Wednesday, September 19, 2018

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകളെ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന
മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

Tuesday, September 11, 2018

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1971 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Saturday, September 8, 2018

അടിയന്തരച്ചോറ്

ഹൗ ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ..... ?
പണ്ട് ഒരു ചെറുപ്പക്കാരൻ ബാപ്പാനോട് ചോദിച്ച ഈ ചോദ്യത്തിന്റെ കഥ കേട്ടോളൂ. പണ്ട് എന്നു വെച്ചാൽ വളരെ പണ്ടാണ്‌. ആളുകൾ നിർത്താതെ അലഞ്ഞാലും ഒരു നേരത്തെ അന്നത്തിനുള്ള വകയുണ്ടാക്കാൻ കഴിയാതെ പോയിരുന്നകാലം. ദിവസങ്ങളോളം അടുപ്പിൽ തീപുകയാതിരുന്ന വീടുകൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നകാലം അന്നൊരിക്കൽ ഒരു മാപ്ലക്കുട്ടി കച്ചവടത്തിനിറങ്ങിയതായിരുന്നു. പത്തു പതിനാലു വയസുകാണും ഇന്നത്തെ പോലെ ബാല വേല നിരോധമൊന്നും അന്നില്ലായിരുന്നു. ബാപ്പ ഒരു വഴിക്കും മകൻ മറ്റൊരു വഴിക്കും  നാട്ടിലുടനീളം നടന്ന് വീടുകളിൽ നിന്നും വല്ലതുമൊക്കെ വാങ്ങിക്കൊണ്ട് പോയി അങ്ങാടിയിൽ വിൽകലായിരുന്നു ഏർപ്പാട്. അന്ന് നടന്നു നടന്ന് തളർന്നിട്ടും ചെക്കന് കച്ചവടമൊന്നും തരപ്പെട്ടില്ല. ഉച്ചയായി നല്ലവിശപ്പും. വിഷണ്ണനും വിയർത്തവനു മായി ഒരു മരത്തണലിൽ ഇരിക്കുമ്പോഴതാ ദൂരെ മാളികവീട്ടിൽ  വല്യ ഒരാൾകൂട്ടം. കാര്യമറിയാൻ ചെന്നു നോക്കിയപ്പോൾ ആവീട്ടിലൊരു സദ്യ നടക്കുകയാണ്‌. കേട്ടു നോക്കുമ്പൊ അവിടത്തെ കാരണവർ നാട്ടിലെ അധികാരി മരിച്ചതിന്റെ പതിനാറടിയന്തരമാണ്‌. മൂപ്പരൊന്നും ചിന്തിച്ചില്ല. മൂക്കിലടിച്ചു കയറിയ സദ്യയുടെ മണം കൂടുതലൊന്നും ചിന്തിക്കാനവസരം കൊടുത്തില്ല എന്നതായിരുന്നു ശരി. പന്തലിൽ കയറി വരിയിലിരുന്നു വയറുനിറയെ കഴിച്ചു. വിശപ്പും ദാഹവും തീർന്നു പതുക്കെ വീട്ടിലേക്കു മടങ്ങി. മൂപ്പര്‌ വീട്ടിലെത്തുന്നതിന്നു മുമ്പേ മകൻ അധികാരിയുടെ അടിയന്തരമുണ്ട വാർത്ത എങ്ങനെയോ ബാപ്പ അറിഞ്ഞിരുന്നു. മഗ്‌രിബിന്റെ നേരത്ത് ഉഷാറായി കയറിവന്ന മകന്നു മുന്നിൽ കലിതുള്ളി ബാപ്പ.. ഹമുക്കേ ഹിന്ദുക്കളുടെ അടിയന്തരച്ചോറു ബയ്ച്ചാ കാഫിറാകൂലേ എന്നൊരൂചോദ്യം ... മകൻ കൂടുതലൊന്നും ആലോചിക്കാതെ ഒരു മറുപടിയും പറഞ്ഞു
ങും ന്റെ ബാപ്പാ ആചോറ് ബെയ്ച്ചിലെങ്കിലല്ലേ കാഫിറാക്വാ ന്ന് ....  :‌‌)
************************************************************************************
ശരിയല്ലേ വിശന്ന് വലഞ്ഞനേരത്ത് ജാതി നോക്കി അന്നം ഉപേക്ഷിച്ചാലല്ലേ കാഫിറാക്വാ ... :)

Wednesday, September 5, 2018

പൂച്ചയും ഭാര്യയും

പൂച്ചകളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. നവവധുവായ കളത്രത്തിനു നേരെ മറിച്ചും. പൂച്ചയെ കണ്ണെടുത്താൽ കണ്ടുകൂടാ. നായക്കാണെങ്കിൽ നന്ദിയുണ്ടാകും. പൂച്ചയുടെ വിചാരം അവൻ അവൻ മൻഷ്യന്റെ യജമാനനാണെന്നാ... ഇതായിരുന്നു അവളുടെ വാദം. തന്നെ ലാളിക്കേണ്ടതു പോലെ അയാൾ പൂച്ചയെ ലാളിക്കുന്നത് തനിക്ക് സഹിക്കുന്നില്ല എന്ന സത്യം അത് മറഞ്ഞുതന്നെ കിടന്നു. 
കുടുംബകലഹത്തിനു വേറെ എന്തു വേണം.‌കലഹം പതിവായി. ഒടുവിൽ അഭ്യുദയ കാംക്ഷികളുടെ മാദ്ധ്യസ്ഥത്തിൽ ഒരു വിധം ഒത്തു ഒത്തുതീർപ്പായി. പൂച്ചയെ അകത്തു കയറ്റേണ്ട. അങ്ങനെ കാറില്ലാത്ത ഷെഡിലേക്ക് മൂപ്പരെ മാറ്റിപ്പാർപ്പിച്ചു. ഭാര്യക്ക് അതും അത്ര തൃപ്തികരമൊന്നുമായിരുന്നില്ല. ഷെഡിൽ ചെന്ന് അയാൾ പൂച്ചയെ കൊഞ്ചുന്നത് മുറുമുറുപ്പോടെ അവൾ സഹിച്ചു. അവസരം വരും എന്നവൾക്കറിയാമായിരുന്നു. താമസിയാതെ അവർ കാറുവാങ്ങി ചുവന്നു മിനുങ്ങുന്ന പളപളപ്പൻ. കഷ്ടകാലമെന്നു തന്നെ പറയണം.പിറ്റേദിവസം മുതൽ പൂച്ച കാറിനു മീതെയാക്കി താമസം. സിംഹാസനസ്ഥനായരാജാവിലെപ്പോലെ അവൻ പുത്തൻ കാറിനു മേൽ വിളങ്ങി വിലസി. കശ്മലക്കു സഹിക്കുമോ കിട്ടിയ അവസരം മുതലാക്കാനുറച്ച് അവൾ കലഹം പുനരാരംഭിച്ചു. പൂച്ചയുടെ നഖം കോണ്ട് കാറിനുമേൽ വരവീഴുന്നു എന്ന ശ്രദ്ധേയമായ ഒരു കാരണവും അവൾ കണ്ടെത്തി. നോക്കുമ്പോൾ ശരിതന്നെ വരവീഴുന്നുണ്ട്. മനമില്ലാ മനസോടെ അയാൾ പൂച്ചയെ ഒരു ചാക്കിലാക്കി കാറിൽ കയറ്റി ദൂരെ കൊണ്ടാക്കി.
മുപ്പത്തിയാർക്കു പെരുത്ത് സന്തോഷമായി. താനും പൂച്ചയും തന്റെ ഭർത്താവും എന്ന വർത്തമാകാല യാഥാർത്ഥ്യം താനും തന്റെ ഭർതാവും എന്ന ചിരകാല സ്വപ്നത്തിലേക്ക് വഴിമാറുന്നു.
ആഹ്ലാദകരമായ ദിനങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കാലത്ത് അവർ നാട്ടിലേക്കുള്ള യാത്രക്കിറങ്ങിയതായിരുന്നു. കാറു വാങ്ങിയതിനു ശേഷമുള്ല ആദ്യത്തെ ദൂര  യാത്ര. സാധനങ്ങളെല്ലാം കാറിൽ കയറ്റി. വീടുപൂട്ടി. അവർ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും എഞ്ചിനിൽ നിന്നും പുക ഉയരുന്നു. തീ പിടിക്കുമോ എന്ന ഭയത്തിൽ അയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചു.വിദഗ്ദർ വന്നു പരിശോധിച്ചു ഫലവും കിട്ടി. വയറിങ്ങ് മുഴുവൻ എലികടിച്ചു നശിപ്പിച്ചിരിക്കുന്നു. തീപിടിക്കാഞ്ഞതു ഭാഗ്യം. സിസ്റ്റം മുഴുവൻ മാറ്റണം. നാളെയോ മറ്റന്നാളോ ശരിയാക്കിത്തരാം. പതിനായിരം രൂപ കരുതിക്കോ......
അയാളോർത്തു നാടുകടത്താൻ പിടിച്ചു ചാക്കിലിടുമ്പോൾ തന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കിയ തന്റെ പൂച്ചയുടെ കണ്ണുകൾ...... അകലെ കൊണ്ടു പോയി ചാക്കഴിച്ച് വിട്ടപ്പോൾ തിരിഞ്ഞു നോക്കാതെ അവൻ ഓടിയ ഓട്ടം. പാവം തന്റെ പൂച്ച....
അവനന്ന് എന്താണെന്നോട്  പറയാതെ പറഞ്ഞത്.... പെൺചൊല്ലുകേട്ട പെരുമാൾ മുതൽ നീവരെ ആരും ഖേദിക്കാതിരുന്നിട്ടില്ല എന്നോ.... ?
അയാൾ നിശ്ശബ്ദനായി കാറിൽ നിന്നും ബാഗുകൾ ഇറക്കാൻ തുടങ്ങി.

വേണു മാസ്റ്റർ എന്റെ ഗുരു...

വായനയിലൂടെ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനെല്ലാം ഞാനെന്റെ  പ്രിയപ്പെട്ട വേണുമാസ്റ്ററോട് കടപ്പെട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഗുരു നാഥന്മാരുടേയും പ്രതീകമായി ഞാനദ്ദേഹത്തെ പ്രതിഷ്ടിച്ചിരിക്കുന്നു.. വാടാനാം കുറുശ്ശി ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നതു മുതൽ അവിടത്തെ വായനശാലയിൽ എനിക്കദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം തന്നു.. ആദ്യം ടൊം സയർ, ടാർസൻ ഫാന്റം ഒക്കെ യായിരുന്നു വിഷയങ്ങൾ പിന്നെ അത് പാവങ്ങൾ കുറ്റവും ശിക്ഷയും അമ്മ തുടങ്ങിയ പുസ്തകങ്ങളിലേക്കു വളർന്നു. ഞാൻ ആറാം തരത്തിലായിരിക്കേ, ഒരു ദിവസം  ഉച്ചക്ക് ഞാൻ ലൈബ്രറിയിലേക്കു ചെന്നു.വളരെ മെലിഞ്ഞ ഒരു അശു വായിരുന്നു ഞാൻ.  സാർ അവിടെ മുതിർന്ന കുട്ടികളുമായി കാര്യമായ് എന്തോ ചർച്ചചെയ്തുകൊണ്ട് നില്കുകയായിരുന്നു. എല്ലാം മീശകിളിർത്തവർ അന്ന് പതിനെട്ടു കഴിഞ്ഞവരായിരിക്കും മിയ്കവാറൂം പത്താം ക്ലാസുകാർ.. അവരെയൊന്നും ഗൗനിക്കാതെ ഞാൻ അകത്തുകയറിയത് ചിലർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഞാൻ അലമാരയിൽ പരതി ദസ്തോവിസ്കിയുടെ കുറ്റവും ശിക്ഷയും എടുത്ത് സാറിനെ ക്കാണിച്ച് പുറത്തിറങ്ങവേ കൂട്ടത്തിലൊരുവൻ പുച്ഛത്തോടെ ചോദിച്ചു നിനക്കിതൊക്കെ ദഹിക്കുമോടാ?... ഞാനൊന്നും മിണ്ടാതെ പുറത്തു കടക്കവേ എന്റെ ഗുരുവിന്റെ അഭിമാനത്തോടെ യുള്ള വാക്കുകൾ ഞാൻ കേട്ടു " അവൻ കുറച്ചു ദഹനമുള്ള കൂട്ടത്തിലാ" .. ആ ചെറിയ വാകുകൾ എനിക്കെത്ര മാത്രം ഉത്തേജകമായി എന്ന് ഞാനിപ്പോളയുന്നു.... അവിടന്നങ്ങോട്ട് ഒരു പാടു വായിച്ചു ..ലോക ക്ലാസിക്കുകളടക്കം മല്യാളത്തിലെ പ്രസിദ്ധ എഴുത്തുകാരുടെ അന്നത്തെ നോവലുകളടക്കം .. പിന്നീട് മതപരവും തത്വശസ്ത്ര പരവുമായ പുസ്തകങ്ങൾ വായിക്കാനെല്ലാം അദ്ദേഹത്തിന്റെ പ്രോത്സാഹനം കാരണമായിത്തീർന്നു...
അതിനാൽ ഞാനദ്ദേഹത്തെ തുടക്കമുതൽ എന്നെ പഠിപ്പിച്ച എല്ലാ ഗുരു നാതന്മാരുടേയും പ്രതീകമായ് പ്രതിഷ്ടിച്ചിരിക്കുന്നു.. ഗുരുവേ നമഹ: അങ്ങയെയും എന്റെ മറ്റെല്ലാഗുരുക്കന്മാരേയും ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടേ...

Sunday, September 2, 2018

കോവർകഴുത

അവൻ നല്ലൊരു കുതിരയായിരുന്നു. ചുറുചുറുക്കും വേഗതയും അതിനൊത്ത ബുദ്ധിയും ആരോഗ്യവുമുള്ള ഒരു കുതിര. യജമാനൻ മാറി. പുതിയൊരാൾ വന്നു. വേഗതയെ ഭയക്കുന്നവൻ സ്വയം ഒരു കുതിരയെന്ന് ഉള്ളിൽ കരുതുന്ന കഴുത.ഞാനല്ലാതൊരു കുതിര ലോകത്തുണ്ടാകരുതെന്നു കരുതിക്കൂട്ടിയവൻ. അയാൾക്ക് കുതിരയെ തീരെ പിടിച്ചില്ല. ചുറ്റുമുള്ള കഴുതകളെ അയാൾക്കു നന്നേ ബോധിക്കുകയും ചെയ്തു. പണ്ടേ കുതിരയോടു അസൂയയുണ്ടായിരുന്ന കഴുതകൾ കുതിരക്കെതിരെ കിട്ടിയ തഞ്ചത്തിനു ഉപചാപവും തുടങ്ങി. പിന്നെ പീഢനങ്ങളുടെ കാലമായി ഓരോ തവണ പീഢിപ്പിക്കുമ്പോഴും ഒരു മുദ്രാവാക്യം പോലെ യജമാനൻ പറയും എനിക്ക് തുള്ളിച്ചാടുന്ന കുതിരയെ അല്ല വഴങ്ങുന്ന കഴുതയേയാണു വേണ്ടത്‌എന്ന്.
" I don't want jumping horses I want yielding Donkeys "
പീഢനം സഹിക്കവയ്യാതായി, കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയറ്റപ്പോൾ നമ്മുടെ കുതിരക്കു തോന്നി കഴുതയാകാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്‌. പക്ഷേ ശ്രമം വിജയിച്ചില്ല. കുതിരയല്ലാതാവുകയും ചെയ്തു കഴുതയൊട്ടായതുമില്ല... രണ്ടിനുമിടയിൽ അവനൊരു കോവർ ക്ഴുതയായി...
കാലം മാറി പുതിയ യജമാനൻ വന്നു. പണ്ട് നമ്മുടെ കുതിരയുടെ കഴിവ്‌കണ്ടറിഞ്ഞവൻ. വേഗതയെ പേടിയില്ലാത്ത, കഴുതകളെയും കുതിരകളെയും ഒരേപോലെ മേയ്കാൻ കഴിവുള്ള മിടുക്കൻ... അയാൾ കോവർ കഴുതയോടു പറഞ്ഞു നീ ഇങ്ങനെയൊന്നു മായിരുന്നില്ല ല്ലോ.. എന്തു പറ്റി എവിടെ പ്പോയീ നിന്റെ ചൊടിയും ചുണയും...? ഓർക്കുക നീ ഒരു കുതിരയാണ്‌‌ കുതിര എപ്പോഴും കുതിരയായിരിക്കണം.....
കോവർ കഴുത വിഷണ്ണനായി നിരാശയോടെ ഓർത്തു വേണ്ടായിരുന്നു എങ്ങനെ യെങ്കിലും പിടിച്ചു നിന്നാൽ മതിയായിരുന്നു... കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവെടിയരുതായിരുന്നു.
അവൻ വീണ്ടുമൊരു കുതിരയാകാൻ ബഗീരഥപ്രയത്നം തുടങ്ങി. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ അപ്പോഴേക്കും കാലം കഴിഞ്ഞുപോയിരുന്നു...

പ്രദർശനോന്മാദം

പണ്ടാണ് എഴുപതുകളുടെ ആദ്യം. മലയാളി 'മുല' എന്നത് ഒരു അശ്ലീല പദമായി കരുതിയിരുന്ന കാലം, ഒരു ഭഗവദ്ഗീതയും കുറേ മുലകളും എന്ന ഒരു കഥ എഴുതി നമ്മുടെ ബേപ്പൂർ സുൽത്താൻ. അന്നത്തെ കാലാവസ്ഥ വെച്ചു പറയുകയാണെങ്കിൽ എഴുതിക്കളഞ്ഞു എന്നു വേണം പറയാൻ. സംഗതി പുക്കാറായി ബഷീർ അശ്ലീല മെഴുതുന്നു എന്നായി ചില സാഹിത്യ ത്തമ്പുരാക്കന്മാർ. സുൽത്താൻ ഒരു ചെറിയ ചോദ്യം മുന്നോട്ടു വെച്ചു.. മുലക്ക് മുല എന്നല്ലാതെ ഡുങ്കൂസ് എന്ന പറഞ്ഞാൽ പറ്റുമോ...കുഞ്ഞ് വിശന്നു കരയുകയാണെങ്കിൽ എടി എണീറ്റ് കുട്ടിക്ക് മുലകൊടുക്ക് എന്നല്ലാതെ കുട്ടിക്ക് ഡുങ്കൂസ് കൊടുക്ക് എന്ന് ആരെങ്കിലും പറയാറുണ്ടോ? സുൽതാന്റെ ചോദ്യം
ഉയർത്തിയ ചിരിയുടെ അലകളിൽ വിമർശം അലിഞ്ഞില്ലാതായി. അങ്ങനെയാണ് മലയാളത്തിൽ മുല അശ്ലീലമല്ലാതായത്.
മുല കൊടുക്കലിനെക്കുറിച്ചാണ് ചർച്ച എന്ന് പറയാനൊഴിവില്ലാതെ  മുല എന്നൊക്കെ പറയുന്നത് അശ്ലീലമല്ലേ ചുരുങ്ങിയത് അമ്മിഞ്ഞ എന്നെങ്കിലും ലഘൂകരിക്കേണ്ടതല്ലേ എന്ന് പറഞ്ഞ് ഇന്നും ചിലർ ചാടി വീണേക്കാമെന്നതു കൊണ്ടാണ് ചരിത്രം ആദ്യം വിളമ്പിയത്. എവിടെ വെച്ചും എങ്ങനെയും മുലകൊടുക്കൽ ഞങ്ങളുടെ ജന്മാവകാശമാണ് എന്നും അതിന് ക്യാമറയോ കാണികളോ തടസ്സമായിക്കൂടാ എന്നും പറഞ്ഞുകൊണ്ട് അതിനെ വീണ്ടും അശ്ലീലമാക്കാൻ സ്വതന്ത്ര വനിതകൾ രംഗത്തു വന്നതോടെ ഡുങ്കൂസ് വീണ്ടും ചർച്ചാവിഷയ മായിരിക്കുന്നു.
ഏതായാലും ഞാൻ എന്റെ അഭിപ്രായം പറയാം. ഒന്നാമത് മുലകൊടുക്കൽ അവരുടെ അവകാശമല്ല അവരുടെ കടമയാണ് എന്നാണ് എന്റെ ഒരു ഇത്. കഴുയുമെങ്കിൽ രണ്ട് വർഷം തികച്ചും കൊടുക്കുകയും വേണം. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അതിനേക്കാൾ നല്ല ആഹാരമോ മരുന്നോ വേറെ ഇല്ല. അതിനാൽ മുലകൊടുക്കൽ അമ്മയുടെ കടമയും കുഞ്ഞിന്റെ അവകാശവുമാകുന്നു. പിന്നെ പരസ്യമായി കൊടുക്കുന്നതിനും നമ്മുടെ നാട്ടിൽ വിലക്കുണ്ട് എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ട്രൈനിലും ബസ്സിലുമൊക്കെ യാത്ര ചെയ്യുന്നവർ കൈകുഞ്ഞുങ്ങളു മായി യാത്രചെയ്യുന്ന സഹോദരിമാർ തങ്ങളുടെ മക്കൾക്ക് വിശന്നാൽ മുല കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാകും. നേതാവിന്റെ പ്രയോഗം കടമെടുത്താൽ, ഇന്നേവരെ ആരും അതൊരു ഇശ്യൂ ആക്കിയിട്ടില്ല എന്നു വേണം പറയാൻ. പക്ഷേ അമ്മമാരാരും ആ മഹൽ‌ കർമ്മത്തെ  പരസ്യപ്പെടുത്താറില്ല എന്നുമാത്രം. അല്ലെങ്കിലും കുട്ടിക്ക് മുലപ്പാൽ എന്നല്ല ഏതു ഭക്ഷണം കൊടുക്കുന്നതിനും ഒരു ഒളിയും മറയുമൊക്കെ വേണമെന്ന് അവർ കരുതുന്നു. പിന്നെ അവകാശ സംരക്ഷണവും കർത്തവ്യ നിർവ്വഹണവുമൊക്കെ ക്യാമറക്ക് മുന്നിൽ തന്നെ വേണം എന്ന് തോന്നുന്നത് ഈ കാലഘട്ടത്തിന്റെ ഒരു പ്രശ്നമാണ് എന്ന് വേണം കരുതാൻ. ക്യാമറക്കു മുന്നിലേക്ക് പ്രസവിക്കുക ക്യാമറക്കു മുന്നിൽ മുലകൊടുക്കുക തുടങ്ങിയ ഏർപ്പാടുകൾ പണ്ടുണ്ടായിരുന്നില്ല എന്നുറപ്പ്.
അവകാശങ്ങളാണെങ്കിലും കടമകളാണെങ്കിലും അത് ചിത്രീകരിച്ച് പരസ്യം ചെയ്യണം എന്ന ഇത് അത്ര ഉചിതമല്ലാത്ത അവസരങ്ങളുമുണ്ടല്ലോ. ഉദാഹരണത്തിന് മനുഷ്യന്റെ അവകാശങ്ങളിൽ വളരെ മുഖ്യമാണ് ഇണചേരാനുളള അവകാശം. അതിന് സമൂഹം ഏർപെടുത്തിയിട്ടുളള നിബന്ധനകൾ പൂർത്തിയാക്കി മനുഷ്യൻ തന്റെ അവകാശം നേടുന്നു. മനുഷ്യ ജീവിതത്തിലേ ഏറ്റവും നിർവൃതിദായ കമായ ആ കർമ്മം ക്യാമറക്കുമുമ്പിൽ വെച്ചാകണമെന്ന് നാം ശാഢ്യം പിടിക്കാറില്ല. അതുപോലെ തന്നെ മൂത്രമൊഴിക്കുക കക്കൂസിൽ പോവുക തുടങ്ങിയവയും ഞ്യായമായ ആവശ്യങ്ങൾ തന്നെ. അവിടെയും ക്യാമറ വേണമെന്ന് നാം ശാഠ്യം പിടിക്കാറില്ല. തന്നെയുമല്ല മൂത്രപ്പുരയിലോ കക്കൂസിലോ ആരെങ്കിലും ക്യാമറവെച്ചാൽ അവനെ നാമൊട്ട് വെറുതെ വിടുകയുമില്ല. പിന്നെന്താ.....ഇനി മാതൃത്വത്തെയും വിസർജ്ജനത്തെയും സമീകരിച്ചുകളഞ്ഞു എന്നൊന്നും പറഞ്ഞ് എന്റെ മേക്കിട്ട് കയറരുത്... ജീവിതത്തിലെ സകലമാന മുഹൂർത്തങ്ങളിലും ക്യാമറവേണമെന്ന ചിന്ത അശ്ലീലമാണ് എന്ന തോന്നൽ പങ്കുവെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....

എക്സിബിഷനിസം എന്ന മനോവൈകല്ല്യം സമൂഹത്തിൽ പടരുന്നുവോ....?