ഇശ്വരാനുഗ്രഹമൊന്നുകൊണ്ട്‌എന്നുതന്നെ പറയണം കഴിഞ്ഞ ശനിയാഴ്ചഞാന്‍ ഗുരുത്വാകര്‍ഷണ ത്തിന്നിരയാകാഞ്ഞത്. സംഭവം രാവിലെ ഒരു ഒമ്പതു മണിയയിക്കാണും. ഫീല്‍ഡുവിസിറ്റിന്റെ ഭാഗമായി ഞാന്‍ ഫാമിലെ എ 9 പ്ലോട്ടിന്റെ പടിഞ്ഞാറെ അതിരിലെ ചെത്തുവഴിയിലൂടെ നടക്കുകയാണ്. വഴിയുടെ ഒരു വശത്ത് നിരയായി നട്ട തെങ്ങുകളും അവക്കിടയിലെ ജാതി മരങ്ങളും ഉണ്ടാക്കുന്ന ശീതളച്ഛായ എന്നു വേണം പറയാന്‍ ലതാനിബിഢമായ ജാതി മരങ്ങള്‍കാരണം ഉയര്‍ന്നു നില്‍ ക്കുന്ന തെങ്ങുകളുടെ മണ്ട താഴെനില്കുന്നവര്‍ക്ക് കാണാനേ പറ്റില്ല. കാട്ടാനകള്‍ പറിച്ചുകളഞ്ഞ തെങ്ങുകളെക്കുറിച്ച് ആലോചിച്ചു ഞാന്‍ നടക്കുകയാണ്... പെട്ടന്ന് മുകളിലെ തെങ്ങില്‍ നിന്നെന്തോ ഞട്ടറ്റു വീഴുന്നശബ്ദം അത് ജാതിക്കൊമ്പുകളില്‍ തട്ടി താഴേക്കു വരികയാണ്. മേലേക്കു നോക്കി വീഴുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിന്നു പകരം കൈകള്‍ കൊണ്ട്‌തല പൊത്തിപ്പിടിച്ച് മുന്നോട്ടോടാനായിരുന്നു ഉള്‍വിളി അങ്ങനെത്തന്നെ ചെയ്തു. ഓടുന്ന എന്റെ രണ്ടടി മുന്നിലായി ഒരു കനത്ത കരിക്ക് വീണു ചിതറി വെള്ളമൊഴുകുന്നു. രണ്ടടികൂടി ഓടിയിരുന്നെങ്കില്‍ കൃത്യമായി മൂര്‍ദ്ധാവില്‍ തന്നെ വീണുകിട്ടിയേനേ പക്ഷേയോഗമില്ല.....
സംഗതി നടന്നിരുന്നെങ്കില്‍ എനോര്‍ത്തപ്പോഴുണ്ടായ ഉള്‍കിടിലം ഒരു മൂളിപ്പാട്ടിലൊതുക്കാന്‍ ശ്രമിച്ചു കൊണ്ട് നാലുപുറവും നോക്കി. ഇല്ല ആരും കണ്ടിട്ടില്ല.അപ്പോള്‍ ഞാനോര്‍ത്തത് ഗുരുത്വാകര്‍ഷണം . നമ്മുടെ ന്യൂട്ടണ്‍ സായ് വ് വല്ലതെങ്ങിന്‍ ചുവട്ടിലുമിരുന്നാണ് ചിന്തിച്ചിരുന്നതെങ്കില്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടു പിടിച്ചവനെന്നകീര്‍ത്തിക്കു പകരം തലയില്‍ തേങ്ങവീണ് സിദ്ധികൂടിയ ശാസ്ത്രജ്ഞാന്‍ എന്നായേനെ മൂപ്പരുടെ കീര്‍ത്തി...
എന്റെ ഓട്ടം ഒരല്പം കൂടി വേഗത്തിലായിരുന്നെങ്കില്‍ ഡ്യൂട്ടിക്കിടയില്‍ തലയില്‍ തേങ്ങവീണ് സിദ്ധികൂടിയവന്‍ എന്ന ഖ്യാതി എനിക്കും കിട്ടിയേനെ ...
പടച്ചന്റെ കാവല്‍ അല്ലാതെന്തു പറയാന്‍
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Friday, March 16, 2018
ഗുരുത്വാകര്‍ഷണം
കാ കീ കൂ ക്ക് ആമിനക്കുട്ത്താ....
മൊത്തത്തിൽ കിടിലൻ സെറ്റപ്പാണ്. താഴെ തെക്കുഭാഗത്ത് ശാന്ത ഗംഭീരയായൊഴുകുന്ന നദി. ചിലർ ഭാരതപ്പുഴ എന്നും ഞങ്ങൾ പൊയ എന്നും പറയുന്ന നിള. വേനലിൽ ശാന്തയും വർഷകാലങ്ങളിൽ രുദ്രയും എന്നും വേണമെങ്കിലും പറയാം. കിഴക്ക് കൂമുള്ളിപ്പാടം പടിഞ്ഞാറ് ചീക്കരവരെ നീണ്ടു കിടക്കുന്ന കണ്ടാറിപ്പാടം അതിനെ പകുത്ത് പടിഞ്ഞാട്ട് നീളുന്നതീവണ്ടിപ്പാത. അപ്പുറം പോര്ശയാക്കപ്പെട്ട എന്റെ നാട് കാരക്കാട്. ....ഈ അതിരുകൾക്കകത്ത് മൂന്നു നാലേക്കർ പരന്നുകിടക്കുന്ന തേക്കും മറ്റു മരങ്ങളും നിറഞ്ഞ് പകൽ പോലും ഇരുണ്ട് കിടക്കുന്ന പള്ളിത്തൊടിക്കു നടുവിൽ പൊന്നാനീന്ന് സൈനുദ്ദീൻ മഖ്ദൂമിന്റെ പിൻ മുറക്കാർ വന്ന് സ്ഥാപിച്ച അതി പുരാതീനമായ കാരക്കാട്ടെ പള്ളി. കിടിലൻ എന്ന പ്രയോഗം ഇന്നത്തെ ഫ്രീക്കന്മാരുടേത് കടമെടുത്തതൊന്നുമല്ല... സംഗതി കിടിലൻ തന്നെ ആളുകളാരു മില്ലാത്ത നേരങ്ങളിൽ പള്ളിയിൽ വന്നു പെട്ടാൽ ഏത് യുക്തിവാദി ജബ്ബാറായാലും ഒന്നു കിട്‌ങ്ങുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. പകൽ സമയങ്ങളിൽ പോലും ജിന്നുകളും ഗന്ധർവന്മാരും പലർക്കും പ്രത്യക്ഷമായ കഥ അത്രക്ക് മശ് ഹൂറായിരുന്നു ഗ്രാമത്തിൽ.
നമസ്കാരത്തിന് ഇമാമ് നില്കാനും കുട്ടികളെ പഠിപ്പിക്കാനുമായി ഒരു മുസ്ല്യാർ ഇദ്ദേഹം മുദരീസ് എന്നറിയപ്പെട്ടു. പിന്നെ പള്ളി പരിപാലിക്കാൻ അതായത് അടിക്കുക തുടക്കുക വിളക്കു കത്തിക്കുക ഹൗളിൽ വെള്ളം കോരി നിറക്കുക തുടങ്ങിയ ഏർപാടുകൾക്ക് മുക്രി എന്നറിയപ്പെടുന്ന മൊല്ലാക്ക. പിന്നെ കുറേ കുട്ടികളും.... വെള്ളിയാഴച്ച ഉച്ചക്കൊഴികെ അധികം ആരും പള്ലിയിൽ വരാതിരുന്നകാലം.
ഈ ചരിത്രകാരൻ കേട്ടതു പ്രകാരം സംഭവം നടന്നതൊരു കർക്കിടക മാസത്തിലായിരുന്നു.തോരാമഴയിൽ ഗ്രാമം മുങ്ങി നില്കുന്നകാലം ചഞ്ഞനം പിഞ്ഞനം മഴകൾ പെയ്ത് തോടും പാടോം മുങ്ങിയൊലിച്ച് എന്ന ഈരടിക്കൊത്ത കാലം. ഇക്കരത്തെ കാക്ക അക്കരേക്ക് പറക്കാത്ത കാലം. ദാരിദ്ര്യം അതിന്റെ ഉഛസ്ഥായിയിൽ. ഗ്രാമത്തിൽ വർക്കത്തിനായി നടത്തപ്പെടുന്ന മൗലൂദ് റാത്തീബ് കളൊക്കെ വളരെ കുറവ്. മഴയല്പം കുറഞ്ഞ ഒരു നാൾ അസറിന്റെ ശേഷം സുന്നത്തായ ലാത്തലിന്നിറങ്ങിയതായിരുന്നു മുദരീസ്. കിഴക്കേപടിപ്പുരയിലൂടെ ഇറങ്ങി വടക്കോട്ട് വെച്ചു... പള്ളിത്തൊടിയുടെ വടക്കു കിഴക്കേ അതിർത്തിയിലെ അസ്സനിക്കാടെ പുരയുടെ അടുത്തെത്തിയപ്പോൾ കോഴികൾ. ലക്ഷണമൊത്ത ഒരു പൂവനും കുറേ പിടകളും അസനിക്കാന്റെ വീട്ടിലേക്കു കയറിപ്പോയി.. കൗതുകമുള്ള പൂവൻ. മുസ്ല്യാരെ കുക്കുടത്തിന്റെ കാഴച്ചക്കുള്ള കൗതുകത്തെക്കാൾ ആകർഷിച്ചത് അതിനെ കറിവെച്ച് പത്തിരികൂട്ടി തിന്നാലുള്ള രുചിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തോ ചിന്തിച്ചുറച്ച് മുസ്ല്യാര് ഉലാത്തൽ നിർത്തി പള്ലിയിലേക്കുതന്നെ മടങ്ങി.
കുറച്ചു നാൾക്കു ശേഷമൊരു സന്ധ്യയിൽ പള്ളിക്കോലായിലിരിക്കുകയായിരുന്ന മുസ്ല്യാർ. പുറത്ത് ആൾപെരു മാറ്റം കേട്ട് നോക്കിയപ്പോൾ പടിയിറങ്ങി വരുന്നൂ എല്ലാവരും ബഹുമാനത്തോടേ ആമിനക്കുട്‌ത്ത എന്നു വിളിക്കുന്ന ആമിനക്കുട്ടി താത്ത. തട്ടം കൊണ്ട് മുഖം മറച്ച് ബഹുമാനപൂർവ്വം കോലായുടെ മര അഴികൾക്കപ്പുറത്ത് നിന്നു കൊണ്ട് അവർ പറഞ്ഞു. മൊയ്ല്യാരേ എന്താ നിച്ചല്ല മുന്നാല് ദിവസായിട്ട് പള്ളിത്തൊടൂന്ന് ഒരു ചാദി കരീംപോലെ ഒരൊച്ച.
എന്തൊച്ച ... കാ കീ കൂ ക്ക് ആമിനക്കുട്ത്താന്ന് ...
അനക്ക് തോണ്യേതേർക്കാരം ആമിനക്കുട്ട്യേ എന്ന് മുസ്ല്യാർ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ആമിനക്കുട് ത്താക്ക് ബോദ്ധ്യായില്ല.
ഇതു ഇന്നും ഇന്നല്യൊന്ന്വല്ല ആറേയ് ദിവസായ്റ്റ് എന്നും മഗിരിബിന്റെ ശേഷം കേക്ക്ണൂ...പള്ളിക്കാട്ടിലെ തേക്ക്കൾക്കെടേലെ മുളം കൂട്ടത്തിന്നാ....
തലേക്കെട്ടഴിച്ച് മൊട്ടത്തല തടവി പിന്നെ താടിയിലൂടെ വിരലോടിച്ച് പിന്നെ കാര്യം മനസിലായ പോലെ അമർത്തി മൂളീ... ഏ ശാ മ അരിബിന്റെ എടേലാണല്ലേ .... ജിന്ന്‌കള്‌ടെ പോക്കു വരവുണ്ടാകും... ആട്ടെ ഞമ്മക്കൊരു കാര്യം ചെയ്യാ... ഒരു മങ്കൂസ് മൊയ്‌ലൂദ് ഓദിക്കളയാ... ഒന്ന് മുട്ടറക്കുകയും ചെയ്യാം പിന്നെണ്ടാകൂല... എടങ്ങേറ്‌കള്...
പിറ്റേന്ന് ഉച്ചക്കൂതന്നെ ആമിനക്കുട്‌ത്താന്റെ പിടക്കോഴികൾ വിധവകളായി. വൈകീട്ടു തന്നെ മൊയ്‌ലൂദ് ഓതി മുട്ടറക്കലും നടത്തി ... പിന്നെ ഒരിക്കലും കിളിയുടെ കാക്കീക്കൂക്ക് ആമിനക്കുട്‌ത്താ എന്ന ഈണത്തിലുള്ള കരച്ചിൽ കേട്ടിട്ടില്ല എന്നാണ് ആമിനക്കുടത്ത പറയുന്നത്....
ശേഷം മുദരീസിന്റെ കെറാമത്ത് ഗ്രാമത്തിൽ പ്രസിദ്ധമായി........ അതോടെയാണത്രേ നാട്ടിൽ പൂവൻ കോഴികളുടെ കഷ്ടകാലം തുടങ്ങിയത് ....
Wednesday, March 14, 2018
സ്റ്റീഫൻ ഹാക്കിങ്ങ്സ് 1942-2018
പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഒരുപാട് ഒരുപാട് പറഞ്ഞു തന്ന മഹാ ശാസ്ത്രജ്ഞൻ ഹാക്കിങ്ങ്സ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹം പറഞ്ഞുതന്നതിൽ ഏറ്റവും പ്രസക്തമായ സത്യം ഈ ഭൂമിക്ക് ഇനി അധിക കാലം ബാക്കിയില്ല എന്നതായിരുന്നു.
ഈ പ്രപഞ്ചത്തിന്റെ മേൽ നിയന്ത്രണശേഷിയുള്ള ഒരു നാഥനില്ല എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. പുനർജന്മത്തേയും പരലോകത്തേയും അദ്ദേഹം പുഛിച്ചുതള്ളി. ഇരുപത്തിരണ്ടാം വയസ്സിൽ ഗുരുതരമായ മോട്ടോർ ന്യൂറോൺ എന്ന രോഗം ബാധിച്ച് തലച്ചോറൊഴികെയെല്ലാം നിശ്ചലമായി പ്പോയ അദ്ദേഹം രണ്ടു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്നായിരുന്നു ശാസ്ത്ര നിഗമനം. ആനിഗമനത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് എഴുപത്തി ആറുവയസ്സുവരെ അദ്ദേഹം ജീവിച്ചു എന്നതു തന്നെ ഈശ്വര വിശ്വാസി കൾക്ക് വിശ്വസിക്കാനും പ്രചോദനമാകുന്നു.
ആ ജീവിതവും അതിൽ അദ്ദേഹം രചിച്ച ശാസ്ത്ര ഗ്രന്ധങ്ങളും പ്രപഞ്ചത്തിനൊരു നാഥനുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് നിദർശനവുമായി.
ഇക്കാലമത്രയും അനങ്ങാത്ത ദേഹവും വിശ്രമമില്ലാത്ത മനസുമായി ജീവിച്ച അദ്ദേഹം ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകളാണ് അദ്ദേഹത്തിന്റെ
A Brief History of Time,George's Secret Key to the Universe,The Universe in a Nutshell, Black Holes and Baby Universes, The Grand Design, തുടങ്ങിയ ഗ്രന്ധങ്ങൾ. ഇവയിൽ ചിലതൊക്കെ മലയാളത്തിലും ലഭ്യമാണ്. ദൈവം എന്ന ഒന്നില്ല. ഈ പ്രപഞ്ചം ആരുടെയും സൃഷ്ടിയുമല്ല പരലോകവും പുനർജന്മവുമെല്ലാം വിഡ്ഢിത്തം ഇതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ രത്നച്ചുരുക്കം.
പക്ഷേ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ചിലവ വായിച്ചാ ഈശ്വര വിശ്വാസിയുടെ വിശ്വാസം വർദ്ധിക്കുകയാണു ചെയ്യുക എന്ന് തോന്നുന്നു. പ്രത്യേകിച്ച് തമോഗർത്തങ്ങളെക്കുറിച്ചൊക്കെയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ വായിക്കുമ്പോൾ.
മരണശേഷം തൽച്ചോർ എന്ന കമ്പ്യൂട്ടർ നശിക്കുന്നതോടെ എല്ലാം അവസാനിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് മരണാനന്തര നിത്യശാന്തി നേരുന്നത് യുക്തിരഹിതമായതിനാൽ അദ്ദേഹത്തിന്റെ ചില വചനങ്ങളുദ്ധരിച്ചുകൊണ്ട് സ്മരണക്ക് മുന്നിൽ ആദരവർപ്പിക്കുന്നു...
“Remember to look up at the stars and not down at your feet.” “Work gives you meaning and purpose and life is empty without it.” And: “if you are lucky enough to find love, remember it is there and don’t throw it away.”
" കാൽച്ചുവട്ടിലേക്ക് നോക്കാതെ താരകങ്ങളിലേക്ക് നോക്കുക." അദ്ധ്വാനം ജീവിതത്തിന്ന് അർത്ഥവും ലക്ഷ്യവും നൽകുന്നു അതില്ലാത്തജീവിതം ശൂന്യമത്രേ " സ്നേഹം കണ്ടെത്താൻ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഓർക്കുക അതെപ്പോഴുമവിടെയുണ്ട്, അത് ദൂരെയെറിഞ്ഞ് കളയാതിരിക്കുക"
രാജ്യരക്ഷാ റാലി...
ആയിരത്തിത്തൊളളായിരത്തി അറുപത്തഞ്ച്, ഞാൻ നാലാം ക്ലാസിൽ പാഠിക്കുന്നകാലം. ഒരു ദിവസം സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു. നമ്മുടെ രാജ്യവും പാക്കിസ്താനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കാര്യം നിങ്ങൾക്കറിയാമല്ലോ. ഒന്നും അറിയില്ലായിരുന്നെങ്കിലും ഞങ്ങൾ സമ്മത ഭാവത്തിൽ തല കുലുക്കി. ആയുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ തോല്പിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തിന് നാളെ നാലുമണിക്ക് ഇവിടന്ന് ഓങ്ങല്ലൂർക്ക് രാജ്യരക്ഷാ റാലി ഉണ്ട്. എല്ലാവരും വരണം.ഞങ്ങൾ തലകുലുക്കി. സത്യത്തിൽ യുദ്ധവും സമാദാനവുമൊക്കെ ഞങ്ങൾക്കന്യമായിരുന്നു.കളിച്ചു തിമർക്കുക എന്നതു മാത്രമായിരുന്നു ജീവിതം. അതിനിടയിലെന്തു യുദ്ധം എന്തു റാലി.
മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓങ്ങല്ലൂർക്ക് ജാഥ പോകലാണ് സംഗതി എന്ന് പിന്നീട് സംസാരിച്ച് രാമകൃഷ്ണൻ മാസ്റ്റർ വിശദീകരിച്ചപ്പോഴാണ് പിടികിട്ടിയത്. എങ്കിൽ സംഗതി കൊളളാമല്ലോ. നടക്കട്ടെ എന്നു ഞങ്ങളും കരുതി.അന്നൊക്കെ ഓങ്ങല്ലൂർ വരെ പോവുക എന്നൊക്കെ പറഞ്ഞാൽ അതൊരു വലിയ യാത്ര തന്നെയായിരുന്നു.
ഞങ്ങൾക്ക് ആവേശമായി...
റാലിയുടെ മുന്നോടിയായി മുദ്രാവാക്യങ്ങളുടെ റീഹേഴ്സൽ നടന്നു.
ജൈ ജൈ ഭാരത് മാതാ..
ജൈ ജൈ ശാസ്ത്രിജി
അയ്യൂബ് ഖാനേ ബൂട്ടോയേ
ഭാരത മാണെന്നോർത്തോളൂ
പാറ്റൺ ടാങ്കും സാബർ ജെറ്റും
അലറിച്ചീറിയ നേരത്തും
ഇതിഹാസോജ്ജ്വല വിജയം നേടിയ
ധീരജവാന്മാർക്കഭിവാദ്യം...
ഇതൊക്കെയാണ് ഓർമ്മയിൽ ബാക്കിയായ മുദ്രാവാക്യങ്ങൾ.
ഇതിൽ ധീരജവാന്മാർക്കഭിവാദ്യം എന്നത് ധീജരവാന്മാർക്കഭിവാദ്യം എന്നാണ് ചിലർ വിളിച്ചത്.
കൃത്യം നാലുമണിക്ക് ഞങ്ങൾ പുറപ്പെട്ടു.. വരിയുടെ മുന്നിൽ രാമകൃഷ്ണൻ മാസ്റ്ററും നടുക്ക് കുട്ട്യാലി മാസ്റ്ററും പിന്നിൽ വേലായുധൻ മാസ്റ്ററും മുദ്രാവാക്യങ്ങൾ വിളിച്ചു തന്നുകൊണ്ട് ഞങ്ങളെ നയിച്ചു. അപൂർവ്വം രക്ഷിതാക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നാണോർമ്മ. സ്കൂൾ കഴിഞ്ഞാൽ പിന്നെ പാത്തുപ്പടിയിൽ താഴെ മീതുമൊയ്ല്യാരുടെ പീടിക കഴിഞ്ഞാൽ പിന്നെ പാറപ്പുറത്ത് ഒന്നുരണ്ടു പീടികകൾ പിന്നെ ഓങ്ങല്ലൂർ കവലയിൽ ഒരു പെട്ടിക്കട ഇത്രയുമേ ഉണ്ടായിരുന്നുളളൂ. പാത മിയ്ക്കവാറും വിജനം..
മങ്ങിയ വെയിലിൽ മുദ്രാവാക്യങ്ങൾ ആവും വിധം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് ഞങ്ങൾ ചെത്തുവഴിയിലൂടെ മുന്നേറി. ധീരജവാന്മാർക്കഭിവാദ്യം എന്നത് പലരും ധീജരവാന്മാർക്കഭിവാദ്യം എന്നാണ് വിളിച്ചിരുന്നത്. ഇടക്ക് കാണുന്നവർ കൗതുകത്തോടെ ചിരിച്ച് കൈവീശിക്കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഓങ്ങല്ലൂർ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ഗുരുക്കൾ മാസ്റ്ററുടെ വീട്ടിനുമുന്നിൽ റാലി അവസാനിച്ചു. അവിടെ നിന്നും ഹെഡ്മാസ്റ്റരുടെ വകയായി ശർക്കരവെളളം വിതരണം ചെയ്തു. വലിയ അലുമിനിയ കലത്തിൽ ചെറിയ ഉളളി അരിഞ്ഞിട്ട് ശർക്കര കലക്കിയ വെളളം. അതു കുടിച്ച ശേഷം പിരിഞ്ഞു പോകാൻ സമ്മതം കിട്ടി. വടക്കേതലക്കൽ നിന്നുളളവർ പളള്യായിലൂടെ കാലങ്കുളം വഴി മടങ്ങി. ഞങ്ങൾ കാരക്കാട്ടേക്കുളളവർ ചെറിയ സംഘങ്ങളായി റോഡു വഴി തിരിച്ചു. ഞാനും ഉമ്മറും മൊയ്തൂനയും കൂടിയാണ് മടങ്ങിയത്. വെയിൽ മാഞ്ഞ സന്ധ്യയിലൂടെ ഞങ്ങൾ കലപിലാ സം സാരിച്ചുകൊണ്ട് നടത്തിയ ആ യാത്ര ഇന്നും മനസിൽ മായാതെ കിടക്കുന്നു. മുത്താണിക്കുഴിയിൽ കല്ലന്മൂപ്പന്മാരുടെ അടുക്കലെത്തിയപ്പോൾ ദൂരെ കാകാരക്കാട്ട് വലിയ പള്ളിയിൽ നിന്നും കേട്ട ചേക്കുമൊല്ലക്കായുടെ ബാങ്കൊലിയിൽ രാജ്യ സ്നേഹത്തിന്റെ ബാല പാഠത്തിലെ ഓർമ്മകൾ അവസാനിക്കുന്നു....
Saturday, March 10, 2018
ഞാനും മാതൃഭൂമിയും എന്റെ പത്ര പ്രവർത്തനം 1
ആയിരത്തി തൊളളായിരത്തി എഴുപത്തിനാലിലെ വേനലിലെ ഒരു ഉച്ചക്ക് വിയർത്തു കുളിച്ച് അദ്ദേഹം കയറിവന്നു. തൂവെളള വസ്ത്രം ധരിച്ച് വലിയ കണ്ണടയും പിറകിലേക്ക് ചീകിയൊതുക്കിയ മുടിയും കുടവയറുമൊക്കെയായി കാഴ്ചക്ക് യോഗ്യനായ ഒരാൾ. ഷൊർണൂർ നിന്നും റയിൽ വഴി നടന്നായിരുന്നു വരവ്. കോലായിൽ ഇരിക്കുകയായിരുന്ന കുഞ്ഞുട്ടി എളാപ്പാക്കും എനിക്കും സലാം പറഞ്ഞു. കാഴ്ചക്ക് മനസിലാകില്ലെങ്കിലും ആളൊരു ഇസ്ലാം വിശ്വാസിയാണെന്ന് പെരുമാറ്റത്തിൽ മനസിലായി.
എളാപ്പ എഴുന്നേറ്റ് അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു ശേഷം എനിക്കു പരിചയപ്പെടുത്തി. ഇദ്ദേഹം എ എ മലയാളി. സ്വാതന്ത്ര്യ സമര പോരാളി. മാപ്പിള സാഹിത്യത്തിൽ ഗ്വേഷണം നടത്തുന്നു. ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെ പാലക്കാട് ജില്ലാ ഓർഗനൈസർ. ഉച്ച ഭക്ഷണം കഴിച്ച് അദ്ദേഹം ഒരു പാടു സംസാരിച്ചു. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്ഞു നിൽകുകയായിരുന്ന എന്നെ വലിയൊരാളെപ്പോലെ പരിഗണിച്ചതിനാൽ എനിക്കദ്ദേഹത്തെ നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം സ്ഥലം കോൺഗ്രസ് നേതാവായ എളാപ്പാനെ ഉപയോഗിച്ച് കാരക്കാട്ട് മാതൃ ഭൂമിക്ക് ഒരു ഏജൻസി തുടങ്ങുക എന്നതായിരുന്നു. അതിലേക്കായി അദ്ദേഹം ഒരു പാടു കാര്യങ്ങൾ പ്രത്യേകിച്ച് സ്ഥലം പത്രമായ മനോരമയുടെ കുറ്റങ്ങൾ. മനോരമ ഒരു മുതലാളി പത്രമാണെന്നും അതിന്റെ ലക്ഷ്യം എന്നും മുതലാളിത്തമാണെന്നും മറിച്ച് മാതൃഭൂമി ഒരു ദേശീയപത്രമാണെന്നും സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായ നാലപ്പാട്ട് കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നും അതിന്റെ താല്പര്യം തികച്ചു ദേശതാല്പര്യം മാത്രമാണെന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്തി.എളാപ്പാനെക്കൊണ്ട് കാരക്കാട്ട് മാതൃഭൂമിയുടെ ഏജൻസി എടുപ്പിച്ച ശേഷം വൈകുന്നേരം മൂന്നരക്ക് കിഴക്കോട്ടുളള ഷട്ടിൽ വണ്ടിയിൽ അദ്ദേഹം പാലക്കാട്ടേക്കു മടങ്ങി.
എളാപ്പായുടെ കീഴിൽ എന്റെ പത്രപ്രവർത്തനം അവിടെ തുടങ്ങുന്നു....
നാട്ടിൽ അന്ന് മനോരമമാത്രമേ ഉണ്ടായിരുന്നുളളൂ. മനോരമ പത്രത്തിനും ആഴ്ചപ്പതിപ്പിനും പത്തമ്പത് കോപ്പി വരിക്കാരുണ്ടായിരുന്നു. മാതൃഭൂമി ഇടക്ക് പട്ടാമ്പി പീടികയുടെ വാടക പിരിക്കാൻ പോകുമ്പോൾ കണ്ടുളള പരിചയമേ ഉണ്ടായിരുന്നുളളൂ.
വായിച്ചാൽ മനോരമ പോലെ എളുപ്പം മനസിലായിരുന്നില്ലെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് എനിക്ക് ഇഷ്ടമായിരുന്നു. വിശേഷിച്ചും അതിൽ വരാറുളള ബഷീർ വികെ എൻ ഉറൂബ് തുടങ്ങിയവരുടെ രചനകൾ
( തുടരും )
Monday, March 5, 2018
സൂഫി
പണ്ടൊരു രാജ്യത്ത് ജ്ഞാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു. നല്ല അറിവാണ്‌പക്ഷേ അദ്ധ്വാനിക്കുന്നതിനോട് മൂപ്പര്‍ക്കത്ര യോജിപ്പുണ്ടായിരുന്നില്ല. പ്രപഞ്ചത്തെകുറിച്ചും അതിന്റെ സൃഷ്ടാവിനെക്കുറിച്ചുമൊക്കെ ധാരാളം ആലോചിച്ച് ദേവാലയത്തില്‍ കഴിച്ചുകൂട്ടുക എന്നതായിരുന്നു ശൈലി. വാകീറിയ ദൈവം അന്നവും തരുമെന്ന് മൂപ്പരുറച്ചുവിശ്വസിച്ചു. അരെങ്കിലും ക്ഷണിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്തിരുന്നതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട അവശ്യമൊട്ടുണ്ടായില്ല താനും .
ഉത്പതിഷ്ണുവായ രാജാവിന്റെ ശ്രദ്ധയില്‍ ഇതുപെട്ടപ്പോള്‍ അദ്ദേഹം ജ്ഞാനി യെവിളിപ്പിച്ചു. വെറുതെയിരിക്കരുത് എന്നും നന്നേചുരുങ്ങിയത് ചെറിയകച്ചവടങ്ങള്‍ക്കെങ്കിലും പോകണമെന്ന് കല്പിച്ചു. അതിനു മൂലധനമൊന്നുമില്ലല്ലോ തുരുമേനീ എന്നായി ജ്ഞാനി. . അതും രാജാവ്‌സംഘടിപ്പിച്ചുകൊടുത്തു. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒരൊട്ടകപ്പുറത്ത് കച്ചവടവസ്തുക്കളുമായി അദ്ദേഹം സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പുറപ്പെട്ടു... മരുഭൂമിയിലൂടെയുള്ളയാത്ര.. വിജനമായ മരുഭൂമിയില്‍ തെളിഞ്ഞ ആകാശത്തിനു കീഴെയുള്ള രാത്രികള്‍ കത്തുന്ന പകലുകളിലൂടെ തണുത്ത രാവുകളിലൂടെ ദീര്‍gഘമായ യാത്ര... മരുപ്പച്ചകളില്‍ വിശ്രമം. അങ്ങനെയൊരു വേളയില്‍ കൂട്ടുകാരെല്ലാം വിശ്രമിക്കവേ അദ്ദേഹം ഒറ്റയ്ക് കുറേദൂരം മരുഭൂമിയുടെ അകത്തേക്ക് നടന്നു പോയി. അവിടെ ഒരു ഈന്തപ്പനത്തണലില്‍ ഒരു പക്ഷിയിരിക്കുന്നു. നോക്കിയപ്പോള്‍ ആപക്ഷിക്ക് രണ്ടു കണ്ണുകളുമില്ലായിരുന്നു. സിദ്ധന് കൗതുകമായി. ഇതെങ്ങനെ ഈ മരുഭൂമിയില്‍ ഒറ്റയ്കു ജീവിക്കുന്നു. അദ്ദേഹം പക്ഷിയെ നിരീക്ഷിക്കാന്‍ തുടങ്ങി അത്ഭുതം മറ്റൊരു പക്ഷിയതാ കൊക്കില്‍ ഇരയുമായി വന്ന്‌കണ്ണുകാണാത്ത പക്ഷിയെ തീറ്റുന്നു.
സിദ്ധന്‍ ഉടനെ കച്ച്വടമുപേക്ഷിച്ച് മടങ്ങി. വീണ്ടും ദേവാലയത്തില്‍ ചെന്ന് ഇരിപ്പായി. രാജാവ് വിവരമറിഞ്ഞു ജ്ഞാനിയെ വിളിപ്പിച്ചു. കച്ചവടം പാതി വഴിക്കുപേക്ഷിച്ചതിന്റെ കാരണമാരാഞ്ഞു. അദ്ദേഹം മരുഭൂമിയില്‍ താന്‍ കണ്ട കാഴ്ച വിവരിച്ചിട്ടു പറഞ്ഞു. അതാണെന്റെ ദര്‍ശനം. തിരുമനസ്സേ ആരും കഷ്ടപ്പെടേണ്ടതില്ല. വിജനമായ മരുഭൂമിയില്‍ അന്ധനായ പക്ഷിക്ക് അന്നമെത്തിക്കുന്ന ദൈവം എനിക്കുള്ളതും എത്തിച്ചുതരും ..........
രാജാവ്‌ചോദിച്ചു വിഡ്ഢീ അന്ധനായ പക്ഷിക്കു പകരം നിനക്കെന്തുകൊണ്ട് അതിനെ തീറ്റിയ പക്ഷിയെ മാതൃകയാക്കിക്കൂടാ.... ഈ ചോദ്യം അയാളുടെ കണ്ണു തുറപ്പിച്ചു.പിന്നീട് കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിക്കുന്നതൊക്കെ അശരണര്‍ക്ക് വീതിച്ചുനല്കി ശിഷ്ടകാലം ജീവിച്ചു എന്ന് കഥ...........
Saturday, February 17, 2018
ഒരു കയം പിടുത്തത്തിന്റെ ഓർമ്മ
ആനമുടിയിൽ നിന്ന് ഉത്ഭവിച്ച് പൊന്നാനിക്കടലിൽ വിലയം പ്രാപിക്കുന്ന പേരാറെന്ന നിളയിൽ ധാരാളം കയങ്ങളുണ്ട്. എന്നാൽ ഞങ്ങൾ കാരക്കാട്ടുക്കരുടെ ഉടമസ്ഥതയിലുള്ള ചേരിക്കല്ല് കണ്ണമ്പാറമുതൽ ചീക്കര ചെങ്ങണം കുന്ന് വരെ കയങ്ങൾ മൂന്നാകുന്നു.
കൊടപ്പാറ കയം ചെങ്ങണം കുന്ന് കയം കണ്ണമ്പാറ കയം എന്നിങ്ങനെ. ഈ കയ്യങ്ങളിലൊക്കെ ധാരാളം മീനുമുണ്ട്. ആഴത്തിലും പരപ്പിലും കേമൻ കൊടപ്പാറകയ മായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലൊന്നും പഞ്ചായത്തിന്നോ മറ്റു സർക്കാർ വകുപ്പുകൾക്കോ ഇവക്ക്മേൽ ഇന്നത്തെ പ്പോലുള്ള അവകാശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ വേനൽ കാലങ്ങളിൽ ഈ കയങ്ങളിൽ താമസമാക്കുന്ന മത്സ്യസമ്പത്തിന്റെ ഉടമസ്തതാവകാശമത്രയും ഗ്രാമീണരിൽ നിക്ഷിപ്തമായി. വാള തൂളി കൊമ്പൻ വലിയ കുറുന്തലകൾ എന്നിങ്ങനെ പലതരം മത്സ്യങ്ങളാൽ സമൃദ്ധമായിരുന്നു കയങ്ങൾ. വയ്യാട്ടുകാവിക്കാര് പറമ്പിക്കാര് പ്ലാക്കക്കാര് വരമംഗലത്ത്കാര് താഴത്തേക്കാര് എന്നിങ്ങനെ പ്രമുഖർക്കൊക്കെ സ്വന്തമായി വലകളുണ്ടായിരുന്നു. കൂടാതെ ഓരോ വീടുകളിലും വീശുവലകളും ഉണ്ടായിരുന്നു. വലിയ മത്സ്യങ്ങളെ വളഞ്ഞ് പിടിക്കുന്ന നായാട്ടു വലയും പത്താളൻ വലയും പിന്നെ വലിയ മീനുകൾ കഴിഞ്ഞ ശേഷം. ചെറിയ വയമ്പ് പോലത്തെ ചെറുമീനുകളെ പിടിക്കാൻ വയമ്പ് തണ്ടാടിയും. ഇന്നത്തത്തെപ്പോലെ നൈലോൺ വലകളല്ല. കഷ്ടപ്പെട്ട് നൂലു പിരിച്ച് വീടുകളിൽ കെട്ടിയുണ്ടാക്കുകയാണു പതിവ്. കുംഭ മാസം കഴിയാറാകുമ്പോഴായിരുന്നു കയം പിടുത്തത്തിന്റെ കാലം . അപ്പോഴേക്കും മൂലേകാവ് കടപ്പറമ്പത്ത് കാവ് കൊടപ്പാറ തുടങ്ങിയ കാവുകളിലെ വേലയും പൂരവുമൊക്കെ കഴിഞ്ഞിരിക്കും. പിന്നെ ഗ്രാമത്തിലെ പ്രധാന വിഷയം കയം പിടുത്തമാണ്.
വന്നവർക്കൊക്കെ മീൻ പിടിക്കാൻ കൂടാം. വലയുള്ളവർക്ക് വലക്ക് ഒരു ഓഹരി പിടിക്കാൻ കൂടിയ ആൾക്കും ഒരോഹരി പെറുക്കിക്കൂട്ടാൻ നിന്ന കുട്ടികൾക്കടക്കം ഓഹരികിട്ടി. അങ്ങനെ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ശാന്ത സുന്ദരമായി മീൻ പിടുത്തം നടപ്പിലിരുന്ന കാലത്തൊരിക്കൽ അധികം വന്ന മീനുമായി രാവിലത്തെ വണ്ടിക്ക് തൃശൂർ പോയ കാദർക്കയാണ് ഇത് വലിയ ലാഭമുള്ള ഏർപ്പാടാണെന്ന് കണ്ടെത്തിയത്. പിറ്റേകൊല്ലം മുതൽ മീൻ പിടുത്തക്കൂട്ടായ്മ പൊട്ടി. പഞ്ചായത്തുകൾക്കും കാര്യം പിടികിട്ടി. കയങ്ങളിൽ നിന്നും മീൻ പിടിക്കാനുള്ള അവകാശം ലേലം വിളിച്ചു വിൽകാൻ തുടങ്ങി. പതുക്കെ അന്യ നാട്ടുകാരൊക്കെ ലേലത്തിൽ പിടിക്കാൻ തുടങ്ങി അങ്ങനെ അതും ഒരു കച്ചവടമായി... മീൻ പിടുത്തത്തേക്കാൾ വലിയ ലാഭം മാലിന്യക്കച്ചവടത്തിൽ നിന്ന് കിട്ടാൻ തുടങ്ങിയതോടെ അതിനോടും കാരക്കാട്ടുകാർക്ക് കമ്പമില്ലാതായി....
ആദ്യമായി മീൻ പിടുത്തം കാണാൻ പോയപ്പോൾ എനിക്ക് നാലു വയസ്സ് കാണും. ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു ഞാൻ. വെല്ലിപ്പ രാവിലെ മീൻ പിടുത്തം കാണാൻ കൊടപ്പാറക്ക് പോയിരുന്നു. ഞാൻ അമ്മാവന്റെ( ആലിമാഷ്) കൂടെ മിറ്റത്ത് നിൽകുകയായിരുന്നു. തെളിഞ്ഞ വേനൽ പുലരി. അപ്പോൾ അമ്മാവന്റെ കൂട്ടുകാരായ കുഞ്ഞാപ്പു എളാപ്പയും കുഞ്ഞുട്ടി എളാപ്പയും ( ചേക്കാമു മാഷും ഇമ്പിച്ചിക്കയും) വീട്ടിൽ വന്നു. വളപ്പിൽ ധാരാളം വാഴകളുണ്ടായിരുന്നു. കുലവെട്ടിയ വാഴകൾ വെട്ടി ചങ്ങാടമുണ്ടാക്കാൻ കൊടുത്തയക്കാൻ വന്നതായിരുന്നു അവർ. കൊണ്ടു പോകാൻ ചാമിയും അയ്യപ്പനുമുണ്ടായിരുന്നു. അവരുടെ കൂടെ ഞാനും അമ്മാവനും കൊടപ്പാറക്ക് പോയി. ഇളവെയിലിൽ തിളങ്ങുന്ന പഞ്ചാര മണലിലൂടെ നടന്ന് കൊടപ്പാറയെത്തി. ഒരു പാടു പേരുണ്ടായിരുന്നു. താഴത്തേലെ ഏന്തുക്ക ഉപ്പ മുത്തനീസൂക്ക കാദർക്ക് കുഞ്ഞുക്ക വെല്ലിക്ക തുടങ്ങി ഒരു പാടു പേർ... എന്നെ കണ്ടതും പലരും എന്നെ എടുത്ത് ഉയർത്തുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്തു. കുറേ പേർ വലവലിക്കുന്നുണ്ടായിരുന്നു. ചിലർ മുങ്ങുന്നുമുണ്ട്. താമസിയാതെ വല അടുത്തു. ഒരുപാട് വാളകൾക്കൊപ്പം വളരെ വലിയ ഒരു കൊമ്പനെയും കിട്ടി. ആർപ്പും വിളിയും കുട്ടികളെ തെറി പറയലും ഒക്കെക്കൂടി വലിയ ആരവം... ഒത്ത ഒരു മനുഷ്യനോളം വലിപ്പമുണ്ടായിരുന്നു കൊമ്പന്.
ഏന്തുക്ക ഉറക്കെ എന്റെ ഉപ്പായെ വിളിച്ച് പറഞ്ഞു കുഞ്ഞ്മാനേ അന്റെ മകൻ വറക്കത്ത്ളളവനാട്ടോ...
ആ പ്രഖ്യാപനമിപ്പോഴും കാതിൽ ബാക്കി നിൽകുന്നു. വെയിൽ ചൂടായപ്പോൾ അമ്മാവൻ എന്നെയും കൊണ്ട് മടങ്ങി...തിരിച്ച് ചെല്ലുമ്പോ ഉമ്മ വാതിൽകൽ നില്പുണ്ടായിരുന്നു....
ആമീനിന്റെ കൊമ്പ് വർഷങ്ങളോളം നാലുകെട്ടിലെ നിലക്കണ്ണാടിയുടെ പിറകിലുണ്ടായിരുന്നു....
പിന്നീടതെവിടെ പോയോ എന്തോ ?