പണ്ട് എന്ന് വെച്ചാൽ ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പ് കേട്ട അഭിസംബോധനയാണ്. ഗ്രാമത്തിൽ ദീനുൽ ഇസ്ലാമിന്റെ നടത്തിപ്പ് ക്രമീകരിക്കേണ്ടതിലേക്കായി കൊല്ലത്തിലൊരിക്കൽ ഒരു പാതിരാ പ്രസംഗം നടത്തുന്ന പതിവുണ്ടായിരുന്നു ഗ്രാമത്തിൽ. താഴത്തേലെ ഏന്തുക്ക മണ്ണേലെ അലവിക്ക മുതലായ കാരണവന്മാരുടെ ഉത്സാഹത്തിൽ മറ്റു കാക്ക കാരണവന്മാരുടെ ആശീർവാദത്തോടെ അത് നടന്ന് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ യുവതലമുറയുടെ പങ്കാളിത്തം സംഘാടനത്തിൽ കുറവായിരുന്നെങ്കിലും അവരും ഒരു ഉത്സവത്തിനെന്ന പോലെ അതിൽ കൂടിയാടിയിരുന്നു എന്നാണ് ചരിത്ര പടുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. രാത്രി ഒമ്പതു മണിയോടെ തുടങ്ങി പാതിരാപിന്നിടു വോളം നീണ്ടു നിൽകുന്ന പ്രസംഗങ്ങൾ കേൾക്കാൻ ഗ്രാമത്തിലെ പെൺ പടക്കും അനുവാദമണ്ടായിരുന്നു. ജമാഅത്ത് മുജാഹിദ് പോലുള്ള പുത്തൻ പ്രസ്ഥാനക്കാർ പറയും പോലെ അവർ ജുമാ നമസ്കാരത്തിനൊഴികെ യാറം ഉറൂസ് നേർച്ച ചന്ദനക്കുടം പോലുള്ള പുണ്യകർമ്മങ്ങളിലൊക്കെ യഥേഷ്ടം പങ്കുകൊണ്ടിരുന്നു എന്നത് നാട്ടിൽ നിലവിലുണ്ടായിരുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ തെളിവായി ഇന്നും ചരിത്ര വിദ്യാർത്ഥികൾ ഉദ്ധരിക്കാറുള്ള വസ്തുതയാണ്.
ആ വർഷം തീവണ്ടിയാപ്പീസിനടുത്ത് കുഞ്ഞരക്കാര് മ്യസ്ല്യാരുടെ പീടികക്ക് സമീപമായിരുന്നു വേദി. അന്നവിടെയുണ്ടായിരുന്ന കൊച്ചു നിസ്കാരപ്പള്ളിയുടെ സമീപത്തായികെട്ടിയുണ്ടാക്കിയ സ്റ്റേജിനു മുന്നിൽ നിരത്തിയ ബെഞ്ചുകളിൽ കാരണവന്മാരും പിൻ വശത്ത് ദിൽകൂഷിന്റെ പീടികയുടെ വരാന്തയിലും ചുറ്റുപാടുമായി സ്ത്രീജനങ്ങളും ഉപവിഷ്ടരാകും. അടുത്ത് ഹാൾട്ടു ചെയ്തിരുന്ന മയിൽ വാഹനം ബസ്സിൽ കൈക്കുഞ്ഞു ങ്ങളുമായി വന്ന ചില സ്ത്രീജനങ്ങൾ കയറി ഇരുന്നത് പിന്നീടൊരു ഒരു ചരിത്ര സംഭവമായി രേഖപ്പെട്ടകാര്യം വഴിയെ വിസ്തരിക്കാം. കുഴിയിൽ അബ്വോക്കരിക്കാന്റെ പലചരക്കു കടക്കപ്പുറം തട്ടാൻ ബാലന്റെ പീടിക വരാന്തയിലായിരുന്നു ആധുനികന്മാരുടെ വിഹാരം. ഏന്തീൻ കുട്ടിക്കാടെ കുഞ്ഞാപ്പു, അബ്ദുലു , ഇമ്പിച്ചി ഹംസക്കോയ അബ്ദുറഹ്മാനിക്കാടെ ആലിക്കുട്ടി വീരാനിക്കാടെ വാപ്പുട്ടി പടിഞ്ഞാക്കര അബു തുടങ്ങി അന്നത്തെ ആധുനിക തലമുറ അവിടെ ഒത്തുകൂടി. കൂട്ടത്തിൽ പത്ത് വയസ്സുകാരനായ ഈ എളിയ ചരിത്രകാരനും... ഗാസ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ശുകപുരം ഉസ്താദ് പ്രസംഗം തുടങ്ങി. ആകർഷകമായ ഈണത്തിൽ ഇസ്ലാമിന്ന് ഉണ്ടായിരിക്കേണ്ട ഇൽമുകൾ അദ്ദേഹം വിവരിച്ചു. കുളിയുടെ കാര്യങ്ങൾ അത് നിർബന്ധമാകുന്ന ഘട്ടങ്ങൾ അങ്ങനെയങ്ങനെ.. തമാശ തെരഞ്ഞിരിക്കുകയായിരുന്ന ആധുനികന്മാർ ഇടക്കിടക്ക് അദ്ദേഹം ജനക്കൂട്ടത്തെ കരളിന്റെ കശണങ്ങളേ എന്ന് വിളിക്കുന്നു എന്ന് കണ്ടു പിടിച്ചു. പിന്നെ അത് എണ്ണിത്തിട്ടപ്പെടുത്തലായി അവർക്ക് ഹരം. എടോ അതാ പത്ത് പതിനൊന്ന് എന്നിങ്ങനെ എണ്ണി ചെറുപ്പക്കാരെല്ലാവരും കൂടി ഉറക്കെ ചിരിക്കാൻ തുടങ്ങി.
ഇതിനിടെ തള്ളമാരോടൊപ്പം ബസ്സിലിരിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളിൽ ഒന്ന് ബസ്സിനുള്ളിൽ തൂറിയത് വലളിന്റെ ഭക്തിയിൽ മുഴുകിയിരുന്ന മാതാവറിഞ്ഞില്ല. ബസ്സിനകത്ത് ഇരുട്ടായിരുന്നല്ലോ.? പരിപാടി കഴിഞ്ഞ് അവർ തിരിച്ചു പോയി. പിറ്റേന്ന് രാവിലെ ബസ്സ് വൃത്തിയാക്കാൻ തുടങ്ങിയ ക്ലീനറാണ് സംഗതി കണ്ടു പിടിച്ചത്. സമാധാനമായി രണ്ട് ഗ്ലാസ് കള്ളടിച്ച് കിടന്നുറങ്ങാൻ പറ്റാത്തതിൽ ഖിന്നരായിരുന്ന് ബസ് ജീവനക്കാർ അതിരു ഹേതുവായി എടുത്തു. അന്ന് തന്നെ കാരക്കാട്ടുകാർ ബസ്സിൽ തൂറുന്നു ഇനി അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് മുതലാളിയോട് ആവലാതിപ്പെട്ട് ട്രിപ്പ് റദ്ദാക്കുകയും ചെയ്തു എന്നാണ് ചരിത്രം. കാരക്കാട്ടുകാരോട് അസാരം അസൂയ പുലർത്തിപ്പോരുന്ന വല്ലപ്പുഴ കണയം പൊയ്ലൂർ ദേശക്കാർ ഈ സംഭവത്തിന്ന് വലിയ പ്രചാരണമാണു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്. ഇന്നും കാരക്കാട്ടുകാരെ കളിയാക്കാൻ ഈ ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് മനസ്സിലാകുന്നത്...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, June 18, 2018
കരളിന്റെ കശണങ്ങളേ...
Thursday, June 14, 2018
അടിവാര പ്രതിജ്ഞ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അല്ലെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഭാഗം. കരിന്തണ്ടൻ നയിച്ചു ഇഞ്ചിനീയർ സായ് വ് പിറകേനടന്നു... കരിന്തണ്ടൻ ആദിവാസി ഊരുകൾതെണ്ടി ആളെ കൊണ്ടു വന്ന് പണിയെടുത്ത് ചുരം പൂർത്തിയാക്കി........
നോക്കുമ്പൊ സായ് വ് വിചാരിച്ചപോലെല്ലാ നല്ല ചേലുണ്ട് ... വയനാട്ടിലേക്കുളള യാത്ര ഇനി സുഖകരം...
ഉദ്ഘാടന സുദിനം വന്നെത്തി വേദിയിലിരിക്കേണ്ടവരുടെ നാമവിവരപ്പാട്ടിക സെക്രട്ടേരി തയ്യാറാക്കി. സായ് വിന്നുമുമ്പിൽ ഹാജറാക്കി. കട്ടിക്കണണട വെച്ച് നോക്കിയതും മുമ്പിൽ നീണ്ടു നിവർന്നു കിടക്കുന്നത് പണിയൻ കർന്തണ്ടന്റെ നാമം...
ഇഞ്ചിനീയർ സെക്രട്ടേരിയെ വിളിച്ചു നല്ല ആര്യ മലയാളത്തിൽ ചോദിച്ചു. വഴികണ്ടു പിടിച്ച പണിയന്റെ കൂടെയിരിക്കുന്ന ഇഞ്ചിനീർ സായ് വിന്ന് വല്ല വിലയുമുണ്ടാവോടാ ശുംഭാ...
വിരണ്ടു വിവശനായ സെക്രട്ടേരിയുടെ കീശയിൽ നിന്നും ചുവന്നമഷിപ്പെന്ന് വലിച്ചെടുത്ത് കരിന്തണ്ടന്റെ പേര് സ്വയം വെട്ടി വൃത്തിയാക്കി ലിസ്റ്റ് തിരികെ കൊടുത്തിട്ടു കല്പിച്ചു. നാട്ടുമുഖ്യനുണ്ടായിക്കോട്ടെ പ്രധാന എതിരൻ വേണ്ട. സെക്രട്ടേരി പറഞ്ഞു ഒവ്വ.
ഉദ്ഘാടന സുദിനം സമാഗതമായി.... കുരുത്തോലത്തോരണവും ഈന്തിൻ പട്ടയും കൊണ്ടലങ്കരിച്ച വേദിയിലേക്ക് നാട്ടു മുഖ്യൻ സ്വർണ്ണനൂലിൽതീർത്തകോട്ടണിഞ്ഞ സായ് വിനെ ആദരപൂർവ്വം ആനയിച്ചു....
സായ് വ് വേദിയിലെത്തി. വേദിയിൽ താനും നാട്ടു മുഖ്യനും മാത്രം. അദ്ദേഹത്തിന്റെ അഭി സംബോധനക്കുളള സമയമായി. അദ്ദേഹം എഴുന്നേറ്റു സദസ്സിനെ സിംഹാവലോകനം ചെയ്തു. വളരെ പിന്നിൽ വിളക്കു കാലിന്നു പിന്നിൽ നിൽകുകയായിരുന്ന കരിന്തണ്ടനെ നോക്കാതെ കണ്ടു... പിന്നെ കണ്ഠശുദ്ധി വരുത്തി ഘന ഗംഭീരമായ സ്വരത്തിൽ മൊഴിഞ്ഞു. എന്റെ പ്രിയപ്പെട്ട ദേശവാസികളേ എവിടെ ഞാൻ പറഞ്ഞു കൊടുത്തതു പ്രകാരം ചുരത്തിന്റെ പണിതീർത്ത എന്റെ സുഹൃത്ത് കരിന്തണ്ട നെവിടേ... ഈ നാട്ടിന്റെ പ്രധാന എതിരനെവിടേ.... അവരെ വിളിക്കൂ ഇവേദിയിൽ അവരില്ലാതെ എന്ത് ഉദ്ഘാടനം. ഇത്ര്യുമായപ്പോഴേക്കും അദ്ദേഹത്തിന്റെ തൊണ്ടയിടറി അദ്ദേഹം കരഞ്ഞു മൂക്കുപിഴിഞ്ഞു വിരലുകൾ വിലയേറിയ കോട്ടിൽ തുടച്ചു. സദസ്സിൽ നിന്നും വലിയ ആരവമുയർന്നു.. ഇതുവരെ കരിന്തണ്ടനെ ക്ഷണിക്കാഞ്ഞതിൽ വൈക്ലബ്യമുണ്ടായിരുന്ന ജനങ്ങൾ സായ് വ്കീ ജൈ വിളിച്ചു... എത്രകനകപ്പെട്ട സായ് വിനെയാണു തങ്ങൾ തെറ്റിദ്ധരിച്ചത് എന്ന് പശ്ചാത്തപിച്ചു... നൂറ്റാണ്ടുകൾക്കു ശേഷം രണ്ടായിരത്തി പത്തൊമ്പതിൽ ഈ സായ് വെങ്ങാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കയാണെങ്കിൽ ഇദ്ദേഹത്തിനേ വോട്ടു ചെയ്യൂ എന്ന് പ്രേം നസീർ മോഡലിൽ സത്യം സത്യം സത്യം എന്ന് പ്രതിജ്ഞ ചെയ്തു.. പിൽകാലത്ത് ഈ പ്രതിജ്ഞ അടിവാരപ്രതിജ്ഞ എന്ന പേരിൽ അറിയപ്പെട്ടു....
Monday, June 11, 2018
മാധവിക്കുട്ടിയുടെ മതം മാറ്റം
മാധവിക്കുട്ടിയുടെ മതം മാറ്റത്തെക്കുറിച്ച് എനിക്കു മനസ്സിലായത് അവരെ ക്കുറിച്ചുള്ള സത്യങ്ങള്‍ അവര്‍ തന്നെ പറഞ്ഞ പറഞ്ഞതില്‍ നിന്നും : -
. 1. അവര്‍ ആദ്യകാലം തോട്ടേ ഇസ്ലാമില്‍ ആകൃഷ്ടയായിരുന്നു... 2. പര്‍ദ്ദ സ്ത്റീകള്‍ക്ക് സുരക്ഷയാണ് എന്നവര്‍കരുതി കല്‍കത്തയില്‍ ആയിരുന്നപ്പോള്‍ പലപ്പോഴും അവര്‍ പര്‍ദ്ദ ധരിച്ചിരുന്നു.3. ഒരു വിധവയാവുകയും മക്കള്‍ വലുതായി ദൂരെ യാവുകയും ചെയ്തപ്പോള്‍ ഏകാന്തത അവരെ അലട്ടിയിരുന്നു. അപ്പോള്‍ ഇസ്ലാം വിധവകള്‍ക്ക് നല്കുന്ന പരിഗണന അവരെ വീണ്ടും ഇസ്ലാമിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.4. ആയിടെ അവര്‍ ഒരു മുസ്ലിമുമായി അനുരാഗ ബദ്ധയായി അദ്ദേഹത്തില്‍ നിന്നും ഇസ്ലാമിനെക്കുറിച്ച് വീണ്ടും പഠിച്ചു. 5. തങ്ങ്ളുടെ വിവാഹത്തിന്നിടയില്‍ മതം ഒരു പ്രശ്നമാകേണ്ട എന്നു കരുതിയ അവര്‍ ഇസ്ലാം അസ്ലേഷിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം നടന്നില്ല. അപ്പോള്‍ വീണ്ടും അവര്‍ ഇസ്ലാമിനെ ക്കുറിച്ച് ആഴത്തില്‍ പഠികാന്‍ തുടങ്ങി. എറണാം കുളത്ത് മൊയ്തു മൗലവിയുടെ മകന്‍ ബഷീര്‍ അഹമ്മദ് അവരെ ഇക്കാരയത്തില്‍ വളരെ സഹായിച്ചിരുന്നു. യൂസഫുല്‍ ഖര്‍ളാവി യുടെ പുസ്തകങ്ങള്‍ വരെ അവര്‍ പഠിച്ചു.. അപ്പോൾ അവരുടെ മനസ്സു ശാന്തമായി എന്റെ പ്രേമം അല്ലാഹു അവനിലേക്കു കാണിച്ചു തന്ന വഴിയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു.
"പ്രേമിച്ച് മരിച്ച ഭര്‍ത്താവേ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയാണെന്ന്,
ഞാനും സനാഥയാണെന്ന്."
"ഏനിക്ക് നഷ്ടപ്പെട്ടത്
വെറുമൊരു മധുവിധു
ഞാന്‍ നേടിയെടുത്തതോ
സ്വര്‍ഗ്ഗരാജ്യവും."
അവരുടെ കൃതികളുമായി അടുത്ത ബന്ധമുള്ള ഒരു ആസ്വാദകന്‍ എന്നനിലക്കും അവരുടെ മത പരിവര്‍ത്തനത്തിന്നു ശേഷം അവര്‍ പലരുമായും നടത്തിയ അഭിമുഖങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ആള്‍ എന്നനിലക്കും എനിക്കു മനസ്സിലായത് ഇത്രയുമാണ്. ഇതില്‍ നിന്നും ഒരു കാര്യം നിഷ്പക്ഷമതികള്‍ക്കു മനസ്സിലാകും നല്ലമനുഷ്യര്‍ക്ക് ഈശ്വരന്‍ എങ്ങനെയാണ് ഹിദായത്ത് കൊടുക്കുന്നത് എന്നും ചീത്തമനുഷ്യര്‍ എന്തുകണ്ടാലും അതിന്റെ ഏതുവശമാണ്‌സാംശീകരിക്കുക എന്നും അല്ലാഹു അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന രൂപത്തില്‍ നേര്‍വഴിയിലാക്കുന്നു.....
അവര്‍ 2002 ല്‍ ഭാഷാപോഷീണിക്കുവേണ്ടി എം എന്‍ കാരശ്ശേരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും വായിക്കുക.
"ഇപ്പോ ഇസ്ലാം മതം അനുഷ്‌ഠിച്ചിട്ടോണ്ടാണോ ജീവിക്ക്‌ണത്?
എന്താ സംശയം? ഞാന്‍ നല്ല മുസ്ലിമായി ജീവിക്കാന്‍ ശ്രമിക്ക്യാ. എനിക്ക് അല്ലാഹുവിനോടു വളരെ നന്ദിണ്ട്. ഐ ആം റിയലി ഗ്രെയ്‌റ്റ് ഫുള്‍ റ്റു ആള്‍മൈറ്റി അല്ലാഹ്. പ്രേമം വന്നതില്‍ ഞാന്‍ സന്തുഷ്‌ടയാണ്. അതില് വഞ്ചിക്കപ്പെട്ടതില് അതിലേറെ സന്തുഷ്‌ടയാ-
അതെന്താ, അങ്ങനെ?
ആ കല്യാണം നടന്നിര്‌ന്നെങ്കില് ഞാന്‍ പ്രേമം മാത്രേ കാണൂ. അല്ലാഹുവിനെ കാണില്ല. ഇപ്പോ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല, എല്ലാ വ്യക്തികളോടുമാണ്; അല്ലാഹുവിനോടാണ്. അതിന്റെ സന്തോഷം എത്രയാണെന്നറിയ്വോ? അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു. ഞാന്‍ ആ പാതയിലൂടെ നടന്ന് എത്തീത് അദ്ദേഹത്തിന്റെ അട്‌ത്തല്ല, അല്ലാഹുവിന്റെ അടുത്താണ്. അതു ചെറിയ കാര്യാണോ? ഇതൊന്നും പറഞ്ഞ് കേട്ടാല് മനസ്സിലാവില്ല്യ. അനുഭവിച്ചാലേ അറിയൂ. എക്‌സ്‌പീരിയന്‍സ് ചെയ്യണം."
Sunday, June 10, 2018
ചേക്ക്രായീനിക്ക
ഗ്രാമത്തിലെ ഒസാന്മാരിൽ മുഖ്യനായിരുന്നു ചേഖ് രായീനിക്ക.ഷൈക്ക് ഇബ്രാഹീ എന്നതിന്റെ കാരക്കാടൻ പ്രയോഗമായിരിക്കാം...സ്ഥലത്തെ മുഖ്യന്മാരുടെ വീടുകളിൽ പോയി ക്ഷൗരവും മുണ്ഢനവും ചെയ്തു കൊടുക്കുക ആൺകുട്ടികളുടെ സുന്നത്ത് നടത്തുക മുതലായ പുണ്യകർമ്മങ്ങൾ പ്രശംസനീയമായി അദ്ദേഹം നിർവ്വഹിച്ചു പോന്നു.. കാലം മാറിയപ്പോൾ അപ്പീസിന്റവിടെ ഒരു ബാർബർഷാപ്പ് തുറന്നു...
അദ്ദേഹത്തിന്റെ മാതൃസ്നേഹം നാട്ടിൽ പ്രസിദ്ധമായിരുന്നു. ഉമ്മായുടെ പുന്നാരമകൻ എന്തു ചെയ്യുമ്പോഴും ഉമ്മായുടെ ഇഷ്ടത്തിന്ന് മാത്രം വില കല്പിച്ചമകൻ ...
കുഴിയിലെ അബൂബക്കകറിക്കാന്റെ പലചരക്കു കടയിൽ കയറി അദ്ദേഹം ചോദിക്കും അബ്ബോക്കറേ ഒരുതീപ്പെട്ടിങ്ങട്ടെടുക്ക്
കയ്യിൽ കിട്ടിയ തീപ്പെട്ടി തിരിച്ചു മറിച്ചും നോക്കി മൂപ്പര് പറയും ഇത് സിംഹമാർക്കല്ലേ .. ഒട്ടകമാർക്ക് മതി ഇതിമ്മാക്ക് പറ്റൂലാ...
ഏതു വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരുതവണയെങ്കിലും ഉമ്മ പരാമർശിക്കപ്പെടും ...
ഉച്ചക്ക് ഊണുകഴിക്കാൻ കടയടച്ചു പോവുകയാണ് പതിവ്. ചിലപ്പോൾ തിരിച്ചു വരാൻ വൈകിയാൽ അദ്ദേഹം പറയും ... കഞ്ഞിക്ക് കൂട്ടാനില്ലാന്നു പറഞ്ഞു... വലയെടുത്ത് ചെങ്ങണോത്തിക്കിറങ്ങി... രണ്ടു വലവീശി മ്മാക്ക് ള്ള മീൻ കിട്ടി...
എല്ലാകാര്യത്തിലും ഉമ്മായുടെ ഇഷ്ടം നോക്കി ജീവിച്ച മക്കൾക്ക് വാഗ്ദാന ചെയ്യപ്പെട്ട പ്രതിഫലം നല്കി അദ്ദേഹത്തെ ഈശ്വരനനുഗ്രഹിക്കട്ടെ ...
Saturday, June 9, 2018
ഡോക്റ്ററും രോഗിയും പിന്നെ ദൈവവും
വലിയ ആശുപത്രിയിലെ വലിയ ഡോകർ വലിയ ദൈവവിശ്വാസിയായിരുന്നു. രോഗിയുടെ വിശ്വാസമാകട്ടെ വലിയ ആശുപത്രിയിലെ വലിയ ഡോക്റ്ററിലും ആരുന്നു....
ഡോക്റ്റർ പറഞ്ഞു താങ്കളുടെ കിഡ്നിയുടെ പ്രവർത്തനം തകരാറിലാണ്. അതു മാറ്റി വെക്കാതെ മറ്റു വഴിയൊന്നും കാണുന്നില്ല...
പുഞ്ചിരിയോടെ അയാൾ ചോദിച്ചു മരുന്നുകൊണ്ട് രക്ഷയൊന്നു മില്ലേ സർ?
ഡോക്റ്റർ നാടകീയമായി ചുമൽ കുലുക്കി സോറി....
അത് മാറ്റി വെച്ചാൽ പിന്നെ ചികിത്സയൊന്നും കൂടാതെ എനിക്ക് ദീർഘകാലം ജീവിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടോ സാർ ?
നിങ്ങളുടെ ശരീരം അന്യന്റെ അവയവത്തെ തിരസ്കരിക്കാതിരിക്കാനുളള മരുന്ന് നിത്യവും കഴിക്കണം. പിന്നെ ഉറപ്പ് അത് ദൈവത്തിന്റെ കയ്യിലല്ലേ അവൻ നിശ്ചയിച്ചതുവരെ ജീവിക്കും.
ഓ നമുക്കിടയിൽ അങ്ങനെ ഒരാളും ഉണ്ടല്ലേ.. എനിക്ക് വിശ്വാസം എന്റെ മുന്നിലിരിക്കുന്ന ഈ ഡോക്റ്ററിലാണ്.
എന്തുകൊണ്ടാണ് എന്റെ ശരീരം അത് പുറം തളളുന്നത് ?
അത് പ്രതിരോധ ശേഷിയുടെ ഭാഗമാണ്.
അപ്പോ അന്യ അവയവം പുറം തളളപ്പെടാതിരിക്കാൻ മറ്റു രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ദൈവം എനിക്കു നൽകിയ പ്രതിരോധ ശേഷിക്കെതിരെ വേണം ചികിത്സ എന്നാലും അങ്ങയുടെ ദൈവം നിശ്ചയിച്ച കൃത്യ സമയത്തുതന്നെ ഞാൻ മരിക്കുകയും ചെയ്യും അല്ലേ ഡോക്റ്റർ..
തീർച്ചയായും....
കുറച്ചു നേരം ആലോചിച്ചിട്ട് രോഗി പറഞ്ഞു
ഇന്ന് മുതൽ ഞാനൊരു ദൈവവിശ്വാസിയായിരിക്കുന്നു ഡോക്റ്റർ അവൻ നിശ്ചയിച്ച നേരം വരെ ഞാനായി ജീവിച്ച് മരിക്കാൻ എന്നെ വിട്ടേക്കുക. എനിക്ക് ചേരാത്തതിനെ തിരസ്കരിക്കാനുളള ദൈവം തന്ന സിദ്ധി അവൻ എനിക്ക് നിശ്ചയിച്ച മരണം വരെ എനിക്കിരിക്കട്ടെ...
ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞുകൊണ്ട് കയറിവന്ന രോഗി അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി...
Thursday, June 7, 2018
അല്പം പരിസ്ഥിതി റംസാൻചിന്തകൾ
പരിസ്ഥിതി റംസാൻചിന്തകൾ
********************************
പരിസ്ഥിതി ദിനം കഴിഞ്ഞു റംസാനിലെ അവസാനത്തെ പത്തും നടന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ മനസ്സിലുയർന്ന ചില ചിന്തകൾ സുഹൃത്തുക്കളുമായി പരിമിതമായ അറിവിനുള്ളിൽ നിന്നുകൊണ്ട് പങ്കു വെക്കാൻ ശ്രമിക്കുകയാണ്. പ്രകൃതിയേയും അതുവഴി മനുഷ്യരാശിയേയും രക്ഷിക്കാൻ നാമൊക്കെ പലതും ചെയ്യുന്നുണ്ട്. ചിലർ ചെയ്യുന്നതായി അഭിനയിച്ച് ഫേസ്ബുക്കില്ലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ ആത്മാർത്ഥമായും പ്രകൃതിയെ രക്ഷിക്കണം എന്ന് കരുതുന്നുവെങ്കിൽ അതിന്ന് ഇത്രവലിയ കോലാഹലങ്ങളുടെയൊന്നും ആവശ്യമില്ല എന്നെനിക്ക് തോന്നുന്നു. മനുഷ്യന്റെ ആർത്തിയെ ഒതുക്കുക എന്ന ഒറ്റ മുദ്രാവാക്യം മതി മനുഷ്യ ഇന്ന് നേടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളകിലവും പർഹരിക്കപ്പെടാൻ. ഇന്ന് മനുഷ്യൻ കഠിനാദ്ധ്വാനം ചെയ്യുന്നത് അവന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് അവന്റെ ആർത്തിയെ ശമിപ്പിക്കാൻ വേണ്ടിയാണ്. മനുഷ്യന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയാണവ.
ഈ വിഷയങ്ങളിൽ മനുഷ്യൻ പ്രകടിപ്പിക്കുന്ന ധൂർത്ത് ഒരു വശത്ത് വിഭവങ്ങളുടെ അധിക കേന്ദ്രികരണത്തിന്നും അതുവഴി സഹജീവികളിൽ ഒരു വിഭാഗത്തെ നിത്യ ദരിദ്രരാക്കുന്നതിലും കലാശിക്കുമ്പോൾ മറു വശത്ത് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലും കലാശിക്കുന്നു അതുവഴി പ്രകൃതിയുടെ താളം തെറ്റിക്കുന്നതിലും കലാശിക്കുന്നു. വാസ്തവത്തിൽ ഈ ഭൂമിയെ പരിപാലിക്കാനായി തന്റെ പ്രതിനിധിയായി ഈശ്വരനാൽ ഇങ്ങോട്ടയക്കപ്പെട്ടവനാണ് മനുഷ്യൻ എന്നാണ് വിശുദ്ധവേദം പ്രഖ്യാപിക്കുന്നത്. ഇവിടെനിന്നും അവന്ന് ആവശ്യത്തിനുള്ളത് എടുക്കാൻ മനുഷ്യനനുവാദമുണ്ട്.
" ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ"
" നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും."
Sura Al-Baqarah, Ayah 36...
പക്ഷേ ഭൂമിയിലെ വിഭവങ്ങൾ എന്തിന്ന് വേണ്ടിയായാലും ചൂഷണം ചെയ്യുന്നതിൽ അതിരു കവിയരുത് എന്ന് പ്രത്യേകം നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.
كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَنْ يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ
നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.
-Sura Ta-Ha, Ayah 81
എന്നാൽ നാം ഇന്ന് ചെയ്യുന്നതെന്താണ്. വകയുള്ളവർ നേരത്തെ പറഞ്ഞ വിഷയങ്ങളിൽ എങ്ങനെയാണ് ചെലവുചെയ്യുന്നത്. നാലാൾക്ക് തിന്നാനുള്ളത് ഉണ്ടാക്കി ആവശ്യത്തിൽ കവിഞ്ഞ് ഭക്ഷിച്ച് ഭാക്കി തെരുവിലെറിയുന്നു. ഇത് സ്വന്തം ആരോഗ്യത്തിന്റെ നാശത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
അതുപോലെ വസ്ത്രം വലിയൊരു വിഭാഗം നേരാം വണ്ണം ശരീരം മറക്കാൻ പോലും വസ്ത്രമില്ലാതിരിക്കെ ഉള്ളവൻ ആവശ്യത്തിലും വളരെകൂടുതൽ വാങ്ങിക്കൂട്ടുകയും വസ്ത്രധാരണം അവരുടെ പൊങ്ങച്ചത്തിന്നാക്കി മാറ്റുകയും ചെയ്യുന്നു. ഇനി പാർപ്പിട ത്തിന്റെ കാര്യം ഓരോരുത്തരും ഭവനത്തിനു പകരം കൊട്ടരം നിർമ്മിക്കാൻ തുടങ്ങിയപ്പോൾ ആഇനത്തിൽ ആവശ്യമായതിന്റെ പതിന്മടങ്ങ് പ്രകൃതി വിഭവങ്ങൾ പ്രകൃതിയിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു. അതുപോലത്തന്നെ വാഹനങ്ങളുടെ കാര്യത്തിലും ആവശ്യകതയുടെ ഇരട്ടികൾ ഉപയോഗപ്പെടുന്നു. ഈ ആവശ്യങ്ങൾക്കായി പ്രകൃതിയിൽ നിന്നും കല്ലും മണ്ണും മരങ്ങളും ലോഹങ്ങളും ധാതുക്കളുമൊക്കെ യഥാർത്ഥ ആവശ്യത്തിന്റെ പതിന്മടങ്ങ് ചൂഷണം ചെയ്യപ്പെടുന്നു.
ആവശ്യത്തിൽ കവിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കാനായി കഴിക്കുന്നവന്റെ ആരോഗ്യത്തിന്നും കൃഷിചെയ്യുന്ന ഭൂമിക്കും വിനാശകരമായ കൃഷിരീതികൾ അനുവർത്തിക്കപ്പെടുന്നു. വ്യവസായങ്ങളും പെരുകുന്നു. അതിന്നൊക്കെ വേണ്ട അസംസ്കൃത വസ്തുക്കൾക്കായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. തൽഫലമായി പ്രകൃതിയുടെ താളം തെറ്റുകയും വലിയ ക്ഷോഭങ്ങളിലൂടെ പ്രകൃതി മനുഷ്യന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ആഗോള താപനം
മനുഷ്യന്റെ ചിന്താശൂന്യമായ വികസന സങ്കല്പത്തിന്റെ ഫലമായി മനുഷ്യരാശി വരും ദശകങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആഗോളതാപനം.
വലിയ പുരോഗതി എന്ന് നാം ഘോഷിക്കുന്ന വ്യാവസായശാലകളും വീട്ടിൽ തന്നെ നാമുപയോഗിക്കുന്ന ഫ്രിഡ്ജ് ഏ സീ തുടങ്ങിയവയും നമ്മുടെ വാഹനങ്ങളുമൊക്കെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് സി എഫ് സി തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് അനുദിനം വർദ്ധിച്ചുവരികയാണ്. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു. ഇവയിൽ കാർബൺ ഡൈ ഓക്സൈഡാണ് ആഗോള താപനത്തിന്റെ മുഖ്യ ഹേതു. അതുപോലെ നാം ഉപയോഗിക്കുന്ന ഫ്രിഡ്ജുകളും എയർ കണ്ടീഷണറുകളും അന്തരീക്ഷ താപനത്തിന്ന് ആക്കം കൂട്ടുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി എൽനീനോ പ്രതിഭാസം ഉണ്ടാവുകയും കാലാവസ്ഥ തകിടം മറിയുകയും ചെയ്യുന്നു. അപ്രതീക്ഷിതങ്ങളായ വരൾച്ച വെള്ളപ്പൊക്കം കൊടും കാറ്റ് മതലായവയൊക്കെ ഇതിൻ ഫലമായി ഉണ്ടാകാം. കൂടാതെ ധ്രുവങ്ങളിലേ മഞ്ഞ് ഉരുകിൽ കടലിലെ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ മുങ്ങിപ്പോകാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അതുപോലെ കടലിന്റെ ഉപരിതലത്തിന്റെ ഊഷ്മാവ് കൂടുന്നതുകൊണ്ട് കടലിൽ നിന്നും കരയിലേക്ക് കൊടുംകാറ്റ് വീശിയടിക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഈ അടുത്ത കേരളം നേർടേണ്ടി വന്ന കൊടും കാറ്റുകളും കടൽ ക്ഷോഭങ്ങളും സലാലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭവും ഇതിലേക്കുള്ള സൂചനകൾ തന്നെയാണ്.
വളരെ ഒതുങ്ങിയ വാക്കുകളിൽ വിശുദ്ധ ഖുർആൻ ഈവിഷയത്തെക്കുറിച്ച് മനുഷ്യന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കാണുക...
ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം
കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു.
അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം.
-Sura Ar-Rum, Ayah 41
എങ്ങനെയാണ് മടങ്ങേണ്ടത് മനുഷ്യൻ ധൂർത്ത് അവസാനിപ്പിക്കുക അത്യാഗ്രഹം വെടിയുക പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക എല്ലാ നിലക്കും പ്രകൃതിയൊട് ഇണങ്ങി ജീവിക്കുക ഇതൊക്കെത്തന്നെയാണ് വഴി. പക്ഷേ ഇതൊക്കെ ഇന്നത്തെ വികസന സങ്കല്പങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളാണ്. അവ തിരുത്തി എഴുതേണ്ടി വരും. അതിന്ന് മനുഷ്യൻ തയ്യാറാകുമോ എന്നതാണ് പ്രശ്നം. സർവ്വ നാശത്തിന്ന് കീഴടങ്ങേണ്ടി വന്നാലും വികസന സങ്കല്പം തിരുത്തി എഴുതാൻ മനുഷ്യൻ തയ്യാറാകും എന്ന് കരുതിക്കൂടാ...
akoyavk@gmail.com
Friday, June 1, 2018
ഇടവപ്പാതി
സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...