Saturday, October 21, 2017

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..
**********************************
പുറത്ത് വെയിൽ കത്തിയെരിയുകയായിരുന്നു.
ഗുഹയുടെ പൊള്ളുന്ന ഏകാന്തതയിൽ, താനൊരുക്കിയ വലയുടെ അവസാന മിനുക്കുപണികൾ തീർക്കുക യായിരുന്നു അവൾ. മരുഭൂവാസിയായ വലിയ പെൺചിലന്തി. മരുഭൂമിയിൽ പകൽ ചുട്ട് പഴുക്കുമ്പോൾ ഗുഹയിലെ ആശ്വാസം തേടി പറന്നുവരുന്ന ചെറു പ്രാണികളായിരുന്നു ലക്ഷ്യം. അവ യഥേഷ്ടം ഉണ്ടായിരുന്നതിനാൽ അഷ്ടിക്കു മുട്ടില്ലാതെ അവൾ കഴിഞ്ഞു പോന്നു... അങ്ങനെയൊരു വിരസമായ നാളിലാണ് തികച്ചും അപ്രതീക്ഷിതമായി അവൾക്ക് രണ്ടതിഥികൾ വന്നത്...
തേജോമയനായ  ഒരാളും അദ്ദേഹത്തിന്റെ ശിഷ്യനെന്ന് ഭാവഹാവദികളിൽ നിന്ന് മനസിലാക്കാവുന്ന മെലിഞ്ഞു നീണ്ട ഒരാളും. എന്തോ സാധാരണ മനുഷ്യരെ കാണുമ്പോൾ ഉച്ചത്തിൽ ചിറകടിച്ച് സ്ഥലം വിടാറുളള തന്റെ   അയൽവാസി കാട്ടുപ്രാവ് ഗുഹാഭിത്തിയിലെ തന്റെ കൂട്ടിൽ നിന്ന് അനങ്ങുക പോലും ചെയ്യാഞ്ഞതിനാലാകാം അവൾക്കും  പേടിയൊന്നും  തോന്നിയില്ല. മറിച്ച് ഭയത്തിനുപകരം ആ ദർശനം അവളിൽ സ്നേഹം നിറഞ്ഞ ബഹുമാനമുണർത്തി. ലോകത്തിനാകമാനം അനുഗ്രഹമായ ഒരാളെ കണ്ടാലെന്നപോലെ...  അവൾ അഭിമാനപൂർവ്വം അവരെ തന്റെ അതിഥികളായി സ്വയം വരിച്ചു.
അവർ ആരെയോ ഭയപ്പെടുന്നു എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. നല്ലവർക്കെ പ്പോഴുമുണ്ടാകുമല്ലോ ശത്രുക്കൾ ........
ബിസ്മില്ലാഹി റഹ്മാനി റഹീം എന്നുച്ചരിച്ചുകൊണ്ട് ഗുഹയുടെ വലതു വശത്തുകൂടി  തന്റെ വലയുടെ കാലുകൾ തകർത്തുകൊണ്ട് വളരെ തിടുക്കത്തിൽ  ഗുഹയുടെ ഇരുളിലേക്കവർ പ്രവേശിച്ച് ഗുഹയുടെ ഇരുളിൽ അഭയം തേടി. തകർക്കപ്പെട്ട തന്റെ വലയെക്കുറിച്ചവൾക്ക് വേവലാതിയൊന്നും തോന്നിയില്ല.  വേഗത്തിലദ്ധ്വാനിച്ചാൽ അല്പനേരം കൊണ്ടത് പൂർവ്വസ്ഥിതിയിലാക്കിയെടുക്കാവുന്ന തേയുള്ളൂ...... പിന്നെ സമയം കളയാതെ അവൾ പണി തുടങ്ങി. വലയുടെ കോണിലെ തന്റെ കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെ അവരുടെ സംസാരങ്ങളിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി തന്റെ അതിഥികൾ നിസ്സരക്കാരല്ല, ആരാധനക്കർഹൻ സർവ്വേശരൻ മാത്രമാകുന്നു എന്ന ചിരികാലസത്യം ഇനിയങ്ങോട്ടുളള മനുഷ്യരെ പഠിപ്പിക്കാൻ നിയുക്തനായ മഹമ്മദ് എന്ന പ്രവാചകനും അദ്ദേഹത്തിന്റെ പ്രഥമശിഷ്യൻ അബൂബക്കറുമാണ് അവർ എന്ന്.
സൃഷ്ടികളിലേറ്റം ബുദ്ധി നടിക്കുന്ന മനുഷ്യർക്കുമാത്രമേ ഇക്കാര്യത്തിൽ തർക്കമുള്ളൂ എന്ന് ഒട്ടൊരു അതിശയത്തോടെ അവളോർത്തു. അതുകൊണ്ടു തന്നെ അവർക്ക് ഇടക്കിടെ പ്രവചകന്മാരുടെ ആവശ്യം വരുന്നു. വിശേഷ ബുദ്ധിയില്ലാത്ത ജീവികൾക്കെല്ലാം ഈശ്വരൻ പ്രധാനം ചെയ്ത ജന്മവാസന എന്ന് മനുഷ്യർ പരിഹസിക്കുന്ന നൈസർഗ്ഗിക ബോധം കൊണ്ട് വഴിതെറ്റാതെ ജീവിക്കാനാകുന്നു... പ്രവാചകന്മാരേറെ അയക്കപ്പെട്ടിട്ടും മനുഷ്യർ തങ്ങളുടെ ഇടങ്ങൾ നരകസമാനമാക്കുകയും ചെയ്യുന്നു.
താഴെ കുതിരക്കുളമ്പടികളും ക്രുദ്ധ്രാരായ മനുഷ്യരുടെ ആരവങ്ങളും, അപ്പോളാദ്യമായി അവൾക്ക് പേടിതോന്നി. സർവ്വേശ്വരാ എന്റെ അതിഥികൾക്കാപത്തൊന്നും വരുത്തല്ലേ എന്ന് അവളുള്ളുരുക്കി... സ്തബ്ദയായി ശ്വാസം പോലും വിടാതെ വലയുടെ കോണിൽ അവളിരുന്നു.  ഗുഹാമുഖത്തേക്കവർ കയറി വന്നു. ഊരിപ്പിടിച്ച വാളുകളിന്മേൽ സൂര്യന്റെ പ്രതിഫലനം... ഉച്ചത്തിൽ ചിറകടിച്ചുകൊണ്ട് അവരുടെ മുഖത്തിനു നേരേ പറന്നു പറന്നു ചെന്ന കാട്ടു പ്രാവ് തന്റെ മുഖത്ത് തട്ടാതിരിക്കാൻ നേതാവ് ഞെട്ടി പിറകോട്ടു മാറി. ജാള്യതയോടെ അയാൾ പറഞ്ഞു'' അവരിതിൽ കയറിയിരുന്നൂ എങ്കിൽ ആ പ്രാവ് ഇവിടെ കാണുമായിരുന്നില്ല.'' അവളുടെ തികവുറ്റ വലക്ക് നേരേ വാൾ ചൂണ്ടി പ്രമാണി പറഞ്ഞു  ''പോരാത്തതിന്ന് കേടൊന്നും പറ്റാത്ത് ഈ ചിലന്തിവലയും അതിന്ന് മുഹമ്മദിനേക്കാൾ പ്രായമുണ്ട്,  വരൂ നമുക്ക് കളയാൻ സമയമില്ല ....''
അവർ തിടുക്കത്തിൽ ചരുവിറങ്ങി കുറച്ചകലെ നിർത്തിയിരുന്ന കുതിരപ്പുറത്ത് കയറി വേഗത്തിൽ ഓടിച്ചു പോയി.
'' അവർ അവരുടെ കാൽചുവട്ടിലേക്ക് നോക്കിയിരുന്നെങ്കിൽ നമ്മെയവർ കണ്ടേനേ...'' എന്ന് വേവലാതിപൂണ്ട ശിഷ്യനോട് '' ഓ അബൂബക്കർ മൂന്നാമാനായി സർവ്വേശ്വരൻ കൂടെയുള്ള രണ്ടു പേരെക്കുറിച്ച് താങ്കളെന്താണു കരുതിയത്'' *** എന്ന
സൗമ്യമായ ആ ചോദ്യം അവളെ സ്തബ്ദതയിൽ നിന്നുണർത്തി...  പ്രകാശരൂപികളായ വലിയൊരു സൈന്യം ഗുഹയിലും ചുറ്റും നിറഞ്ഞതിന്നവൾ സാക്ഷിയായി. അവർ രണ്ടു പേരും അത് കാണുന്നുണ്ടായിരുന്നില്ല......
ശത്രുക്കൾ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. കുറ നേരങ്ങൾക്കു ശേഷം തന്റെ അതിഥികളും യാത്രയായി. നിസ്സാര ജീവിയായ താൻ ലോകചരിത്രത്തിൽ വരുത്തിയ പരിവർത്തനമറിയാതെ ഗുഹയിലേക്ക് പറന്നു വരുന്ന പ്രാണികളെ കാത്ത് അവളിരുന്നു... ശത്രുക്കളെകണ്ട് പലായനം ചെയ്ത പ്രാവ് തിരികെ കൂടണഞ്ഞു. ലോക ചരിത്രം തിരുത്തിയ ഒരു പലായനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതുയുഗം അവിടെ പിറക്കുകയായിരുന്നു.
*** അവരിരുവരും ഗുഹയിലായിരുന്ന സന്ദർഭം അദ്ദേഹം തന്റെ കൂട്ടുകാരനോട് ദുഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞപ്പോൾ അല്ലാഹു അവർക്കുമേൽ അവന്റെ ശാന്തി ചൊരിഞ്ഞു. അദൃശ്യമായ സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സർവ്വേശ്വരൻ സത്യനിഷേധികളുടെ സ്വരത്തെ താഴ്തുകയും സ്വന്തം സ്വരം ഉയർത്തുകയും ചെയ്തു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമത്രേ...
സൂറത് തൗബ : 40

Friday, November 27, 2015

മലയിറക്കം



കോയ മലയിറങ്ങുന്നു,......


മലയാളികൾക്ക് പ്രിയപ്പെട്ട സാഹിത്യകാരൻ ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിൽ ഒരു പ്രയോഗമുണ്ട്‌.... മായൻ മലയിറങ്ങി എന്ന്‌. വയനാട്ടിൽ പോയി കച്ചവടം ചെയ്തു വലിയ പണക്കാരനായി നാട്ടിലേക്കു മടങ്ങുകയാണു മായൻ.മനസ്സിൽ കുഡിലമായ ഒരാഗ്രഹവുമായി, തന്റെ കളിക്കൂട്ടുകാരിയും താൻ ജീവിത സഖിയാക്കാൻ ആഗ്രഹിച്ചവളും വിധവശാൽ തന്റെ കൂട്ടുകാരൻ വീരാന്റെ ഭാര്യയായിത്തീർന്നവളുമായ ഉമ്മാച്ചുവിനെ സ്വന്തമാക്കാൻ. അവളെ മറക്കാൻ മായനു കഴിഞ്ഞില്ല. പണമുണ്ടാക്കി മലയിറങ്ങിയ മായൻ അവളെ സ്വന്തമാക്കുകതന്നെ ചെയ്തു ....അതൊരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു.മായന്റെ അന്ത്യം കണ്ട ദുരന്തത്തിന്റെ തുടക്കം....അതു കഥ


ഇവിടെ പ്രണയമില്ല. ഒരുതരത്തിലുള്ള ദുരന്തങ്ങളുമില്ല. കുഡില മോഹങ്ങളില്ല. തന്റെ യാത്ര സഫലമോ വിഫലമോ എന്ന് തിരിച്ചറിയാൻ പാടുപെടുന്ന ഒരു സർക്കരുദ്യോഗസ്തന്റെ വിഹ്വലതകളല്ലാതെ. പത്തൊമ്പതു വയസ് തികയും മുമ്പേ സർക്കരുദ്യോഗമെന്ന പത്മവ്യൂഹത്തിൽ പെട്ടു പോയ ഒരുവന്റെ കഥ. ഒരു തുറന്ന ജെയിലിലെന്നപോലെ അയാൾ തന്റെ സ്ഥപനങ്ങളുടെ അതിരുകളിൽ തളച്ചിടപ്പെട്ടു. ജോലിചെയ്ത സ്ഥാപനങ്ങൾ രണ്ടും പശ്ചിമ ഘട്ടത്തിന്മേലായിരുന്നു എന്നതിനാൽ മാത്രം അവിടെ നിന്നും ഉള്ള മടക്കത്തെ അയാൾ തന്റെ മലയിറക്കമായി വിശേഷിപ്പിക്കുന്നു. ഒരിക്കൽ കയറിയവൻ എന്നെങ്കിലും ഇറങ്ങിയേ പറ്റൂ... അതെത്ര ഉയരത്തിൽ നിന്നായാലും ശരി. വീഴാതെ ഇറങ്ങാൻ കഴിഞ്ഞാൽ അത്  ഈശ്വരാനുഗ്രഹം












Wednesday, October 28, 2015

ഹംസപ്പാക്കയും അലിക്കാക്കയും

എളാപ്പമാർ ഒരുപാടുണ്ടായിരുന്നു. ഒരു മൂത്താപ്പയും. വലിയ കൂട്ടുകുടുംബങ്ങളിലിത് സ്വാഭാവികം... മക്കളുടെ മേൽ എല്ലാവർക്കും അധികാരമുണ്ടായിരുന്നു. വികൃതികാണിച്ചാലും അനുസരണക്കേട് കാണിച്ചാലുമൊക്കെ ഇവരിലാരുടെ കോടതിയിൽ കേസെത്തിയാലും ശിക്ഷ ഉറപ്പായിരുന്നു. അടി ശകാരം പരിഹാസം തുടങ്ങി ഏതു ശിക്ഷയും വകുപ്പുകൾക്കനുസരിച്ച് വിധിച്ചിരുന്നു. പിതാവിനു പോലും മക്കളെ ശിക്ഷിക്കാനധിലാരമില്ലാത്ത ഇക്കാലം പോലെയായിരുന്നില്ല അത്. പലപ്പോഴും വീട്ടിലെ വേലക്കാരടക്കമുള്ളവർ ഫയൽ ചെയ്യുന്ന കള്ളക്കേസുകളിലും ശിക്ഷയേൽകേണ്ടി വരികയാൽ പലപ്പോഴും പിടികൂടിയ അരക്ഷിത ബോധം മൂലം എന്നിൽ പതുക്കെ പതുക്കെ ഒരു റിബൽ മെന്റാലിറ്റി രൂപപ്പെട്ടുവരികയായിരുന്ന കാലം... ഈകാലത്തു തന്നെയായിരുന്നു ഉമ്മായുടെ മരണവും... കൗമാരം എന്നാൽ ചെക്കന്മാർ കേടുവന്നു പോകുന്ന കാലം എന്നാണ് പറയുന്നത്. അംഗീകാരവും പ്രോത്സാഹനവും സാന്ത്വനവുമൊക്കെ അത്യാവശ്യമായി വരുന്ന കാലം. കുടുംബത്തിലെ പ്രധാന കുരുത്തം കെട്ടവൻ എന്ന പട്ടത്തിനുള്ള പരിശ്രമത്തിന്റെ കാലം. എന്റെ ഈ പരിണാമ ഘട്ടത്തിൽ എനിക്ക് ഈശ്വരൻ അനുഗ്രഹിച്ചരുളിയ രണ്ടു എളാപ്പമാരാണ് എന്റെ ഹംസപ്പ കാക്കയും ( Hamsa Hamza Palliparambil​) അലിക്കാക്കയും( Hyder Ali Vayyattukavil​) എന്നെക്കാൾ മൂത്തവരായിരുന്നിട്ടും അവരെന്നോട് കൂട്ടുകാരനോടെന്ന പോലെ പെരുമാറി, സിനിമകൾ കാണിച്ചുതന്നു. കഥകൾ പറഞ്ഞുതന്നു. പല യാത്രകളിലും കൂടെ കൂട്ടി.റെയിലോരങ്ങളിലൂടെ, നിളയുടെ തീരങ്ങളിലൂടെ ഒക്കെ സായാഹ്ന സവാരികൾക്ക് കൊണ്ട് പോയി...
അപൂർവ്വം സന്ദർഭങ്ങളിൽ ശാസിക്കുകയും ചെയ്തു.                    അമിത ശാസനകൊണ്ട് നഷ്ടപ്പെടുകയായിരുന്ന എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇവരുടെ പ്രോത്സാഹനം നിശ്ചയമായും എന്നെ സഹായിച്ചിട്ടുണ്ട് എന്ന് നിറഞ്ഞമനസോടെ ഓർക്കുന്നു. മുതിർന്നവരിൽ നിന്നുകിട്ടുന്ന പരിഗണനയും പ്രോത്സാഹനവും കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നതിന്നു സാക്ഷിയാണു ഞാൻ. എന്നെ നിരന്തരം  ശാസിച്ചിരുന്ന മറ്റുള്ള മുതിർന്നവരും എന്റെ ഗുണം മാത്രം കാംക്ഷിച്ചവരായിരുന്നു എന്ന് ഞാൻ വൈകിയാണെങ്കിലും  തിരിച്ചറിഞ്ഞിരിക്കുന്നു. സർവ്വേശ്വരൻ അവരെയെല്ലാം അനുഗ്രഹിക്കുമാറാകട്ടേ...

2001 ജൂൺ ഒന്ന്

2001 ജൂൺ ഒന്ന്‌...
ഡോക്റ്റർമാരടക്കം ഒരു പാടു പേർ, സ്റ്റ്രെച്ചറിൽ അവരെന്നെ ഉന്തിക്കൊണ്ടു പോവുകയായിരുന്നു വേഗത്തിൽ. കൂടെ എന്റെ മകനുമുണ്ടായിരുന്നു.ഓപറേഷൻ തിയെറ്റർ എന്നെഴുതിയേടത്ത് അവർ നിന്നു. അവിടെ മറ്റു ഡോക്റ്റർമരും നഴ്സുമാരുമുണ്ടായിരുന്നു..
ഒരുഡോക്റ്റർ എന്റെ അടുത്തു വന്നു. എന്റെ പേരു ചോദിച്ചു ... മറുപടിക്കു ശേഷം ഞാൻ ചോദിച്ചു "എനിക്കെന്താണു പറ്റിയിരിക്കുന്നത്?". കാറപകടത്തിൽ താങ്കളുടെ വാരിയെല്ലു പൊട്ടി കരളിൽ കോർത്തിരിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ട്. ഞാൻ ചോദിച്ചു എനിക്ക് ഒരു ഡോസ് ആർണിക്ക 200 എന്ന ഹോമിയോ മരുന്നു വാങ്ങിച്ചു തരാമോ.ആന്തരിക രക്തശ്രാവത്തിനു വളരെ നല്ലതാണ്‌. ഡോക്റ്റർ ചോദിച്ചു അബൂബക്കർ ഹോമിയോ ഡോക്റ്ററാണോ ?. ഞാൻ പറഞ്ഞു, "No I am not a Homoeo Dactor but I know Homoeopathy". ഡോക്റ്റർ പറഞ്ഞു താങ്കളൊരു ഡോക്ക്റ്ററല്ല. ഞങ്ങൾക്ക് ഹോമിയോപ്പതിയൊട്ട് അറിയുകയുമില്ല. പിന്നെ ഞങ്ങളെങ്ങനെ താങ്കൾക്ക് ഹോമിയോ മരുന്ന് തരും ? പരിശോധന തുടരവേ അവരെന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. " ഞാൻ ഐ ഐ എസ് ആർ എന്ന സ്ഥാപനത്തിൽ ഫാം സൂപ്രണ്ടാണ്‌. എന്റെ വീട് പട്ടാമ്പിയിലാണ്‌. പെരുവണ്ണാമൂഴിയിലാണു ജോലി. ഹെഡാഫീസ് കോഴിക്കോടാണ്‌. അവരുടെയെല്ലാം ഫോൺ നമ്പർ ഞാൻ പറഞ്ഞുകൊടുത്തു. അവരെയെല്ലാം വിവരമറിയിക്കണം. ഇത് പ്രൈവറ്റ് ആശുപതിയാണെന്നറിയുന്നതു കൊണ്ട്‌പറയുകയാണ്‌.
അവർ വരാൻ കാത്തു നില്കരുത്. പൈസയുടെ കാര്യത്തിൽ ബേജാറാകണ്ട. എന്റെ കാറിന്റെ ബൂട്ടിലെ ബാഗിൽ ചെക്ക് ബുക്കുണ്ട്‌ഞാനൊപ്പിട്ടു തരാം. അപ്രോപ്രിയേറ്റായതു ചെയ്യുക. ആരുടേയും സമ്മതത്തിനു കാത്തു നില്കണ്ട. എന്റെ മകൻ കൂടെ യുണ്ടല്ലോ. പോരാത്തതിന്ന്‌ എനിക്കു ബോധവുമുണ്ട് ഞാൻ വേണമെങ്കിൽ ഒപ്പിട്ടു തരാം...
അപ്പോഴേക്കും എവിടെ നിന്നോ ഹോമിയോ മരുന്നു മായി ശാഫിയെത്തി. എന്റെ വായിലിട്ടു താരാൻ ശ്രമിക്കവേ അവനെ വിലക്കിയ നഴ്സിനെ ഡോക്റ്റർ തടഞ്ഞു... ഞാൻ ആർണിക്ക 200 കഴിക്കുകയും ചെയ്തു.
കൂട്ടത്തിൽ പ്രധാനി എന്നു തോന്നിച്ച ഡോക്റ്റർ പറഞ്ഞു അങ്ങനെയാണെങ്കിൽ നമുക്ക് വൈകിക്കേണ്ട... അവരെന്നെ തിയേറ്ററിനകത്തേക്കെത്തിച്ചു. ടേബിളിലേക്ക് മാറ്റുമ്പോൾ ഒരു ഡോക്റ്റർ പറഞ്ഞു അബൂബക്കർ പേടിക്കേണ്ട. ഞാൻ പറഞ്ഞു പേടിയൊന്നു മില്ല ഡോക്റ്റർ ഈശ്വരൻ വെച്ചതിനപ്പുറമൊന്നും മനുഷ്യർക്കെത്താനില്ല എന്ന് വിശ്വസിക്കുന്നവനാണു ഞാൻ. എങ്കിലും എന്റെ മനസൊന്ന് പിടഞ്ഞു. വിവാഹപ്രായമെത്തിയ മകൾ പ്രാപ്തിയെത്തിയിട്ടില്ലാത്ത മകൻ സ്വന്തമായൊന്നും തന്നെ സമ്പാദിച്ചില്ല. വീടു വെക്കാൻ എടുത്ത കടം ബാക്കി,ഇവരെന്നെ ഉറക്കാൻ പോകുന്ന ഈ ഉറക്കത്തിൽ നിന്നും ഞാനുണർന്നില്ലെങ്കിൽ .....എന്റെ മക്കളുടെ ഗതിയെന്തായിരിക്കും.
പെട്ടന്നു തോന്നി ,ഒരുപക്ഷേ ഞാനില്ലെങ്കിൽ എന്റെ മക്കൾ ഇതിനെക്കാൾ നല്ലനിലയിൽ ജീവിക്കുമായിരിക്കും. അവരെ സൃഷ്ടിച്ചതു ഞാനല്ലല്ലോ...
മുഖത്തേക്ക് താഴ്ന്നു വരുന്ന അനസ്തീഷ്യ മാസ്കിനെ നോക്കി... ഞാൻ ആയത്തുൽ കുർശി ഉരുവിടാൻ തുടങ്ങി "അല്ലാഹു ലാ ഇലാഹ് ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം .... ഒരുവട്ടം ചൊല്ലിയെന്നു തോന്നുന്നു രണ്ടാമതെ തവണ ഒരു " ല "യിൽ എന്റെ നാവുടക്കി ....
മണികൂറുകൾക്കു ശേഷം അബൂബക്കർ കണ്ണു തറക്ക് നാവു നീട്ട് എന്ന് അനസ്തീഷ്യ ചെയ്ത ഡോ ക്റ്ററൂടെ വിളി കേൾക്കുമ്പോൾ എന്റെ നാവു ല ല ല എന്ന് ചലിച്ചുകൊണ്ടിരിക്കയായിരുന്നു എന്നെനിക്ക് തോന്നി....
അങ്ങനെ വീണ്ടും ഞാനുണർന്നു...ഐ സിയു വിന്റെ ചില്ലു ജാലകത്തിലൂടെ ആകാംക്ഷയോടെ എന്നെ നോക്കിക്കൊണ്ടു നില്കുകയായിരുന്ന ബന്ധു മിത്രാദികളെ ഞാൻ കണ്ടു ...
പിന്നീട് രാവിലെ എന്നോട് സംസാരിച്ച ഡോക്റ്റർ വന്നു ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു ഞങ്ങൾ അപ്രോപ്രിയേറ്റായതു മാത്രമേ ചെയ്തിട്ടുള്ളൂ... ഞങ്ങളതു റിക്കഡു ചെയ്തിട്ടുണ്ട് താങ്കൾക്കു വേണമെങ്കിൽ കാണാം.
"ഞാൻ പറഞ്ഞു വേണ്ട ഡോക്റ്റർ നന്ദി. താങ്ക് യൂ വെരിമച്ച്.."
അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു. പെരുവണ്ണാമൂഴി യിലെ കോർട്ടേഴ്സിൽ വന്ന് വിശ്രമിക്കാനായിരുന്നു. തീരുമാനം. ഉപ്പായുടെ ആരോഗ്യനില എനിക്ക് പറ്റിയ അപകടം അറിയിക്കാൻ പറ്റാത്താതസ്യിരുന്നതിനാലായിരുന്നു ആ തീരുമാനം. സുഹൃത്ത് മനോജ് സ്വന്തം കാറുമായി വന്ന് എന്നെ കൊണ്ടു പോയി. വീട്ടിൽ ചെന്ന് മരുന്ന് പൊതിയെടുത്ത് നോക്കി. വേദനാ സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ പിന്നെ വിറ്റാമിൻ ഗുളികക്കളും. ഞാൻ അന്നുതന്നെ എന്റെ സുഹൃത്തും ഹോമിയോ വിദഗ്ദനുമായ സോമനാഥൻ ഡോറ്ററുമായി ചർച്ച ചെയ്ത് ഹോമിയോയിലേക്ക് മാറി. ഒരുമാസം കൊണ്ട് തീർത്തും സുഖമായി. ഞാൻ നേരിട്ട് പെരിന്തൽ മണ്ണയിൽ പോയി റിപ്പെയർ ചെയ്ത കാർ സ്വയം ഓടിച്ച് കൊണ്ട് പോരികയും ചെയ്തു.

Wednesday, September 2, 2015

കോവർകഴുത


അവൻ നല്ലൊരു കുതിരയായിരുന്നു. ചുറുചുറുക്കും വേഗതയും അതിനൊത്ത ബുദ്ധിയും ആരോഗ്യമുള്ള ഒരു കുതിര. യജമാനൻ മാറി. പുതിയൊരാൾ വന്നു. വേഗതയെ ഭയക്കുന്നവൻ സ്വയം ഒരു കുതിരയെന്ന് ഉള്ളിൽ കരുതുന്ന കഴുത.ഞാനല്ലാതൊരു കുതിര ലോകത്തുണ്ടാകരുതെന്നു കരുതിക്കൂട്ടിയവൻ. അയാൾക്ക് കുതിരയെ തീരെ പിടിച്ചില്ല. ചുറ്റുമുള്ള കഴുതകളെ അയാൾക്കു നന്നേ ബോധിക്കുകയും ചെയ്തു. പണ്ടേ കുതിരയോടു അസൂയയുണ്ടായിരുന്ന കഴുതകൾ കുതിരക്കെതിരെ കിട്ടിയ തഞ്ചത്തിനു ഉപചാപവും തുടങ്ങി. പിന്നെ പീഢനങ്ങളുടെ കാലമായി ഓരോ തവണ പീഢിപ്പിക്കുമ്പോഴും ഒരു മുദ്രാവാക്യം പോലെ യജമാനൻ പറയും എനിക്ക് തുള്ളിച്ചാടുന്ന കുതിരയെ അല്ല വഴങ്ങുന്ന കഴുതയേയാണു വേണ്ടത്‌എന്ന്.
" I don't want jumping horses I want yielding Donkeys "
പീഢനം സഹിക്കവയ്യാതായി, കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയറ്റപ്പോൾ നമ്മുടെ കുതിരക്കു തോന്നി കഴുതയാകാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്‌. പക്ഷേ ശ്രമം വിജയിച്ചില്ല. കുതിരയല്ലാതാവുകയും ചെയ്തു കഴുതയൊട്ടായതുമില്ല... രണ്ടിനുമിടയിൽ അവനൊരു കോവർ കഴുതയായി...
കാലം മാറി പുതിയ യജമാനൻ വന്നു. പണ്ട് നമ്മുടെ കുതിരയുടെ കഴിവ്‌കണ്ടറിഞ്ഞവൻ. വേഗതയെ പേടിയില്ലാത്ത, കഴുതകളെയും കുതിരകളെയും ഒരേപോലെ മേയ്കാൻ കഴിവുള്ള മിടുക്കൻ... അയാൾ കോവർ കഴുതയോടു പറഞ്ഞു നീ ഇങ്ങനെയൊന്നു മായിരുന്നില്ലല്ലോ.. എന്തു പറ്റി എവിടെ പ്പോയീ നിന്റെ ചൊടിയും ചുണയും...? ഓർക്കുക നീ ഒരു കുതിരയാണ്‌‌ കുതിര എപ്പോഴും കുതിരയായിരിക്കണം.....
കോവർ കഴുത വിഷണ്ണനായി നിരാശയോടെ ഓർത്തു വേണ്ടായിരുന്നു എങ്ങനെ യെങ്കിലും പിടിച്ചു നിന്നാൽ മതിയായിരുന്നു... കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവെടിയരുതായിരുന്നു.
അവൻ വീണ്ടുമൊരു കുതിരയാകാൻ ബഗീരഥപ്രയത്നം തുടങ്ങി. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ അപ്പോഴേക്കും കാലം കഴിഞ്ഞുപോയിരുന്നു...

Thursday, August 27, 2015

കുയിലും കാക്കയും


മാവിൻ കൊമ്പിലെ തന്റെ കൂടിന്നരികിലിരുന്ന് ചിറകുകൾ മിനുക്കുകയായിരുന്നു കാക്ക. പരിഹാസസ്വരത്തിൽ ചിലച്ചുകൊണ്ട് കൂട്ടിനരികിൽ വന്നിരുന്ന പെൺകുയിൽ അവളോടു പറഞ്ഞു
"നിങ്ങൾ കാക്കകൾ വലിയ മണ്ടന്മാരാണ്.! "
എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് കാക്കയെ അവിടെനിന്നകറ്റിയിട്ടു വേണമായിരുന്നു അവൾക്ക് കാക്കക്കൂട്ടിൽ മുട്ടയിടാൻ. ഒട്ടും ദേഷ്യപ്പെടാതെ കാക്കപറഞ്ഞു പക്ഷികളിലേറ്റവും ബുദ്ധിമാന്മാരാണു ഞങ്ങൾ എന്നെല്ലാവർക്കുമറിയാം. മനുഷ്യർക്കിടയിൽ പോലും ഞങ്ങളുടെ ബുദ്ധിയും സാമർത്ഥ്യവും പ്രസിദ്ധമാണ്. ഞങ്ങളുടെ മുട്ട കട്ടു തിന്നുക പതിവാക്കിയ സർപ്പത്തെ കൊല്ലാൻ രാജകുമാരുയുടെ മാലയെടുത്ത് പാമ്പിൻ മാളത്തിൽ കൊണ്ടിട്ടതും, കൂജയിലെ ജലനിരപ്പുയർത്താൻ കല്ലു പെറുക്കിയിട്ടതും മൊക്കെ മനുഷ്യർക്കിടയിൽ പ്രസിദ്ധമാണ്.
ചിരിയല്പം കോട്ടി പരിഹാസ സ്വരത്തിൽ കുയിൽ പറഞ്ഞു "പഴങ്കഥകൾ "
തന്റെ കൂടിനു നേരെ അഭിമാനപൂർവ്വം നോക്കിക്കൊണ്ട് കാക്ക തിരിച്ചടിച്ചു. "ഞങ്ങൾ കാലത്തിനനുസരിച്ച് ജീവിത ശൈലിപോലും മാറ്റുന്നവരാണ്. നിനക്കറിയാമോ ഞങ്ങളിപ്പോൾ ചെമ്പുകമ്പിയും വയറും ഉപയോഗിച്ചാണ് കൂടുകൾ പണിയുന്നത്."
സ്വന്തം കൂട്ടിൽ അന്യരിട്ട മുട്ടതിരിച്ചറിയാതെ സ്വന്തം മക്കളെപ്പോലും അവഗണിച്ച് അന്യന്റെ മക്കളെപ്പോറ്റി വിഡ്ഢികളാകുന്ന നിങ്ങളുടെയൊരു തച്ചുശാസ്ത്രം എനിക്കുകേക്കണ്ട...കുയിൽ വിടാൻ ഭാവമില്ലായിരുന്നു.
കാക്ക ശാന്തമായി പ്രതിവചിച്ചു
" വിഡ്ഢിക്കുയിലേ മക്കളെയുണ്ടാക്കി അന്യന്റെകൂട്ടിലുപേക്ഷിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന നിങ്ങളുടെ വംശം നിലനിർത്താൻ തമ്പുരാൻ ഞങ്ങളെ നിയോഗിച്ചത് ഞങ്ങളെ അതിനു കൊള്ളാമെന്നു കണ്ടിട്ടാണ്. എന്നിട്ട് ഞങ്ങളുടെ ത്യാഗത്തെ നീ പരിഹസിക്കുന്നോ....
ഞങ്ങൾക്കറിയാം ഞങ്ങളുടെ മക്കൾ ഞങ്ങളെ വെറുക്കുമെന്നും പോറ്റുമക്കൾ പറക്കമുറ്റിയാൽ പരിഹസിച്ചുകൊണ്ടു പറന്നകലുമെന്നും. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിയോഗം പൂർത്തീകരിക്കുന്നു. അതാണെടീത്യാഗം.
കുയിലിനുത്തരം മുട്ടി എന്തൊക്കെയോ ചിലച്ചുകൊണ്ടവൾ പറന്നകന്നു. മറ്റൊരുകാക്കൂടു തേടി...

Wednesday, April 22, 2015

ഒരു പ്രഭാതസ്മരണ

പ്രഭാത സ്മരണ
തറവാടിന്റെ അടുക്കള ഭാഗത്ത് തൂക്കിയിട്ട ബക്കറ്റിൽ നിന്നും ഒരു പിടി ഉമിക്കരിയെടുത്ത് കുളത്തിലേക്കോടുകയായിരുന്ന കുട്ടി പിറകിൽ അടുക്കളക്കാരി തിത്ത്യാത്തായുടെ അഭിപ്രായം കേട്ടു ഓ ഇന്നു വെള്ളിയാഴ്ചയാണല്ലോ എന്ന്... വെള്ളിയാഴ്ച സ്കൂളും മദ്രസയുമില്ലാത്തതു കൊണ്ടാണ്‌ കുട്ടി നേരത്തെ ഉണർന്നിരിക്കുന്നത് എന്ന്.... ഉമ്മ അതു കേട്ട് ചിരിക്കുന്നുമുണ്ട് ചിരിക്കട്ടെ അവർക്ക് ചിരിച്ചാൽ മതിയല്ലോ ... ഈ തൊടിയിലും പാടത്തുമൊക്കെ വെറുതെയിങ്ങനെ ചുറ്റി നടക്കുമ്പോൾ കിട്ടുന്ന സുഖം അവർക്കറിയില്ലല്ലോ... എന്തെല്ലാം കൗതുകങ്ങൾ ... ചുമലിൽ നിന്നൂർന്നു പോന്ന ട്രൗസറിന്റെ വള്ളി നേരെയാക്കി അവൻ കുളത്തിലേക്കു നടന്നു. തൊടിയിൽ നിറയെ പല പലപക്ഷികളുടെയും പാട്ടുകൾ. ദൂരെയെവിടെനിന്നോ കോഴികൾ കൂവുന്നു.കാക്കകളുടെ കരച്ചിലും കേൾക്കുന്നുണ്ട്. ഒട്ടുമാവിന്റെ അടുത്തുള്ള ചക്കരപ്പുളിയുടെ തുമ്പിലിരുന്ന് ഒരു അരിപ്രാവ്‌ പാടുന്നു " എട്ടും കിട്ടി കുർ കുർ കുർ" എട്ടും കിട്ടി കുർ കുർ കുർ"
ആതാരാട്ടിന്റെ കഥ ഉമ്മ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്. കൂട്ടിൽ കുഞ്ഞിനെ എട്ടു പയറു മണികൾ ഏല്പിച്ചു പുറത്തു പോയ തള്ളപ്രാവ്‌ തിരിച്ചു വന്നപ്പോൾ ഒരു പയറ്‌മണി കാണാനില്ല. കുഞ്ഞ് താനറിയാതെ തിന്നിരിക്കുമെന്നു കരുതി ദേഷ്യത്തിൽ അതിനൊരു കൊത്തു കൊടുത്തു. കൊത്തു കൊണ്ട കുഞ്ഞ് ചത്തു പോയി. തള്ളയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എട്ടാമത്തെ പയറുമണി കൂട്ടിനടിയിൽ നിന്നു കിട്ടുകയും ചെയ്തു. പ്രാവ്‌ സന്തോഷത്തോടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടാൻ തുടങ്ങി " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" എട്ട് പയറും കിട്ടി മോളുറങ്ങിക്കോ എന്ന്‌.
അവൻ ചോദിച്ചു തള്ള പ്രാവ്‌ മക്കളെ കൊല്ലുമോ ഉമ്മാ. ഇല്ല അത് അറിയാതെ പറ്റിയതായിരിക്കും എന്ന്‌ ഉമ്മ മറുപടി പറഞ്ഞു.
വെയിലുദിച്ചു വരുന്നതേയുള്ളൂ കുളവും തൊടിയുമൊക്കെ നിഴലിലാണ്‌. ദൂരെ വിളഞ്ഞു കതിർ ചാഞ്ഞു നില്കുന്ന പാടത്തിനു മേൽ പൊൻ പട്ടു പുതപ്പിക്കുന്ന വെയിൽ. വയിലിന്റെ വരവിൽ മെല്ലെ മറഞ്ഞു പോകുന്ന പുകപോലത്തെ മഞ്ഞ്. പാടത്തിനു നടുകേ പോകുന്ന റെയിലിനപ്പുറം പഞ്ചാരമണൽ പരപ്പിനു നടുവിലൂടെ പടിഞ്ഞാട്ടൊഴുകുന്ന പുഴ.
ഉമിക്കരിയിൽ വിരൽ മുക്കി വായിൽ തിരുകിനിന്നു കൊണ്ട്‌ കുട്ടി കാഴ്ചകൾ കാണുകയാണ്‌‌‌‌‌‌. പാടത്തേക്കു ചാഞ്ഞ തെങ്ങോലകളിലും ഇല്ലിപ്പട്ടലിന്റെ തുമ്പത്തും നിറയെ ഉച്ചത്തിൽ കലപില കൂട്ടിക്കൊണ്ട് തത്തകൾ. എന്നെങ്കിലും ഒന്നിനെ പിടിച്ച് കൂട്ടിലാക്കി സംസാരിപ്പികണമെന്നൊരു മോഹം അവനുണ്ട്. തത്തകൾ മനുഷ്യരെപ്പോലെ സംസാരിക്കുമത്രേ അവനിതുവരെ കേട്ടിട്ടില്ല കിഴക്കേചോലയിൽ കരിമ്പനകളുടെ പൊത്തിൽ തത്തകൾ കൂടുകൂട്ടിയിട്ടുണ്ടെന്ന് കൂട്ടുകാരൻ കുഞ്ഞാപ്പുട്ടി അവനോട്‌ പറഞ്ഞിട്ടുണ്ട്. മകരമാസത്തിലാണത്രേ തത്തകൾ മുട്ടയിടുക. ഒരു ദിവസം പോകണം. അവന്റെ മൂത്താപ്പന്റെ വീട്‌ ചോലയിലാണല്ലോ. തത്തകൾ കൂട്ടമായി വിളഞ്ഞു നില്കുന്ന പാടത്തേക്കു പറന്നിറങ്ങി ഓരോ കതിരുകൊത്തി മടങ്ങിവരുന്നു. കതിർ കാലുകൊണ്ട് പിടിച്ച് ഓരോ മണിയായി കൊത്തിത്തിന്നുകയാണ്‌ കലപിലക്കിടെ ഒരുത്തന്റെ കയ്യിൽ നിന്നും കതിർ താഴെവീണു. അവൻ കതിരെടുക്കാൻ പറന്നതും കയ്യിലുള്ളതെല്ലാം താഴെയിട്ട് കൂട്ടുകാരും കൂടെ. കതിർ കൊത്തിക്കൊണ്ടു വീണ്ടും ഓലത്തുമ്പുകളിലേക്ക് വരുന്നു. കാഴ്ചകൾ കണ്ടുകൊണ്ട് കുട്ടി നില്കുകയാണ്‌‌‌. വിരൽ വായിൽ തന്നെ പല്ലു തേപ്പ് ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...
വലിയ ശബ്ദത്തിൽ കൂവി പിറകിലേക്ക് പുകയൂതി ക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ടു പാഞ്ഞു പോയതിന്റെ പിറകെ തന്നെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിക്കുന്നത് കുട്ടി കേട്ടു. ചായ ആയിട്ടുണ്ടാകും കുട്ടി വേഗം പല്ലു തേച്ച് തെളിഞ്ഞവെള്ളത്തിൽ പരൽ മീനുകൾ ഓടിക്കളിക്കുന്ന കുളത്തിലേക്കിറങ്ങി.....