ആധുനികന് ഒരുടൂറിലായിരുന്നു....കാടും കടലും ഒക്കെയൊന്നു നടന്നു കാണുക എന്തിന് എന്ന് ചോദിച്ചാല്‍ ആസ്വദിക്കാന്‍ തന്നെ ....
അങ്ങനെ അവന് കാട്ടിലെത്തി കുറെ കാട്ടിനകത്തെത്തിയപ്പോള് അതിനകത്തതാ ഒരു കൊച്ചുഗ്രാമം കിരാതന്മാര് ഇവരെങ്ങനെ ഈ കാട്ടുമൃഗങ്ങ്ള്ക്കൊപ്പം കഴിയുന്നു എന്നവന് അതിശയം കൂറി..
ആദ്യം കണ്ട പുരാതനനോടവന് ചോദിച്ചു നിങ്ങളെങ്ങനെയാ കാട്ടിലൂടെ നടക്കുന്നത് നിങ്ങള്‍ക്കു പേടിയില്ലേ?. നിഷ്കളങ്കമായി ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു എന്തിന് ? ആനയും പുലിയുമൊക്കെ പിടിച്ച് നിങ്ങളുടെ കൂട്ടര് മരിക്കാറുണ്ടല്ലോ... കുറച്ചൊന്നാലോചിച്ച ശേഷം പുരാതനന്‍ ചോദിച്ചു നാട്ടില്‍ റോട്ടിലൂടെ നടക്കാന്‍ നിങ്ങള്‍ക്കു പേടിയില്ലേ? എന്തിന്... ലോറിയും കാറുമൊക്കെയിടിച്ച് നിങ്ങളുടെ കൂട്ടര് മരിക്കാറുണ്ടല്ലോ. ഇത്തവണയും അവന് ചിരിച്ചു... ആനിഷ്കളങ്കമായ ചിരികണ്ടപ്പോള്‍ ആധുനികന്നു സംശയം ഇവനെന്നെയൊന്നാക്കിയതാണോ എന്ന്..
പിന്നീടയാള്‍ കടല്‍തീരത്തെത്തി... തീരത്തു കണ്ട മുക്കുവനോട് ലോഗ്യം കൂടി അവന് ചോദിച്ചു... ചേട്ടന്റെ അച്ചനെങ്ങന്യാ മരിച്ചേ? അത് കടലീപോയി തോണിമുങ്ങി മരിച്ചതാ..
മുത്തശ്ശനോ? മൂപ്പരും അങ്ങനെത്തന്നെ. അപ്പോ കടലീല് പോകാന്‍ നിങ്ങള്‍ക്കു പേടിയാകില്ലേ?
മുക്കുവന് ചോദിച്ചു.. സാറിന്റെ അച്ചനെങ്ങന്യാ മരിച്ചത് ?
അത് രോഗം വന്ന് കട്ടിലില്‍ കിടന്നാ മരിച്ചത്. മ്ത്തശ്ശനോ അദ്ദേഹവും..അപ്പോ കട്ടിലില്‍ കിടക്കാന്‍ നിങ്ങള്‍ ക്കുപേടിയാവില്ലേ...
സംസ്കാരമില്ലാത്തവരുടെ ഓരോ ചോദ്യങ്ങള്‍ ആധുനികന് പിന് വാങ്ങി.....
20. 07.2012
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Thursday, July 19, 2018
ആധുനികനും പുരാതനനും
കറന്റ് ഭാസ്കരൻ നായർ
20.07.2018
പെരുവണ്ണാമൂഴിയിലെ എന്റെ ആദ്യകാലം. 1983. ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ റൂമിൽ താമസം. കറന്റ് ഭാസ്കരൻ നായർ എന്ന പി ഡ ബ്ല്യൂ ഡി യിലെ ഇലക്ട്രീഷ്യനാ യിരുന്നു തൊട്ടടു ത്ത റൂമിൽ. തിരുവനന്ത പുരത്തു കാരൻ മൂപ്പർ കളത്രവുമായി ലേശം പിണങ്ങിയതു സംബന്ധിച്ച് കശ്മല ചെലവിന്ന് കേസു കൊടുത്തു. വാശിക്കാരനായ മൂപ്പർ വിധി വന്നിട്ടും ചെലവിനു കൊടുത്തില്ല. അങ്ങനെ മൂപ്പർ സസ്പെൻഷനിൽനിൽകുന്ന കാലം. സദാ സമയവും മൂക്കറ്റം മദ്യപിച്ച് ഇറിഗേഷൻ പ്രൊജക്റ്റ് അധികൃതരെ തെറി വിളിക്കുക എന്ന ഒറ്റ ജോലിയേ ഉണ്ടായിരുന്നുളളൂ. ആദ്യമൊക്കെ പേടി തോന്നി. ഇങ്ങനെയൊരു കുടിയനെയാണല്ലോ അയൽവാസിയായി കിട്ടിയത് എന്ന ദുഖവും. ഏതായാലും കുറച്ചു ദിവസം കൊണ്ട് ഇണങ്ങി നോക്കിയപ്പോൾ ആളൊരു പച്ചപ്പാവം. ഭാര്യ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന പരിഭവം വെറുപ്പായി വിദ്വേഷമായി കേസായി അവസാനം മൂപ്പർ സസ്പെൻഷനിലുമായി അത്ര്യേളളൂ കാര്യം. ഞാൻ നാട്ടിലേക്ക് പോരാത്ത ദിവസങ്ങളിൽ ഞങ്ങൾ രണ്ടു പേരും ഒറ്റക്കായിരിക്കും. ഒരു ദിവസം രാത്രി ഐ ബിയിലെ കാന്റീനിൽ പോയി ഊണു കഴിച്ച് വരുമ്പോൾ നായർ കെട്ടിടത്തിലേക്കുളള ചവിട്ടു പടിയിൽ കുടിച്ച് ബോധം കെട്ടു വിലങ്ങനെ വീണു കിടക്കുന്നു. തടിയൻ നല്ല കനം. അവിടെയിട്ടു പോയാൽ മഴപെയ്താൽ പഹയൻ നനയും പാവം തോന്നി ഒരു വിധത്തിൽ വലിച്ചിഴച്ച് ചാരിയിട്ടിരുന്ന മുറി തുറന്ന് അകത്ത് കൊണ്ടുപോയി ഇട്ടു. ഇതിനു ശേഷം എന്നോട് വലിയ ഇഷ്ടമായി. വൈകുന്നേരങ്ങളിൽ എന്റെ അടുത്ത് വന്നിരുന്ന് പലകഥകളും പറഞ്ഞ് തരും. ആധൈര്യത്തിൽ ഒരിക്കൽ ഞാൻ മൂപ്പരെ പതുക്കെ ഒന്ന് ഉപദേശിച്ചു. നായരേ ഈ കുടിയൊന്ന് നിർത്തിക്കൂടേ എന്തിനാ നാം സ്വയം നശിക്കുന്നത്. ചെത്തരുത് കുടിക്കരുത് മദ്യം വിഷമാണ് എന്നല്ലേ ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്നത്. ഞാൻ ഭയപ്പെട്ട പോലെ മൂപ്പരെന്നോട് ദേഷ്യ പ്പെടുകയോ പിണങ്ങുകയോ ഒന്നും ചെയ്തില്ല ദൂരെ വയനാടൻ മലയിലേക്ക് നോക്കി താടി തടവിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ശരിയാണു സാറേ ഗുരു പറഞ്ഞത് വളരേ ശരിയാണ്.തെങ്ങിലോ പനയിലോ ഒക്കെ കയറി ചെത്താനും കവർപ്പും നാറ്റവും സഹിച്ച് കുടിക്കാനും ഒക്കെ വലിയ വിഷമം തന്നെയാണ്. പക്ഷേ അകത്തു ചെന്നുകിട്ടിയാൽ എല്ലാ വിഷമവും മറക്കുന്ന സുഖമാണ്. സാറത് അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് മനസ്സിലാകില്ല. .. ഒന്ന് പരീക്ഷിക്കണോ ?
പിന്നീടൊരിക്കലും ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ മെനക്കെട്ടിട്ടില്ല.....
Friday, July 6, 2018
ആശാരി നെഹറു
വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയും ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാത്ത
ബാല്ല്യകാല സ്മരണകളിൽ നിന്ന്.
*********************************
പതിവുപോലെ അന്നും കുട്ടി കരഞ്ഞു. യ്ക് നെഹറൂനെ കാണണേയ്..... പുറത്ത് ഔട്ട് ഹൗസിൽ സ്വീകരണമുറിയിൽ തൂക്കിയിട്ടുള്ള ചാച്ചാജിയുടെ ഫോട്ടോ ആയിരുന്നു ഉദ്ദേശം. നെഹറുവിനെ കൂടാതെ മഹാത്മാഗാന്ധിജി, രാജേദ്രപ്രസാദ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവിടെ. കൂട്ടത്തിൽ കുട്ടിയെ ഏറ്റവും ആകർഷിച്ചത് കോട്ടിന്റെ കുടുക്കിനിടയിൽ ചുവന്നപനിനീർ പൂ ചൂടി ചിരിച്ചു കൊണ്ടിരിക്കുന്ന ചാച്ചാജിയുടെ ചിത്രമായിരുന്നു. അന്നുമുതൽ ഇടക്കിടെ കുട്ടി നെഹ്രുവിനെ കാണാൻ വാശി പിടിക്കുക പതിവായി. ആരെങ്കിലും അവനെ വിശിഷ്ടാഥിതികൾ വരുമ്പോൾ മാത്രം തുറക്കാറുള്ള മുറിതുറന്ന് ചിത്രം കാണിക്കുന്ന്തുവരെ കരച്ചിൽ തന്നെ... അതായിരുന്നു. പതിവ്. അന്ന് നാലുകെട്ടിന്റെ മുറ്റത്ത് രാമനാശാരി പണിയുന്നുണ്ടായിരുന്നു. കരയുന്ന കുട്ടിയോട് രാമനാശാരി പറഞ്ഞു ന്നെ കണ്ടോളു കുട്ട്യേ നാനെന്ന്യാ നെഹറു. . പ്രായത്തിൽ കവിഞ്ഞ വളർച്ച യായിരുന്നു കുട്ടിയുടെ നാവിന്.കുട്ടി ചോദിച്ചു ങ്ങള് ആശാരി രാമനല്ലേ.. രാമൻ പറഞ്ഞു ആശാരി രാമന്നും പറയും ആശാരി നെഹറൂന്നും പറയും. കുട്ടി നോക്കി കഷണ്ടിത്തലയും വട്ടക്കണ്ണടയുമായി ഗാന്ധിയപ്പൂപ്പനെപ്പോലെ ആശാരിരാമൻ. അല്പനേരം കൗതുകത്തോടെ നോക്കിനിന്നശ്ശേഷം പറമ്പിൽ നിന്നും കുട്ടികളോടൊപ്പം കയറിവന്ന തള്ളപ്പൂ ച്ചയോടൊപ്പം കുട്ടി അടുക്കളയിലേക്കു പോയി..
ആശാരി നെഹറു II( തുടർച്ച )
*************************
നേരം പാതിരാ... വിശാലമായ വീട്ടു വളപ്പിന്റെ കിഴക്കു ഭാഗത്തുളള കരിമ്പനയുടെ മുകളിരുന്ന് കൂമൻ മൂളുന്നത് കേട്ടാണ് കുട്ടി ഉണർന്നത്. മുറിയുടെ കിളിവാതിലിലൂടെ പാറി വീണ നാലാവിന്റെ വെളിച്ചത്തിൽ കുട്ടി നോക്കി. ഉപ്പയും ഉമ്മയും തന്റെ രണ്ടു വശങ്ങളിലായി ഉറങ്ങുകയാണ്. ഉമ്മയുടെ മേലേക്ക് ഒരു കാൽ കയറ്റിവെച്ച് കിടക്കുകയാണു കുട്ടി. ഉപ്പായുടെ നേരിയ കൂർക്കം വലി കേൾക്കാം. ദൂരെ പാടത്തിനപ്പുറത്തെ റെയിൽ പാതയിലൂടെ കൂവി ആർത്തു കൊണ്ട് ഒരു തീവണ്ടി പാഞ്ഞു പോയി.
കുട്ടിയുടെ മനസിലേക്ക് രാവിലത്തെ സംഭവങ്ങൾ ഓടിയെത്തി. മുറ്റത്തിരുന്ന് പണിയെടുക്കുകയായിരുന്ന രാമനാശാരി. നെഹറുവിനെ കാണണമെന്ന് ശാഠ്യം പിടിച്ച കുട്ടിയ്യോട് തനിക്ക് ആശാരി നെഹറു എന്നും ഒരു പേരുണ്ടെന്ന് പരിചയ പ്പെടുത്തിയ കാര്യം. ആശാരി നെഹറു... അയാളുടെ മുടിയില്ലാത്ത തലയും കണ്ണടയും കണ്ടാൽ ഗാന്ധിയാണെന്നേ തോന്നൂ എന്ന് കുട്ടി കൗതുകത്തോടെ ഓർത്തു. കുട്ടിക്ക് പെട്ടന്ന് മൂപ്പരെ ഒന്ന് കണ്ടാൽ കൊളളാമെന്നായി. ആഗ്രഹം കലശലായപ്പോൾ കുട്ടി ചിണുങ്ങാൻ തുടങ്ങി. ഉമ്മ പെട്ടന്ന് ഉണർന്നു. അതെന്നും അങ്ങനെയാണ്. താനൊന്ന് അനങ്ങിയാൽ ഉമ്മ ഉണരും. ഉപ്പവലിയ ഉറക്കക്കാരനാണ്. ഉമ്മ എണീറ്റ് പോയി ഒരു പാടു നേരം കഴിഞ്ഞേ ഉപ്പ ഉണരൂ. എന്താടാ നിനക്ക് പള്ളേല് വെരുത്താക്ണുണ്ടോ.
ഇല്ലാ...
തൂറണോ
വേണ്ടാ
ദാഹിക്ക്ണ് ണ്ടോ ?
ഇല്ലാ...
പിന്നെന്തിനാ കരയ്ണ്...?
യ്ക്ക് നെഹറൂനെ കാണണം...
കേൾക്കാനാളായപ്പോൾ ചിണുങ്ങൽ കരച്ചിലായി. ഉപ്പ ഉണർന്നു...
കരച്ചിൽ കൂടുകയാണെന്നു കണ്ടപ്പോൾ വല്ല്യ മുസീബത്തായല്ലോ പഹേനെക്കൊണ്ട് എന്നു പറഞ്ഞ് താഴെ ഓട്ട് ഹൗസിൽ പോയി ചുമരിൽ ചില്ലിട്ടു തൂക്കിയ ചാച്ചാജിയുടെ ചിത്രം കൊണ്ടു വന്നു.
പിന്നീടായിരുന്നു വിപ്ലവം. കുട്ടി ഫോട്ടോവിലേക്ക് നോക്കുകപോലും ചെയ്യാതെ പറഞ്ഞു യ്ക്ക് ഈ നെഹറൂന്യല്ലാ ആശാരി നേഹറൂനെ കാണണം.. ഉറക്കക്കമ്പക്കരനായ ഉപ്പാക്ക് ദേഷ്യം വന്നു വരണമല്ലോ... ധാരാളം അടികിട്ടി. മൂപ്പരുടെ ബെൽട്ട് കൊണ്ടായിരുന്നു പയറ്റ്. താഴെനിന്നും വെല്ലിമ്മയും അമ്മായിയും കുഞ്ഞുട്ടി എളാപ്പയും പാഞ്ഞുവന്നു. തടയാൻ ശ്രമിച്ച എളാപ്പാക്കും കിട്ടി രണ്ട്....
ഉമ്മ അവനെ സമാധാനിപ്പിച്ച് കിടക്കയിൽ കിടത്തി. തേങ്ങി ത്തേങ്ങി കുട്ടി മയക്കത്തിലേക്ക് താഴവേ അവന കേട്ടു പുറത്ത് കരിമ്പനയിൽ വീണ്ടും കൂമൻ മൂളാൻ തുടങ്ങിയിരിക്കുന്നു. ഉറക്കത്തിൽ തന്നെ തഴുകിയ ഉപ്പായുടെ കൈകൾ..... അവനുറപ്പായി.നാളെ ഉപ്പ പ്രത്യേകമായി
എന്തെങ്കിലും വാങ്ങിക്കൊണ്ടു വരും. അതങ്ങനെയാണ്. തല്ലിനെത്തുടർന്ന് സാന്ത്വനം പതിവായിരുന്നു...
അവൻ പിണക്കം നടിച്ചു ഉമ്മായുടെ ഭാാഗത്തേക്ക് തിരിഞ്ഞു കിടന്ന് കാല് ഉമ്മായുടെ മേലേക്ക് കയറ്റിവെച്ച് ഉറങ്ങി...
**************************************************
ഇന്നും ഉറക്കം ഞെട്ടിപ്പോകുന്ന രാവുകളിൽ ദൂരെ തെളിഞ്ഞുകാണുന്ന പൊൻ വെളിച്ചം പോലെ ഈങ്ങത്തൊടിയിലെ തറവാട്ടിൽ ഞാൻ അനുഭവിച്ച ബാല്ല്യം....
ഉമ്മായും ഉപ്പായും വെല്ല്യുമ്മയും മൂത്താപ്പയും എളാപ്പമാരും അമ്മാവനും അന്നത്തെ കൂട്ടുകാരും. ആദ്യം ഉമ്മ പോയി കാലങ്ങൾക്കു ശേഷം മൂത്താപ്പയും ഉപ്പയും.....വെല്ല്യുമ്മയും..
Monday, July 2, 2018
എളിയ ഒരു ബദർ സന്ദേശം
അതൊരു കല്പനയായിരുന്നു. ഇങ്ങോട്ടാക്രമിക്കുകയും സ്വന്തം ഭവനങ്ങളിൽ നിന്നും സ്വന്തം നാട്ടിൽ നിന്നുപോലും തങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തതും പോരാഞ്ഞിട്ട് തങ്ങൾക്കഭയം കിട്ടിയേടത്തു വന്ന് തങ്ങളെ ഉന്മൂലനം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തില്‍പരം സർവ്വസജ്ജരായ ഒരു വലിയ സൈന്യത്തെ പ്രതിരോധിക്കാനുള്ള കല്പന. അങ്ങനെ കൈവശമുള്ള പരിമിതങ്ങളായ വിഭവങ്ങളുമായി തങ്ങളുടെ എല്ലാമെല്ലാമായ പ്രവാചകന്റെ നേതൃത്വത്തിൽ അവർ മുന്നൂറ്റിപ്പതിമൂന്നുപേർ പുറപ്പെട്ടു. അംഗബലത്തിൽ മാത്രമല്ല ആയുധങ്ങളുടെയും വാഹനങ്ങളുടേയും മറ്റെല്ലാ വിഭവങ്ങളുടെയും കാര്യത്തിലും അവർ ദരിദ്രരായിരുന്നു. അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും ഈശ്വരവിശ്വാസത്തിലും
മാത്രം അവർ മികച്ചുനിന്നു.വാഹനങ്ങൾ അവർ ഊഴമിട്ട് ഉപയോഗിക്കാൻ നിശ്ചയിച്ചു. വീതിച്ചപ്പോൾ മൂന്നു പേർക്ക് ഒരുവാഹനം എന്നായിരുന്നു കണക്ക്. നബി തിരുമേനിക്കും ഇക്കാര്യത്തിൽ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ ഹുബാബും അലിയുമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളികൾ. തങ്ങൾ വാഹനപ്പുറത്തും നബി കാൽനടയായും സഞ്ചരിക്കുന്നത് യുവാക്കൾക്ക് സഹിച്ചില്ല. അവർ തങ്ങൾ നടന്നുകൊള്ളാമെന്നും തങ്ങളുടെ ഊഴം കൂടി നബി (സ) ക്ക് വിട്ടുകൊടുക്കാമെന്നും ഗുരുവിനെ ഉണർത്തി. സൗമ്യനായി അദ്ദേഹം പറഞ്ഞു " എന്നെക്കാൾ കൂടുതൽ നടക്കാൽ കെല്പുള്ളവരാണു നിങ്ങൾ എന്നു ഞാൻ കരുതുന്നില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാണ് നിങ്ങളീത്യാഗത്തിനൊരുങ്ങുന്ന തെങ്കിൽ ഞാനും നിങ്ങളെപ്പോലെതന്നെ അത് ആഗ്രഹിക്കുന്നവനാണ്."
ബദറിലെത്തുവോളം അദ്ദേഹം തന്റെ ഊഴം നടന്നുതന്നെ യാത്രചെയ്തു.
നീതിയുടെ കാര്യത്തിൽ നേതാവും അനുയായികളും തമ്മിലായാലും ഗുരുവും ശിഷ്യന്മാരും തമ്മിലായാലും ഒരുവിട്ടു വീഴ്ചയുമില്ല എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രപഞ്ചത്തെ അതിന്റെ നാഥൻ നീതിയുടെ മേൽ സ്ഥാപിച്ചിരിക്കുന്നു എന്നുമദ്ദേഹം മനുഷ്യകുലത്തിനു പറഞ്ഞു കൊടുത്തു..... അനീതിപെരുകിയാൽ പ്രപഞ്ചതാളം തെറ്റുകതന്നെ ചെയ്യും.
യൗമുൽ ഫുർഖാൻ
അവർ ദുർബലരായിരുന്നു. അവരിലേക്ക് അവരിൽ നിന്നും നിരക്ഷരനായ ഒരു പ്രവാചകൻ വന്നു. അബ്ദുല്ലായുടെ മകൻ മുഹമ്മദ്.(സ). പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരനൊഴികെ മറ്റാരേയും ആരാധിക്കരുത്, അവൻ മനുഷ്യരിലേക്ക് അയക്കുന്ന സന്ദേശവാഹകരെ വിശ്വസിക്കണം, ജീവിതത്തിന്ന് മരണാനന്തരം ഒരു കണക്കെടുപ്പുണ്ടാകും എന്നീ തത്വങ്ങളിലൂന്നി മനുഷ്യത്വത്തിന്റെ ബാലപാഠങ്ങൾ അവരെ അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ നിന്ദിതരും പീഢിതരും കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി. ഇത് ഉന്നതരെ അസ്വസ്ഥരാക്കി. ധനികരും പുരോഹിതരും പ്രമാണിമാരും ദുർബലരുടെ കൂട്ടയ്മക്കെതിരെ സംഘടിച്ചു. ധനികരിൽ ഒന്നോരണ്ടോ പേരൊഴികെ എല്ലാവരും മറുചേരിയിലായിരുന്നു. കൂട്ടയ അക്രമങ്ങളെ പ്രതിരോധിക്കാൻ അവർക്കാകുമായിരുന്നില്ല. ശാരീരികവും മാനസികവുമാായ കൊടിയ പീഢനങ്ങൾ ഉപരോധം ചതി എന്നിവയിലൂടെ അവർ സ്വന്തം ജന്മനാട്ടിൽ നിന്നും തുരത്തപ്പെട്ടു. എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് വെറും കയ്യോടെ അവർക്ക് പലായനം ചെയ്യേണ്ടി വന്നു. അവർക്ക് തിരിച്ചടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അനുവാദം നൽകപ്പെട്ടില്ല. ക്ഷമിക്കാനായിരുന്നൂ കല്പന.
തങ്ങൾ ജന്മദേശത്ത് ഉപേക്ഷിച്ച് പോന്നതൊക്കെയും ശത്രുക്കൾ കയ്യടക്കി എന്ന വേദനാജനകമായ വിവരം ദൂരെയിരുന്ന് കേൾക്കേണ്ടിവന്ന അവർ തിരിച്ചടിക്കാൻ അനുവാദം ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ അനുവാദം നൽകപ്പെട്ടു....
വലിയൊരു സമ്പത്തുമായി ശാമിൽ നിന്നും മടങ്ങു ശത്രുക്കളുടെ നേതാവ് അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടഞ്ഞ് സ്വത്ത് പിടിച്ചെടുക്കാൻ അവർ തീരുമാനിച്ചു. അതിന്നായി വിരലിലെണ്ണാവുന്ന സന്നാഹങ്ങളുമായി അവർ മുന്നൂറ്റിപ്പതിമൂന്ന് പേർ പുറപ്പെടുകയും ചെയ്തു. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. സന്നാഹങ്ങൾ കുറവാണെങ്കിലും ചെറിയ സംഘമായ വർത്തക സംഘത്തെ കിട്ടിയാൽ തങ്ങൾക്ക് എളുപ്പമായിരുന്നേനേ എന്നവർ അകമേ ആഗ്രഹിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. അവർ കച്ചവട സംഘം കടന്നു പോകേണ്ട ബദറിൽ തമ്പടിച്ചു. ഈ വിവരം നേരത്തെതന്നെ അങ്ങ് മക്കയിലറിഞ്ഞിരുന്നു. തങ്ങളുടെ നേതാവിന്റെ സ്വത്ത് പിടിച്ചെടുക്കാൻ മദീനയിൽ നിന്നും മുഹമ്മദും കൂട്ടരും പുറപ്പെട്ടിരിക്കുന്നു. ഉടൻ യുദ്ധ സജ്ജരാവുക. ഖുറൈശികളുടെ നേതാവ് അബൂജഹൽ വിളംഭരം ചെയ്തു. ആയിരത്തിൽ പരം പേർ, സർവ്വ സന്നാഹങ്ങളുമായി അവരും ബദറിലെത്തി. തൊള്ളായിരത്തമ്പത് കാലാൾപ്പട, നൂറ് കുതിരകൾ, നൂറ്റി എഴുപത് ഒട്ടകങ്ങൾ എന്നിവയൊക്കെ അടങ്ങിയതായിരുന്നു കുറൈശിപ്പട. തങ്ങൾ എത്തിയ വിവരം വർത്തക സംഘത്തെ അറിയിക്കാൻ അബൂജഹൽ ദൂതനെ അയച്ചു. ബദറിൽ മുഹമ്മദും കൂട്ടരും കാത്തു നിൽകുന്ന വിവരമറിഞ്ഞ അബൂസുഫ്യാൻ അബൂജഹൽ ഉദ്ദേശിച്ച പോലെ യുദ്ധത്തിന്ന് തയ്യാറായില്ല. അയാൾ തന്റെ കച്ചവട സംഘത്തെ ബദറിൽ നിന്നും അകലെയുള്ള മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു. മടങ്ങിയെത്തിയ ദൂതനിൽ നിന്നും വിവരമറിഞ്ഞ ഖുറൈശികളിൽ ഭൂരിഭാഗവും കച്ചവട സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഏറ്റുമുട്ടൽ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. ബന്ധ്ക്കളും കുടുംബക്കാരുമായ മുസ്ലിം കളോട് അനാവശ്യമായ ഒരേറ്റുമുട്ടൽ അവർ ആഗ്രഹിച്ചില്ല. എന്നാൽ പ്രവാചകനോടും അദ്ദേഹത്തിന്റെ ആദർശത്തോടും ഒടുങ്ങാപകയുണ്ടായിരുന്ന അബൂജഹൽ പിന്മാറാൻ തയ്യാറല്ലായിരുന്നു. എല്ലാം കൊണ്ടും ദുർബലരായ മുസ്ലിംകളേയും മുഹമ്മദിനേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ ഇത്പോലൊരു അവസരം ഇനി ഒത്തു കിട്ടുകയില്ല എന്നയാൾ കണക്കാക്കി. സമാധാനത്തിനു വാദിച്ചവരെ സ്ത്രീകളെന്നും ഭീരുക്കളെന്നും വിളിച്ച് അധിക്ഷേപിച്ചു. തങ്ങളുടെ ദൈവങ്ങളായ ലാത്തയേയും ഉസ്സയേയും തള്ളിപ്പറഞ്ഞവരെ തോല്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ വാഗ്ദോരണികൊണ്ട് അയാൾ സ്ഥാപിച്ചെടുത്തു... എതിരഭിപ്രായക്കാരെ നിശ്ശബ്ദരാക്കി ആയാൾ സൈന്യത്തെ യുദ്ധ സജ്ജരാക്കി....
അതയിരുന്നു വിധി. ചുരുങ്ങിയ സമയം മാത്രം നീണ്ടു നിന്ന യുദ്ധത്തിൽ കരുത്തരും സർവ്വായുധ വിഭൂഷിതരുമായിരുന്ന ഖുറൈശി സൈന്യം നിലം പരിശായി അവരിൽ അബൂജാഹിൽ അടക്കം പ്രമുഖരായ എഴുപതോളം പേരും മുസ്ലിം കളിൽ നിന്നും പതിനാലു പേരും വധിക്കപ്പെട്ടു. മിഥ്യക്കുമേൽ സത്യത്തിന്റെ വ്യക്തമായ വിജയം. പിന്നീട് ആ ദിവസം യൗമുൽ ഫുർഖാൻ എന്ന് അറിയപ്പെട്ടു....
وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്റെ കല്പനകള് മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്.
-Sura Al-Anfal, Ayah 7
Friday, June 29, 2018
സ്വഛം
പണ്ട് എന്ന് വെച്ചാൽ പത്തറുപത് കൊല്ലങ്ങൾക്ക് മുമ്പ് മൂത്രപ്പുര കക്കൂസാദികളൊക്കെ പണക്കാരുടെ ആഢംബര വിഭാഗത്തിൽ മാത്രം ഉൾപെട്ടിരുന്നകാലം. ഒരു പാതിരാനേരത്ത് തൃശൂർ നിന്ന് കച്ചവടം കഴിഞ്ഞ് തലയിലൊരു ചാക്കു കെട്ടുമായി ഷൊർണൂരിൽ വന്നിറങ്ങിയ മമ്മത്രായീന്ന് കലശലായി തൂറാൻ മുട്ടി. വിജനായ പാതയോരത്ത് ഒരു മർച്ചുവട്ടിൽ കാര്യം നടത്തിക്കൊണ്ടിരിക്കേ, തന്റെ സൈക്കിളിൽ നെയ്റ്റ് ഡ്യൂട്ടിയിൽ ബീറ്റ് നടത്തുക യായിരുന്ന പോലീസ്കാരൻ കൃഷ്ണൻ നായർ സംഗതിക്കു സാക്ഷിയായി. പോലീസുകാര നെ കണ്ടതും മമ്മത്രായീ പിടഞ്ഞെണീറ്റു. പോലീസു കാരന്റെ മനസിൽ ലഡു പൊട്ടി. കച്ചവടം കഴിഞ്ഞുവരുന്ന കാക്കയാണ്. ചാക്കുകൾ കാലിയാണ് അപ്പോൾ കീശ കാലി യായിരിക്കാൻ വഴിയില്ല. ഒന്നു കുടഞ്ഞു നോക്കിയാൽ വല്ലതും കൊഴിഞ്ഞുകൂടാ എന്നില്ല.അദ്ദേഹം പ്രതിയെ പിടിച്ച് ചോദ്യം ചെയ്യാനാരംഭിച്ചു. കാരക്കാട്ടുകാരനാണ്. തൃശ്ശുർ നിന്നും കച്ചവടം കഴിഞ്ഞ് വരികയാണ് എന്നീ വിവരങ്ങൾ കിട്ടി. വേറെ കുറ്റമൊന്നുമില്ല. പക്ഷേ റോട്ടിൽ മലമൂത്ര വിസർജ്ജനം അരുത് എന്ന നിയമം തെറ്റിച്ചിരിക്കുന്നു. സ്റ്റേഷനിൽ പോയി പിഴയടക്കണം. എന്നിങ്ങനെ മെരട്ടിനോക്കി കാക്കാക്കൊരു കുലുക്കവുമില്ല.പിഴയിൽ നിന്നൊഴിവാക്കാൻ വഴിയൊന്നും അന്വേഷിക്കുന്നുമില്ല. അവസാനം നടക്കെടാ സ്റ്റേഷനിലേക്ക് എന്നായി പോലീസ്. ഒട്ടും മടിക്കാതെ കാക്ക അനുസരിച്ചു സ്റ്റേഷനിലെത്തി. എസ് ഐ ഇടിയൻ മാധവന്റെ ചോദ്യം ചെയ്യലിൽ
കാക്ക ഈണത്തിൽ ഒരു കവിത ചൊല്ലി
''വെട്ടു തടുക്കാം മുട്ടു സഹിക്കാമോ പൊന്നെജമാനേ..
തൂറാൻ മുട്ട്യാൽ തോള്ളേൽ തൂറാമോ
പൊന്നെജമാനേ...''
രസികനായിരുന്ന എസ് ഐ പിഴയൊന്നും ഈടാക്കാതെ കാക്കായേ വിട്ടു എന്നും അദ്ദേഹം ഷോണൂർ റെയിൽ വേ സ്റ്റേഷനിൽ വന്ന് കിടന്നുറങ്ങി പുലർച്ചെ നാലരയുടെ കോഴിക്കോട് പാസഞ്ചറിൽ കാരക്കാട്ടെത്തി എന്നുമാണ് ചരിത്രം...
Wednesday, June 20, 2018
ഇന്ദിരാ പ്രിയദർശിനിയും ഞാനും
ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ് യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്.
പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി.
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽ കൂടി ഞാനൊന്ന് വിലയിരുത്താൻ
ഈയിടെ ഞാൻ നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛനപോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ,ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ പ്രചോദിപ്പിക്കുകയായിരുന്നു.രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി, പിതാവിന്റെ ഏകപുത്രി, എല്ലാസുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്. ബാല്യ കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങളവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ എന്തോ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ. അതുകൊണ്ട് തന്നെ നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.
കഥാതന്തുക്കൾ
വേഗത്തിലോടുന്ന വണ്ടിയില്‍ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കയായിരുന്ന ഞാന്‍.. പ്രകൃതിയുടെ പുസ്തകത്താളുകള്‍ വേഗത്തില്‍ മറിച്ചു കൊണ്ടുള്ളവായന ആഹ്ലാദപൂര്‍വ്വം ആസ്വദിക്കുകയായിരുന്നു...
അടുത്ത സീറ്റ്കളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തിരക്കൊഴിഞ്ഞവണ്ടി.
ഏകാന്തതക്കിടക്കെപ്പോഴോ അയാള്‍ എന്റെ എതിരെയുള്ള സീറ്റില്‍ വന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. കുറേ നേരം അയള് എന്നെ ശ്രദ്ധിക്കുകയായിരുന്നിരിക്കണം. ഞങ്ങള്‍ക്കിടയിലുള്ള മൗനത്തിന്റെ മതില് പൊളിക്കാനെന്നോണം അയാള്‍ ചോദിച്ചു... സുഹൃത്തേ ഞാനൊരു കഥ പറയട്ടേ... ? എന്റെ ആയുസ്സിന്റെ പുസ്തകത്തിലെ പത്തു താളുകള്‍ മഷിയൊഴിച്ച് വികൃതമാക്കിയ എന്റെ മേലാവിയുടെ കഥ....
ഞാന്‍ മുഖമുയര്‍ത്തി...
പിറകിലേക്ക് പാഞ്ഞകലുന്ന ചിത്രങ്ങളിലൂടെ ഞാന്‍ വായിച്ചെടുത്ത കഥയുടെ രസച്ചരട് പൊട്ടിച്ചതിലുള്ള നീരസം എന്റെ കണ്ണുകളില്‍ മിന്നിമറഞ്ഞുവോ എന്തോ.........................
അല്പനേരം എന്നെ ഉറ്റുനോക്കി ഒരു നേടു വീര്പ്പോടെ അയാള്‍ പറഞ്ഞു
"അല്ലെങ്കില്‍ വേണ്ട ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത വിധം തിരക്കിലായ മനുഷ്യര്‍ക്ക് കഥകേള്ക്കാനെവിടെ സമയം പിന്നെ കിട്ടുന്ന സമയം തന്നിലേക്ക് തന്നെ മുഖം പൂഴ്തി സമൂഹത്തില്‍ നിന്നും ഒളിക്കാന്‍ ശ്രമിക്കുന്ന താങ്കളെ പോലുള്ളവര്‍ക്കും .. "
മറുപടിക്കു വേണ്ടി ഞാനുഴറവേ എനിക്കിറങ്ങാനുള്ളയിടമെത്തി... ധൃതിയില്‍ എണീറ്റു പോന്ന എന്നെ അയാളുടെ പരിഹാസദൃഷ്ടി വണ്ടിയുടെ വാതില്കലോളം പിന് തുടര്‍ന്നിട്ടുണ്ടാകണം