Monday, November 17, 2025

ഉസൈർ

Repost:
ഉസൈർ 
**********
ഗ്രാമത്തിൽ നിന്നകലെ സ്മശാനത്തിന്നപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടം.‌ അന്ന് അദ്ദേഹം വിളവെടുത്ത ശേഷം തന്റെ കഴുതയോടൊപ്പം ഗ്രാമതിലേക്കു മടങ്ങുകയായിരുന്നു. അദ്ദേഹം ശ്മശാനത്തിന്റെ ഓരത്തിലുള്ള വഴിയിലെത്തിയപ്പോൾ കഴുത വെറുതെ വിരളിയെടുക്കാൻ തുടങ്ങി.എന്നും ഇതു പതിവായിരുന്നു. താൻ കാണാത്തതെന്തോ ഈ മൃഗം കാണുന്നുണ്ടോ എന്നദ്ദേഹം സംശയിച്ചു. കഴുതയെ  ശാന്തനാക്കുന്നതിനിടെ അദ്ദേഹം വെറുതെ മരണത്തെക്കുറിച്ചും  മരണാനന്തര ജീവിതത്തെക്കുറിച്ചും ഉയിർത്തെഴുന്നേല്പിനെക്കുറിച്ചും ഒക്കെ  ഓർത്തു പോയി. 
വഴിയിൽ നിന്നും അകലെയുള്ള മരത്തണലിൽ കഴുതയെ കെട്ടി   ഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചു. പാത്രതിലേക്ക് അല്പം മുന്തിരി പിഴിഞ്ഞ് അപ്പം അതിൽ മുക്കി ഭക്ഷിക്കാനൊരുങ്ങവേ 
വീണ്ടുമദ്ദേഹമോർത്തു എങ്ങനെയായിരിക്കും ഈശ്വരൻ മരിച്ചവരെ ഉയിർത്തെഴുന്നേല്പിക്കുക... പെട്ടന്നൊരു മയക്കമദ്ദേഹത്തെ ബാധിച്ചു പിന്നെ അഘാതമായ നിദ്രയിലേക്കദ്ദേഹം ആഴ്ന്നുപോയി. ....
ഉസൈർ എഴുന്നേൽകുക എന്ന ദൈവത്തിന്റെ വിളി അദ്ദേഹത്തെ ഉണർത്തി. ചോദിക്കപ്പെട്ടു നീയെത്രകാലം ഉറങ്ങി... ?
 ഒരു ദിവസമോ അതിൽ നിന്നല്പമോ എന്നദ്ദേഹം ഉത്തരം നൽകി.അല്ല ഒരുനൂറ്റാണ്ടിനു മേൽ നീ ഉറങ്ങിയിരിക്കുന്നു. നിന്റെ കഴുതയിലേക്ക് നോക്കുക. നീപിഴിഞ്ഞ് വെച്ച മുന്തിരിച്ചാറിലേക്കും. നുരുമ്പിച്ചു കിടകുന്ന തന്റെ കഴുതയുടെ എല്ലുകളും ഒരു കേടും വന്നിട്ടില്ലാത്ത മുന്തിരി നീരും. നിമിഷങ്ങൾക്കകം എല്ലുകൾ കൂടിച്ചേർന്ന് മുട്ടുകുത്തി എഴുന്നേറ്റ് വാലും ചെവിയുമാട്ടിക്കൊണ്ട് തന്റെ കഴുത. അതിന്റെ പുറത്ത് അന്ന് താൻ പറിച്ച് വെച്ച മുന്തിരിയും... 
ഉസൈറിനെ ദൈവം പഠിപ്പിക്കുകയായിരുന്നു എങ്ങനെയാണ് ഉയിർത്തെഴുന്നേല്പിക്കുന്നത് എന്ന്....

Wednesday, April 9, 2025

കിഴക്കൻ കാറ്റ്

പാലക്കാടന്‍ ചുരമിറങ്ങിവരാറുണ്ടായിരുന്ന ആ കാറ്റിനെ അവര്‍   കിഴക്കന്‍ കാറ്റ് എന്നും   വൃശ്ചികക്കാറ്റ് എന്നും വിളിച്ചു. കതിര്‍ പുറത്തു ചാടാറായ നെല്‍ വയലുകളെ പുളകം  കൊള്ളിച്ചുകൊണ്ട്, വാളന്‍ പുളിയെ പഴുപ്പിച്ചുകൊണ്ട്, ഏല്‍കുന്നവന്റെ ചുണ്ട് വരണ്ട് കീറിക്കൊണ്ട് അവന്‍ വീശിയടിക്കും. 
 അതിന്നു മുമ്പായി   നല്ല നാല് മഴപെയ്യുമായിരുന്നു.  തുലാമാസം   അവസാനത്തോടെന്ന മഴയെ അവര്‍  വര്മ്പു മുറിയന്‍, പുരപൊളിയന്‍ പുല്ലുപറിയന്‍, കല്ലുരുട്ടി എന്നിങ്ങനെ വിളിച്ചു പോന്നു.  ആകാറ്റും  മഴയുമേറ്റവര്‍ ഇന്നത്തെ പോലെ പരിഷ്കൃതരായിരുന്നില്ല.   പച്ച മനുഷ്യര്‍  ഏറ്റവും  വലിയ കോപം  രണ്ടു തെറി പറഞ്ഞാല്‍ തണുക്കുന്ന ശുദ്ധന്മാര്‍... വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ വേണ്ടി തേടിവന്ന വലിയ ഭാഗ്യങ്ങള്‍ ത്യജിച്ചവര്‍ ... അയല്‍ പക്കത്തൊരു മരണം നടന്നാല്‍ പുലരുവോളം   ഉറക്കമിളച്ച് മരണവീട്ടില്‍  കാവലിരുന്നവര്‍. സ്വന്തം മക്കള്‍ക്കായ കൊണ്ടു വരുന്ന പലഹാരങ്ങളില്‍ നിന്നൊരു ഭാഗം  അയല്‍പക്കത്തെ മക്കള്‍ക്കായി മാറ്റിവെച്ചവര്‍ ... വിശേഷമായെന്തു കിട്ടിയാലും   അയല്‍വാസിക്കും   സ്വസഹോദരങ്ങള്‍ക്കുമായി   പങ്കു      വെച്ചവര്‍      ഗ്രാമത്തിലെ സ്ത്രീകളൊക്കെയും  സ്വന്തം  അമ്മപെങ്ങന്മാരാണെന്ന് വിശ്വസിച്ചവര്‍...  
അവര്‍ ഇന്നില്ല... കാറ്റിനോടൊപ്പം   അവരും  എങ്ങോപോയ് മറഞ്ഞു .. 
കിഴക്കന്‍ കാറ്റിനൊപ്പം   മറഞ്ഞത് ഒരുകൂട്ടം മനുഷ്യരായിരുന്നില്ല ഒരു സംസ്കാരമായിരുന്നു. പ്രസിദ്ധമായ ഒരു ആംഗലേയ നോവലിന്റെ തലക്കെട്ടുപോലെ 
" ഗോൺ വിത്ത് ദ വിന്റ് "