ങൾക്കൊടുവിലാണ് വാടാനാം കുറുശ്ശി യൂണിറ്റ് സ്ഥാപിക്കപ്പെട്ടത് എന്നാണ് ഓർമ്മ. അതോടൊപ്പം പാപ്പിനിശ്ശേരി ശ്രീനിവാസൻ പ്രസിഡന്റും ഹംസക്കോയ സെക്രട്ടറിയുമായി ഒറ്റപ്പാലം താലൂക്ക് യൂണിറ്റും നിലവിൽ വന്നു. അന്ന് വാടാനാംകുറുശിയിൽ പഠിച്ചിരുന്ന കല്ലന്മാർതൊടി സുകുമാരൻ ഹംസക്കോയ മുതലായവരായിരുന്നു സ്കൂൾ യൂണിറ്റിന്റെ സാരഥികൾ 
പി എം വിശ്വനാഥൻ വി കെ ചേക്കാമു ആലിക്കുട്ടി  തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയും. 
ആ വർഷം സ്കൂൾ പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. വേണുമാസ്റ്ററുടെ സഹോദരീ പുത്രി അംബികയായിരുന്നു എതിർ സ്ഥാർത്ഥി എന്ന് തോന്നുന്നു. വേണുമാസ്റ്റർ ഒരു ഉറച്ച കോൺഗ്രസ്സ്‌ കാരനായിരുന്നു എങ്കിലും വിദ്യാർത്ഥി രാഷ്ട്രിയത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. 
സഖാവ് ഇ എം എസ് ന്റെ നേതൃത്ത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ കേരളം വാണിരുന്ന കാലം. നാട്ടിൽ അരിക്ക് വലിയ ക്ഷാമം നേരിട്ടു.‌ റേഷൻ കടവഴികിട്ടുന്ന നാറുന്ന ചാക്കരിയും ഗോതമ്പും നാട്ടിൽ കിലോവിൻ അഞ്ച് പൈസക്ക് കിട്ടിയിരുന്ന പൂളക്കിഴങ്ങ് എന്നറിയപ്പെടുന്ന കപ്പയും തിന്ന് ജനം വിശപ്പടക്കിപ്പോന്നു. അതുപോലും ലഭിക്കാതെ ദിവസങ്ങളോളം തീപുകയാത്ത അടുപ്പുകളും കേരളീയ ഗ്രമങ്ങളിൽ അന്ന് സുലഭമായിരുന്നു എന്നോർക്കണം. കെ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇ എം എസ്‌ മന്ത്രിസഭയെ താഴെയിറക്കാൻ കോപ്പുകൂട്ടിയിരുന്ന കാലമായിരുന്നു അത്. അതിന് പ്രധാനകാരണമായി അവതരിപ്പിക്കപ്പെട്ടത് നാട്ടിൽ നടമാടിയിരുന്ന പട്ടിണിതന്നെ. കൂടാതെ മന്ത്രിമാരുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങളും. മന്ത്രിമാരിൽ പലരും അഴിമതിയാരോപണങ്ങൾക്ക് വിധേയരായി. ഇന്നത്തെ അഴിമതികൾ വെച്ച് നോക്കുമ്പോൾ അവയെല്ലാം വെറും നിസ്സാരമായിരുന്നു എന്നത് വേറെ കാര്യം. നാട്ടിൽ പല രൂപത്തിൽ സമരങ്ങൾ അരങ്ങേറി കൂട്ടത്തിൽ കെ എസ്‌ യു വിന്റെ വകയായി കേരളത്തിന്റെ വിവിധയിടങ്ങളിൽ വിദ്യാർത്ഥിസമരവും ഉണ്ടായി. ഇക്കൂട്ടത്തിൽ വാടാനാംകുറുശ്ശി ഹൈസ്കൂളിലും സമരം നടന്നു…
സമരത്തിന്റെ അന്ന് കുട്ടികളോടെല്ലാം പഠിപ്പുമുടക്കി പുറത്തിറങ്ങാൻ നേതാക്കന്മാർ ആഹ്വാനം ചെയ്തു. എങ്കിലും നടാടത്തെ സംഭവമായതുകൊണ്ടാകാം പേടികാരണം കുട്ടികളാരും ക്ലാസ് വിട്ട് ഇറങ്ങിയില്ല…
അവേശം മൂത്ത് നേതാക്കന്മാർ ഹെഡ് മാസ്റ്ററുടെ ഓഫീസിനു മുന്നിൽ‌ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ആരും പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഹംസക്കോയ ലോങ്ങ് ബെല്ലടിച്ചു. അത് കേട്ടതോടെ കുട്ടികൾ പുറത്തിറങ്ങി. നേതാക്കന്മാർ കുറേ നേരം ഹെഡ് മാസ്റ്ററെ ഘൊരാവോ ചെയ്ത് മുദ്രാവാക്യം വിളിച്ചതോടെ സ്കൂൾ വിടുകയും ചെയ്തു…
അന്ന് അങ്ങനെ നേരത്തെ വീട്ടിൽ ചെന്ന് കയറിയ എന്റെ സഹപാഠി സുരേഷിനോട് അച്ഛൻ ഗുരുക്കൾ മാസ്റ്റർ ചോദിച്ചു ങൂം എന്തെടാ ഇന്ന് നേരത്തെ. ഇന്ന് സ്കൂളിൽ സമരമായിരുന്നു. ഹെഡ്മാഷെ ഘൊരാവോ ചെയ്തു. 
എന്നാൽ നീ ഇങ്ങോട്ട് മാറി നിൽക്ക് നിന്നെ ഞാൻ ഘൊരാവോ ചെയ്തിരിക്കുന്നു. സുരേഷിന് ഒരുപാട് നേരം വീട്ടിന്റെ വരാന്തയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. അമ്മ പാറുക്കുട്ടിട്ടീച്ചറുടേയോ നിവേവദനങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല എന്നും അവസാനം അതുവഴിവന്ന രാമകൃഷ്ണൻ മാസ്റ്ററുടെ അപേക്ഷയിലാണ് സുരേഷിന് വീട്ടിൽ കയറിപ്പറ്റാൻ കഴിഞ്ഞത് എന്നുമാണ് ചരിത്രം...

നടാടത്തെ സംഭവമായതുകൊണ്ട് അദ്യാപകരും രക്ഷിതാക്കളും ഇളകിവശായി. അച്ചടക്കാരാഹിത്യം പൊറുപ്പിച്ചാൽ സ്കൂളിന്റെ അച്ചടക്കം തകർന്ന് തരിപ്പണമാകും എന്ന് നിരീക്ഷിക്കപ്പെട്ടു. 
ലോംഗ് ബെല്ലടിച്ച് സ്കൂൾ വിട്ടതിന്റെ ഉത്തരവാദിത്വം ഹംസക്കോയക്ക് ആയതുകൊണ്ട് അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അതുപ്രകാരം, നാട്ടുകാരനായ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹംസക്കോയയുടെ രക്ഷിതാവായ വയ്യാട്ടുകാവിൽ കുഞ്ഞഹമ്മദിനെ(എന്റെ പിതാവ്) വിവരമറിയിച്ചു. പ്രശ്നം തീരാതെ ഹംസക്കോയയെ ക്ലാസിൽ കയറ്റുകയില്ല എന്നായിരുന്നു തീരുമാനം. അവസാനം അന്നത്തെ കെ എസ്‌ യു സംസ്ഥാന പ്രസിടന്റ് ഉമ്മൻ ചാണ്ടി എ ഐ സി സി അംഗമായിരുന്ന പുലമന്തോൾ കാരൻ എൻ അബൂബക്കർ സാഹിബിനെ മധ്യസ്ഥനായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഹംസക്കോയ ലോംഗ് ബെല്ലടിച്ചതും ഹെഡ് മാസ്റ്ററെ അനുസരിക്കാതിരുന്നതും തെറ്റാണെന്ന് സമ്മതിച്ചതോടെ പ്രശ്നം രമ്മ്യമായി അവസാനിച്ചു...

ഇത് എന്റെ സ്മരണകളിൽ നിന്നാണ്. അരനൂറ്റാണ്ട് പഴക്കമുള്ള മങ്ങിയ ചിത്രങ്ങൾ...ചിലപ്പോൾ ചിലതെല്ലാം വിട്ടു പോയിരിക്കാം. ഓർമ്മപ്പിശകുകളും സ്വാഭാവികം...